തിരയുക

Vatican News
പാപ്പായെ കാണാനെത്തിയ കുടിയേറ്റക്കുടുംബം പാപ്പായെ കാണാനെത്തിയ കുടിയേറ്റക്കുടുംബം 

കുടുംബങ്ങൾക്കുള്ള ജൂബിലിവർഷത്തിനു തുടക്കമായി

“അമോരിസ് ലെത്തീസ്സിയ...” കുടുംബങ്ങളുടെ ജൂബിലിവർഷത്തിന്‍റെ ആരംഭം – ‘വെബിനാറി’ൽ പാപ്പാ ഫ്രാൻസിസ് നല്കിയ സന്ദേശം...

- ഫാദർ വില്യം നെല്ലിക്കൽ 

1. കുടുംബങ്ങൾക്കുള്ള സഭാ പ്രബോധനം
“സ്നേഹത്തിന്‍റെ ആനന്ദ”ത്തെ അധികരിച്ചുള്ള ജൂബിലി

മാർച്ച് 19, വെള്ളിയാഴ്ച കുടുംബങ്ങൾക്കുള്ള “അമോരിസ് ലത്തീസ്സിയ” ജൂബിലിവർഷം ആരംഭിക്കുന്ന ‘വെബിനാറി’ൽ നല്കിയ സന്ദേശത്തിലാണ് കുടുംബങ്ങൾക്കു സാന്ത്വനമാകേണ്ട ജൂബിലി ആഘോഷത്തെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്. കുടുംബങ്ങൾക്കുള്ള സഭയുടെ പ്രബോധനം “സ്നേഹത്തിന്‍റെ ആനന്ദ”ത്തെ അല്ലെങ്കിൽ “അമോരിസ് ലെത്തീസ്സിയ”യെ (Amoris Laetitia) സംബന്ധിച്ച സൂക്ഷ്മമായ പഠനത്തിലൂടെ വൈവാഹിക ബന്ധത്തേയും കുടുംബജീവിതത്തേയും കാലികമായി നവീകരിക്കുവാനും ബലപ്പെടുത്തുവാനുമുള്ള ശ്രമമാണ് മാർച്ച് 19, യൗസേപ്പിതാവിന്‍റെ തിരുനാളിൽ ആരംഭിച്ച കുടുംബങ്ങൾക്കുള്ള ഈ ജൂബിലവർഷമെന്ന് റോമിലെ ഉദ്ഘാടന വേദിയിലേയ്ക്ക് അയച്ച വീഡിയോ സന്ദേശത്തിലൂടെ പാപ്പാ വിശദീകരിച്ചു.

2. കാലികമായ നവീകരണത്തിനുള്ള സമയം
യൗസേപ്പിതാവിന്‍റെ തിരുനാൾ മുതൽ 2022 ജൂൺ 26-ന് 10-ാമത് കുടുംബങ്ങളുടെ ആഗോള സംഗമം റോമിൽ സമാപിക്കുംവരെയുള്ള ഒരു വർഷക്കാലമാണ് ജൂബലിവർഷം. കുടുംബങ്ങളുടെ വ്രണിതഭാവത്തിലും മുറിപ്പാടുകളിലും അവയെ വീണ്ടെടുക്കുവാനും സൗഖ്യപ്പെടുത്തുവാനും നവീകരിക്കുവാനും ഈ ഒരു വർഷക്കാലം സഭാമക്കൾ ഉപയോഗപ്പെടുത്തണമെന്ന ലക്ഷ്യം പാപ്പാ സന്ദേശത്തിൽ വ്യക്തമാക്കി. ജൂബിലിയുടെ സംഘാടകരായ കുടുംബങ്ങൾ, അൽമായർ, ജീവൻ എന്നിവയ്ക്കായുള്ള വത്തിക്കാൻ സംഘത്തിലെ ഭാരവാഹികളെ കൂടാതെ സഭയിൽ കുടുംബ ശുശ്രൂഷയുടെ നേതൃസ്ഥാനത്തുള്ള മറ്റുള്ളവരെയുമാണ് പാപ്പാ പ്രത്യേകം “വെബിനാറി”ൽ  അഭിസംബോധനചെയ്തത്.

3. രണ്ട് ആത്മീയ ലക്ഷ്യങ്ങൾ
കുടുംബങ്ങളെ സംബന്ധിച്ച സഭയുടെ പ്രബോധനാധികാരവും നിയമസംഹിതകളും മൂല്യങ്ങളും പുനരുദ്ധരിച്ചതുകൊണ്ടു മാത്രമായില്ലെന്നും, മുറിപ്പെട്ടതും തകർന്നതും നീറുന്നതുമായ കുടുംബങ്ങളുടെ വ്രണിതാവസ്ഥയെയും മുറിവുകളെയും സുഖപ്പെടുത്തുവാനും, വേദനിക്കുന്ന കുടുംബങ്ങൾക്ക് സാന്ത്വനംപകരുവാനുമാണ് സഭ ഈ ജൂബിലി വർഷത്തിലൂടെ പരിശ്രമിക്കേണ്ടതെന്ന് പാപ്പാ ഫ്രാൻസിസ് ഉദ്ബോധിപ്പിച്ചു. കുടുംബങ്ങളോടു കാണിക്കേണ്ട സുവിശേഷ പ്രഘോഷണത്തിന്‍റെ തുറവ്, കാരുണ്യത്തോടെ അവർക്കു നല്കേണ്ട പിൻതുണ എന്നിവയാണ് ഈ ജൂബിലിവർഷത്തിന്‍റെ രണ്ടു പ്രധാന ലക്ഷ്യങ്ങളായി പാപ്പാ സന്ദേശത്തിൽ നിർദ്ദേശിച്ചത്. സുവിശേഷം പഠിപ്പിക്കുന്ന ക്രിസ്തുവും സഭയുമായുള്ള ഗാഢമായ ബന്ധവും പരിശുദ്ധ ത്രിത്വത്തിൽ പ്രതിഫലിക്കുന്ന കൂട്ടായ്മയുമാണ് വൈവാഹിക ബന്ധത്തിൽ ആഴപ്പെടേണ്ട രണ്ട് ആത്മീയ ഘടകങ്ങളെന്ന് പാപ്പാ ചൂണ്ടിക്കാട്ടി.

4. നിത്യനൂതനമായ വചനപ്രഭ
വികലമായ വൈകാരിക തലങ്ങളിലേയ്ക്ക് മനുഷ്യബന്ധങ്ങളെ വലിച്ചിഴയ്ക്കുകയും സ്ഥായീഭാവമുള്ള കുടുംബബന്ധത്തിന്‍റെ ഭാവി തച്ചുടയ്ക്കുകയും ചെയ്യുന്ന ഇക്കാലയളവിൽ നിത്യനൂതനമായ വചനത്തിന്‍റെ വെളിച്ചത്തിലേയ്ക്ക് കുടുംബങ്ങളെ കൈപിടിച്ചു നയിക്കേണ്ട കാലികമായ വെല്ലുവിളിയാണ് ഈ ജൂബിലിവർഷത്തിൽ സഭ ഗൗരവപൂർവ്വം ഉൾക്കൊള്ളേണ്ടതെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.
 

20 March 2021, 09:02