തിരയുക

രക്ഷയുടെ അമ്മയായ കന്യകാനാഥയുടെ നാമത്തിലുള്ള ബാഗ്ദാദിലെ ദേവാലയം - പാപ്പായുടെ സന്ദർശനത്തിന് അണിഞ്ഞൊരുങ്ങുന്നു രക്ഷയുടെ അമ്മയായ കന്യകാനാഥയുടെ നാമത്തിലുള്ള ബാഗ്ദാദിലെ ദേവാലയം - പാപ്പായുടെ സന്ദർശനത്തിന് അണിഞ്ഞൊരുങ്ങുന്നു 

ചരിത്രമുറങ്ങുന്ന ഇറാഖു ദേശത്തേയ്ക്ക് ഒരു സാന്ത്വനയാത്ര

പാപ്പാ ഫ്രാൻസിസിന്‍റെ അപ്പസ്തോലിക സന്ദർശനം മാർച്ച് 5-മുതൽ 8-വരെ തിയതികളിൽ.

- ഫാദർ വില്യം  നെല്ലിക്കൽ 

1. ബൈബിളിന്‍റെ ചരിത്രമുറങ്ങുന്ന നാട്
ശുഷ്ക്കിച്ചു  ന്യൂനപക്ഷമായി മാറിയിരിക്കുന്ന ഇറാഖിലെ ക്രൈസ്തവ സമൂഹങ്ങളും സമാധാനകാംക്ഷികളായ ഇറാഖ് ജനതയും പാപ്പാ ഫ്രാൻസിസിന്‍റെ ആസന്നമായ അപ്പസ്തോലിക സന്ദർശനം കാത്തിരിക്കുകയാണ്. ആഗോളതലത്തിൽ പാരമ്പര്യ തുടർച്ചയുള്ള പുരാതന സമൂഹങ്ങൾക്കിടയിൽ ഏറ്റവും പൗരാണിത്യമുള്ള ഒന്നാണ് ഇറാഖിലെ ക്രൈസ്തവസമൂഹം. ഇസ്രായേലിനെ മാറ്റിനിർത്തിയാൽ ബൈബിളിൽ ഏറ്റവുമധികം പരാമർശിക്കപ്പെടുന്ന പ്രദേശങ്ങളും വ്യക്തികളും ഇറാഖ് അതിർത്തികൾക്കുള്ളിലാണ് സ്ഥിതിചെയ്യുന്നത്.

2. അബ്രാഹാമിന്‍റെ ഊർദേശവും
ജോനായുടെ നിനീവെ പട്ടണവും

പിതാമഹനായ അബ്രാഹം ദക്ഷിണ ഇറാക്കിലെ ഊർ സ്വദേശിയായിരുന്നു. ദാനിയേൽ പ്രവാചകന്‍റെ ജീവിതത്തിലെ സിംഹഭാഗവും കഴിച്ചുകൂട്ടിയത് ഇറാഖിലായിരുന്നു. എസേക്കിയേൽ പ്രവാചകനാകട്ടെ ദക്ഷിണ ഇറാഖ് സ്വദേശിയായിരുന്നു. റബേക്ക വടക്കു പടിഞ്ഞാറൻ ഇറാഖിൽനിന്നും യൂദയായിൽ എത്തിയ മഹതിയായിരുന്നു. എന്തിന്, ഏതൻ തോട്ടം പോലും ഇന്നത്തെ ഇറാഖിലാണ് സ്ഥിതിചെയ്തിരുന്നതെന്നാണു വിശ്വാസം. എസേക്കിയേൽ പ്രവാചകന്‍റേയും ജോനാ പ്രവാചകന്‍റേയും നാമധേയങ്ങളിലുള്ള ക്രൈസ്തവ ആരാധനാലയങ്ങൾ ഇന്നും ഇറാഖിലെ നിനേവെ പട്ടണത്തിൽ തലയുയർത്തി നിലനില്‍ക്കുന്നു.

3. യൂദാശ്ലീഹായും തോമാസ്ലീഹായും കാലൂന്നിയ മണ്ണ്
ക്രിസ്താബ്ദം ഒന്നാം നൂറ്റാണ്ടിൽ വിശുദ്ധ തോമാശ്ലീഹായിൽനിന്നും യൂദാ തദേവൂസ് ശ്ലീഹായിൽനിന്നും നേരിട്ട് വിശ്വാസം സ്വീകരിച്ചവരാണ് ഇറാഖിലെ ക്രൈസ്തവരുടെ പൂർവ്വപിതാക്കാന്മാരെന്ന് ചരിത്രം പഠിപ്പിക്കുന്നു. അരാമിക് ഭാഷ സംസാരിച്ചിരുന്ന അസ്സീറിയൻ വംശജരായിരുന്നു അവരിലേറെ ജനങ്ങളും. മെസൊപ്പൊട്ടേമിയ, അസ്സീറിയ ദേശങ്ങളിൽ വസിച്ചിരുന്ന അവരുടെ പിന്മുറക്കാരാണ് ഇന്ന് വിവിധ ക്രൈസ്തവ വിശ്വാസ സമൂഹങ്ങളിലായി അവശേഷിക്കുന്ന ഇറാഖിലെ ക്രിസ്ത്യാനികൾ.

4. പീഡനങ്ങളേറ്റ ഭൂമി
ചരിത്രത്തിൽ ഉടനീളം നിന്ദിതരും പീഡിതരുമായി എവിടെയും അ‌ടിച്ചമർത്തപ്പെട്ടവരാണ് ആദിമ ക്രൈസ്തവ സമൂഹങ്ങൾ.
14-ാം നൂറ്റാണ്ടിനു മുൻപ് ഇറാഖിലെ വടക്കൻ പ്രവിശ്യ ക്രൈസ്തവ ഭൂരിപക്ഷ പ്രദേശമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. 14-ാം നൂറ്റാണ്ടിൽ തുർക്കി-മംഗോളിയൻ വംശജനനായ യുദ്ധപ്രഭു തിമൂർ പേർഷ്യയും മെസൊപ്പൊട്ടേമിയയും സിറിയയും കീഴ്പ്പെടുത്തിയശേഷം ഇറാഖിൽ എത്തിയപ്പോൾ തിക്രിത് നഗരത്തിൽ 70, 000 ക്രിസ്ത്യാനികളെയും, ബാഗ്ദാദിൽ 90,000-ൽപ്പരം വിശ്വാസികളെയും ശിരച്ഛേദംചെയ്തതായി രേഖകളുണ്ട്.

5. അൽ-ഖൈദയും ഇസ്ലാമിക സ്റ്റേറ്റും
1950-ൽ ജനസംഖ്യയുടെ 10-12% വരുമായിരുന്നു ക്രിസ്ത്യാനികൾ ഇന്നത്തെ യുദ്ധവും അഭ്യന്തര കലാപങ്ങളും തീവ്രവാദികളുടെ ആക്രമണവുംമെല്ലാം ഒതുങ്ങിയപ്പോൾ കേവലം 1.2% മാത്രമായി ചുരുങ്ങിയിട്ടുണ്ട്. യുദ്ധങ്ങളും കൂട്ടക്കുരുതികളും പലായനങ്ങളും നിർബന്ധിത കുടിയേറ്റങ്ങളും മതപരിവർത്തനവുമെല്ലാം ചേർന്നാണ് ഇറാഖിനെ ഈ അവസ്ഥയിൽ എത്തിച്ചത്. സമീപകാലത്തുണ്ടായ ഭീകരവാദ പ്രസ്ഥാനങ്ങളായ ഇസ്ലാമിക് സ്റ്റേറ്റും, അൽ-ഖൈദയും ഇതിന് ആക്കംകൂട്ടി.

ഈ ചരിത്ര പശ്ചാത്തലത്തിലാണ് വിശ്വസാഹോദര്യത്തിന്‍റേയും സമാധാനത്തിന്‍റേയും ദൂതനായി മാർച്ച് 5-ന് പാപ്പാ ഫ്രാൻസിസ് ഇറാഖ് പര്യടനം ആരംഭിക്കുന്നത്.  പാപ്പാ ഫ്രാൻസിസിന്‍റെ അപ്പസ്തോലിക യാത്രയ്ക്ക് പ്രാർത്ഥനാശംസകൾ നേരുന്നു!
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 February 2021, 15:17