തിരയുക

ഫ്രാൻസീസ് പാപ്പാ പ്രത്യക്ഷീകരണ തിരുന്നാൾ ദിനത്തിൽ, വത്തിക്കാനിൽ , വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യപൂജാർപ്പണത്തിന് പ്രദക്ഷിണമായി എത്തുന്നു, 06/01/2021 ഫ്രാൻസീസ് പാപ്പാ പ്രത്യക്ഷീകരണ തിരുന്നാൾ ദിനത്തിൽ, വത്തിക്കാനിൽ , വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യപൂജാർപ്പണത്തിന് പ്രദക്ഷിണമായി എത്തുന്നു, 06/01/2021 

ആരാധനയ്ക്കായി കൂടുതൽ സമയം നാം നീക്കിവയ്ക്കണം, പാപ്പാ!

"ഇന്ന് ആരാധനാപ്രാർത്ഥനയുടെ അർത്ഥം നഷ്ടപ്പെട്ടിരിക്കുന്നു. സാമൂഹ്യമായും വ്യക്തിയുടെ ആദ്ധ്യാത്മിക ജീവിതത്തിലും അതു നമ്മൾ വീണ്ടെടുക്കണം. അതിനാൽ, നമുക്ക് പൂജരാജാക്കളിൽ നിന്ന് ഉപയോഗപ്രദമായ ചില പാഠങ്ങൾ പഠിക്കാം: അവരെപ്പോലെ, നമുക്ക് കർത്താവിനെ കുമ്പിട്ട് ആരാധിക്കാം"- പ്രത്യക്ഷീകരണത്തിരുന്നാൾ ദിനത്തിൽ ഫ്രാൻസീസ് പാപ്പാ നടത്തിയ സുവിശേഷ പ്രഭാഷണത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അനുവർഷം ജനുവരി 6-ന് തിരുസഭ ആചരിക്കുന്ന, ദനഹാത്തിരുന്നാൾ, പ്രത്യക്ഷീകരണത്തിരുന്നാൾ എന്നൊക്കെ അറിയപ്പെടുന്ന എപ്പിഫനിത്തിരുന്നാളിൽ, വത്തിക്കാനിലും ഇറ്റലിയിലും പൊതു അവധിയാണ്.  അന്ന് രാവിലെ പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ  തിരുന്നാൾക്കുർബ്ബാന അർപ്പിച്ചു. ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലി മദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥ ഭാഗങ്ങൾ, പ്രത്യേകിച്ച്, കിഴക്കു നിന്നുള്ള ജ്ഞാനികൾ ഉണ്ണിയേശുവിനെ സന്ദർശിച്ച് ആരാധിച്ച് കാഴ്ചകൾ അർപ്പിക്കുന്ന സംഭവം വിവരിക്കുന്ന സുവിശേഷഭാഗം, മത്തായിയുടെ സുവിശേഷം 2,1-12 വരെയുള്ള വാക്യങ്ങൾ അവലംബമാക്കി പാപ്പാ പങ്കുവച്ച, ഇറ്റാലിയൻ ഭാഷയിലായിരുന്ന പ്രഭാഷണത്തിൻറെ പരിഭാഷ താഴെ ചേർക്കുന്നു.

ആയാസകരവും ആത്മീയ പക്വത ആവശ്യവുമായ ആരാധന

ബെത്‌ലഹേമിൽ എത്തിയ “ജ്ഞാനികൾ” “ഉണ്ണിയേശുവിനെ, അമ്മയായ മറിയത്തോടൊപ്പം കാണുകയും അവിടത്തെ കുമ്പിട്ട് ആരാധിക്കുകയും ചെയ്തു” (മത്തായി 2,11) എന്ന് സുവിശേഷകൻ മത്തായി അടിവരയിട്ടു പറയുന്നു. കർത്താവിനെ ആരാധിക്കുകയെന്നത് എളുപ്പമല്ല, പെട്ടെന്നു ചെയ്യാവുന്നതുമല്ല: പലപ്പോഴും സുദീർഘമായ ഒരു ആന്തരികയാത്രയുടെ ലക്ഷ്യമാകയാൽ  അതിന് ഒരു തരം ആദ്ധ്യാത്മിക പക്വത ആവശ്യമാണ്. ദൈവത്തെ ആരാധിക്കുന്ന മനോഭാവം നമ്മിൽ നൈസർഗ്ഗികമല്ല. ആരാധിക്കുകയെന്നത് മനുഷ്യന് ആവശ്യമാണ്, അതെ, പക്ഷേ അവൻറെ ലക്ഷ്യം തെറ്റിപ്പോകുന്ന അപകട സാധ്യതയുണ്ട്; വാസ്തവത്തിൽ, അവൻ ദൈവത്തെ ആരാധിക്കുന്നില്ലെങ്കിൽ, അവൻ വിഗ്രഹങ്ങളെ ആരാധിക്കും, ഒരു വിശ്വാസിയാകുന്നതിനുപകരം അവൻ വിഗ്രഹാരാധകനാകും. രണ്ടിനുമിടയ്ക്ക് നില്ക്കാനാകില്ല. ഒന്നുകിൽ ദൈവം അല്ലെങ്കിൽ വിഗ്രഹങ്ങൾ. ഫ്രഞ്ചുകാരനായ ഒരു എഴുത്തുകാരൻറെ വാക്കുകൾ കടമെടുത്താൽ “ദൈവത്തെ ആരാധിക്കാത്തവൻ സാത്താനെ ആരാധിക്കുന്നു”

ആരാധനയ്ക്കായി കൂടുതൽ സമയം കണ്ടെത്തണം

കർത്താവിനെ ഉപരിമെച്ചപ്പെട്ട രീതിയിൽ ധ്യാനിക്കാൻ പഠിച്ചുകൊണ്ട് നാം നമ്മുടെ കാലഘട്ടത്തിൽ, വ്യക്തിപരമായും ഒരു സമൂഹമെന്ന നിലയിലും, ആരാധനയ്‌ക്കായി കൂടുതൽ സമയം നീക്കിവയ്ക്കേണ്ടതുണ്ട്. അതെ, ഇന്ന് ആരാധനാപ്രാർത്ഥനയുടെ അർത്ഥം നഷ്ടപ്പെട്ടിരിക്കുന്നു. സാമൂഹ്യമായും സ്വന്തം ആദ്ധ്യാത്മിക ജീവിതത്തിലും അതു നമ്മൾ വീണ്ടെടുക്കണം. അതിനാൽ, ഇന്ന് നമുക്ക്  പൂജരാജാക്കളിൽ നിന്ന് ഉപയോഗപ്രദമായ ചില പാഠങ്ങൾ പഠിക്കാം: അവരെപ്പോലെ, നമുക്ക് കർത്താവിനെ കുമ്പിട്ട് ആരാധിക്കാം.

ആരാധനയിലടങ്ങിയ ത്രിക്കർമ്മങ്ങൾ

കർത്താവിൻറെ ആരാധകരായിരിക്കുക എന്നതിൻറെ അർത്ഥമെന്താണെന്ന് നന്നായി മനസിലാക്കാൻ സഹായിക്കുന്ന മൂന്ന് പദപ്രയോഗങ്ങൾ ഇന്നത്തെ വചന ശുശ്രൂശഷയിൽ നമുക്ക് കാണാൻ കഴിയും. "കണ്ണുകൾ ഉയർത്തുക", "യാത്ര ആരംഭിക്കുക", "കാണുക" എന്നിവയാണവ. ഈ മൂന്നു പ്രയോഗങ്ങൾ കർത്താവിനെ ആരാധിക്കുന്നവരായിരിക്കുക എന്നതിൻറെ പൊരുളെന്തെന്ന് മനസ്സിലാക്കാൻ നമ്മെ സഹായിക്കും.

കണ്ണുകൾ ഉയർത്തുക

കണ്ണുകൾ ഉയർത്തുക എന്ന ആദ്യത്തെ പ്രയോഗം, നമുക്കേകുന്നത് ഏശയ്യാ പ്രവാചകൻ ആണ്. പ്രവാസത്തിൽ നിന്ന് മടങ്ങിയെത്തിയിട്ട് അധികം നാളുകൾ കഴിഞ്ഞിട്ടില്ലാത്തതും നിരവധിയായ കഷ്ടപ്പാടുകൾക്കു മുന്നിൽ മുട്ടുമടക്കുകയും ചെയ്ത ജറുസലേമിലെ സമൂഹത്തിനാണ് പ്രവാചകൻ ഈ ശക്തമായ ക്ഷണം നല്കുന്നത്: "നിങ്ങൾ കണ്ണുകൾ ഉയർത്തി ചുറ്റും നോക്കിക്കാണുക" (ഏശയ്യാ 60,4). ക്ഷീണവും പരാതികളും മാറ്റിവെക്കാനും സങ്കുചിത കാഴ്ചപ്പാടിൻറെതായ ഇടുങ്ങിയ വഴിയിൽ നിന്ന് പുറത്തുകടക്കാനും എന്നും അവനവനിലേക്കും സ്വന്തം ആശങ്കകളിലേക്കും മാത്രം കുനിയുന്ന പ്രവണതയുള്ള “അഹത്തിൻറെ” സ്വേച്ഛാധിപത്യത്തിൽ നിന്ന് സ്വതന്ത്രരാകാനുമുള്ള ഒരു ക്ഷണമാണത്. കർത്താവിനെ ആരാധിക്കാൻ, സർവ്വോപരി "കണ്ണുകൾ ഉയർത്തണം": അതായത്, പ്രത്യാശ കെടുത്തിക്കളയുന്ന ആന്തരിക ഭൂതങ്ങളാൽ സ്വയം ബന്ധനസ്ഥരാകുകയും, പ്രശ്‌നങ്ങളെയും ബുദ്ധിമുട്ടുകളെയും അസ്തിത്വത്തിൻറെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയുമരുത്. എല്ലാം നന്നായിപ്പോകുന്നു എന്നു ഭാവിക്കുകയൊ വ്യാമോഹിക്കുകയൊ ചെയ്തുകൊണ്ട്   യാഥാർത്ഥ്യത്തെ നിഷേധിക്കുക എന്നല്ല ഇതിനർത്ഥം. പകരം, നമ്മുടെ പ്രയാസകരമായ സാഹചര്യങ്ങൾ കർത്താവിന് അറിയാമെന്നും അവിടന്ന് നമ്മുടെ യാചനകൾ ശ്രദ്ധാപൂർവ്വം ശ്രവിക്കുന്നുവെന്നും നമ്മൾ ചൊരിയുന്ന കണ്ണീരിനോട് നിസ്സംഗത പുലർത്തുന്നില്ലെന്നും മനസ്സിലാക്കിക്കൊണ്ട് പ്രശ്നങ്ങളെയും ഉത്കണ്ഠകളെയും ഒരു പുതിയ രീതിയിൽ നോക്കിക്കാണുകയാണ് വേണ്ടത്.

കർത്താവിനെ വിശ്വാസത്തോടെ നോക്കുക

ജീവിത സംഭവങ്ങൾക്കിടയിലും കർത്താവിലേക്കുള്ള ആത്മവിശ്വാസത്തോടെയുള്ള ഈ നോട്ടം പുത്രസഹജമായ കൃതജ്ഞതയുണർത്തുന്നു. ഇത് സംഭവിക്കുമ്പോൾ, ഹൃദയം ആരാധനയിലേക്ക് തുറക്കുന്നു. നേരെമറിച്ച്, ദൈവത്തിങ്കലേക്ക് നയനങ്ങളുയർത്താൻ വിസമ്മതിച്ചുകൊണ്ട്,  നാം,  പ്രശ്നങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, ഭയം ഹൃദയത്തെ കീഴടക്കുകയും അതിനെ വഴിതെറ്റിക്കുകയും ചെയ്യുന്നു. അങ്ങനെ, അത് ഹൃദയത്തിൽ കോപം, അസ്വസ്ഥത, വേദന, വിഷാദം എന്നിവയ്ക്ക് കാരണമാകുന്നു. ഈ അവസ്ഥകളിൽ കർത്താവിനെ ആരാധിക്കുക പ്രയാസമാണ്. ഇങ്ങനെ  സംഭവിക്കുകയാണെങ്കിൽ, യാഥാർത്ഥ്യം  നമ്മുടെ ചിന്തകളേക്കാൾ വലുതാണെന്ന ബോധ്യത്തോടുകൂടി, നമ്മുടെ മുൻകൂട്ടിയുള്ള തീരുമാനങ്ങളുടെ വലയം ഭേദിക്കാനുള്ള ചങ്കുറപ്പ് നമുക്കുണ്ടാകാണം. കണ്ണുകൾ ഉയർത്തി ചുറ്റും നോക്കുക: തന്നെ വിശ്വസിക്കാനാണ് കർത്താവ് ആദ്യം നമ്മെ ക്ഷണിക്കുന്നത്, കാരണം അവിടന്ന് നാമെല്ലാവരെയും യഥാർത്ഥത്തിൽ പരിപാലിക്കുന്നു. അതിനാൽ, ഇന്നുള്ളതും നാളെ തീയിലേക്ക് എറിയപ്പെടുകയും ചെയ്യുന്ന വയലിലെ പുല്ലുകളെ ദൈവം നന്നായി അണിയിച്ചു നിറുത്തുന്നുവെങ്കിൽ അവിടന്ന്  നമുക്കായി എത്രത്തോളം കൂടുതൽ ചെയ്യും? (ലൂക്കാ 12:28). നാം കർത്താവിനെ നോക്കുകയും അവിടത്തെ വെളിച്ചത്തിൽ യാഥാർത്ഥ്യത്തെ പരിഗണിക്കുകയും ചെയ്താൽ, അവിടന്ന് ഒരിക്കലും നമ്മെ കൈവിടില്ലെന്ന് നാം മനസ്സിലാക്കും: വചനം മാംസം ധരിച്ചു (യോഹന്നാൻ 1:14) അവിടന്ന് എല്ലായ്പ്പോഴും നമ്മോടൊപ്പമുണ്ട് (മത്തായി 28,20).

പ്രതിസന്ധികളെ നേരിടാനുള്ള കരുത്തേകുന്ന കർത്താവ്

നാം ദൈവത്തിലേക്ക് കണ്ണു ഉയർത്തുമ്പോൾ, ജീവിതത്തിലെ പ്രശ്നങ്ങൾ അപ്രത്യക്ഷമാകുന്നില്ല, പക്ഷേ, അവ നേരിടാനുള്ള ശക്തി കർത്താവ് നമുക്ക് നൽകുന്നുവെന്ന ബോധ്യം നമുക്കുണ്ടാകും. ആകയാൽ, "കണ്ണുകൾ ഉയർത്തുക" എന്നത്, ആരാധനയ്ക്കുള്ള സന്നദ്ധതയുടെ ആദ്യ പടിയാണ്. നൂതനവും വ്യത്യസ്തവുമായ ഒരു സന്തോഷം ദൈവത്തിൽ കണ്ടെത്തിയ ശിഷ്യൻറെ ആരാധനയാണിത്. ലോകത്തിൻറെതാകട്ടെ വസ്തുക്കൾ  കൈവശംവയ്ക്കുന്നതിലും, വിജയത്തിലോ, അല്ലെങ്കിൽ സമാനമായ മറ്റുള്ളവയിലോ അധിഷ്ഠിതമാണ്. നേരെമറിച്ച്, ക്രിസ്തുശിഷ്യൻറെ സന്തോഷം അതിൻറെ അടിത്തറ കണ്ടെത്തുന്നത് ദൈവത്തിൻറെ വിശ്വസ്തതയിലാണ്, നാം ഏതു പ്രതിസന്ധിയിലായാലും അവിടത്തെ വാഗ്ദാനങ്ങൾ നിറവേറ്റപ്പെടും. ഇതാ, ആകയാൽ, മക്കൾക്കടുത്ത കൃതജ്ഞതയും ആനന്ദവും, വിശ്വസ്തനും ഒരിക്കലും നമ്മെ തനിച്ചാക്കാത്തവനുമായ കർത്താവിനെ ആരാധിക്കാനുള്ള ദാഹം നമ്മിൽ ഉളവാക്കുന്നു.

യാത്രയുടെ ആരംഭം, മാറ്റം അടങ്ങിയ  യാത്ര

രണ്ടാമത്തെ പദപ്രയോഗം ഒരു യാത്രയ്ക്ക് നമ്മെ സഹായിക്കാൻ പ്രാപ്തമാണ്. ബെത്‌ലഹേമിൽ ജനിച്ച പൈതലിനെ ആരാധിക്കാൻ കഴിയുന്നതിനുമുമ്പ്, പൂജരാജാക്കന്മാർ ഒരു നീണ്ട യാത്ര നടത്തേണ്ടിവന്നു. മത്തായി എഴുതുന്നു: “ഇതാ, പൗരസ്ത്യദേശത്തു നിന്ന് ജ്ഞാനികൾ ജെറുസലേമിലെത്തി: അവർ അന്വേഷിച്ചു: എവിടൊണ് യഹൂദന്മാരുടെ രാജാവായി ജനിച്ചവൻ? ഞങ്ങൾ കിഴക്ക് അവൻറെ നക്ഷത്രം കണ്ട് അവനെ ആരാധിക്കാൻ വന്നിരിക്കയാണ്." (മത്തായി 2:1-2). യാത്ര എല്ലായ്പോഴും ഒരു രൂപാന്തരീകരണം, ഒരു മാറ്റം ഉൾക്കൊള്ളുന്നു. ഒരു യാത്രയ്‌ക്ക് ശേഷം, ഒരാൾ ഒരിക്കലും പഴയതുപോലെ ആയിരിക്കില്ല. ഒരു യാത്ര നടത്തിയ വ്യക്തിയിൽ എല്ലായ്‌പ്പോഴും പുതിയ എന്തെങ്കിലും ഉണ്ടാകും: അയാളുടെ അറിവുകൾ കൂടുതൽ വികസിച്ചിരിക്കും, യാത്രികർ പുതിയ ആളുകളെയും കാര്യങ്ങളും കണ്ടവരാണ്, യാത്രയ്ക്കിടയിലെ ബുദ്ധിമുട്ടുകളും അപകടസാധ്യതകളും നേരിടാൻ തങ്ങളുടെ ഇച്ഛാശക്തി കരുത്താർജ്ജികുന്നത് അവർ അനുഭവിച്ചറിഞ്ഞു. നമ്മെ യാത്രയ്ക്ക് സന്നദ്ധമാക്കുന്ന ആന്തരിക പക്വതയിലൂടെ ആദ്യം കടന്നുപോകാതെ കർത്താവിനെ ആരാധിക്കുന്നതിലേക്കെത്തിച്ചേരാൻ നമുക്കു സാധിക്കില്ല.

ആരാധനയിലേക്കാനയിക്കുന്ന പടിപടിയായുള്ള യാത്ര

പടിപടിയായുള്ള ഒരു യാത്രയിലൂടെയാണ് നാം കർത്താവിനെ ആരാധിക്കുന്നവരായിത്തീരുക. ഉദാഹരണത്തിന്, അമ്പതുകാരനായ ഒരാൾ അയാൾക്ക് മുപ്പതുവയസ്സു പ്രായമുണ്ടായിരുന്നപ്പോൾ ഉണ്ടായിരുന്നതിൽ നിന്ന്  വ്യത്യസ്തമായ ചൈതന്യത്തോടെ ആയിരിക്കും ആരാധിക്കുകയെന്ന് അനുഭവം നമ്മെ പഠിപ്പിക്കുന്നു. കൃപയാൽ സ്വയം രൂപപ്പെടാൻ അനുവദിക്കുന്നവൻ, സാധാരണഗതിയിൽ, കാലക്രമേണ മെച്ചപ്പെടുന്നു: ബാഹ്യ മനുഷ്യൻ വാർദ്ധക്യം പ്രാപിക്കുന്നു, എന്നാൽ, വിശുദ്ധ പൗലോസ് പറയുന്നതു പോലെ, ആന്തരിക മനുഷ്യൻ, കർത്താവിനെ ഉപരി നന്നായി ആരാധിക്കാൻ സന്നദ്ധനായിക്കൊണ്ട്, അനുദിനം നവീകരിക്കപ്പെടുന്നു (2 കോറിന്തോസ് 4,16). ഈ വീക്ഷണകോണിലൂടെ നോക്കുമ്പോൾ, പരാജയങ്ങൾ, പ്രതിസന്ധികൾ, പിശകുകൾ എന്നിവയെല്ലാം പ്രബോധനാത്മക അനുഭവങ്ങളായി മാറിയേക്കാം: കർത്താവ് മാത്രമാണ് ആരാധിക്കപ്പെടാൻ യോഗ്യനെന്ന അവബോധം നമ്മിലുണർത്താൻ ഇവ ആവശ്യമാണ് എന്നതും വിരളമല്ല. കാരണം മനുഷ്യവ്യക്തിയുടെ ഉള്ളിൽ കുടികൊള്ളുന്ന ജീവിതാഭിവാഞ്ഛയെയും നിത്യതയ്ക്കായുള്ള ആഗ്രഹത്തെയും തൃപ്തിപ്പെടുത്തുന്നത് അവിടന്നു മാതമാണ്. കൂടാതെ, വിശ്വാസത്തോടുകൂടി ജീവിക്കപ്പെടുന്ന ജീവിത പരീക്ഷണങ്ങളും പ്രയാസങ്ങളും ഹൃദയശുദ്ധീകരണത്തിന് സംഭാവന ചെയ്യുകയും, ഹൃദയത്തെ കൂടുതൽ എളിമയാർന്നതും, അങ്ങനെ, അതിനെ ദൈവത്തിനു മുന്നിൽ തുറക്കാൻ കൂടുതൽ സന്നദ്ധതയുള്ളതുമാക്കി മാറ്റുകയും ചെയ്യുന്നു.

ആയാസകരമായ ജീവിത യാത്രയിൽ നിന്ന് പാഠം പഠിക്കുക

ജ്ഞാനികളെപ്പോലെ, നമ്മളും, യാത്രയുടെതായ അനിവാര്യ ബുദ്ധിമുട്ടുകളാൽ മുദ്രിതമായ, ജീവിതയാത്ര വഴി പാഠം പഠിക്കാൻ സ്വയം അനുവദിക്കണം. ക്ഷീണവും വീഴ്ചകളും പരാജയങ്ങളും നമ്മെ നിരുത്സാഹപ്പെടുത്താൻ നാം അനുവദിക്കരുത്. പകരം അവയെ താഴ്മയോടെ അംഗികരിച്ചുകൊണ്ട്, കർത്താവായ യേശുവിലേക്ക് മുന്നേറാനുള്ള അവസരമായി നാം അവയെ മാറ്റണം. ജീവിതം നൈപുണ്യ പ്രകടനമല്ല, മറിച്ച് നമ്മെ സ്നേഹിക്കുന്നവൻറെ അടുത്തേക്കുള്ള ഒരു യാത്രയാണ്: കർത്താവിനെ നോക്കുമ്പോൾ, നവീകൃതാനന്ദത്തോടെ മുന്നേറാനുള്ള ശക്തി നമുക്ക് ലഭിക്കും.

കാണുക, ബാഹ്യമായതിനപ്പുറമുള്ള കാഴ്ച

നമുക്ക് മൂന്നാമത്തെ പദപ്രയോഗത്തിലേക്ക് കടക്കാം: കാണുക. സുവിശേഷകൻ എഴുതുന്നു: "അവർ ഭവനത്തിൽ പ്രവേശിച്ചപ്പോൾ ശിശുവിനെ അവൻറെ അമ്മയായ മറിയത്തോടൊപ്പം കണ്ടു, അവർ അവനെ കുമ്പിട്ട് ആരാധിച്ചു" (മത്താ 2:10-11). ആരാധന, പരമാധികാരികൾക്കും മഹാ വ്യക്തികൾക്കുമായി സംവരണം ചെയ്തിരുന്ന ആദരവിൻറെ പ്രകടനമായിരുന്നു. വാസ്തവത്തിൽ, ജ്ഞാനികൾ യഹൂദന്മാരുടെ രാജാവാണെന്ന് തങ്ങൾക്കറിയാവുന്നവനെയാണ് ആരാധിച്ചത് (മത്താ 2:2). പക്ഷേ, വാസ്തവത്തിൽ, അവർ എന്താണ് കണ്ടത്? അവർ, ഒരു പാവം പൈതലിനെ അവൻറെ അമ്മയോടൊപ്പം കണ്ടു. എന്നിട്ടും വിദൂര ദേശത്തു നിന്നുള്ള ഈ ജ്ഞാനികൾക്ക് ആ താഴ്മയാർന്ന, ഏതാണ്ട് അവഗണനീയമായ ആ രംഗം, ആ പൈതലിൽ ഒരു പരമാധികാരിയുടെ സാന്നിധ്യം തിരിച്ചറിഞ്ഞുകൊണ്ട് മറികടക്കാൻ കഴിഞ്ഞു. അതായത്, ബാഹ്യമായികണ്ടതിനപ്പുറം "കാണാൻ" അവർക്ക് കഴിഞ്ഞു. ബെത്‌ലഹേമിൽ ജനിച്ച കുട്ടിയുടെ മുമ്പാകെ പ്രണമിച്ചുകൊണ്ട്, അവർ സർവ്വോപരി  ആന്തരികമായ ഒരു ആരാധനയർപ്പിച്ചു: സമ്മാനമായി കൊണ്ടുവന്ന ചെപ്പുകൾ തുറക്കുന്നത് അവരുടെ ഹൃദയാർപ്പണത്തിൻറെ അടയാളമായിരുന്നു.

മൂടുപടത്തിനപ്പുറം ദർശിക്കുക

കർത്താവിനെ ആരാധിക്കുന്നതിന്, ദൃശ്യമായതിൻറെ, പലപ്പോഴും തെറ്റിദ്ധരിപ്പിക്കുന്നതായ, മൂടുപടത്തിനപ്പുറം "കാണണം". ഹേറോദേസും ജറുസലേമിലെ പ്രമാണിമാരും ഉപരിപ്ലവതയ്ക്ക് എന്നും അടിമയും ആകർഷകങ്ങളായവയെ തേടുകയും ചെയ്യുന്ന ലൗകികതയെ പ്രതിനിധാനം ചെയ്യുന്നു: ലൗകികത ഉദ്വേഗജനകമായ കാര്യങ്ങൾക്കും അനേകരെ ആകർഷിക്കുന്ന കാര്യങ്ങൾക്കും മാത്രമേ വില നൽകൂ. മറുവശത്ത്, ജ്ഞാനികളിൽ വ്യത്യസ്തമായ ഒരു മനോഭാവമാണ് നാം കാണുന്നത്, അതിനെ  നമുക്ക് ദൈവവിജ്ഞാനിയ  യാഥാർത്ഥ്യവാദം എന്ന് നിർവ്വചിക്കാൻ കഴിയും: അത് കാര്യങ്ങളുടെ നിജസ്ഥിതിയെ വസ്തുനിഷ്ഠമായി മനസ്സിലാക്കുന്നു, ഒടുവിൽ, ദൈവം എല്ലാ പ്രകടനപരതകളെയും  ഒഴിവാക്കുന്നു എന്ന തിരിച്ചറിവിൽ എത്തുകയും ചെയ്യുന്നു. ദൃശ്യമായതിനെ മറികടക്കുന്ന ഈ "കാണൽ" രീതി, ലളിതമായ സാഹചര്യങ്ങളിലും, എളിയവരിലും പാർശ്വവത്കൃതരിലും പലപ്പോഴും മറഞ്ഞിരിക്കുന്ന കർത്താവിനെ ആരാധിക്കാൻ നമ്മെ പ്രാപ്തരാക്കുന്നു. അതിനാൽ പ്രകടനപരതയുടെ വെടിക്കെട്ടിൽ അമ്പരന്നുപോകാതെ, കടന്നുപോകാത്തവയെക്കുറിച്ച് എല്ലാ അവസരങ്ങളിലും അന്വേഷിക്കുക. അതിനാൽ, അപ്പോസ്തലനായ പൗലോസ് എഴുതുന്നതുപോലെ, "ദൃശ്യമായവയല്ല, അദൃശ്യമായവയാണ് ഞങ്ങളുടെ ലക്ഷ്യം. ദൃശ്യങ്ങൾ നശ്വരങ്ങളാണ്, അദൃശ്യങ്ങൾ അനശ്വരങ്ങളും” (2 കോറിന്തോസ് 4:18).

ആരാധിക്കാൻ കഴിയുന്നതിനാവശ്യമായ കൃപ യാചിക്കുക

മാനവരാശിയെ മുഴുവനും ഉൾക്കൊള്ളുന്ന കർത്താവായ യേശുവിൻറെ സ്നേഹപദ്ധതി ജീവിതം കൊണ്ട് പ്രകടിപ്പിക്കാൻ കഴിയുന്ന യഥാർത്ഥ ആരാധകരായി അവിടന്നു നമ്മെ മാറ്റട്ടെ. ആരാധിക്കാൻ പഠിക്കാനും, നിരന്തരം ആരാധിക്കാനും, ആരാധനയ്ക്ക് യോഗ്യൻ ദൈവം മാത്രമാകയാൽ ഈ ആരാധനാ പ്രാർത്ഥന ഏറെ ഉപയോഗിക്കാനും കഴിയുന്നതിന് നമുക്കോരോരുത്തർക്കും സഭയ്ക്കു മുഴുവനും വേണ്ടി അനുഗ്രഹം യാചിക്കാം. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

06 January 2021, 13:28