ദൈവം നമുക്കായി തുറന്നിടുന്ന മാനസാന്തരത്തിന്‍റെ വഴികൾ
- ഫാദർ വില്യം നെല്ലിക്കൽ
1. വെളിച്ചം തേടാം
യേശുവിന്‍റെ സമർപ്പണത്തിരുനാളും സന്ന്യസ്തരുടെ ആഗോളദിനവുമായ ഫെബ്രുവരി 2, ചൊവ്വാഴ്ച വൈകുന്നേരം വത്തിക്കാനിൽ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കവെ നല്കിയ പ്രഭാഷണത്തിലാണ് പാപ്പാ ഫ്രാൻസിസ് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്. ഇസ്രായേലിന്‍റെ സമാശ്വാസവും വിജാതിയർക്കു വെളിച്ചവുമായ രക്ഷകനായ യേശുവിനുവേണ്ടി ക്ഷമയോടെ കാത്തിരുന്ന വയോധികനായ ശിമയോനാണ് അവിടുത്തെ തിരുമുഖ ദർശനത്തിനും കൈകളിൽ വഹിക്കുവാനും ഭാഗ്യമുണ്ടായത് (ലൂക്കാ 2, 25).
2. യേശുവിനായുള്ള നീണ്ട കാത്തിരിപ്പ്
അനുദിന ജീവിതത്തിൽ ദൈവം മനുഷ്യരുടെ ഇടയിൽ വരുന്നത് വലിയ ദർശനപ്രഭയോടെയല്ല, മറിച്ച് ജീവിതത്തിന്‍റെ സാധാരണത്വത്തിലാണെന്ന് സുവിശേഷം വിവരിക്കുന്ന വയോധികനായ ശിമയോനു മനസ്സിലായതിനാലാണ്, അദ്ദേഹം സാമൂഹിക ജീവിതത്തിന്‍റെ സാധാരണ ചുറ്റുപാടുകളിൽ രക്ഷകനായ ദൈവത്തിനായി നാളുകളോളം ക്ഷമയോടെ കാത്തിരുന്നതെന്ന് പാപ്പാ വിശദീകരിച്ചു. പ്രായാധിക്യത്തിലെത്തി ശിമയോൺ ശാരീരികമായി ക്ഷീണിച്ചുവെങ്കിലും അയാളുടെ ഹൃദയത്തിൽ രക്ഷകനായുള്ള തീക്ഷ്ണവിചാരത്തിന്‍റെയും പ്രതീക്ഷയുടെയും പൊൻനാമ്പ് ആളിക്കത്തുന്നുണ്ടായിരുന്നെന്ന് പാപ്പാ പ്രസ്താവിച്ചു.
അങ്ങനെ ജീവിതസായാഹ്നത്തോളം ആ മനുഷ്യന്‍റെ പ്രത്യാശയുടെയും പ്രതീക്ഷയുടെയും പൊൻനാമ്പ് പൊലിയാതെനിന്നു. അവസാനം ഒരുനാൾ ദേവാലയത്തിൽവച്ച് ശിമയോനു വാഗ്ദാനംചെയ്യപ്പെട്ട രക്ഷയുടെ വെളിച്ചം കാണുവാനും, രക്ഷകനായ യേശുവിനെ സ്വീകരിച്ചശേഷം സാഫല്യമടയുവാനും ഭാഗ്യമുണ്ടായെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു (ലൂക്കാ 2, 30).
3. ക്ഷമിക്കുന്ന സ്നേഹം
ശിമയോൻ ജീവിതത്തിൽ ക്ഷമ അഭ്യസിച്ചത് പ്രാർത്ഥനയിലൂടെയും, തന്‍റെ ജനത്തിന്‍റെ ചരിത്രത്തിൽ അവർ അനുഭവിക്കുന്ന കാരുണ്യവാനും ഉദാരമതിയും കോപിക്കുന്നതിൽ സാവകാശമുള്ളവനും സ്നേഹസമ്പന്നനും വിശ്വസ്തനുമായ ദൈവത്തിൽനിന്നുമാണെന്ന് പാപ്പാ വ്യാഖ്യാനിച്ചു (പുറപ്പാട് 34, 6). മനുഷ്യന്‍ പരിത്യക്തനായും അവിശ്വസ്തനായും വർഷങ്ങളോളം അകന്നു ജീവിച്ചാലും സ്നേഹപിതാവായ ദൈവം ക്ഷമയോടെ നമുക്കായ് കാത്തിരിക്കുന്നു (നെഹേമിയ 9, 30). അങ്ങനെ ദൈവം മാനസാന്തരത്തിനായുള്ള വഴി സദാ മനുഷ്യർക്കായി തുറന്നിടുകയാണെന്നും പാപ്പാ വ്യക്തമാക്കി. അതിനാൽ ശിമയോനിൽ നാം കാണുന്ന ക്ഷമാശീലം ദൈവത്തിന്‍റെ അനന്തമായ ക്ഷമയുടെ പ്രതിഫലനമാണെന്നു പാപ്പാ വ്യാഖ്യാനിച്ചു. ക്ഷമ നമ്മെ അനുതാപത്തിലേയ്ക്കും അനുരഞ്ജനത്തിലേയ്ക്കും നയിക്കുമെന്ന് പൗലോസ് അപ്പസ്തോലനെ ഉദ്ധരിച്ചുകൊണ്ടു പാപ്പാ തുടർന്നു (റോമാ. 2, 4). നമ്മുടെ ബലഹീനതകളോടു ദൈവം പ്രതികരിക്കുന്ന രീതിയും ബലഹീനരായ നമ്മുടെ മാനസാന്തരത്തിനായി ദൈവം തരുന്ന സമയവും അവസരവുമാണ് അവിടുത്തെ ക്ഷമയെന്നു വിഖ്യാതനായ ഗ്രന്ഥകർത്താവ് റൊമാനോ ഗ്വർദീനിയെ പാപ്പാ ഉദ്ധരിക്കുകയും ചെയ്തു.
4. കാത്തിരിക്കുന്ന ദൈവം
മനുഷ്യന്‍റെ അവസാനനാളുകളിലും മാനസാന്തരത്തിനും ദൈവിക ജീവനിലുള്ള പങ്കാളിത്തത്തിനും അവസരം നല്കുന്ന ദൈവത്തിന്‍റെ അനന്തമായ ക്ഷമയെയാണ് ദേവാലയത്തിൽവച്ച് കൈകളിൽ ഉണ്ണിയേശുവെ വഹിച്ചുകൊണ്ടു നില്ക്കുന്ന സമർപ്പണത്തിരുനാളിന്‍റെ ചിത്രീകരണങ്ങൾ നമ്മെ ഓർപ്പിക്കുന്നതെന്നും പാപ്പാ പ്രസ്താവിച്ചു. അങ്ങനെ നമുക്കായി കാത്തിരിക്കുന്നതിൽ ദൈവം കരുണയും ക്ഷമയും കാണിക്കുന്നു എന്ന ചിന്ത മാനസാന്തരത്തിന്‍റെയും നന്‍മയുടെയും വഴികളിലേയ്ക്കു സകലർക്കും പ്രത്യാശയ്ക്കു വക തരികയും ചെയ്യുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.