തിരയുക

ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യഗ്രന്ഥശാലയിൽ നിന്ന് മദ്ധ്യാഹ്ന  പ്രാർത്ഥന നയിക്കുന്നതിന് മുമ്പ്  ആദ്ധ്യാത്മിക ചിന്തകൾ പങ്കുവയ്ക്കുന്നു, 24/01/2021 ഫ്രാൻസീസ് പാപ്പാ ഞായറാഴ്ച, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യഗ്രന്ഥശാലയിൽ നിന്ന് മദ്ധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിന് മുമ്പ് ആദ്ധ്യാത്മിക ചിന്തകൾ പങ്കുവയ്ക്കുന്നു, 24/01/2021 

രക്ഷ യാന്ത്രികമല്ല; അത് സ്നേഹ ദാനമാണ്, പാപ്പാ

ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശം:"ജീവിതം ദൈവത്തിൻറെ അനന്ത സ്നേഹത്തിൻറെ ഒരു ദാനമാണ്, എന്നാൽ അവിടത്തോടുള്ള നമ്മുടെ സ്നേഹം പരിശോധിക്കുന്നതിനുള്ള ഒരു സമയം കൂടിയാണിത്. അതിനാൽ, നമ്മുടെ അസ്തിത്വത്തിൻറെ ഓരോ നിമിഷവും, ദൈവത്തെ സ്നേഹിക്കാനും അയൽക്കാരനെ സ്നേഹിക്കാനും, അങ്ങനെ നിത്യജീവനിൽ പ്രവേശിക്കാനുമുള്ള വിലപ്പെട്ട സമയമാണ്".

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 മഹാമാരിമൂലമുള്ള നിയന്ത്രണങ്ങൾ നിലനില്ക്കുന്നതിനാൽ ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ചയും (24/01/21) വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ ആയിരുന്നു ത്രികാലപ്രാർത്ഥന നയിച്ചത്. പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ ഒരു വിചിന്തനം നടത്തി.   ഈ ഞായറാഴ്ച (24/01/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മർക്കോസിൻറെ  സുവിശേഷം 1,14-20 വരെയുള്ള വാക്യങ്ങൾ, അതായത്, യേശു തൻറെ ആദ്യ ശിഷ്യരെ വിളിക്കുന്നതും, തന്നെ അനുഗമിക്കുന്ന മീൻപിടിത്തക്കാരായിരുന്ന അവരെ താൻ മനുഷ്യരെ പിടിക്കുന്നവരാക്കും എന്ന് പറയുന്നതുമായ ഭാഗം അവലംബമാക്കിയുള്ളതായിരുന്നു  പാപ്പായുടെ പ്രഭാഷണം. പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ പ്രസ്തുത വിചിന്തനം ഇപ്രകാരമായിരുന്നു:

സ്നാപകയോഹന്നാനിൽ നിന്ന് യേശുവിലേക്ക്

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഈ ഞായറാഴ്ചത്തെ സുവിശേഷ ഭാഗം (മർക്കോസ് 1:14-20) നമുക്ക് കാണിച്ചുതരുന്നത്, സ്നാപക യോഹന്നാനിൽ നിന്ന് യേശുവിലേക്കുള്ള “സാക്ഷി മാറ്റം” ആണ് എന്ന് പറയാം. യോഹന്നാൻ അവിത്തെ മുന്നോടിയായിരുന്നു, യോഹന്നാൻ യേശുവിനു വേണ്ടി നിലം ഒരുക്കി,  അവിടത്തേക്ക് വഴിയൊരുക്കി: ഇപ്പോൾ യേശുവിന്  സ്വന്തം ദൗത്യം ആരംഭിക്കാനും ഇപ്പോൾത്തന്നെയുള്ള രക്ഷ പ്രഖ്യാപിക്കാനും കഴിയും; അവിടന്നായിരുന്നു രക്ഷ. അവിടത്തെ പ്രസംഗം ഈ വാക്കുകളിൽ സംഗ്രഹിച്ചിരിക്കുന്നു: “സമയം പൂർത്തിയായി, ദൈവരാജ്യം സമീച്ചിരിക്കുന്നു; അനുതപിച്ച് സുവിശേഷത്തിൽ വിശ്വസിക്കുക" (മർക്കോസ് 1:15). ലളിതമാണത്. യേശു അവ്യക്തമായിട്ടൊന്നും പറയാറില്ല. കാതലായ രണ്ട് ആശയങ്ങളെക്കുറിച്ച് മനനം ചെയ്യാൻ നമ്മെ  ക്ഷണിക്കുന്ന ഒരു സന്ദേശമാണിത്: സമയവും മാനസാന്തരവും.

സമയം:ദൈവം പ്രവർത്തിച്ച രക്ഷയുടെ ചരിത്രത്തിൻറെ ദൈർഘ്യം

മർക്കോസ് സുവിശേഷകൻറെ ഈ സുവിശേഷ ഭാഗത്തിൽ സമയം എന്നതുകൊണ്ട് നാം മനസ്സിലാക്കേണ്ടത്, ദൈവം പ്രവർത്തിച്ച രക്ഷയുടെ ചരിത്രത്തിൻറെ ദൈർഘ്യമാണ്; ആകയാൽ, “പൂർത്തിയായ” സമയം ഈ പരിത്രാണപ്രവർത്തനം അതിൻറെ ഉച്ചസ്ഥായിയിലെത്തുന്നത്, അതിൻറെ പൂർണ്ണ സാക്ഷാത്ക്കാരത്തിലെത്തുന്നത് ആണ്. അത്, ദൈവം സ്വസുതനെ ലോകത്തിലേക്കയച്ചതും അവിടത്തെ രാജ്യം പൂർവ്വോപരി, സമീപസ്ഥമായി ഭവിച്ചതുമായ ചരിത്ര നമിഷമാണ്.

രക്ഷ യാന്ത്രികമല്ല-സ്നേഹദാനമാണ്, അത് നമ്മുടെ പരിവർത്തനം വ്യവസ്ഥടചെയ്യുന്നു

യേശു ആഗതനായതിനാൽ രക്ഷാസമയം പൂർത്തിയായി. എന്നിരുന്നാലും, രക്ഷ യാന്ത്രികമല്ല; അത് സ്നേഹത്തിന്റെ ദാനമാണ്, അത് അപ്രകാരംതന്നെ മാനവസ്വാതന്ത്ര്യത്തിന് നല്കപ്പെട്ടിരിക്കുന്നു. നാം   സ്നേഹത്തെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം, സ്വാതന്ത്ര്യത്തെക്കുറിച്ച് പരാമർശിക്കുന്നു: സ്വാതന്ത്ര്യമില്ലാത്ത സ്നേഹം സ്നേഹമല്ല; അത് ഒരുപക്ഷേ, താൽപ്പര്യമാകാം, ഭയമാകാം, പലതും ആകാം, പക്ഷേ സ്നേഹം എല്ലായ്പ്പോഴും സൗജന്യമാണ്, അത് സൗജന്യമാകയാൽ സ്വതന്ത്രമായ ഒരു പ്രതികരണം അത് ആവശ്യപ്പെടുന്നു: ഇത് നമ്മുടെ പരിവർത്തനം ആഹ്വാനം ചെയ്യുന്നു. ആകയാൽ, അതിനർത്ഥം മനോഭാവം മാറ്റുകയെന്നാണ്. ഇതാണ് മാനസാന്തരം, മനോഭാവം മറ്റുകയും ജീവിതം മാറ്റുകയും ചെയ്യുക: ഇനി മേൽ ലോകത്തിൻറെയല്ല, യേശുവാകുന്ന ദൈവത്തിൻറെ മാതൃകകൾ ആണ് പിന്തുടരേണ്ടത്; യേശു ചെയ്തതുപോലെ, അവിടന്നു നമ്മെ പഠിപ്പിച്ചതു പോലെ അവിടെത്തെ അനുഗമിക്കുക. ഇത് വീക്ഷണത്തിൻറെയും മനോഭാവത്തിൻറെയും നിർണ്ണായകമായ മാറ്റമാണ്.

വായു പോലെ സർവ്വത്ര വ്യാപിയായ പാപം

വാസ്തവത്തിൽ, പാപം, പ്രത്യേകിച്ച് ലൗകികതയുടെ പാപം, വായു പോലെ എല്ലായിടത്തും വ്യാപിക്കുന്നു, മറ്റുള്ളവർക്കും ദൈവത്തിനും എതിരെ തിരിയുന്ന പ്രവണതയുള്ള ഒരു മനോഭാവം ഈ പാപം ലോകത്തിലേക്ക് കൊണ്ടുവന്നിരിക്കുന്നു. ഇത് ജിജ്ഞാസയുളവാക്കുന്നു ... നിങ്ങളുടെ അനന്യത എന്താണ്? “എതിർപ്പിലാണ്” നമ്മുടെ തനിമ ആവിഷ്കൃതമാകുന്നത്  എന്ന് നാം പലപ്പോഴും കേൾക്കുന്നു. ഒരാളുടെ അനന്യത ലോകത്തിൻറെ അരൂപിയിൽ ഭാവാത്മകവും രക്ഷാകരവുമായ വീക്ഷണത്തിൽ അവതരിപ്പിക്കുക പ്രയാസമാണ്: അത് അവനവനും മറ്റുള്ളവർക്കും ദൈവത്തിനും എതിരാണ്. ആകയാൽ ഈ ലക്ഷ്യത്തിനു വേണ്ടി, പാപ മനോഭാവവും ലൗകിക ചിന്താഗതിയും വഞ്ചനയും അക്രമവും ഉപയോഗിക്കാൻ മടിക്കുന്നില്ല. വഞ്ചനയും അക്രമവും. വഞ്ചനയും അക്രവും വഴി എന്തു സംഭവിക്കുന്നുവെന്ന് നമുക്ക് നോക്കാം: ദുരാഗ്രഹം, അധികാരമോഹം, സേവനതാല്പര്യ രാഹിത്യം, യുദ്ധങ്ങൾ, ജനങ്ങളെ ചൂഷണം ചെയ്യൽ തുടങ്ങിയവയുണ്ടാകുന്നു. ഇത് വഞ്ചനാമനോഭാവമാണ്. ഇതിൻറെ ഉറവിടം തീർച്ചയായും നുണയുടെ പിതാവായ, മഹാ നുണയനായ, സാത്താനാണ്. യേശു നിർവ്വ ചിച്ചതുപോലെ അവൻ നുണകളുടെ പിതാവാണ്.

യേശു സന്ദേശത്തിൻറെ സവിശേഷതകൾ

ഇവയ്ക്കെല്ലാം വിരുദ്ധമാണ് യേശുവിൻറെ സന്ദേശം. അത്, ദൈവത്തെയും അവിടത്തെ കൃപയും ആവശ്യമുള്ളവരാണ് നമ്മളെന്ന് തിരിച്ചറിയാനും ഭൗതികവസ്തുക്കളുടെ കാര്യത്തിൽ സന്തുലിതമായ ഒരു മനോഭാവം പുലർത്താനും, എല്ലാവരോടും സ്വാഗതമനോഭാവമുള്ളവരും എളിമയുള്ളവരുമാകാനും, മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചയിലും പരസേവനത്തിലും സ്വയം തിരിച്ചറിയാനും നമ്മെ ക്ഷണിക്കുന്നു. നമുക്കോരോരുത്തർക്കും രക്ഷ സ്വീകരിക്കാനുള്ള സമയം കുറച്ചുമാത്രമാണുള്ളത്. അത് ഈ ലോകത്തിലെ നമ്മുടെ ജീവിതകാലമാണ്. അത് ഹ്രസ്വമാണ്. ഒരു പക്ഷേ, അത് ദൈർഘ്യമുള്ളതായി തോന്നാം.... ഞാനോർക്കുന്നു, ഒരിക്കൽ, ഞാൻ, വളരെ നല്ല ഒരു വൃദ്ധന് രോഗീലേപന കൂദാശ നല്കുന്നതിന് പോയി. അദ്ദേഹം വിശുദ്ധ കുർബ്ബാനയും രോഗീലേപനവും സ്വീകരിക്കുന്നതിനു മുമ്പ് എന്നോട് ഇങ്ങനെ പറഞ്ഞു: “എൻറെ ജീവിതം അങ്ങു പറന്നു പോയി”. അതായത്, ജീവിതം ശാശ്വതമായിരിക്കുമെന്നാണ് അയാൾ കരുതിയിരുന്നതെന്ന് പറയുന്നതു പോലെ. “എൻറെ ജീവിതം അങ്ങു പറന്നു പോയി”. ജീവിതം കടന്നുപോയി. ഇങ്ങനെയാണ് നമുക്ക്, വൃദ്ധജനങ്ങൾക്ക് അനുഭവപ്പെടുന്നത്. ജീവിതം ദൈവത്തിൻറെ അനന്ത സ്നേഹത്തിൻറെ ഒരു ദാനമാണ്, എന്നാൽ അവിടത്തോടുള്ള നമ്മുടെ സ്നേഹം പരിശോധിക്കുന്നതിനുള്ള ഒരു സമയം കൂടിയാണിത്. അതിനാൽ, ഓരോ നിമിഷവും, നമ്മുടെ അസ്തിത്വത്തിൻറെ ഓരോ നിമിഷവും, ദൈവത്തെ സ്നേഹിക്കാനും അയൽക്കാരനെ സ്നേഹിക്കാനും, അങ്ങനെ നിത്യജീവനിൽ പ്രവേശിക്കാനുമുള്ള വിലപ്പെട്ട സമയമാണ്.

നമ്മുടെ ജീവിത കഥയുടെ രണ്ടു താളങ്ങൾ

നമ്മുടെ ജീവിത കഥയ്ക്ക് രണ്ട് താളങ്ങളുണ്ട്: ഒന്ന്, അളക്കാവുന്നതാണ്,  അത്, മണിക്കൂറുകൾ, ദിവസങ്ങൾ, വർഷങ്ങൾ എന്നിവ കൊണ്ട് തീർത്തതാണ്; മറ്റൊന്ന് നമ്മുടെ വളർച്ചയുടെ ഘട്ടങ്ങളാൽ, അതായത്, ജനനം, ശൈശവം, കൗമാരം, യൗവനപ്രാപ്തി, വർദ്ധക്യം, മരണം എന്നിവഉൾക്കൊള്ളുന്നതാണ്. 

മൂല്യസാന്ദ്രമായ ജീവിത ദശകൾ

ഓരോ കാലത്തിനും, ഓരോ ഘട്ടത്തിനും അതിനൻറേതായ മൂല്യമുണ്ട്, മാത്രമല്ല കർത്താവുമായുള്ള കൂടിക്കാഴ്ചയ്ക്കുള്ള സവിശേഷ സമയവുമാകാം. ഈ കാലഘട്ടങ്ങളുടെ ആത്മീയ അർത്ഥം കണ്ടെത്താൻ വിശ്വാസം നമ്മെ സഹായിക്കുന്നു: ഇവയിൽ ഒരോന്നും കർത്താവിൽ നിന്നുള്ള ഒരു പ്രത്യേക വിളി ഉൾക്കൊള്ളുന്നതാണ്. ആ വിളിക്ക് അനുകൂലമോ പ്രതികൂലമോ ആയ ഉത്തരം നൽകാൻ നമുക്കു സാധിക്കും. ശിമയോനും അന്ത്രയോസും യാക്കോബും യോഹന്നാനും എപ്രകാരം പ്രത്യുത്തരിച്ചുവെന്ന് സുവിശേഷത്തിൽ നാം കാണുന്നു. അവർ പക്വതയാർന്ന മനുഷ്യരായിരുന്നു,  മത്സ്യബന്ധന തൊഴിലിലേർപ്പെട്ടവരായിരുന്നു, അവർ കുടുംബജീവിതം നയിച്ചിരുന്നു..... എന്നിട്ടും, യേശു കടന്നുപോകവെ അവരെ വിളിച്ചപ്പോൾ, "അവർ ഉടൻ തന്നെ വലകൾ ഉപേക്ഷിച്ചു അവിടത്തെ അനുഗമിച്ചു "(മർക്കോസ്1:18).

ജാഗരൂഗരായിരിക്കുക

പ്രിയ സഹോദരീ സഹോദരന്മാരേ, നാം കരുതലുള്ളവരായിരിക്കുക, യേശു കടന്നുപോകുമ്പോൾ അവിടത്തെ സ്വീകരിക്കാതെ വിടരുത്. വിശുദ്ധ അഗസ്റ്റിൻ പറയുമായിരുന്നു: "ദൈവം കടന്നുപോകുമ്പോൾ ഞാൻ ഭയപ്പെടുന്നു". എന്തിനെയാണ് ഭയപ്പെടുന്നത്? അവിടത്തെ തിരിച്ചറിയാതെയും, അവിടത്തെ കാണാതെയും, അവിടത്തെ സ്വീകരിക്കാതെയുമിരിക്കുന്നതിനെ.

ഓരോ നിമിഷവും രക്ഷാസമയമായി ജീവിക്കുക

കർത്താവ് കടന്നുപോകുകയും, അവനവൻറെ ജീവിതാവസ്ഥയ്ക്കനുസൃതം, അവിടത്തെ അനുഗമിക്കാൻ നമ്മെ വിളിക്കുകയും ചെയുന്ന ഓരോ ദിവസവും ഓരോ നിമിഷവും രക്ഷയുടെ സമയമായി ജീവിക്കാൻ കന്യാമറിയം നമ്മെ സഹായിക്കട്ടെ. ലോകത്തിൻറെ മനോഭാവത്തിലും ലോകത്തിൻറെ കമ്പക്കെട്ടുകളാകുന്ന വിചിത്രകല്പനകളിലും നിന്ന് സ്നേഹത്തിൻറെയും സേവനത്തിൻറെയും മനോഭാവത്തിലേക്ക് പരിവർത്തനം ചെയ്യാൻ പരിശുദ്ധ മറിയം നമ്മെ സഹായിക്കട്ടെ. 

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. ആശീർവ്വാദാനന്തരം പാപ്പാ ഈ ഞായറാഴ്ച (24/01/21) ദൈവവചനത്തിനായി സമർപ്പിതമായിരിക്കുന്നത് അനുസ്മരിച്ചു.

ദൈവവചന ഞായർ

സഭാജീവിതത്തിൻറെ എല്ലാ തുറകളിലും തിരുവെഴുത്തുകൾ വീണ്ടും കണ്ടെത്താൻ കഴിഞ്ഞിരിക്കുന്നത് നമ്മുട ഈ കാലഘട്ടത്തിൻറെ മഹാ ദാനങ്ങളിലൊന്നാണെന്ന് പാപ്പാ പറഞ്ഞു.

ഇന്നത്തെ പോലെ മുമ്പൊരിക്കലും ബൈബിൾ എല്ലാവർക്കും സംലഭ്യമായിട്ടില്ലെന്നും എല്ലാ ഭാഷകളിലും, അതുപോലെ തന്നെ, ദൃശ്യശ്രാവ്യഡിജിറ്റൽ രൂപങ്ങളിലും ബൈബിൾ ലഭ്യമാകുന്നുണ്ടെന്നും പാപ്പാ അനുസ്മരിച്ചു.

വിശുദ്ധ ഗ്രന്ഥത്തെ അവഗണിക്കുന്നവൻ ക്രിസ്തുവിനെ അവഗണിക്കുന്നു എന്നീ, അടുത്തയിടെ പതിനാറാം ചരമശതാബ്ദി ആചരിക്കപ്പെട്ട വിശുദ്ധ ജെറോമിൻറെ വാക്കുകൾ പാപ്പാ ഉദ്ധരിച്ചു. 

വചനം മാംസം ധരിക്കുകയും മരിച്ച് ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത യേശുക്രിസ്തുവാണ് തിരുവെഴുത്തുകൾ മനസ്സിലാക്കാൻ നമ്മുടെ മനസ്സ് തുറക്കുന്നെതെന്ന് പാപ്പാ ലൂക്കായുടെ സുവിശേഷം 24:45-ɔ൦ വാക്യത്തിൻറെ അടിസ്ഥാനത്തിൽ പ്രസ്താവിച്ചു.

ഇത്, പ്രത്യേകിച്ചും, ആരാധനാക്രമത്തിലും, നാം ഒറ്റയ്ക്കോ കൂട്ടമായോ, വിശിഷ്യ, സുവിശേഷവും സങ്കീർത്തനങ്ങളും ഉപയോഗച്ച്, പ്രാർത്ഥിക്കുമ്പോഴും സംഭവിക്കുന്നുവെന്നുവെന്നും പാപ്പാ വിശദീകരിച്ചു.

സുവിശേഷം വിതയ്ക്കുന്നതിനുള്ള ആനന്ദത്തിന് ഒരിക്കലും കുറവ് സംഭവിക്കരുതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

സ്വന്തം കീശയിലൊ, കൈസഞ്ചിയിലൊ ഒരു ചെറിയ സുവിശേഷം കൊണ്ടുനടക്കുന്നത് ശീലമാക്കണെന്ന ഉപദേശം പാപ്പാ ആവർത്തിക്കുകയും ചെയ്തു.

ശൈത്യം ജീവനെടുത്തവർക്കായി പാപ്പാ പ്രാർത്ഥന ക്ഷണിക്കുന്നു

ഇക്കഴിഞ്ഞ ജനുവരി 20-ന് 46 വയസ്സു പ്രായമുണ്ടായിരുന്ന, പാർപ്പിടരഹിതനായിരുന്ന നൈജീരിയക്കാരൻ എഡ്വിൻ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ നിന്ന് ഏതാനു വാരയകലെ തണുപ്പുമൂലം മരണമടഞ്ഞ ഖേദകരമായ സംഭവവും ശൈത്യം മൂലം റോമിൽ മറ്റു പലരും മരണമടഞ്ഞിട്ടുള്ളതും പാപ്പാ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കാൻ ക്ഷണിക്കുകയും ചെയ്തു.

തണുപ്പുമൂലം ഒരു യാചകൻ മരിക്കുമ്പോൾ അന്ന് ദുഃഖവെള്ളിക്ക് സമാനമാണെന്നും ആകയാൽ അന്ന് ദിവ്യബലി അർപ്പിക്കാനാവില്ലെന്നും മഹാനായ വിശുദ്ധ ഗ്രിഗറി പറഞ്ഞത് പാപ്പാ അനുസ്മരിച്ചു.

ക്രൈസ്തവൈക്യ പ്രാർത്ഥനാവാരത്തിൻറെ സമാപനം

ജനുവരി 25-ന് റോമൻ ചുമരുകൾക്കു പുറത്തുള്ള വിശുദ്ധ പൗലോസിൻറെ ബസിലിക്കയിൽ വിവിധ ക്രൈസ്തവ സഭകളുടെയും സമൂഹങ്ങളുടെയും പങ്കാളിത്തത്തോടെ ക്രൈസ്തവൈക്യ പ്രാർത്ഥനാവാരത്തിനു സമാപനം കുറിക്കുന്ന ശുശ്രൂഷയിൽ ആദ്ധ്യാത്മികമായി പങ്കുചേരാൻ പാപ്പാ എല്ലാവരെയും ക്ഷണിച്ചു. 

"വന്നു കാണുക" - മാദ്ധ്യമ ദിന സന്ദേശം

മാദ്ധ്യമപ്രവർത്തകരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായ വിശുദ്ധ ഫ്രാൻസീസ് സാലസിൻറെ തിരുന്നാൾ അനുവർഷം ജനുവരി 24-ന് തിരുസഭ ആചരിക്കുന്നതും പാപ്പാ അനുസ്മരിച്ചു.

“വന്നു കാണുക. ആളുകളെ അവർ ആയിരിക്കുന്നിടത്ത് അവരായിരിക്കുന്ന രീതിയിൽ കണ്ടുമുട്ടിക്കൊണ്ട് ആശയവിനിമയം നടത്തുക” എന്ന പ്രമേയം സ്വീകരിച്ചിരിക്കുന്ന സാമൂഹ്യസമ്പർക്കമാദ്ധ്യമ ദിനത്തിനുള്ള തൻറെ സന്ദേശം ഇക്കഴിഞ്ഞ 23-ɔ൦ തിയതി ശനിയാഴ്‌ച പ്രകാശിതമായതിനെക്കുറിച്ചും പാപ്പാ സൂചിപ്പിച്ചു.

ആരും ഇഷ്ടപ്പെടാത്തിടത്തുപോലും   പോകാനും കാണാനും സത്യത്തിനു സാക്ഷ്യമേകാനും പാപ്പാ പത്ര-സമ്പർക്കമാദ്ധ്യമപ്രവർത്തകരെ ആഹ്വാനം ചെയ്തു. 

കുടുംബങ്ങൾക്കായുള്ള പ്രാർത്ഥനയും സമാപനാഭിവാദ്യവും

ഈ കാലയളവിൽ കൂടുതൽ യാതനകളനുഭവിക്കുന്ന കുടുംബങ്ങളെ പ്രത്യേകം അനുസ്മരിച്ച പാപ്പാ കുടുംബങ്ങൾക്കായി പ്രാർത്ഥിച്ചു.

തുടർന്നു പാപ്പാ സാമൂഹ്യസമ്പർക്കമാദ്ധ്യമങ്ങളിലൂടെ ത്രികാലപ്രാർത്ഥനയിൽ പങ്കുകൊണ്ട എല്ലാവർക്കും തൻറെ ആശംസകളറിയിച്ചു.

എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ച പാപ്പാ  തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിക്കുകയും എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് ത്രികാലപ്രാർത്ഥനാപരിപാടി അവസാനിപ്പിച്ചു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

25 January 2021, 15:39