തിരയുക

അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ ഡിസിയിൽ കാപ്പിറ്റോൾ മന്ദിരത്തിനു മുന്നിൽ പ്രതിഷേധിക്കുന്ന ട്രംപ് അനുകൂലികൾ 06/01/2021 അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ ഡിസിയിൽ കാപ്പിറ്റോൾ മന്ദിരത്തിനു മുന്നിൽ പ്രതിഷേധിക്കുന്ന ട്രംപ് അനുകൂലികൾ 06/01/2021 

അതിക്രമങ്ങൾ നേട്ടമല്ല, കോട്ടം വിതയ്ക്കുന്നു, പാപ്പാ!

ദേശീയ അനുരഞ്ജനം പരിപോഷിപ്പിക്കാനും അമേരിക്കൻ സമൂഹത്തിൽ വേരൂന്നിയ ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനും വേണ്ടി ഉന്നതമായ ഉത്തരവാദിത്വബോധം പുലർത്താൻ പാപ്പാ രാഷ്ട്രാധികാരികളെയും ജനങ്ങളെയും ആഹ്വാനം ചെയ്യുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

അക്രമം എല്ലായ്പ്പോഴും ആത്മവിനാശകരമാണെന്നും  അക്രമത്തിലൂടെ ഒന്നും നേടുന്നില്ല മറിച്ച്,  ഏറെ നഷ്ടം സംഭവിക്കുന്നുവെന്നും മാർപ്പാപ്പാ.

ഞായറാഴ്ച (10/01/21) വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യഗ്രന്ഥശാലയിൽ നിന്ന്, ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ നയിച്ച മദ്ധ്യാഹ്നപ്രാർത്ഥനയുടെ അവസാനം ആശീർവ്വാദനാന്തരം, ഫ്രാൻസീസ് പാപ്പാ, അമേരിക്കൻ ഐക്യനാടുകളിലെ വാഷിംഗ്ടൺ ഡിസിയിൽ, അമേരിക്കൻ കോൺഗ്രസിൻറെ സമ്മേളന വേദിയായ കാപിറ്റോൾ മന്ദിരത്തിൽ ജനുവരി 6 ബുധനാഴ്ച അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രമ്പിൻറെ അനുഭാവികൾ നടത്തിയ കലാപത്തെക്കുറിച്ച് പരാമർശിക്കുകയായിരുന്നു.

ഈ നാടകീയ സംഘർഷത്തിൽ ജീവൻ പൊലിഞ്ഞ അഞ്ചുപേരെ പാപ്പാ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു.

എല്ലാവർക്കും ആശ്വാസം പകരാനും ദേശീയ അനുരഞ്ജനം പരിപോഷിപ്പിക്കാനും അമേരിക്കൻ സമൂഹത്തിൽ വേരൂന്നിയ ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനും വേണ്ടി ഉന്നതമായ ഉത്തരവാദിത്വബോധം പുലർത്താൻ പാപ്പാ രാഷ്ട്രാധികാരികളെയും ജനങ്ങളെയും ആഹ്വാനം ചെയ്തു.

പൊതുനന്മ പടുത്തുയർത്തുന്നതിനുള്ള സുപ്രധാനമാർഗ്ഗം എന്ന നിലയിൽ സമാഗമസംസ്കൃതിയെയും പരിപാലനാസംസ്ക്കാരത്തെയും സജീവമാക്കി നിറുത്താൻ അമേരിക്കൻ ഐക്യനാടുകളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ അമലോത്ഭവ കന്യക സഹായിക്കട്ടെയെന്ന് പാപ്പാ പ്രാർത്ഥിച്ചു.

2020-ൽ നടന്ന പ്രസിഡൻറ് തിരഞ്ഞെടുപ്പിൽ ജോ ബൈഡൻ നേടിയ വിജയത്തിന് സ്ഥിരീകരണം നല്കുന്നതിന് അമേരിക്കൻ കോൺഗ്രസ്സ് സമ്മേളിച്ച അവസരത്തിലാണ് ട്രംപ് അനുകൂലികൾ കാപ്പിറ്റോൾ മന്ദിരത്തിനു നേർക്ക് ആക്രമണം അഴിച്ചു വിട്ടത്.

പ്രസിഡൻറ് തിരഞ്ഞെടുപ്പിലേറ്റ പരാജയം അംഗീകരിക്കാൻ വിസമ്മതിക്കുന്ന പ്രസിഡൻറ് ട്രംപ് നടത്തുന്ന അട്ടിമറി ശ്രമങ്ങളുടെ ഭാഗമായിരുന്നു ആയിരക്കണക്കിന് ട്രംപ് അനുകൂലികളുടെ കാപ്പിറ്റോൾ മന്ദിരത്തിനു മുന്നിൽ സമ്മേളിച്ചതും അക്രമാസക്തരായതും. 

അമേരിക്കൻ ഐക്യനാടുകളുടെ നിയമസഭയുടെ ആസ്ഥാനവുമാണ് കാപിറ്റോൾ മന്ദിരം.

1800-ൽ നിർമ്മാണം പൂർത്തിയായ ഈ മന്ദിരം 1814-ൽ വാഷിംഗ്ടണിലുണ്ടായ ഒരു അഗ്നിബാധയിൽ ഭാഗികമായി നശിക്കുകയും 5 വർഷത്തിനുള്ളിൽ പൂർണ്ണമായി പുനർനിർമ്മിക്കുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 January 2021, 10:59