തിരയുക

വിശുദ്ധ കൊച്ചുത്രേസ്യ വിശുദ്ധ കൊച്ചുത്രേസ്യ 

"ക്രിസ്തു ജീവിക്കുന്നു”: യേശുവുമായുള്ള കണ്ടുമുട്ടൽ മാറ്റിമറിച്ച ജീവിതങ്ങൾ

Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 56-57 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

യേശുവുമായുള്ള കണ്ടുമുട്ടൽ മാറ്റിമറിച്ച ജീവിതങ്ങളുടെ ഒരു നീണ്ടനിരയാണ് കത്തോലിക്കാ സഭയിലുള്ളത്. യേശുവിന്റെ സ്നേഹപ്പുണരലിൽ മറ്റെല്ലാ തിരഞ്ഞെടുപ്പുകളും നിസ്സാരമായി കണ്ട ജീവിതങ്ങൾ. അവയിൽ നിന്ന് യുവതീയുവാക്കളായ കുറച്ച് ജീവിത ഉദാഹരണങ്ങൾ തിരഞ്ഞെടുത്തു നിരത്തി വയ്ക്കാൻ ശ്രദ്ധിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

ജന്മം കൊണ്ടും, സ്ഥാനം കൊണ്ടും, ധനം കൊണ്ടും സമൂഹത്തിന്റെ ഔന്നത്യങ്ങളിൽ വാണിരുന്നവർ മുതൽ പാവപ്പെട്ട, സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽപെട്ടവർ വരെ അക്കൂട്ടത്തിലുണ്ട്. പക്ഷേ അവരിൽ എല്ലാവരിലും ഉണ്ടായിരുന്ന ഒരേ ഒരു പൊതുവായ കാര്യം യേശു അനുഭവം മാത്രമായിരുന്നു. അത്തരം ഒരനുഭവം അവരെ അവരുടെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പുകളിൽ എത്ര സ്വാധീനിച്ചു എന്ന് നമ്മെ കാണിക്കുകയാണ് തിരഞ്ഞെടുത്ത ഏതാനും വിശുദ്ധരായ യുവതീ യുവാക്കളുടെ ജീവിത മാതൃക നമ്മുടെ മുന്നിൽ വയ്ക്കുന്ന ഫ്രാൻസിസ് പാപ്പായുടെ ലക്ഷ്യം.

യുവതീയുവാക്കളായ വിശുദ്ധരുടെ ഒരു നീണ്ട നിര തന്നെ എടുത്തു പറയുന്ന പാപ്പാ ഈ ഖണ്ഡികയിൽ ഡോമിനിക് സാവിയോയെക്കുറിച്ചാണ് എഴുതുന്നത്. ഫ്രാൻസിസ് പാപ്പയുടെ ക്രിസ്തീയ വീക്ഷണങ്ങളിൽ കണ്ടെത്തുന്ന ഒരു പ്രത്യേകതയാണ് ആനന്ദം.

സുവിശേത്തിന്റെ ആനന്ദം (Evangelii Gaudium) അപ്പോസ്തലീക പ്രബോധനമാക്കിയ ഫ്രാൻസിസ് പാപ്പയ്ക്ക് വിശുദ്ധിയും(Gaudete et Exsultate) ആനന്ദത്തിന് വകനൽകുന്നതാണ്. അതിനാൽ വിശുദ്ധിയുടെ വഴിയിൽ ആനന്ദം കണ്ടെത്തിയവരെ യുവജനങ്ങൾക്ക് മുന്നിൽ ഒരിക്കൽ കൂടി അവതരിപ്പിക്കുകയാണ് ഫ്രാൻസിസ് പാപ്പാ ചെയ്തത്.

56. വിശുദ്ധ ഡൊമിനിക് സാവിയോ

 വിശുദ്ധ ഡൊമിനിക് സാവിയോ തന്റെ സഹനങ്ങളെയെല്ലാം മറിയത്തിന് സമർപ്പിച്ചു സ്ഥിരം സന്തോഷിക്കുകയെന്നത് വിശുദ്ധിയിൽ ഉൾക്കൊള്ളുന്നുവെന്ന് വിശുദ്ധ ഡോൺ ബോസ്കോ അദ്ദേഹത്തെ പഠിപ്പിച്ചപ്പോൾ പകർച്ചയുള്ള സന്തോഷത്തിനായി അദ്ദേഹം ഹൃദയം തുറന്നു. തന്റെ സഹജീവികളായ യുവജനങ്ങളിൽ ഏറ്റവും പരിത്യജിക്കപ്പെട്ടവരും രോഗം ബാധിച്ചവരുമായ ആളുകളോടു ഏറ്റവും കൂടുതൽ അടുപ്പം പുലർത്താൻ അദ്ദേഹം ആഗ്രഹിച്ചു ഡൊമിനിക് പതിനാലാം വയസ്സിൽ 1887 “എത്ര വിസ്മയമായ കാര്യമാണ് ഞാൻ അനുഭവിക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് മൃതിയടഞ്ഞു. (കടപ്പാട്.പി.ഒ.സി പ്രസിദ്ധീകരണം).

ഡോമിനിക് സാവിയോയുടെ ജീവിതം സഹനങ്ങൾ കൂടാതെയുള്ള ഒന്നായിരുന്നില്ല. വൈദീകനാകാൻ ആഗ്രഹിച്ച ആ പതിനാലുകാരൻ ശ്വാസകോശ സംബന്ധമായ രോഗത്താൽ ഈ ലോകവാസം വിട്ടു പോകുമ്പോൾ വി.ഡോൺ ബോസ്കോയുടെ ശിക്ഷണത്തിന്റെ കീഴിൽ സന്തോഷത്തിന്റെ ഒരു പകർച്ചവ്യാധി പരത്തിക്കൊണ്ടാണ് കടന്ന് പോയതെന്ന് പാപ്പാ എഴുതുന്നു. ഡോൺ ബോസ്കോയുടെ സമൂഹത്തിൽ ഉണ്ടായിരുന്ന യുവജനങ്ങളിൽ ഏറ്റം ഉപേക്ഷിക്കപ്പെട്ടവരെയും രോഗികളെയും തിരഞ്ഞു പിടിച്ച് അവരോടൊപ്പമായിരിക്കാൻ ശ്രദ്ധിച്ച ബാലൻ. ജീവിതത്തിൽ രോഗിയായിരുന്നിട്ടും ശാരീരിക വേദനയിൽ കഴിയുമ്പോഴും വിശുദ്ധി എന്നത് തുടർച്ചയായി സന്തോഷത്തോടെയിരിക്കലാണെന്ന ഡോൺ ബോസ്കോയുടെ ഉപദേശത്തെ ശിരസ്സാ വഹിച്ച് താൻ അനുഭവിക്കുന്ന അൽഭുതത്തെ വിവരിച്ച് മരണം കൈവരിച്ച വിശുദ്ധ ബാലനെ നമ്മുടെ മുന്നിൽ വച്ച് പാപ്പാ യുവജനൽങ്ങളോടു വിശുദ്ധിക്ക് വാടിയ മുഖമല്ല വിരിഞ്ഞ ചിരിയാണെന്ന് കാണിച്ചു തരുകയാണ് ചെയ്യുന്നത്.

57. ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ

 ഉണ്ണീശോയുടെ വിശുദ്ധ കൊച്ചുത്രേസ്യ1873ൽ ജനിച്ചു, പതിനഞ്ചാം വയസ്സിൽ ഏറെ പ്രയാസങ്ങളെ മറികടന്ന് കർമ്മലീത്താ മഠത്തിൽ ചേർന്നു. കർത്താവിന്റെ സ്നേഹത്തിലുള്ള സമ്പൂർണ്ണ വിശ്വാസത്തിന്റെ ചെറിയ വഴിയിൽ അവൾ ജീവിച്ചു. സഭയുടെ ഹൃദയത്തിൽ ജ്വലിക്കുന്ന സ്നേഹാഗ്നിയെ തന്റെ പ്രാർത്ഥനകൾ കൊണ്ട് ഊതി കത്തിക്കുവാൻ അവൾ നിശ്ചയിച്ചു. (കടപ്പാട്.പി.ഒ.സി പ്രസിദ്ധീകരണം).

പരിശുദ്ധ പിതാവ് നമുക്ക് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു വിശുദ്ധയാണ് ഉണ്ണിയേശുവിന്റെ തെരേസ. കൊച്ചുത്രേസ്യാ എന്ന് നാം വിളിപ്പേരിട്ട സന്യാസിനി. ദൈവപിതാവിന്റെ സ്നേഹത്തിന് സ്വയം സമർപ്പിക്കാൻ ഇളംപ്രായത്തിൽ മാർപ്പാപ്പയുടെ മുന്നിലെത്തിയ ധൈര്യവതി.  ഏതൊരു യുവഹൃദയവും തേടുന്ന കുറുക്ക് വഴികൾ വിശുദ്ധിക്ക് എത്താൻ പോലും കണ്ടെത്തിയ മഹാ വനിത.  ദൈവസ്നേഹത്തിൽ പരിപൂർണ്ണമായി വിശ്വസിച്ച് അവളുടെ പ്രാർത്ഥനയുടെ കാറ്റുകൊണ്ട് സഭയുടെ ഹൃദയത്തിലെ തീ ഊതി കത്തിക്കാൻ തീരുമാനിച്ചവൾ  എന്ന് ഫ്രാൻസിസ് പാപ്പാ കൊച്ചുത്രേസ്യയെക്കുറിച്ച് എഴുതി വയ്ക്കുമ്പോൾ നാം അനുസ്മരിക്കേണ്ടത് വെറും പതിനഞ്ച് വയസ്സിൽ കടമ്പകൾ കടന്ന് മിണ്ടാമഠത്തിലേക്ക് പ്രവേശിക്കാൻ വേണ്ടും അവളുടെ ഉള്ളിൽ ഉരുവായ ഉറച്ച തീരുമാനത്തെക്കുറിച്ചാണ്. കർമ്മലീത്താ സന്യാസിനി ഭവനത്തിലെ പുണ്യാഭ്യാസങ്ങളെ മാത്രമല്ല തന്റെ ബുദ്ധിമുട്ടുകളെപ്പോലും തന്റെ ചിരകാല സ്വപ്നമായ മിഷനറി പ്രവർത്തനങ്ങൾക്ക് വേണ്ടി കാഴ്ചവച്ച് ആവൃതിക്കുള്ളിൽ നിന്നും മിഷനറിമാരുടെ മദ്ധ്യസ്ഥയാകാൻ കഴിഞ്ഞ ഒരു ജീവിതമാതൃക നൽകിക്കൊണ്ട് അസാധ്യതകളുടെ സാധ്യതകൾ എടുത്ത്  യുവജനങ്ങൾക്ക് പ്രചോദനം പകരുകയാണ് ഫ്രാൻസിസ് പാപ്പാ .

 

 

08 January 2021, 12:35