തിരയുക

ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ബുധനാഴ്ച (03/02/2021) ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ പൊതുദർശനം അനുവദിച്ച വേളയിൽ. ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, ബുധനാഴ്ച (03/02/2021) ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ പൊതുദർശനം അനുവദിച്ച വേളയിൽ. 

ആരാധനാക്രമ പ്രാർത്ഥനയും യേശുസാന്നിദ്ധ്യവും !

"ആരാധനാക്രമത്തിൽ നീ പ്രാർത്ഥിക്കുന്നത് നിൻറെ ചാരെയുള്ള ക്രിസ്തുവിനോടൊപ്പമാണ്", ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇറ്റലിയിൽ കോവിദ് 19 രോഗസംക്രമണത്തിൽ അല്പം കുറവുണ്ടായിട്ടുണ്ടെങ്കിലും സാമൂഹ്യ-ശാരീരിക അകലപാലനമുൾപ്പടെയുള്ള രോഗപ്രതിരോധ നടപടികൾ ഇനിയും തുടരേണ്ടുന്ന സാഹചര്യം നിലനില്ക്കുന്നതിനാൽ ഈ ബുധനാഴ്ചയും (03/02/21)   ഫ്രാൻസീസ് പാപ്പാ, ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്  ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ് പൊതുദർശനം അനുവദിച്ചത്. പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം നടന്നു. തദ്ദനന്തരം നടത്തിയ പ്രഭാഷണത്തിൽ പാപ്പാ, താൻ പ്രാർത്ഥനയെ അധികരിച്ച് പൊതുകൂടിക്കാഴ്ചാ വേളയിൽ നടത്തിപ്പോരുന്ന വിചിന്തനം തുടർന്നു.  ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

ആരാധനാക്രമാനുഷ്ഠാനങ്ങൾ

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

പൊതുവായ ആരാധനാക്രമാനുഷ്ഠാനങ്ങളുടെ പ്രാധാന്യം അംഗീകരിക്കാത്ത സ്വകാര്യസ്വഭാവമുള്ള ഒരു ക്രിസ്തുമതാചരണ പ്രലോഭനം സഭയുടെ ചരിത്രത്തിൽ നിരവധി തവണ ഉണ്ടായിട്ടുണ്ട്. ഉപയോഗശൂന്യമൊ ദോഷകരമൊ ആയ ഒരു ഭാരമായി കണക്കാക്കുന്ന ബാഹ്യമായ ആചാരങ്ങളെ ആശ്രയിക്കാത്ത അനുമേയ ഉപരി വിശുദ്ധിയുള്ള ഒരു മതാത്മകത വേണമെന്ന് ആവശ്യപ്പെടുന്നതാണ് പലപ്പോഴും ഈ പ്രവണത. ഒരു ആചാരമോ നിശ്ചിത ആചാരരൂപമൊ അല്ല, ആരാധനാക്രമം തന്നെയാണ് വിമർശനങ്ങളുടെ കേന്ദ്രസ്ഥാനത്തുവരുന്നത്. പ്രാർത്ഥനയുടെതായ ആരാധനാരൂപത്തിനെതിരെ വിമർശനമുയരുന്നു.

ആരാധനാക്രമവും ഭക്തിയുടെ വിവിധ രൂപങ്ങളും

ആരാധനാക്രമത്തെ ഉചിതമായ രീതിയൽ സമന്വയിപ്പിക്കാൻ കഴിയാത്തതായ ചില ആദ്ധ്യാത്മിക രൂപങ്ങൾ സഭയിൽ കാണാം. ആരാധനാനുഷ്ഠാനങ്ങളിൽ, വിശിഷ്യ, ഞായറാഴ്ചത്തെ വിശുദ്ധ കുർബ്ബാനയിൽ, ശുഷ്ക്കാന്തിയോടെ പങ്കെടുക്കുന്നവരാണെങ്കിലും, നിരവധി വിശ്വാസികൾ, അവരുടെ വിശ്വാസത്തിനും ആദ്ധ്യാത്മികജീവിതത്തിനും ആവശ്യമായ പോഷണം, ഭക്തിപോലുള്ളതായ മറ്റു സ്രോതസ്സുകളിൽ നിന്ന് സ്വീകരിച്ചിട്ടുണ്ട്.

മാദ്ധ്യസ്ഥ്യം ആവശ്യമുള്ള ക്രിസ്തീയ പ്രാർത്ഥന

ഇക്കഴിഞ്ഞ ദശകങ്ങളിൽ വളരെയധികം പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ ദീർഘയാത്രയിൽ കേന്ദ്രബിന്ദുവിനെ പ്രതിനിധാനം ചെയ്യുന്നത് രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ പ്രമാണരേഖ “സാക്രൊസാംക്തും കൊൺചീലിയും” (Sacrosanctum Concilium) ആണ്. ക്രൈസ്തവരുടെ ജീവിതത്തിൽ ദൈവിക ആരാധനാക്രമത്തിൻറെ പ്രാധാന്യം ഈ പ്രഖ്യാപനം പൂർണ്ണവും ഘടനാപരവുമായ രീതിയിൽ ഊട്ടിയുറപ്പിക്കുന്നു. യേശുക്രിസ്തു ഒരു ആശയമൊ, വികാരമൊ അല്ല, മറിച്ച് ജീവിക്കുന്ന ആൾ ആണെന്നും അവിടത്തെ രഹസ്യം ചരിത്രസംഭവം ആണെന്ന വസ്തുതയാൽത്തന്നെ വസ്തുനിഷ്ഠമായ മദ്ധ്യസ്ഥത ആവശ്യമാണെന്നും ക്രൈസ്തവർ ദൈവികആരാധനാക്രമത്തിൽ കണ്ടെത്തുന്നു. ക്രൈസ്തവരുടെ പ്രാർത്ഥന സമൂർത്തമായ മദ്ധ്യസ്ഥതയിലൂടെയാണ്, അതായത്, തിരുലിഖിതം, കൂദാശകൾ, ആരാധാനനുഷ്ഠാനങ്ങൾ, സമൂഹം എന്നിവയിലൂടെയാണ്  കടന്നുപോകുന്നത്.  ക്രിസ്തീയ ജീവിതത്തിൽ ശാരീരികവും ഭൗതികവുമായ മേഖലയെ അവഗണിക്കുന്നില്ല, കാരണം യേശുക്രിസ്തുവിൽ അത് രക്ഷയുടെ മാർഗ്ഗമായി ഭവിച്ചു. ശരീരം കൊണ്ടും നാം പ്രാർത്ഥിക്കണം. ശരീരവും പ്രാർത്ഥനയിൽ പ്രവേശിക്കുന്നു.

ആരാധനാക്രമം, ക്രിസ്തീയാനുഭവത്തിൻറെ അടിത്തറ

അതിനാൽ, വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷത്തിൽ വേരൂന്നാത്ത ക്രിസ്തീയ ആത്മീയത ഇല്ല. കത്തോലിക്കാസഭയുടെ മതബോധനം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: “ക്രിസ്തുവിൻറെയും പരിശുദ്ധാത്മാവിൻറെയും ദൗത്യം, സഭയുടെ കൗദാശികാരാധനക്രമത്തിൽ, രക്ഷയുടെ രഹസ്യം പ്രഖ്യാപിക്കുകയും യാഥാർത്ഥ്യമാക്കുകയും സംവേദനം ചെയ്യുകയും ചെയ്തുകൊണ്ട്, പ്രാർത്ഥനാനിരതമായ ഹൃദയത്തിൽ തുടരുന്നു" (2655). ആരാധനാക്രമം അതിൽത്തന്നെ സ്വമേധയാ ഉള്ള പ്രാർത്ഥന മാത്രമല്ല, അതിലുപരിയായ എന്തോ ആണ്, കൂടുതൽ യഥാർത്ഥമായ ഒന്നാണ്, അതായത്, ക്രിസ്തീയാനുഭവത്തിനു മുഴുവൻ അടിസ്ഥാനമിടുന്ന ഒരു പ്രക്രിയ ആണ് അത്. അതുകൊണ്ടുതന്നെ അത് പ്രാർത്ഥനയുമാണ്. തിരുക്കർമ്മം ഒരു സംഭവം ആണ്, ഒരു സംഭവിക്കലാണത്, സാന്നിദ്ധ്യമാണ്, കൂടിക്കാഴ്ചയാണ് അത്. കൗദാശികാടയാളങ്ങളിലൂടെ പരിശുദ്ധാത്മാവിൽ ക്രിസ്തു സന്നിഹിതനാകുന്നു. അങ്ങനെ ഇതിൽ നിന്നാണ് ക്രൈസ്തവർ ദൈവികരഹസ്യങ്ങളിൽ പങ്കുകൊള്ളേണ്ടതിൻറെ ആവശ്യകത സംജാതമാകുന്നത്. ആരാധനയില്ലാത്ത ഒരു ക്രിസ്തുമതം ക്രിസ്തുരഹിത ക്രിസ്തുമതമാണ് എന്ന് പറയാൻ ഞാൻ ധൈര്യപ്പെടുന്നു. തടവറകളിലൊ പീഢന കാലത്ത് ഭവനങ്ങളിൽ ഒളിച്ചു കഴിഞ്ഞിരുന്ന വേളയിലൊ ചില ക്രൈസ്തവർ നടത്തിയതൊ നടത്തുന്നതൊ പോലുള്ള ലളിതമായ ആരാധനാകർമ്മങ്ങളിൽ പോലും ക്രിസ്തു യഥാർത്ഥത്തിൽ സന്നിഹിതനാകുകയും തന്നിൽ വിശ്വസിക്കുന്നവർക്കായി സ്വയം നല്കുകയും ചെയ്യുന്നു.

ആരാധനാക്രമാഘോഷം അവിഭാജ്യം

ആരാധനാകർമ്മം അതിൻറെ വസ്തുനിഷ്ഠമായ മാനത്താൽ തന്നെ, തീക്ഷണതയോടെ ആഘോഷിക്കേണ്ടതാണ്. എന്തെന്നാൽ, ആ അനുഷ്ഠാനത്തിൽ നിന്നു പ്രസരിക്കുന്ന കൃപ ചിതറിപ്പോകാതെ എല്ലാവരുടെയും ജീവിതത്തിൽ എത്തിച്ചേരണം. കത്തോലിക്കാസഭയുടെ മതബോധനം ഇത് സ്പഷ്ടമായി വിശദീകരിക്കുന്നുണ്ട്, അത് ഇങ്ങനെ പറയുന്നു: “പ്രാർത്ഥന ആരാധനാകർമ്മത്തിൻറെ ആഘോഷവേളയിലും അതിനുശേഷവും അതിനെ ആന്തരികമാക്കുകയും സ്വാംശീകരിക്കുകയും ചെയ്യുന്നു" (2655). പല ക്രിസ്തീയ പ്രാർത്ഥനകളും ആരാധനാക്രമത്തിൽ നിന്നല്ല വരുന്നത്, എന്നാൽ, ക്രസ്തീയമായ എല്ലാ പ്രാർത്ഥനകളിലും, ആരാധനാകർമ്മം അടങ്ങിയിരിക്കുന്നു, അതായത്, യേശുക്രിസ്തുവിൻറെ കൗദാശിക മാദ്ധ്യസ്ഥ്യം. നാം ഒരു മാമ്മോദീസാ നടത്തുമ്പോഴൊ, വിശുദ്ധ കുർബ്ബനയിൽ അപ്പവും വീഞ്ഞും വാഴ്ത്തുമ്പോഴൊ, അല്ലെങ്കിൽ രോഗീലേപനം നല്കുമ്പോഴൊ ക്രിസ്തു അവിടെ ഉണ്ട്. ഒരു രോഗിയുടെ ദുർബ്ബലമായ ഒരു അവയവങ്ങളെ സുഖപ്പെടുത്തുകയോ, അല്ലെങ്കിൽ അവസാനത്തെ അത്താഴ വേളയിൽ ലോകത്തിൻറെ രക്ഷയ്ക്കായി തൻറെ സാക്ഷ്യം നൽകുകയോ ചെയ്തപ്പൊഴെന്നതു പോലെ തന്നെ സന്നിഹിതനാണ് അവിടന്ന്.

ക്രിസ്തുവിൻറെ കൗദാശിക സാന്നിദ്ധ്യം

ക്രിസ്ത്യാനിയുടെ പ്രാർത്ഥന യേശുവിൻറെ കൗദാശിക സാന്നിദ്ധ്യത്തെ സ്വന്തമാക്കിത്തീർക്കുന്നു. നമുക്ക് അന്യമായിരുന്നതെന്തൊ അത് നമ്മുടെ ഭാഗമായി മാറുന്നു. ഭുജിക്കുന്ന സ്വാഭാവികമായ പ്രവർത്തികൊണ്ടു പോലും ആരാധനാകർമ്മം അത് ആവിഷ്ക്കരിക്കുന്നു. വിശുദ്ധ കുർബ്ബാന ശ്രവിച്ചാൽ മാത്രം പോരാ. അത് ശരിയായ ഒരു പ്രയോഗമല്ല. ഞാൻ കുർബ്ബാന കേൾക്കാൻ പോകുകയല്ല. ഒരു കാര്യത്തിൽ ആമഗ്നരാകാതെ വെറും കാഴ്ച്ചക്കാർ ആകുന്നതുപോലെ, നമുക്ക് കുർബ്ബാന കേൾക്കാനാകില്ല. വിശുദ്ധ കുർബ്ബാന എന്നും ആഘോഷിക്കപ്പെടുന്നു. അതിനു നേതൃത്വമേകുന്ന പുരോഹിതൻ മാത്രമല്ല അതിൽ പങ്കുകൊള്ളുന്ന സകല ക്രൈസ്തവരും ചേർന്നാണ് അത് ആഘോഷിക്കുന്നത്. അതിൻറെ കേന്ദ്രം ക്രിസ്തുവാണ്. ദാനങ്ങളുടെയും ശുശ്രൂഷകളുടെയും വൈവിധ്യത്തിൽ നാമെല്ലാവരും അവിടത്തെ പ്രവർത്തനത്തിൽ ഒന്നുചേരുന്നു, എന്തെന്നാൽ ക്രിസ്തുവാണ് ആരാധനാകർമ്മത്തിൻറെ നായകൻ.

ക്രിസ്തീയജീവിതം ആത്മീയബലി

ആദിമ ക്രിസ്ത്യാനികൾ ആരാധനാകർമ്മം ആരംഭിച്ചത്, യേശുവിൻറെ വചനപ്രവൃത്തികൾ പരിശുദ്ധാത്മാവിൻറെ വെളിച്ചത്തോടും ശക്തിയോടും കൂടി സാക്ഷാത്കരിച്ചുകൊണ്ടായിരുന്നു. അവർ അങ്ങനെ ചെയ്തത്, ആ കൃപ ലഭിച്ച അവരുടെ ജീവിതം ദൈവത്തിന് സമർപ്പിതമായ ഒരു ആത്മീയ യാഗമായിത്തീരുന്നതിനാണ്. ഈ സമീപനം ഒരു യഥാർത്ഥ "വിപ്ലവം" ആയിരുന്നു. വിശുദ്ധ പൗലോസ് റോമാക്കാർക്കുള്ള ലേഖനത്തിൽ ഇങ്ങനെ എഴുതിയിരിക്കുന്നു: “ആകയാൽ സഹോദരരേ, ദൈവത്തിൻറെ കാരുണ്യം അനുസ്മരിച്ചുകൊണ്ട്, ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: നിങ്ങളുടെ ശരീരങ്ങളെ സജീവവും വിശുദ്ധവും ദൈവത്തിനു പ്രീതികരവുമായ യാഗമായി അർപ്പിക്കുവിൻ. ഇതായിരിക്കണം നിങ്ങളുടെ ആത്മീയ ആരാധന" (റോമ 12,1). ജീവിതം ദൈവാരാധനയായി മാറാൻ വിളിക്കപ്പെട്ടിരിക്കുന്നു, എന്നാൽ ഇത് പ്രാർത്ഥനകൂടാതെ സാധിക്കില്ല, പ്രത്യേകിച്ച് ആരാധനാക്രമ പ്രാർത്ഥന.

ക്രിസ്തുവിനോടു ചേർന്നുനിന്നുള്ള പ്രാർത്ഥന

ഞായറാഴ്ചക്കുർബ്ബനായ്ക്കു പോകുമ്പോൾ ഈ ചിന്ത നമുക്കെല്ലാം സഹായകമാകട്ടെ: ഞാൻ സമൂഹത്തിൽ പ്രാർത്ഥിക്കാൻ പോകുന്നു, സന്നിഹിതനായ ക്രിസ്തുവിനോടൊപ്പം പ്രാർത്ഥിക്കാൻ പോകുന്നു. നാം ഒരു സ്നാനത്തിന്റെ ആഘോഷത്തിന് പോകുമ്പോൾ, ഉദാഹരണത്തിന്, നാം മാമ്മോദീസാ ആഘോഷത്തിനു പോകുമ്പോൾ ക്രിസ്തു അവിടെയുണ്ട്, അവിടെ സന്നിഹിതനായ ക്രിസ്തു തന്നെയാണ് സ്നാനം നല്കുന്നത്. "പക്ഷേ, പിതാവേ, ഇത് ഒരു ആശയമാണ്, ഒരു സംസാരരീതിയാണ് എന്നു പറഞ്ഞാൽ ...": ഇല്ല, ഇത് സംസാര ശൈലിയല്ല. ക്രിസ്തു സന്നിഹിതനാണ്, ആരാധനാക്രമത്തിൽ നിൻറെ ചാരെയുള്ള ക്രിസ്തുവിനോടൊപ്പം നീ പ്രാർത്ഥിക്കുന്നു. നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

പ്രഥമ അന്താരാഷ്ട്ര മാനവ സാഹോദര്യ ദിനം 04 ഫെബ്രുവരി 2021

വ്യാഴാഴ്‌ച (04/02/21) പ്രഥമ അന്താരാഷ്ട്ര മാനവ സാഹോദര്യ ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നത് പാപ്പാ  അനുസ്മരിച്ചു.

2019 ഫെബ്രുവരി 4-ന് അബുദാബിയിൽ വച്ച് താനും അൽ അഷറിലെ വലിയ ഇമാം അഹമ്മദ് അൽ തയ്യിബും “വിശ്വശാന്തിക്കും പൊതുവായ സഹജീവനത്തിനും വേണ്ടിയുള്ള മാനവ സാഹോദര്യ രേഖ” ഒപ്പു വച്ചതുമായി ഈ ദിനാചരണത്തിനുള്ള ബന്ധവും പാപ്പാ എടുത്തുകാട്ടി.

മതാന്തര സംവാദവും സാംസ്ക്കാരികാന്തര സംഭാഷണവും പരിപോഷിപ്പിക്കുന്നതിനുള്ള ഈ ദിനാചരണത്തിൽ ലോകരാഷ്ട്രങ്ങൾ മുഴുവൻ പങ്കുചേരുന്നതിലുള്ള സന്തോഷവും പാപ്പാ പങ്കുവച്ചു.

ഫെബ്രുവരി 4-ന് ഉച്ചതിരിഞ്ഞ് താൻ അൽ അഷറിലെ വലിയ ഇമാം അഹമ്മദ് അൽ തയ്യിബും ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ശ്രീ അന്തോണിയൊ ഗുട്ടേരസും മറ്റ് വിശിഷ്ടവ്യക്തികളുമായി ഇൻറർനെറ്റ് സംവിധാനത്തിലൂടെയുള്ള സമ്മേളനത്തിൽ പങ്കെടുക്കുമെന്നും പാപ്പാ വെളിപ്പെടുത്തി.

ഇന്ന് ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥനയും വർഷത്തിലെ എല്ലാ ദിവസത്തെയും  പ്രതിബദ്ധതയും എന്ന് പാപ്പാ ആശംസിക്കുകയും ചെയ്തു.

സമാപനാഭിവാദ്യവും ആശീർവ്വാദവും

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ  പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. തദ്ദനന്തരം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 February 2021, 13:46