തിരയുക

മ്യന്മാറിൽ സൈനിക അട്ടിമറിവിരുദ്ധ പ്രക്ഷോഭണവുമായി ജനങ്ങൾ രംഗത്ത്, യംഗൂൺ, 09/02/21 മ്യന്മാറിൽ സൈനിക അട്ടിമറിവിരുദ്ധ പ്രക്ഷോഭണവുമായി ജനങ്ങൾ രംഗത്ത്, യംഗൂൺ, 09/02/21 

പാപ്പാ: മ്യന്മാറിൽ ജനനന്മയും സാമൂഹ്യനീതിയും ഉറപ്പാക്കുക!

മ്യന്മാറിലെ ജനങ്ങൾക്ക് മാർപ്പാപ്പായുടെ പ്രാർത്ഥനയും ഐക്യദാർഢ്യവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

സൈന്യം ഒരു അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത മ്യന്മാറിലെ സംഭവവികാസങ്ങളിൽ മാർപ്പാപ്പാ ഉത്ക്കണ്ഠ പ്രകടിപ്പിക്കുന്നു.

ഞായറാഴ്ച (07/02/21) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ സമ്മേളിച്ചിരുന്ന വിശ്വാസികളെ ആശീർവ്വാദാനന്തരം അഭിവാദ്യം ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പാ മ്യാൻമാറിലെ അവസ്ഥയെക്കുറിച്ച് അനുസ്മരിച്ചത്.

ഈ ദിനങ്ങളിൽ മ്യന്മാറിലുണ്ടായിട്ടുള്ള സംഭവവികാസങ്ങളെ താൻ അതീവ ആശങ്കയോടെയാണ് നീരിക്ഷിക്കുന്നതെന്ന് വെളിപ്പെടുത്തിയ പാപ്പാ, 2017-ൽ താൻ മ്യന്മാറിൽ നടത്തിയ അപ്പസ്തോലികസന്ദർശന സമയം മുതൽ അന്നാടിനെ ഏറെ സ്നേഹത്തോടെ താൻ ഹൃദയത്തിൽ പേറന്നുവെന്ന് പറഞ്ഞു.

അതിലോലമായ ഈ വേളയിൽ അന്നാട്ടിലെ ജനങ്ങളോടുള്ള തൻറെ ആത്മീയ സാമീപ്യവും പ്രാർത്ഥനയും ഐക്യദാർഢ്യവും ഉറപ്പുനല്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും പാപ്പാ വെളിപ്പെടുത്തി. 

സമാധാനപരമായ സഹജീവനം പുലരുന്നതിനായി നാടിൻറെ ഉത്തരവാദിത്വം പേറുന്നവർ സാമൂഹ്യ നീതിയും ദേശീയഭദ്രതയും ഉറപ്പുവരുത്തിക്കൊണ്ട് പൊതുനന്മോന്മുഖമായി ആത്മാർത്ഥതയോടെ പരിശ്രമിക്കുന്നതിനു വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

ഫെബ്രുവരി ഒന്നിനാണ് മ്യൻമാറിൽ സൈനിക അട്ടിമറി നടന്നത്.

അന്നാടിൻറെ പ്രസിഡൻറ് ഹ്തിൻ ക്യാവ് വിൻ മിയിന്തും(Htin Kyaw Win Myint) പ്രധാനമന്ത്രിയ്ക്ക് സമാനമായ സ്റ്റേറ്റ് കൗൺസിലർ  പദവിയുള്ള പ്രജാധിപത്യ നേത്രിയും വിദേശകാര്യ മന്ത്രിയുമായ  ഔംഗ് സാൻ സു കീ(Aung San Suu Kyi) ഉൾപ്പടെയുള്ളവരെ തടങ്കലിലാക്കിയാണ് സൈന്യം അധികാരം പിടിച്ചത്.

1991-ലെ നൊബേൽ സമാധാനപുരസ്കാര ജേത്രിയായ ഔംഗ് സാൻ സു കീ ഉൾപ്പടെയുള്ള ഈ നേതാക്കളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ജനകീയ പ്രക്ഷോഭണം മ്യന്മാറിൽ ശക്തമായിരിക്കയാണ്.

പ്രക്ഷോഭണം അടിച്ചമർത്തുന്നതിന് നിശാനിയമങ്ങൾ ഉൾപ്പടെയുള്ള കടുത്ത നിയന്ത്രണങ്ങളുമായി സൈനികഭരണകൂടം രംഗത്തിറങ്ങിയിരിക്കയാണ്.

സൈനികത്തലവൻ ജനറൽ മിൻ ഔംഗ് ഹ്ലായിംഗ് (Min Aung Hlaing) ആണ് ഇപ്പോൾ മ്യന്മാറിൻറെ ഭരണം കൈയാളുന്നത്.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 February 2021, 09:38