തിരയുക

പയറുവർഗ്ഗങ്ങൾ ! പയറുവർഗ്ഗങ്ങൾ ! 

ഭൂമിക്ക് ഹാനി വരുത്താതെ കൃഷിചെയ്യുക അടിയന്തര ദൗത്യം, പാപ്പാ!

പയറുവർഗ്ഗ ലോകദിനത്തോടനുബന്ധിച്ച് ഫ്രാൻസീസ് പാപ്പായുടെ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നമുക്കുവേണ്ടി മാത്രമല്ല, വരും തലമുറകൾക്കും വേണ്ടിയും  മണ്ണിൻറെ ഫലങ്ങൾ പങ്കുവയ്ക്കത്തക്കവിധം, ഭൂമിക്ക് യാതൊരു ഹാനിയും വരുത്താതെ കൃഷിചെയ്യുക ഇന്ന് അടിയന്തര ദൗത്യമാണെന്ന് മാർപ്പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഫെബ്രുവരി 10-ന്, പയറുവർഗ്ഗ ലോകദിനം (World Legumes Day) ലോക ഭക്ഷ്യകൃഷിസംഘടനയുടെ, എഫ് എ ഒ (FAO)യുടെ ആഭിമുഖ്യത്തിൽ ആചരിച്ചതിനോടനുബന്ധിച്ച് വത്തിക്കാൻറെ വിദേശകാര്യലയത്തിൻറെ കാര്യദർശി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ (Archbishop. Paul Richard Gallagher) ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ ഒപ്പിട്ട് നല്കിയ ഒരു സന്ദേശത്തിലാണ് ഇതു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

മുതിര, ബീൻസ്, പട്ടാണി, കടല തുടങ്ങിയവ ലളിതവും പോഷകഗുണമുള്ള ആരോഗ്യകരമായ ആഹാരത്തിൻറെ സത്താപരമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നവയും നമ്മുടെ അനുദിന പോഷണത്തിനാവശ്യമായ മാംസ്യം അടങ്ങിയിരിക്കുന്നവയുമാണെന്നും ആകയാൽ അവ സാമൂഹ്യസാംസ്കാരിക ഭേദമന്യേ മിക്ക കുടുംബങ്ങളുടെയും ഭക്ഷണമേശയിൽ സ്ഥാനം പിടിക്കുന്നുണ്ടെന്നും പാപ്പാ, ലോക ഭക്ഷ്യകൃഷിസംഘടനയുടെ മേധാവിയേയും അധികാരികളെയും നയതന്ത്രപ്രതിനിധികളെയും സംബോധന ചെയ്തുകൊണ്ടുള്ള ഈ സന്ദേശത്തിൽ അനുസ്മരിക്കുന്നു.

ആഗോളതലത്തിൽ ഭക്ഷ്യസുരക്ഷിതത്വം ശക്തിപ്പെടുത്താൻ കഴിയുന്ന വൻ സാധ്യതകളടങ്ങിയ ഉത്തമാഹാരമാണ് പയറുവർഗ്ഗങ്ങൾ എന്ന് മാർപ്പാപ്പാ പറയുന്നു.

എന്നാലിന്നും, ദൗർഭാഗ്യവശാൽ, കുട്ടികളുൾപ്പടെ നിരവധിപ്പേർക്ക് ആവശ്യമായ ആരോഗ്യകരമായ ഭക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടെന്ന് പാപ്പാ ഖേദപൂർവ്വം അനുസ്മരിക്കുന്നു. 

നിരവധി ഭൂപ്രദേശങ്ങളിൽ പട്ടിണി മാരകമായ പ്രഹരമേല്പിക്കുന്നത് തുടരുന്നുണ്ടെന്നും, ഈ അവസ്ഥയെ, നാം ഇന്ന് അനുഭവിക്കുന്ന ആരോഗ്യ പ്രതിസന്ധി കൂടുതൽ വഷളാക്കിയിരിക്കയാണെന്നും പാപ്പാ പറയുന്നു.

യുക്തിയും ശക്തിയും പരസ്നേഹത്തിലും കൂട്ടായപ്രവർത്തനത്തിലും കണ്ടെത്തുന്ന സഹകരണ സംവിധാനങ്ങളിലൂടെ ഭക്ഷ്യവസ്തുക്കളുടെ ഉല്പാദനത്തിലും വിതരണത്തിലും ഗ്രാമീണ മഹിളകൾക്കുള്ള മൗലികമായ പങ്ക് എടുത്തുകാട്ടുന്നതാണ് ആഗോള പയറുവർഗ്ഗ ദിനാചരണമെന്നും പാപ്പാ സന്ദേശത്തിൽ അനുസ്മരിക്കുന്നു.   

ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭ 2018-ലാണ് ഫെബ്രുവരി 10 ലോക പയറുവർഗ്ഗ ദിനമായി പ്രഖ്യാപിച്ചതും ഈ ആചരണത്തിൻറെ ചുമതല ഭക്ഷ്യകൃഷി സംഘടനയെ ഏല്പിച്ചതും. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

13 February 2021, 13:07