തിരയുക

ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാൻ, 13/01/2021 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാൻ, 13/01/2021 

സന്തോഷത്തിലും സന്താപത്തിലും ദൈവത്തെ സ്തുതിക്കുക!

"ലോകത്തിൻറെ ഭാവിയിലും സഭയുടെ പ്രതീക്ഷകളിലും "ചെറിയവർ" ഉണ്ട്: മറ്റുള്ളവരെക്കാൾ മികച്ചവരായി സ്വയം കരുതാത്തവർ, സ്വന്തം പരിമിതികളെക്കുറിച്ചും പാപങ്ങളെക്കുറിച്ചും അവബോധമുള്ളവർ, മറ്റുള്ളവരുടെ മേൽ ആധിപത്യം പുലർത്താൻ ആഗ്രഹിക്കാത്തവർ, പിതാവായ ദൈവത്തിൽ, എല്ലാവരെയും സഹോദരങ്ങളായി കാണുന്നവർ". പാപ്പായുടെ പൊതുദർശന പ്രഭാഷണം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 രോഗസംക്രമണം തടയുന്നതിന് ഇറ്റലിയുടെ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ശാരീരിക-സാമൂഹ്യഅകലപാലനം ഉൾപ്പടെയുള്ള രോഗപ്രതിരോധ നടപടികളുടെ ഭാഗമായി, ഈ ബുധനാഴ്ചയും (13/01/21)   ഫ്രാൻസീസ് പാപ്പാ, ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി, പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന്  ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ് പൊതുദർശനം അനുവദിച്ചത്. പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം നടന്നു. തദ്ദനന്തരം പാപ്പാ, താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനരപരമ്പര തുടർന്നു.  ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു: 

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

പ്രാർത്ഥനയെക്കുറിച്ചുള്ള പരിചിന്തനം നാം തുടരുകയാണ്. സ്തുതിപ്പിൻറെ മാനമാണ് ഇന്നത്തെ നമ്മുടെ മനനത്തിനാധാരം.

സന്ദേഹങ്ങളും പ്രതിബന്ധങ്ങളും ദൈവസ്തുതിയും

യേശുവിൻറെ ജീവിതത്തിലെ നിർണ്ണായകമായ ഒരു ഭാഗത്തു നിന്നാണ് ഈ ചിന്തയ്ക്കാവശ്യമായവ നാം എടുക്കുക. ആദ്യ അത്ഭുതങ്ങൾക്കും ദൈവരാജ്യപ്രഘോഷണത്തിൽ ശിഷ്യന്മാരുടെ പങ്കാളിത്തത്തിനും ശേഷം, മിശിഹായുടെ ദൗത്യം ഒരു പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു. സ്നാപക യോഹന്നാൻ സന്ദേഹം പ്രകടിപ്പിക്കുന്നു: " വരാനിക്കുന്നവൻ നീ തന്നെയോ, അതോ, ഞങ്ങൾ മറ്റൊരുവനെ പ്രതീക്ഷിക്കണമോ” (മത്തായി 11,3); യേശു ധാരാളം അത്ഭുത പ്രവർത്തികൾ ചെയ്ത തടാകപ്രദേശ ഗ്രാമങ്ങളിൽ എതിർപ്പുകൾ പ്രകടമാണ് (മത്തായി 11: 20-24). ഇപ്പോൾ, നിരാശയുടെ ഈ നിമിഷത്തിൽ, മത്തായി തീർത്തും വിസ്മയകരമായ ഒരു വസ്തുതയെക്കുറിച്ചു സൂചിപ്പിക്കുന്നു: യേശു പിതാവിങ്കലേക്കുയർത്തുന്നത് ഒരു വിലാപം അല്ല ആനന്ദ ഗീതമാണ്: "സ്വർഗ്ഗത്തിൻറെയും ഭൂമിയുടെയും നാഥനായ പിതാവേ,  നീ ഇക്കാര്യങ്ങൾ ബുദ്ധിമാന്മാരിലും വിവേകികളിലും നിന്നു മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു."(മത്തായി 11:25). പൂർണ്ണ പ്രതിസന്ധിയിൽ, യേശു പിതാവിനെ വാഴ്ത്തുന്നു, അവിടത്തെ സ്തുതിക്കുന്നു. അതിനുള്ള കാരണം എന്താണ്?

ആത്മാവിൽ ആനന്ദിക്കുന്ന യേശു

സർവ്വോപരി, അവിടന്ന് എന്തായിരിക്കുന്നുവോ അതിനാണ് അവിടത്തെ സ്തുതിക്കുന്നത്:അതായത് അവിടന്ന് “സ്വർഗ്ഗത്തിൻറെയും ഭൂമിയുടെയും നാഥനായ പിതാവ്” ആണ്. പ്രപഞ്ചത്തിൻറെ ദൈവമാണ് തൻറെ പിതാവ് എന്ന് അറിയുകയും അനുഭവിക്കുകയും ചെയ്യുന്നതിനാൽ യേശു ആത്മാവിൽ ആനന്ദിക്കുന്നു. കൂടാതെ, അസ്തിത്വമുള്ള സകലത്തിൻറെയും കർത്താവ് പിതാവാണ്, “എൻറെ പിതാവ്”. അത്യുന്നതൻറെ പുത്രാനാണെന്ന ഈ ബോധ്യത്തിൽ നിന്നാണ് ഈ സ്തുതി നിർഗ്ഗമിക്കുന്നത്.

കുഞ്ഞുങ്ങൾക്കുള്ള സവിശേഷ സ്ഥാനം

ഇതിനു പുറമെ, പിതാവ് ശിശുക്കളെ ഇഷ്ടപ്പെടുന്നതിനാൽ യേശു അവിടത്തെ സ്തുതിക്കുന്നു. ഗ്രാമങ്ങളിൽ പ്രസംഗിക്കവെ യേശുവും ഇത് അനുഭവിച്ചറിയുന്നു: “പണ്ഡിതരും” ജ്ഞാനികളും” സന്ദേഹികളും തുറവില്ലാത്തവരുമായി കാണപ്പെടുന്നു, എന്നാൽ “കുഞ്ഞുങ്ങൾ” തുറവുള്ളവരായി സന്ദേശം സ്വീകരിക്കുന്നു. ഇത് പിതാവിൻറെ ഹിതം അല്ലാതെ മറ്റൊന്നുമല്ല, അതിൽ യേശു ആനന്ദിക്കുന്നു. എളിയവരും സാധാരണക്കാരും സുവിശേഷം സ്വീകരിക്കുന്നതിനാൽ നമ്മളും സന്തോഷിക്കുകയും ദൈവത്തെ സ്തുതിക്കുകയും വേണം. 

ലോകത്തിൻറെ ഭാവിയിലും സഭയുടെ പ്രതീക്ഷകളിലും "ശിശുക്കൾ" ഉണ്ട്: മറ്റുള്ളവരെക്കാൾ മികച്ചവരായി സ്വയം കരുതാത്തവർ, സ്വന്തം പരിമിതികളെക്കുറിച്ചും പാപങ്ങളെക്കുറിച്ചും അവബോധമുള്ളവർ, മറ്റുള്ളവരുടെ മേൽ ആധിപത്യം പുലർത്താൻ ആഗ്രഹിക്കാത്തവർ, പിതാവായ ദൈവത്തിൽ, എല്ലാവരെയും സഹോദരങ്ങളായി കാണുന്നവർ.

ചോദിക്കുന്നതിനു പകരം സ്തുതിക്കുന്ന പ്രാർത്ഥന

ആകയാൽ, പ്രത്യക്ഷത്തിൽ പരാജയം എന്നു തോന്നുന്ന ആ നിമിഷത്തിൽ, യേശു പിതാവിനെ സ്തുതിച്ചുകൊണ്ട് പ്രാർത്ഥിക്കുന്നു. വ്യക്തിപരമായ തോൽവികളെയും ദൈവത്തിൻറെ സാന്നിധ്യവും പ്രവർത്തനവും പ്രസ്പഷ്ടമല്ലാത്തതും തിന്മ പ്രബലപ്പെടുകയും അതിനെ തടയാൻ യാതൊരു വഴിയും ഇല്ലെന്ന തോന്നലുളവാകുകയും ചെയ്യുന്ന സന്ദർഭങ്ങളെയും വിഭിന്നമായി രീതിയിൽ വിലയിരുത്താൻ സുവിശേഷത്തിൻറെ അനുവാചകരായ നമ്മെയും നയിക്കുന്നതാണ് അവിടത്തെ പ്രാർത്ഥന. ആവശ്യങ്ങൾ ചോദിക്കുന്നതിനായുള്ള പ്രാർത്ഥന ഏറെ ശുപാർശചെയ്ത യേശു, പിതാവിനോട് വിശദീകരണം തേടേണ്ട സമയം വന്നപ്പോൾ, നേരെമറിച്ച്, അവിടത്തെ സ്തുതിക്കുകയാണ് ചെയ്യുന്നത്. 

ദൈവത്തിന് സ്തുതി ആവശ്യമുണ്ടോ?

ആർക്കാണ് സ്തുതി ആവശ്യമുള്ളത്? നമുക്കോ ദൈവത്തിനോ? ദിവ്യകാരുണ്യാരാധനാക്രമത്തിലെ ഒരു ഭാഗം ദൈവത്തോടു ഇപ്രകാരം പ്രാർത്ഥിക്കാൻ നമ്മെ ക്ഷണിക്കുന്നു: “അങ്ങേയ്ക്ക് ഞങ്ങളുടെ സ്തുതി ആവശ്യമില്ല, എന്നാൽ അങ്ങയുടെ സ്നേഹ സമ്മാനത്തിന് അങ്ങയോടു നന്ദി പറയാൻ അങ്ങ് ഞങ്ങളെ ക്ഷണിക്കുന്നു; ഞങ്ങളുടെ വാഴ്ത്തിപ്പാടലുകൾ അങ്ങയുടെ മഹത്വം വർദ്ധിപ്പിക്കുന്നില്ല, മറിച്ച് ഞങ്ങൾക്ക് രക്ഷയേകുന്ന കൃപ നേടിത്തരുന്നു "(റോമൻ കുർബ്ബാനക്രമം, പൊതു ആമുഖം IV).

ക്ലേശങ്ങളുടെ വേളയിലും സ്തുതി ഉയർത്തുക

സ്തുതിപ്പിൻറെ പ്രാർത്ഥന നമുക്ക് ആവശ്യമാണ്. കത്തോലിക്കാസഭയുടെ മതബോധനം അതിനേകുന്ന നിർവ്വചനം ഇപ്രകാരമാണ്: “മഹത്വത്തിൽ ദൈവത്തെ ദർശിക്കുന്നതിനു മുമ്പ് അവിടത്തെ  സ്നേഹിക്കുന്ന വിമല ഹൃദയങ്ങളുടെ സൗഭാഗ്യത്തിലുള്ള പങ്കുചേരലാണത്” (2639). വിരോധാഭാസമെന്നു പറയട്ടെ, ജീവിതം സന്തോഷഭരിതമായിരിക്കുമ്പോൾ മാത്രമല്ല, സർവ്വോപരി, പ്രയാസകരമായ നിമിഷങ്ങളിൽ, ജീവിതയാത്ര ഒരു കയറ്റമാകുമ്പോൾ അത് അഭ്യസിക്കണം. അതും സ്തുതിയുടെ സമയമാണ്. കാരണം, ആ കയറ്റത്തിലൂടെ, ആയാസകരമായ പാതയിലൂടെ, വെല്ലുവിളി നിറഞ്ഞ വഴികളിലൂടെ, വിശാലമായ ഒരു പുതിയ പ്രദേശം, കൂടുതൽ തുറന്ന ഒരു ചക്രവാളം കാണാൻ നാം പഠിക്കും.

വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ   "സൃഷ്ടികളുടെ ഗീതം" 

എട്ട് നൂറ്റാണ്ടുകളായി സ്പന്ദനം നിലയ്ക്കാത്തതും തൻറെ ജീവിതാന്ത്യവേളയിൽ വിശുദ്ധ ഫ്രാൻസീസ് രചിച്ചതുമായ മഹത്തായ ഒരു പ്രബോധനം ഉണ്ട്. അത് “സൂര്യകീർത്തനം” (Canticle of friar sole) അഥവാ "സൃഷ്ടികളുടെ ഗീതം" ആണ്. ആ സാധു (Il Poverello)  അത് രചിച്ചത് സന്തോഷത്തിൻറെ, സുഭിക്ഷതയുടെ ഒരു വേളയിലല്ല, മറിച്ച് കഷ്ടതകൾക്കിടയിലാണ്. ഫ്രാൻസീസ് ഇപ്പോൾ ഏറെക്കുറെ അന്ധനാണ്, മുമ്പൊരിക്കലും അനുഭവിച്ചിട്ടില്ലാത്ത ഏകാന്തതയുടെ ഭാരം അദ്ദേഹത്തിൻറെ ആത്മാവിൽ അനുഭവപ്പെടുന്നു: താൻ പ്രഭാഷണം ആരംഭിച്ചതിനു ശേഷം  ലോകത്തിനു മാറ്റമൊന്നും ഉണ്ടായിട്ടില്ല. കലഹങ്ങളാൽ വിഭജിതരാകുന്നവർ ഇപ്പോഴും ഉണ്ട്, കൂടാതെ കൂടുതൽ അടുത്തുവരുന്ന മരണത്തിൻറെ കാലൊച്ചകൾ അവർ കേൾക്കുന്നു.  അത് കടുത്ത നിരാശയുടെയും സ്വന്തം പരാജയം തിരിച്ചറിയലിൻറെയും നിമിഷമാകാം. എന്നാൽ ആ സമയത്ത് ഫ്രാൻസിസ് പ്രാർത്ഥിക്കുന്നു: "എൻറെ നാഥാ,  അങ്ങേയ്ക്കു സ്തുതി”. ഫ്രാൻസീസ് സകലത്തിനും, സൃഷ്ടിയുടെ സകല ദാനങ്ങൾക്കും, ഒപ്പം മരണത്തിനും ദൈവത്തെ സ്തുതിക്കുന്നു. മരണത്തെ “സഹോദരി” എന്നു, “സോദരി മരണം” എന്ന് സംബോധന ചെയ്യുന്നതിനുള്ള ധൈര്യം ഫ്രാൻസീസിനുണ്ടാകുന്നു. കഷ്ടപ്പാടിൻറെ വേളയിലും ദൈവത്തെ സ്തുതിക്കുന്ന വിശുദ്ധരുടെ. ക്രൈസ്തവരുടെ. യേശുവിൻറെ തന്നെ, ഈ മാതൃക, കർത്താവിലേക്കുള്ള അതിവിസ്തൃതമായ വഴി നമുക്കു തുറന്നു തരുകയും  നമ്മെ സദാ പവിത്രീകരിക്കുകയും ചെയ്യുന്നു. സ്തുതിപ്പ് എന്നും ശുദ്ധീകരിക്കുന്നു.

കർത്താവിനെ സ്തുതിക്കുക പ്രയോജനകരം

എല്ലാ സമയത്തും, അതായത്, നല്ല കാലത്തും മോശം സമയത്തും ദൈവത്തെ സ്തുതിക്കാനാകുമെന്ന് വിശുദ്ധന്മാരും വിശുദ്ധകളും കാണിച്ചു തരുന്നു. എന്തെന്നാൽ ദൈവം വിശ്വസ്ത സുഹൃത്താണ്, ദൈവം വിശ്വസ്ത സുഹൃത്താണ് എന്നത് സ്തുതിപ്പിൻറെ അടിത്തറയാണ്. അവിടത്തെ സ്നേഹം ഒരിക്കലും കുറഞ്ഞു പോകുന്നില്ല. അവിടന്ന് എന്നും നമ്മുടെ ചാരെയുണ്ട്. എന്നും നമ്മെ കാത്തിരിക്കുന്നു. ആരോ പറയുകയുണ്ടായി, അവിടന്ന് നിൻറെ ചാരത്തു നില്ക്കുന്ന കാവൽക്കാരനും നിന്നെ സുരക്ഷിതമായി മുന്നോട്ടു നയിക്കുന്നവനുമാണെന്ന്. ക്ലേശകരവും ഇരുളടഞ്ഞതുമായ വേളകളിൽ ഇങ്ങനെ പറയാനുള്ള ധൈര്യം നമുക്കുണ്ടാകട്ടെ: “ഓ, നാഥാ, അങ്ങ് വാഴ്ത്തപ്പെടട്ടെ” കർത്താവിനെ സ്തുതിക്കുകയെന്നത് നമുക്ക് ഏറെ ഗുണകരമാണ്.  നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

സമാപനാഭിവാദ്യം

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ  പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. 

മുന്നോട്ടു പോകുന്നതിനും സമാധാനത്തിൻറെയും സ്നേഹത്തിൻറെയും സാക്ഷികളായിരിക്കുന്നതിനും അനുദിനം കർത്താവിൽ നിന്ന് ശക്തിയാർജ്ജിക്കാൻ പാപ്പാ അവർക്ക് പ്രചോദനം പകർന്നു.

തദ്ദനന്തരം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

13 January 2021, 16:35