തിരയുക

ഇന്തൊനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ച (15/01/21) പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ ഒരു ദൃശ്യം ഇന്തൊനേഷ്യയിലെ സുലവേസി ദ്വീപിൽ വെള്ളിയാഴ്ച (15/01/21) പുലർച്ചെയുണ്ടായ ഭൂകമ്പത്തിൽ തകർന്നടിഞ്ഞ കെട്ടിടങ്ങളുടെ ഒരു ദൃശ്യം 

ഇന്തൊനേഷ്യയിലെ ഭൂകമ്പബാധിതരുടെ വേദനയിൽ പാപ്പാ പങ്കുചേരുന്നു!

ഇന്തൊനേഷ്യയിൽ ഭൂകമ്പദുരന്തം, പാപ്പായുടെ പ്രാർത്ഥനയും ഐക്യദാർഢ്യവും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ അനേകരുടെ ജീവനപഹരിക്കുകയും കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത ഭൂകമ്പദുരന്തത്തിൽ മാർപ്പാപ്പാ ദുഃഖം രേഖപ്പെടുത്തി.

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ (Cardinal Pietro Parolin) ആണ് ഫ്രാൻസീസ് പാപ്പായുടെ അനുശോചനവും ഐക്യദാർഢ്യവും അറിയിച്ചുകൊണ്ടുള്ള സന്ദേശം ഭൂകമ്പമുണ്ടായ വെള്ളിയാഴ്ച (15/01/21) അയച്ചത്.

ഈ ഭൂമികുലുക്കം അനേകർക്ക് ജീവഹാനി വരുത്തിയതും നാശനഷ്ടങ്ങൾ വിതച്ചതും വേദനയോടെ അനുസ്മരിക്കുന്ന പാപ്പാ ഈ പ്രകൃതി ദുരന്തം മൂലം യാതനകളനുഭവിക്കുന്നവരോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

മരണമടഞ്ഞവരുടെ ആത്മശാന്തിക്കും  മുറിവേറ്റവരുടെ സുഖപ്രാപ്തിക്കും ഈ ദുരന്തം മൂലം യാതനകളനുഭവിക്കുന്നതവർക്ക് സാന്ത്വനം ലഭിക്കുന്നതിനും വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്യുന്നു.

പൗരാധികാരികൾക്കും ദുരിതാശ്വാസപ്രവർത്തനത്തിലേർപ്പെട്ടിരിക്കുന്നവർക്കും പാപ്പാ പ്രചോദനം പകരുകയും എല്ലാവർക്കും കരുത്തും പ്രത്യാശയും ലഭിക്കുന്നതിനായി ദൈവികാനുഗ്രഹം പ്രാർത്ഥിക്കുകയും ചെയ്യുന്നു.

വെള്ളിയാഴ്ച (15/01/21) പുലർച്ചെ, പടിഞ്ഞാറൻ സുലവേസി പ്രവിശ്യയിലെ മാമുജു പ്രഭവകേന്ദ്രമായുണ്ടായ ഭൂകമ്പത്തിൻറെ ശക്തി ഭൂകമ്പമാപനിയിൽ 6.2 ആയിരുന്നു.

നാല്പതിലേറെപ്പേർ മരിക്കുകയും 600-ൽപ്പരം ആളുകൾക്ക് പരിക്കേല്ക്കുകയും പതിനയ്യായിരത്തോളം ആളുകളെ താല്ക്കാലിക അഭയകേന്ദ്രങ്ങളിലേക്കു മാറ്റുകയും ചെയ്തിട്ടുണ്ട്.

26 കോടി ജനങ്ങളുള്ള ഇന്തൊനേഷ്യയിൽ ഭൂകമ്പം, അഗ്നിപർവ്വത സ്ഫോടനം, സുനാമി തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ പതിവാണ്.

2018-ൽ സുലവേസി ദ്വീപിലെ പലു എന്ന സ്ഥലത്ത്, ഭൂകമ്പമാപന തോതായ റിക്ടെർ സ്കെയിലനുസരിച്ച്, 7.5 ശക്തി രേഖപ്പെടുത്തിയ ഭൂകമ്പവും തുടർന്നുണ്ടായ സുനാമിയും 4000-ത്തിലേറെപ്പേരുടെ ജീവൻ അപഹരിച്ചിരുന്നു. 

ഭൂകമ്പദുരിതബാധിത പ്രദേശത്തേക്ക് പ്രാദേശിക അന്തർദേശീയ തലങ്ങളിലും  സഭാതലത്തിലും സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്.

 

 

16 January 2021, 11:33