ഇറാക്കിലുണ്ടായ ചാവേർ ആക്രമണത്തെ പാപ്പാ അപലപിച്ചു!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഇറാക്കിൻറെ തലസ്ഥാനമായ ബാഗ്ദാദിലുണ്ടായ ചാവേർ ആക്രമണത്തെ മാർപ്പാപ്പാ ശക്തമായി അപലപിക്കുകയും ആ ദുരന്തത്തിൽ അഗാധ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നു.
ബുദ്ധിശൂന്യമായ നിഷ്ഠൂര പ്രവൃത്തിയാണിതെന്ന് ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ (Cardinal Pietro Parolin) ഇറാക്കിൻറെ പ്രസിഡൻറ് ബർഹം സലിഹിന് (Barham Salih) അയച്ച അനുശോചന സന്ദേശത്തിൽ അപലപിക്കുകയും ചെയ്യുന്നു.
ഈ സ്ഫോടനത്തിൽ മരണമടഞ്ഞവർക്കും അവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും അടിയന്തിര സഹായം നല്കുന്ന ജീവനക്കാർക്കും വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്യുന്നു.
അക്രമത്തെ സാഹോദര്യവും ഐക്യദാർഢ്യവും സമാധാനവും കൊണ്ട് ജയിക്കുന്നതിനു വേണ്ടിയുള്ള പരിശ്രം എല്ലാവരും തുടരുമെന്ന് പ്രത്യാശിക്കുന്ന പാപ്പാ ഇറാക്കിനും അന്നാട്ടുകാർക്കും അത്യുന്നതൻറെ അനുഗ്രഹം ലഭിക്കുന്നതിനായി പ്രാർത്ഥിക്കുന്നു.
വ്യാഴാഴ്ച (21/01/21) രാവിലെയാണ് മദ്ധ്യബാഗ്ദാദിലെ അൽ-സാർഖി വ്യാപാര മേഖലയിൽ തയാരൻ ചത്വരത്തിൽ രണ്ടിടത്ത് ബോംബ് സ്ഫോടനങ്ങൾ ഉണ്ടായത്.
ഈ സ്ഫോടനങ്ങളിൽ ചുരുങ്ങിയത് 28 പേർ മരിക്കുകയും എഴുപതിലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
2019-ലും ബാഗ്ദാദിൽ ചാവേർ ആക്രമണം നടന്നിരുന്നു. അത് അവിടത്തെ ഷിയ മുസ്ലീം പള്ളിയിലായിരുന്നു.
ആ ആക്രമണത്തിൽ 7 പേർക്ക് ജീവഹാനി സംഭവിക്കുകയും ഇരുപതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സ്പെയിനിൻറെ തലസ്ഥാനമായ മാഡ്രിഡിൽ ബുധനാഴ്‌ച (20/01/21) ഉണ്ടായ സ്ഫോടനത്തിൽ ഏതാനും പേർക്ക് ജീവാപായം ഉണ്ടായതിലും മാർപ്പാപ്പാ തൻറെ ദുഃഖം രേഖപ്പെടുത്തി.
ഫ്രാൻസീസ് പാപ്പായുടെ നാമത്തിൽ, വത്തിക്കാൻ സംസ്ഥാനകാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിൻ (Cardinal Pietro Parolin) മാഡ്രിഡ് അതിരൂപതയുടെ ആർച്ച്ബിഷപ്പ് കർദ്ദിനാൾ കാർലോസ് ഒസോറൊ സിയേറായ്ക്കയച്ച അനുശോചന സന്ദേശത്തിലാണ് പാപ്പായുടെ ഈ വേദന അറിയിച്ചിരിക്കുന്നത്.
മാഡ്രിഡിലെ തൊളേദൊ വീഥിയിൽ സ്ഥിതിചെയ്യുന്ന ഒരു കെട്ടിടത്തിലാണ് പാചകവാതക ചോർച്ചയുടെ ഫലമായി സ്ഫോടനം ഉണ്ടായത്. ഈ അപകടത്തിൽ മൂന്നു പേർ മരണമടയുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. വലിയ നാശനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്.