തിരയുക

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ദൈവമാതാവിൻറെ തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യബലിയർപ്പിക്കുന്നു 01/01/2021 വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ദൈവമാതാവിൻറെ തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യബലിയർപ്പിക്കുന്നു 01/01/2021 

സമയം, ദൈവത്തിനും അയൽക്കാരനും വേണ്ടി വിനിയോഗിക്കേണ്ട സമ്പത്ത്!

തിരുസഭ ദൈവമാതാവിൻറെ തിരുന്നാളും വിശ്വശാന്തിദിനവും ആചരിച്ച പുതുവത്സര ദിനത്തിൽ, വെള്ളിയാഴ്ച (01/01/21) രാവിലെ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ ഫ്രാൻസീസ് പാപ്പായ്ക്കു പകരം ദിവ്യബലി അർപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഒരുവൻ അനുഗ്രഹം സ്വീകരിക്കുന്നത് നല്കുന്നതിനാണെന്ന് പരിശുദ്ധ കന്യകാമറിയം നമ്മെ പഠിപ്പിക്കുന്നുവെന്ന് മാർപ്പാപ്പാ.

തിരുസഭ ദൈവമാതാവിൻറെ തിരുന്നാളും വിശ്വശാന്തിദിനവും ആചരിച്ച പുതുവത്സര ദിനത്തിൽ, വെള്ളിയാഴ്ച (01/01/21) രാവിലെ കോവിദ് 19 രോഗപ്രതിരോധ നിയന്ത്രണങ്ങൾ പാലിച്ചുകൊണ്ട്, വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ മുഖ്യകാർമ്മികനായി അർപ്പിച്ച ദിവ്യബലി മദ്ധ്യേ, അദ്ദേഹം തന്നെ വായിച്ച ഫ്രാൻസീസ് പാപ്പായുടെ സുവിശേഷ സന്ദേശത്തിലാണ് ഈ ഉദ്ബോധനം ഉള്ളത്.

നടുവിൽ നിന്ന് കാലിലേക്കു പടരുന്ന വേദന മൂലം (sciatica) ഫ്രാൻസീസ് പാപ്പായ്ക്ക് ഈ ദിവ്യബലി അർപ്പിക്കാൻ കഴിയാതിരുന്നതിനാലാണ് പകരം കർദ്ദിനാൾ പരോളിൻ കാർമ്മികനായത്. 

ഈ ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധ ഗ്രന്ഥഭാഗങ്ങളിൽ തെളിഞ്ഞു നില്ക്കുന്ന, “അനുഗ്രഹിക്കുക”, “ജന്മംകൊള്ളുക”, “കണ്ടെത്തുക” എന്നീ മൂന്നു ക്രിയാപദങ്ങളുടെ വിശദീകരണമായിരുന്നു പാപ്പായുടെ സുവിശേഷ സന്ദേശം. 

നമുക്ക് അനുഗ്രഹം ആവശ്യമാണെന്ന് ദൈവത്തിനറിയമെന്നും, സൃഷ്ടികർമ്മത്തിൻറെ അവസാനം ദൈവം ആദ്യമായി ചെയ്യുന്നത് സകലവും നന്നായിരിക്കുന്നു എന്നു പറയുകയും നമ്മെക്കുറിച്ചു വളരെ നന്നായി സംസാരിക്കുകയുമാണെന്ന് പാപ്പാ വിശദീകരിച്ചു.

അവസാനം ദൈവത്തിൻറെ അനുഗ്രഹവചസ്സുകൾ മാത്രല്ല പിതാവിൻറെ അനുഗ്രഹം തന്നെയായ യേശുവിനെ നാം സ്വീകരിക്കുന്നുവെന്നും പാപ്പാ പറയുന്നു.

നാം യേശുവിന് ഹൃദയം തുറന്നുകൊടുക്കുമ്പോഴെല്ലാം ദൈവാനുഗ്രഹം നമ്മുടെ ജീവിതത്തിൽ പ്രവേശിക്കുന്നുവെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ദൈവവരുപ്രസാദത്താൽ അനുഗ്രഹിക്കപ്പെട്ടവളായ അമ്മയായ മറിയം വഴി ആഗതനാകുന്ന പ്രകൃത്യാ അനുഗ്രഹീതനയാ ദൈവസുതനെ നാമിന്നു വാഴ്ത്തുന്നുവെന്നും അങ്ങനെ മറിയം ദൈവത്തിൻറെ കൃപ നമുക്കായി കൊണ്ടുവരുന്നുവെന്നും പാപ്പാ വിശദീകരിച്ചു.

മറിയത്തിനിടം നല്കുകവഴി നാം അനുഗ്രഹീതരാകുകയും നാം അനുഗ്രഹിക്കാൻ പഠിക്കുകയും ചെയ്യുന്നുവെന്നും പാപ്പാ പറഞ്ഞു.

മറ്റുള്ളവരെയും സമൂഹത്തെയും അവനവനെയും കുറിച്ച് ദുഷിച്ചു സംസാരിക്കുകയും തിന്മ വിചാരിക്കുകയും ചെയ്യുന്നതു വഴി ലോകം ഗുരുതരമാംവിധം മലിനീകൃതമായിരിക്കുന്നുവെന്നും ശാപവചസ്സുകൾ സകലത്തെയും ക്ഷയിപ്പിക്കുകയും ദുഷിപ്പിക്കുകയും ചെയ്യുമ്പോഴാകട്ടെ അനുഗ്രഹം പുനരുജ്ജിവിപ്പിക്കുകയും പുനരാരംഭിക്കാൻ ശക്തി പ്രദാനം ചെയ്യുകയും ചെയ്യുന്നുവെന്നും പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

രണ്ടാമത്തെ ക്രിയാപദമായ ജനിക്കലിനെക്കുറിച്ചു പരാമർശിച്ച പാപ്പാ യേശു നമ്മെപ്പോലെ തന്നെ ഒരമ്മയുടെ ഉദരത്തിൽ 9 മാസം കഴിഞ്ഞതിനുശേഷം ഒരു ശിശുവായി ലോകത്തിലേക്കു വരികയായിരുന്നുവെന്ന വിസ്മയകരമായ സംഭവം അനുസ്മരിച്ചു.

യേശു അമൂർത്തനല്ല, മറിച്ച്, സമൂർത്തനാണ്, മാംസം ധരിച്ചവനാണ്, ഒരു സ്ത്രീയിൽ നിന്ന് ജനിച്ചവനാണ്, ക്രമേണ വളർന്നനാണ് എന്നും സ്ത്രീകൾക്ക് ക്ഷമയുടെ മൂർത്തഭാവം എന്തെന്ന് അറിയാമെന്നും, അവർ സമൂർത്തരും ജീവിതത്തിൻറെ നൂലൂകൾ ക്ഷമയോടെ നെയ്യാനാറിയാവുന്നവരുമാണെന്നും  പാപ്പാ പറഞ്ഞു. 

ലോകത്തിന് ഒരു ഭാവി നൽകിക്കൊണ്ട് എത്ര സ്ത്രീകൾ, എത്ര അമ്മമാർ ആണ് ഈ രീതിയിൽ ജന്മമേകുകയും പുനർജന്മം നൽകുകയും ചെയ്യുന്നതെന്നും പാപ്പാ അനുസ്മരിച്ചു.

നാം ലോകത്തിലായിരിക്കുന്നത് മരിക്കാനാല്ല പ്രത്യുത ജീവൻ നല്കുന്നതിനാണെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അപരരെയും ലോകത്തെയും പരിചരിക്കുന്നതിൽ നിന്നാണ് സകലത്തിനും തുടക്കം കുറിക്കുന്നതെന്നും പാപ്പാ പറഞ്ഞു. 

പരിചരണം നല്കുന്നില്ലെങ്കിൽ പിന്നെ അനേകരെയും അനേകം വസ്തുക്കളെയും നാം അറിഞ്ഞതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് പാപ്പാ സൂചിപ്പിച്ചു.

കോവിദ് 19 മഹാമാരിക്കെതിരായ പ്രതിരോധകുത്തിവയ്പ്പിനെക്കുറിച്ച് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ട് പാപ്പാ ശരീരത്തിനുള്ള കുത്തിവയ്പ്പ് ഔഷധം മാത്രമല്ല ഹൃദയത്തിനുള്ള പ്രതിരോധ കുത്തിവയ്പ്പും ആവശ്യമാണെന്ന് പ്രസ്താവിച്ചു.

പരിശുദ്ധ കന്യകാമാതാവ് നമ്മെ പരിപാലിക്കുന്നതു പോലെ നാം മറ്റുള്ളവരെ പരിചരിക്കുകയാണെങ്കിൽ ഇക്കൊല്ലം നല്ലൊരു വർഷമായിത്തീരുമെന്ന പ്രത്യാശയും പാപ്പാ പ്രകടിപ്പിച്ചു.

കണ്ടെത്തുക എന്ന ക്രിയാപദത്തെക്കുറിച്ചു സൂചിപ്പിച്ച പാപ്പാ ആട്ടിടയന്മാർ വിസ്മയകരങ്ങളായ വലിയ അടയാളങ്ങളൊന്നും കൂടാതെ മറിയത്തെയും യൗസേപ്പിനെയും ഉണ്ണിയേശുവിനെയും, ഒരു സാധാരണ കുടുംബത്തെ, കണ്ടെത്തിയത് അനുസ്മരിച്ചു.

അവർ അവിടെ ചെറുമയിലുള്ള മഹത്വവും ആർദ്രതയിലുള്ള ശക്തിയുമായ ദൈവത്തെയാണ് സത്യത്തിൽ കണ്ടെത്തിയതെന്ന് പാപ്പാ വിശദീകരിച്ചു.

ആ ഇടയന്മാർ നിഷ്ക്രിയരായിരുന്നില്ലയെന്നും അനുഗ്രഹലബ്ധിക്ക് പ്രവർത്തനനിരതരായിരിക്കേണ്ടതുണ്ടെന്നും പാപ്പാ പറഞ്ഞു.

ഈ പുത്തനാണ്ടിൻറെ ആരംഭത്തിൽ നാം വിളിക്കപ്പെട്ടിരിക്കുന്നത് എന്തിനാണ് എന്ന് ആത്മശോധന ചെയ്യാൻ എല്ലാവരെയും ക്ഷണിച്ച പാപ്പാ മറ്റുള്ളവർക്കായി സമയം കണ്ടെത്തുക മനോഹരമായിരിക്കുമെന്ന് ഓർമ്മിപ്പിച്ചു.

നമുക്കേവർക്കും ലഭിച്ചിട്ടുള്ള സമ്പത്തായ സമയം ദൈവത്തിനും അയൽക്കാരനും വേണ്ടി ചിലവഴിക്കാൻ കഴിയുന്നതിനുള്ള അനുഗ്രഹത്തിനായി പ്രാർത്ഥിക്കാൻ പാപ്പാ ആഹ്വാനം ചെയ്തു.

 

01 January 2021, 16:00