തിരയുക

ഫ്രാൻസിസ് പാപ്പാ എഡിത് ബ്രൂക്കിന്റെ വസതിയിലെത്തിയപ്പോൾ ... ഫ്രാൻസിസ് പാപ്പാ എഡിത് ബ്രൂക്കിന്റെ വസതിയിലെത്തിയപ്പോൾ ...  

നാസി കോൺസൻട്രേഷൻ ക്യാമ്പിനെ അതിജീവിച്ച 90 കാരിയായ എഡിത് ബ്രൂക്കിനെ ഫ്രാൻസിസ് പാപ്പാ വീട്ടിലെത്തി സന്ദർശിച്ചു.

ജനുവരിയിൽ ഒസ്സർവത്തോരെ റൊമാനോ പത്രം എഡിത് ബ്രൂക്കുമായി ഒരഭിമുഖം പ്രസിദ്ധീകരിച്ചിരുന്നു. അവരുടെ ഹൃദയസ്പർശിയായസാക്ഷ്യം വായിച്ചതിന്റെ പിന്നാലെയാണ് അവരെ അൽഭുതപ്പെടുത്തിയ പാപ്പായുടെ സന്ദർശനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

വർഷങ്ങളായി ഇറ്റലിയിൽ താമസമാക്കിയ തൊണ്ണൂറുകാരിയായ ഹങ്കേറിയൻ എഴുത്തുകാരി എഡിത് ബ്രൂക്കിനെ കാണാൻ ഫെബ്രുവരി ഇരുപതാം തിയതി ഫ്രാൻസിസ് പാപ്പാ റോമിലെ അവരുടെ വീട്ടിലെത്തി.

നാസി തടങ്കലിൽ എഡിത് ബ്രൂക്കും കുടുംബവും അനുഭവിച്ച ക്രൂര പീഡനകഥ വായിച്ച പാപ്പാ അവരെ കാണാൻ അനുവാദം ചോദിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച ഉച്ചകഴിഞ്ഞ് വത്തിക്കാനിൽ നിന്നും റോമിലെ ബ്രൂക്കിന്റെ വീട്ടിലെത്തിയാണ് പാപ്പാ അവരുമായി സ്വകാര്യ കൂടിക്കാഴ്ച നടത്തിയത്. ഹങ്കറിക്കാരിയായ ബ്രൂക്ക് യഹൂദമത വിശ്വാസിയാണ്.

ഇവിടെ എത്തിയത് അവരുടെ സാക്ഷ്യത്തിന് നന്ദി പറയാനും നാസിക്കാരുടെ ഭ്രാന്തമായ സിദ്ധാന്തം മൂലം രക്തസാക്ഷികളാകേണ്ടി വന്നവർക്ക് അഭിവാദനം അർപ്പിക്കാനുമാണെന്ന് പാപ്പാ എഡിത് ബ്രൂക്കിനോടു പറഞ്ഞു. എഡിത് ബ്രൂക്കിന്റെ മുന്നിലും അവരെ പോലെ ഒത്തിരി സഹിക്കേണ്ടി വന്ന എല്ലാവരുടേയും മുന്നിൽ യാദ് വാഷെം സന്ദർശിച്ച അവസരത്തിൽ തന്റെ ഹൃദയത്തിൽ നിന്ന് പറഞ്ഞ മനുഷ്യകുലത്തിന്റെ നാമത്തിലുള്ള ക്ഷമായാചനം ആത്മാർത്ഥമായി ആവർത്തിക്കുന്നെന്നും പാപ്പാ അറിയിച്ചു. പാപ്പായോടൊപ്പം എഡിത്തിന്റെ അഭിമുഖം കഴിഞ്ഞ ജനുവരി 26 ന് പ്രസിദ്ധീകരിച്ച ഒസ്സർവത്തോരെ റൊമാനോ പത്രത്തിന്റെ ഡയറക്ടറായ അന്ത്രയാ മോൻതായും ഉണ്ടായിരുന്നു.

പാപ്പായുമായുള്ള സംഭാഷണത്തിൽ അവരുടെ നരകാനുഭവങ്ങളിൽ വെളിച്ചം നൽകിയ നിമിഷങ്ങളും, നമ്മൾ ഇന്നു ജീവിക്കുന്ന കാലത്തിന്റെ ഭീതിയും പ്രത്യാശയും, മുതിർന്നവരുടെ ഓർമ്മകളും മാതൃകകളും പ്രത്യാശയെ പരിപോഷിപ്പിക്കുന്നതിലും പകർന്നു കൊടുക്കുന്നതിലും നൽകുന്ന പ്രാധാന്യവും വിഷയമായി എന്ന് വത്തിക്കാനിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു. എഡിത് ബ്രൂക്ക് താൻ കണ്ടതിന് സാക്ഷ്യം വഹിക്കാനാണ് തന്റെ ജീവിതം സമർപ്പിച്ചിട്ടുള്ളത്. ബെർഗെൻ- ബെൻസെൻ തടങ്കലിൽ വച്ച് രണ്ട് അപരിചിതർ എഡിത് തന്റെ തടങ്കലിനെ അതിജീവിച്ചാൽ തങ്ങൾക്ക് വേണ്ടിക്കൂടി ആ കഥകൾ ആരും വിശ്വസിച്ചില്ല എന്നിരിക്കിലും, പുറം ലോകത്തോടു പങ്കുവയ്ക്കാനാണെന്നാവശ്യപ്പെട്ടിരുന്നു.

ഒസ്സർവത്തോരെ റൊമാനോയിലുള്ള എഡിത്തിന്റെ വിവരണത്തിൽ നമ്മെ സ്പർശിക്കുന്നത് അവർ പകരുന്ന പ്രത്യാശയാണ്. അവരുടെ കുടുംബത്തിലെ ഭൂരിഭാഗം പേരും നഷ്ടപ്പെട്ട ബീഭൽസതകളുടെ പടുകുഴിയിലും തന്റെ  ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ പറ്റിയ ചില മാനുഷീകതയുടെ സൂചനകളിൽ പിടിച്ചു മുന്നോട്ടു പോകാൻ എഡിത് മടി കാണിച്ചില്ല. ഗ്രാമത്തിൽ നിന്ന് കുടുംബത്തെ പിടിച്ച് കൊണ്ടു പോകുമ്പോൾ യഹൂദനല്ലാത്ത ഒരാൾ ഒരു വണ്ടിയിൽ പീഡിപ്പിക്കപ്പെടുന്നവർക്കായി നൽകിയ ഭക്ഷണത്തെയും, കുഴികൾ കുഴിക്കുന്ന ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ ഒരു ജർമ്മൻ പടയാളി അയാളുടെ ഭക്ഷണപാത്രം കഴുകാൻ വലിച്ചെറിഞ്ഞതും എന്നാൽ അതിൽ അവൾക്കായി കുറച്ച് ജാം അവശേഷിപ്പിച്ചിരുന്നതും, പട്ടാള ഓഫീസർമാരുടെ ഭക്ഷണശാലയിൽ വേല ചെയ്യവെ ഒരു പാചകക്കാരൻ അവരോടു പേര് ചോദിച്ചതും പേരു പറഞ്ഞപ്പോൾ വിറയാർന്ന ശബ്ദത്തിൽ ഇപ്രായത്തിലുള്ള ഒരു പുത്രി തനിക്കുണ്ടെന്ന് പറഞ്ഞ് എഡിത് ബ്രൂക്കിന് മുടിവാരാനുള്ള ചീപ്പ് കൊടുത്തതും അവർ ഓർമ്മിച്ചു. കുറെ ഏറെ നാളുകൾക്കു ശേഷം ഒരു മനുഷ്യനെ കണ്ട ഒരു വികാരമായിരുന്നു അതെന്നും വിവരിച്ചു. ഇതെല്ലാം ലോകത്തെ രക്ഷിക്കാനുള്ള ചെറിയ ചേഷ്ടകളാണ് എന്നു പറഞ്ഞാണ് എഡിത് ബ്രൂക്ക് അവസാനിപ്പിച്ചത്.

22 February 2021, 14:20