തിരയുക

2019 സെപ്റ്റംബർ എട്ടാം തിയതി പാപ്പാ മഡഗാസ്ക്കർ സന്ദർശിച്ചപ്പോൾ പാപ്പായെ കാത്തിരുന്ന യുവജനം (ഫയൽ ചിത്രം) 2019 സെപ്റ്റംബർ എട്ടാം തിയതി പാപ്പാ മഡഗാസ്ക്കർ സന്ദർശിച്ചപ്പോൾ പാപ്പായെ കാത്തിരുന്ന യുവജനം (ഫയൽ ചിത്രം) 

"ക്രിസ്തു ജീവിക്കുന്നു”: യുവജനങ്ങളിലെ വ്യത്യാസങ്ങൾ

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 69-70ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം

നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക്" ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.

69. ഭൂമിശാസ്ത്രപരമായി നോക്കുമ്പോൾ ചില രാജ്യങ്ങളിൽ ധാരാളം യുവജനങ്ങളുണ്ട്. മറ്റു സ്ഥലങ്ങളിൽ ജനനനിരക്ക് വളരെ കുറവാണ്. വ്യത്യസ്തമുണ്ടാകുന്ന ഒരു ഘടകം ചരിത്രപരമാണ്. പ്രാചീന ക്രൈസ്തവ പാരമ്പര്യത്തിൽപ്പെട്ട രാജ്യങ്ങളും ഭൂഖണ്ഡങ്ങളുമുണ്ട്. അവയുടെ സംസ്കാരങ്ങളിൽ മായ്ക്കാനാവാത്ത ഒരു ഓർമ്മയുണ്ട്. അത് എളുപ്പത്തിൽ തള്ളിക്കളയാനാവുകയില്ല. അതേസമയം മറ്റു രാജ്യങ്ങൾക്കും ഭൂഖണ്ഡങ്ങൾക്കും മറ്റു മത പാരമ്പര്യങ്ങളുടെ സ്വഭാവമാണുള്ളത്. അവിടെ ക്രിസ്തു മതത്തിന്റെ ന്യൂനപക്ഷ സാന്നിധ്യമേയുള്ളൂ. ചിലയിടങ്ങളിൽ സമീപ കാലത്താണ് ക്രിസ്തീയ സാന്നിധ്യമുണ്ടായി തുടങ്ങുന്നത്. മറ്റു സ്ഥലങ്ങളിലെ ക്രൈസ്തവ സമൂഹങ്ങളും അവയിൽപ്പെട്ട യുവജനങ്ങളും മതപീഡനം അനുഭവിക്കുന്നു. വ്യത്യസ്തപ്പെടുത്തി കാണേണ്ട വേറൊരു യുവജന സമൂഹം കൂടിയുണ്ട്. ആഗോളവത്കരണം നൽകുന്ന സൗകര്യങ്ങൾ ലഭിക്കുന്നവരിൽനിന്ന് സമൂഹത്തിന്റെ അതിരുകളിലും കുഗ്രാമങ്ങളിയും ഒഴിവാക്കപ്പെട്ടവരോ പരിത്യജിക്കപ്പെവരോ ആയി ജീവിക്കുന്നവരെ വേർതിരിച്ചറിയണം.

70. മറ്റനേകം വ്യത്യാസങ്ങളുമുണ്ട് അതെല്ലാം ഇവിടെ പരിശോധിക്കാൻ പ്രയാസമാണ്. ഇന്നത്തെ യുവ ജനങ്ങളെയും അവരുടെ ജീവിതത്തെയും അനുഭവങ്ങളെയും വിശദമായി അപഗ്രഥിക്കേണ്ടതില്ല. അതുകൊണ്ട് സിനഡിന് മുമ്പ് ലഭിച്ച ചില വിവരങ്ങളും സിനഡിന്റെ സമ്മേളനത്തിൽ കേട്ട മറ്റുവിവരങ്ങളും ഞാൻ ചുരുക്കി പറയാം. (കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).

ചില രാജ്യങ്ങളിൽ കൂടുതൽ യുവജനങ്ങളുണ്ട്. മറ്റു സ്ഥലങ്ങളിൽ ജനനനിരക്ക് വളരെ കുറവാണ്. ചില രാജ്യങ്ങളിൽ വിവിധ മത പാരമ്പര്യങ്ങളും ആചാരങ്ങളുമാണുള്ളത്. ചിലയിടങ്ങളിൽ ക്രൈസ്തവർ ന്യൂനപക്ഷമാണ്. പല രാജ്യങ്ങളിലും മതസ്വാതന്ത്ര്യം ഉണ്ട്. എന്നാൽ മറ്റു ചില രാജ്യങ്ങളിൽ ക്രൈസ്തവ യുവജനങ്ങൾ മതപീഡനത്തിന് വിധേയരാക്കപ്പെടുന്നു. മറ്റൊരു വ്യത്യാസം ആഗോളവൽക്കരണത്തിന്റെ യുഗത്തിൽ സുരക്ഷിതരായി സൗകര്യങ്ങളുടെ വലയത്തിൽ കഴിയുന്നവരും ഗ്രാമങ്ങളിലും ഒഴിവാക്കപ്പെട്ടവരായി കഴിയുന്നവരുമുണ്ട്. ഈ വ്യത്യാസങ്ങളെ യുവജന സിനഡ് തിരിച്ചറിഞ്ഞു എന്ന് പാപ്പാ പ്രബോധിപ്പിക്കുന്നു.

എല്ലാവർക്കും എല്ലാം തുല്യമായി ലഭ്യമാക്കണമെന്നത് പാപ്പാ ആവർത്തിച്ചു പറയുന്ന കാര്യങ്ങളിൽ ഒന്നാണ്. ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങൾ നമുക്ക് ഒരുപക്ഷേ നികത്താൻ കഴിഞ്ഞില്ലെന്നു വരാം. എന്നാൽ സമത്വം, നീതി, സ്വാതന്ത്ര്യം എന്നിവ എല്ലാവർക്കും അവകാശപ്പെട്ടതാണ്. നിറത്തിന്റെയും, ഭാഷയുടേയും, വർഗ്ഗത്തിന്റെയും, സമ്പത്തിന്റെയും, നാടിന്റെയും പേരിൽ നിരവധി ലേബലുകൾ നൽകി മനുഷ്യവർഗ്ഗത്തെ മനുഷ്യനിൽ നിന്ന് തന്നെ വേർപെടുത്തി മനുഷ്യർ തമ്മിലും രാഷ്ട്രങ്ങൾ തമ്മിലും മതിലുകൾ തീർക്കുമ്പോൾ ഈ തിന്മകളിൽപെട്ടുഴലുന്ന യുവജനങ്ങൾക്ക് എന്താണ് ഈ സമൂഹത്തിന് നൽകുവാൻ കഴിയുന്നത്?

യുവജനത്തെ വിത്തിനോടു താരതമ്യപ്പെടുത്താം. കൃത്യമായി ജലവും, വളവും, വെളിച്ചവും, ശ്രദ്ധയും നൽകി പരിപാലിച്ചാൽ അവരിൽ നിന്നും സമൃദ്ധമായി ഫലം നേടാൻ കഴിയും. അധിക താപവും, അമിത ജലവും ഒരു ചെടിയെ സാരമായി ബാധിക്കുന്നത് പോലെ തന്നെ സമൂഹത്തിൽ നിന്നും ലഭിക്കുന്ന അമിതമായ തിരിച്ചടികൾ, നിരുത്സാഹനങ്ങൾ, അടിച്ചമർത്തലുകൾ എന്നിവ അവരുടെ വളർച്ചയെ സാരമായി ബാധിക്കുന്നു. അതേപോലെ തന്നെ എല്ലാ മണ്ണും  എല്ലാത്തരം കൃഷിക്കും അനുയോജ്യമല്ല. ഓരോന്നിനും വ്യത്യസ്ത ഉപയോഗമാണുള്ളത്. അതുപോലെ യുവജന  സമൂഹത്തിൽ നിന്ന് എല്ലാം  ലഭിക്കണമെന്ന് പ്രതീക്ഷിക്കാൻ സാധിക്കുകയില്ല. സമൂഹത്തിന്റെ അതിർത്തികളിലും ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവരും പരിത്യജിക്കപ്പെട്ടവരുമായി കഴിയുന്ന അനേകം യുവജനങ്ങളുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

ആഗോളവൽക്കരണം നഗരങ്ങളിലും വികസിത രാജ്യങ്ങളിലും ജീവിക്കുന്ന യുവജനങ്ങൾക്ക് സൗകര്യങ്ങളും സമ്പത്തും സമൂഹത്തിൽ മേൽത്തരം ജീവിതവും സമ്മാനിക്കുമ്പോൾ ദരിദ്രരാജ്യങ്ങളിൽ വികസനം ഇല്ലാത്ത പ്രദേശങ്ങളിൽ ജീവിക്കുന്ന യുവജനങ്ങൾക്ക് ദാരിദ്ര്യവും പട്ടിണിയുമാണ് നൽകുന്നത്. സാങ്കേതിക ലോകത്തിൽ പോലും ഒറ്റപ്പെട്ട തീരങ്ങളിൽ കഴിയുന്ന യുവ ജീവിതങ്ങൾ അനേകമാണെന്ന സത്യം നമ്മെ വേദനിപ്പിക്കുന്നു. കുടിയേറ്റം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ഒന്നാണല്ലോ. ഒരു നല്ല ജീവിതം സ്വന്തം നാട്ടിൽ ലഭ്യമാകാതെ വരുമ്പോൾ മറ്റു രാജ്യങ്ങളിൽ ചേക്കേറാൻ അവർ നിർബന്ധിതരാക്കപ്പെടുന്നു. സ്വന്തം നാടും, വീടും, പ്രിയപ്പെട്ടവരെയും ഉപേക്ഷിച്ച് അറിയപ്പെടാത്ത, ഉറപ്പില്ലാത്ത ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുന്ന യുവജനങ്ങളുടെ മാനസികാവസ്ഥയെ കുറിച്ച് നാം ചിന്തിക്കണം. മാസങ്ങളായി മെഡിറ്ററേനിയൻ കടലിൽ കഴിയുന്ന യുവ ജീവിതങ്ങളെ ലോകം എങ്ങനെയാണ് കാണുന്നത്. കുടിയേറ്റക്കാരെ ആട്ടിയോടിക്കുന്ന രാജ്യങ്ങളുടെ അതിർത്തിയിൽ ഭക്ഷണവും വെള്ളവും അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ലാതെ കഴിയുന്ന യുവജനങ്ങൾക്ക് എങ്ങനെയാണ് നല്ല സംഭാവന സമൂഹത്തിന് നൽകുവാൻ കഴിയുന്നത്. അന്തസ്സായി ജീവിതം നയിക്കുവാൻ ആഗ്രഹിച്ച് അന്യനാട്ടിൽ വരുമ്പോൾ അവരെ കാത്തിരിക്കുന്നത് പാർപ്പിടമില്ലായ്മയും തൊഴിലില്ലായ്മയുമാണ്. അങ്ങനെ എത്രയെത്ര യുവജനങ്ങളാണ് അവഹേളനങ്ങൾ ഏറ്റുവാങ്ങിയും അന്യരാൽ ആട്ടിയോടിക്കപ്പെട്ടും മനുഷ്യാന്തസ്സ് നഷ്ടപ്പെട്ടും ജീവിക്കേണ്ട ദുരിതത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്നത്. കൂടുതൽ അടിച്ചമർത്തലുകൾ വരുമ്പോഴാണ് തങ്ങളുടെ ജീവിതത്തിന്റെ നിലനിൽപ്പിനുവേണ്ടി അവർ പല മാർഗ്ഗങ്ങളും സ്വീകരിക്കുന്നത്. പലവിധ മാഫിയകൾ നൽകുന്ന വാഗ്ദാനങ്ങളുടെ മുന്നിൽ ഒരുപക്ഷേ അവർ പതറി വീഴുന്നതും ഇക്കാരണങ്ങൾ കൊണ്ടുതന്നെയാകാം. സമൂഹം അവർക്ക് നിഷേധിച്ച സൗകര്യങ്ങൾ ഭീകരവാദവും മൗലികവാദവും മാഫിയയും നൽകുമ്പോൾ അവർ അതിന്റെ പുറകെ പോകുന്നതും അതിന്റെ ഭാഗമായിത്തീരുന്നനും പരിപൂർണ്ണമനസ്സോടെ ആയിരിക്കണമെന്നില്ല. അതുകൊണ്ടാണ് പാപ്പാ യുവജനങ്ങൾ കടന്നുപോകുന്ന വിവിധതരം മേഖലകളെയും ഭൂമിശാസ്ത്രപരമായ വ്യത്യാസങ്ങളെ പോലും ഗൗരവമായി കാണുകയും അതിനെ എങ്ങനെ പരിഹരിക്കാം എന്ന് പരിചിന്തനം ചെയ്യാൻ സഭാ മക്കളോടു ആഹ്വാനം ചെയ്യുകയും ചെയ്യുന്നത്.

05 February 2021, 13:40