തിരയുക

ഫ്രാൻസീസ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ, വത്തിക്കാനിൽ, 11/01/2021, ഞായർ ഫ്രാൻസീസ് പാപ്പാ മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ, വത്തിക്കാനിൽ, 11/01/2021, ഞായർ 

സാമീപ്യം ദൈവത്തിൻെറ ശൈലി, പാപ്പായുടെ ത്രികാലജപ സന്ദേശം!

ഉന്നതത്തിലിരുന്നു, ഒരു പരമാധികാര തീരുമാനമോ ബലപ്രയോഗമോ ഒരു ഉത്തരവോ കൊണ്ടല്ല, പ്രത്യുത, നമ്മുടെ അടുത്തേക്കു വരുകയും നമ്മുടെ പാപങ്ങൾ സ്വയം ഏറ്റെടുക്കുകയും ചെയ്തുകൊണ്ടാണ് യേശു നമ്മെ വീണ്ടെടുക്കുന്നത്, ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

തണുപ്പുകാലത്തിൻറെ ആധിക്യം പ്രകടമായിരിക്കുന്ന ദിനങ്ങളാണ് റോമിൽ. ഒപ്പം കൊറോണ വൈറസ് സംക്രമണം ശക്തിപ്രാപിച്ചതിനെ തുടർന്ന് ഇറ്റലിയുടെ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങളും തുടരുന്നു. കോവിദ് 19 മഹാമാരിമൂലമുള്ള നിയന്ത്രണങ്ങൾ നിലനില്ക്കുന്നതിനാൽ ഫ്രാൻസീസ് പാപ്പാ ഈ ഞായറാഴ്ചയും (10/01/21) വിശ്വാസികളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കി, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന്, ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ ആയിരുന്നു ത്രികാലപ്രാർത്ഥന നയിച്ചത്. പ്രാർത്ഥനയ്ക്കു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ ഒരു വിചിന്തനം നടത്തി. യേശുവിൻറെ ജ്ഞാനസ്നാനത്തിരുന്നാൾ ആചരിച്ച ഈ ഞായറാഴ്ച (10/01/21) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട വിശുദ്ധഗ്രന്ഥഭാഗങ്ങളിൽ, മർക്കോസിൻറെ  സുവിശേഷം 1,7-11 വരെയുള്ള വാക്യങ്ങൾ അവലംബമാക്കി  പാപ്പാ യേശുവിൻറെ ജീവതത്തെക്കുറിച്ചു വിശദീകരിച്ചു. ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ വിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

യേശുവിൻറെ മൂന്നു പതിറ്റാണ്ട് നീണ്ട രഹസ്യജീവിതവും ത്രിവർഷ പരസ്യ ജീവിതവും

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന് നാം കർത്താവിൻറെ മാമ്മോദീസാത്തിരുന്നാൾ ആഘോഷിക്കുന്നു. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പൂജരാജാക്കന്മാർ സന്ദർശിച്ച ശിശുവിനെ ഇന്ന് നാം യൗവനപ്രാപ്തനായി, ജോർദ്ദാൻ നദിക്കരയിൽ കണ്ടുമുട്ടുന്നു. ആരാധനാക്രമം ഒരു മുപ്പതു വർഷം മുന്നോട്ടു നമ്മെ കൊണ്ടു പോകുന്നു. ഈ മുപ്പതുവർഷക്കാലത്തെക്കുറിച്ചു നമുക്കറിയവുന്നത് ഒറ്റക്കാര്യം മാത്രമാണ്: അതായത്, യേശു കുടുംബത്തിൽ ചിലവഴിച്ച രഹസ്യജീവിത വർഷങ്ങളാണത്. ഇവയിൽ കുറച്ചു കാലം ഹേറോദേസിൻറെ പീഢനത്തിൽ നിന്ന് പലയാനം ചെയ്ത് ഒരു കുടിയേറ്റക്കാരനെപ്പോലെ, ഈജിപതിലും, ശേഷിച്ച വർഷങ്ങൾ നസ്രത്തിൽ, യൗസേപ്പിൻറെ തൊഴിൽ പഠിച്ചുകൊണ്ടും, വീട്ടിൽ മാതാപിതാക്കളെ അനുസരിച്ചുകൊണ്ടും പഠനത്തിലും തൊഴിലിലും വ്യാപൃതനായിക്കൊണ്ടും കഴിഞ്ഞു. പുറത്തു പ്രത്യക്ഷനാകാതെ ദൈനംദിന ജീവിതം നയിച്ചുകൊണ്ട് കർത്താവ് ഭൂമിയിൽ കൂടുതൽ സമയവും ചിലവഴിച്ചു എന്നത് ശ്രദ്ധേയമാണ്. സുവിശേഷങ്ങളിൽ കാണുന്നതനുസരിച്ച് മൂന്ന് വർഷമാണ് അവിടത്തെ പ്രഭാഷണങ്ങളുടെയും അത്ഭുതങ്ങളുടെയും മറ്റ് നിരവധി കാര്യങ്ങളുടെയും സമയം എന്ന് നമുക്കു കരുതാം. മൂന്നു വർഷങ്ങൾ. ശേഷിച്ച വർഷങ്ങൾ മുഴുവനും കുടുംബത്തിൽ രഹസ്യജീവിതത്തിലായിരുന്നു.

അനുദിന ജീവിതത്തിൻറെ മഹത്വം

ഇത് നമുക്കുള്ള ഒരു മനോഹര സന്ദേശമാണ്: ഇത് ദൈനംദിന ജീവിതത്തിൻറെ മഹത്വത്തെയും, ജീവിതത്തിലെ ഒരോ പ്രവർത്തിയുടെയും, അത് എത്ര നിസ്സാരവും നിഗൂഢവുമായാലും, ദൈവതിരുമുമ്പിൽ അതിൻറെ പ്രാധാന്യത്തെയും ആവിഷ്ക്കരിക്കുന്നു.  

ഈ മുപ്പതുവർഷത്തെ രഹസ്യ ജീവിതത്തിനുശേഷം യേശുവിൻറെ പരസ്യജീവിതം ആരംഭിക്കുന്നു. അത് കൃത്യമായി ആരംഭിക്കുന്നത് ജോർദ്ദാൻ നദിയിലെ ജ്ഞാനസ്നാനത്തോടെയാണ്. എന്നാൽ, ദൈവമായ യേശു എന്തിനാണ് സ്നാനം സ്വീകരിക്കുന്നത്? പാപങ്ങൾക്ക് മാപ്പു ചോദിച്ചുകൊണ്ട്, മാനസ്സാന്തരപ്പെടുന്നതിനുള്ള, കൂടുതൽ നന്നാകുന്നതിനുള്ള, സന്നദ്ധതയുടെ അടയാളമായിരുന്ന ഒരു അനുതാപ കർമ്മം  അടങ്ങിയതായിരുന്നു യോഹന്നാൻറെ മാമ്മോദീസാ. യേശുവിന് തീർച്ചയായും അത് ആവശ്യമില്ലായിരുന്നു.

നമ്മിലൊരുവനെപ്പോലെ ആയിത്തീരുന്ന ദൈവസുതൻ

 

വാസ്തവത്തിൽ സ്നാപക യോഹന്നാൻ എതിർക്കാൻ ശ്രമിക്കുന്നു, പക്ഷേ യേശു നിർബന്ധിക്കുന്നു. അത് എന്തുകൊണ്ട് ? കാരണം, പാപികളോടൊപ്പമായിരിക്കാൻ അവിടന്ന് ആഗ്രഹിക്കുന്നു: അതുകൊണ്ടാണ് അവൻ അവരോടൊപ്പം അണിനിരന്ന് അവരെപ്പോലെ തന്നെ ചെയ്യുന്നത്. ആരാധനാഗീതത്തിൽ പറയുന്നതുപോലെ, "നഗ്നമായ ആത്മാവോടും നഗ്നമായ പാദങ്ങളോടും" സമീപിച്ചവരുടെ (ജനങ്ങളുടെ) മനോഭാവത്തോടെയാണ് അവിടന്ന് അത് ചെയ്യുന്നത്. നഗ്നമായ ആത്മാവ്, അതായത്, യാതൊന്നും മറയ്ക്കാത്ത പാപി. യേശു ചെയ്യുന്നത് ഇതാണ്, നമ്മുടെ അവസ്ഥയിൽ ആമഗ്നനാകുന്നതിനായി യേശു നദിയിലിറങ്ങുന്നു. സ്നാനം, വാസ്തവത്തിൽ, അർത്ഥമാക്കുന്നത് "നിമജ്ജനം" എന്നാണ്. തൻറെ ശുശ്രൂഷയുടെ ആദ്യ ദിവസം, യേശു അവിടത്തെ “പദ്ധതിയുടെ പ്രകടന പത്രിക” പ്രദാനം ചെയ്യുന്നു.  ഒരു പരമാധികാര തീരുമാനമോ ബലപ്രയോഗമോ ഒരു ഉത്തരവോ കൊണ്ട് ഉന്നതത്തിലിരുന്നു നമ്മെ രക്ഷിക്കുകയല്ല താൻ ചെയ്യുന്നതെന്ന് അവിടന്ന് നമ്മോട് പറയുന്നു, അവിടന്ന് അങ്ങനെയല്ല ചെയ്യുന്നത്: അവിടന്ന് നമ്മെ രക്ഷിക്കുന്നത് നമ്മുടെ അടുത്തേക്കു വരുകയും നമ്മുടെ പാപങ്ങൾ സ്വയം ഏറ്റെടുക്കുകയും ചെയ്തുകൊണ്ടാണ്.

സാമീപ്യം ദൈവത്തിൻറെ ശൈലി

ഇതാ. ഇങ്ങനെയാണ് ദൈവം ലോകത്തിൻറെ തിന്മയെ ജയിക്കുന്നത്: സ്വയം താഴ്ത്തിക്കൊണ്ട് ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട്. നമുക്കും മറ്റുള്ളവരെ ഉയർത്താൻ കഴിയുന്ന മാർഗ്ഗം കൂടിയാണിത്: വിധിച്ചുകൊണ്ടല്ല,     എന്തുചെയ്യണമെന്ന് നിർദ്ദേശിച്ചുകൊണ്ടല്ല, മറിച്ച് മറ്റുള്ളവരുടെ ചാരെ ആയിരുന്നുകൊണ്ടും, സഹനത്തിൽ പങ്കുചേർന്നുകൊണ്ടും, ദൈവസ്നേഹം പങ്കുവച്ചുകൊണ്ടുമാണ്. അടുപ്പം എന്നത് നമ്മുടെ കാര്യത്തിൽ ദൈവത്തിൻറെ ശൈലിയാണ്; അവിടന്നു തന്നെ അത് മോശയോട് പറയുന്നു: "നിങ്ങൾ ചിന്തിച്ചുനോക്കൂ: ഞാൻ നിങ്ങളുടെ ചാരെയുള്ളതു പോലെ തങ്ങളുടെ ദേവന്മാർ അടുത്തുള്ള ഏതു ജനതയുണ്ട്?” നമ്മുടെ  കാര്യത്തിൽ ദൈവത്തിൻറെ രീതിയാണ് അടുപ്പം.

ദൈവത്തിൻറെ സ്വയാവിഷ്ക്കാരം കാരുണ്യത്തിൽ

യേശുവിൻറെ അനുകമ്പയുടെ ഈ പ്രവർത്തിക്കുശേഷം, അസാധാരണമായ ഒരു കാര്യം സംഭവിക്കുന്നു: ആകാശം തുറക്കുകയും ഒടുവിൽ ത്രിത്വം വെളിപ്പെടുകയും ചെയ്യുന്നു. പരിശുദ്ധാത്മാവ് ഒരു പ്രാവിൻറെ രൂപത്തിൽ ഇറങ്ങുന്നു (മർക്കൊ 1:10) പിതാവ് യേശുവിനോട് പറയുന്നു: "നീ എൻറെ പ്രിയ പുത്രൻ ആകുന്നു" (Mc 1,11). കരുണ പ്രത്യക്ഷപ്പെടുമ്പോൾ ദൈവം സ്വയം വെളിപ്പെടുന്നു. ഇത് മറക്കരുത്: കരുണ പ്രത്യക്ഷപ്പെടുമ്പോൾ ദൈവം സ്വയം ആവിഷ്കൃതനാകുന്നു, കാരണം അത് അവിടത്തെ മുഖമാണ്. യേശു പാപികളുടെ ദാസനായിത്തീരുന്നു, പുത്രനായി പ്രഖ്യാപിക്കപ്പെടുന്നു; അവൻ നമ്മിലേക്കു താഴുകയും ആത്മാവ് അവൻറെ മേൽ ഇറങ്ങുകയും ചെയ്യുന്നു. സ്നേഹം സ്നേഹത്തെ വിളിക്കുന്നു. ഇത് നമുക്കും ബാധകമാണ്: ഓരോ സേവനത്തിലും, നാം ചെയ്യുന്ന എല്ലാ കാരുണ്യ പ്രവർത്തനങ്ങളിലും, ദൈവം ആവിഷ്കൃതനാകുന്നു, ദൈവം ലോകത്തെ ഉറ്റുനോക്കുന്നു. ഇത് നമുക്കും ബാധകമാണ്.

കരുണയാൽ മുദ്രിത ജീവിതം

പക്ഷേ, നാം എന്തെങ്കിലും ചെയ്യുന്നതിന് മുമ്പുതന്നെ, നമ്മുടെ ജീവിതം നമ്മുടെ മേലുള്ള കാരുണ്യത്താൽ മുദ്രിതമായിരിക്കുന്നു. നാം സൗജന്യമായി രക്ഷിക്കപ്പെട്ടിരിക്കുന്നു. രക്ഷ സൗജന്യമാണ്. നമ്മുടെ കാര്യത്തിൽ ദൈവത്തിൻറെ സൗജന്യമായ പ്രവർത്തിയാണിത്. നമ്മുടെ മാമ്മോദീസാദിനത്തിലാണ് കൗദാശികമായി ഇത് ചെയ്യുന്നത്; എന്നാൽ സ്നാനമേൽക്കാത്തവർക്കും എപ്പോഴും ദൈവത്തിൻറെ കരുണ ലഭിക്കുന്നു, കാരണം ദൈവം അവിടെയുണ്ട്, അവിടന്ന് കാത്തിരിക്കുന്നു, ഹൃദയവാതിലുകൾ തുറക്കുന്നതും പ്രതീക്ഷിച്ച് അവിടന്നിരിക്കുന്നു. അവിടന്ന് അടുത്തേക്കുവരുന്നു, അവിടന്ന് തൻറെ കാരുണ്യത്താൽ നമ്മെ തലോടുന്നു എന്നു ഞാൻ പറയും.

പരിശുദ്ധ അമ്മയുടെ സഹായം

നമ്മുടെ അനന്യത, അതായത്, വിശ്വാസത്തിൻറെയും ജീവിതത്തിൻറെയും അടിസ്ഥാനമായ "കാരുണ്യം ലഭിച്ചവർ" എന്ന അന്യത, കാത്തുസൂക്ഷിക്കാൻ നാം ഇപ്പോൾ വിളിച്ചപേക്ഷിക്കുന്ന പരിശുദ്ധ കന്യകാമറിയം നമ്മെ സഹായിക്കട്ടെ.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു. 

അമേരിക്കയ്ക്ക് വേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നു

ആശീർവ്വാദാനന്തരം പാപ്പാ, അമേരിക്കൻ ഐക്യനാടുകളിൽ വാഷിംഗ്ടണിൽ പാർലിമെൻറ് യോഗം ചേരുന്ന കാപ്പിറ്റോൾ മന്ദിരത്തിനു നേർക്ക് ഈയിടെ  നടന്ന ആക്രമണത്തെക്കുറിച്ചു സൂചിപ്പിച്ചു.

അന്നാടിനെ നടുക്കിയ ഈ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ 5 പേർക്കുവണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

ആത്മവിനാശകരമായ അക്രമപ്രവർത്തനങ്ങൾ

അക്രമം എല്ലായ്പ്പോഴും ആത്മവിനാശകരമാണെന്നും  അക്രമത്തിലൂടെ ഒന്നും നേടുകയല്ല മറിച്ച്,  എന്നും ഏറെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുകയെന്ന വസ്തുത പാപ്പാ അനുസ്മരിച്ചു.

എല്ലാവർക്കും ആശ്വാസം പകരാനും ദേശീയ അനുരഞ്ജനം പരിപോഷിപ്പിക്കാനും അമേരിക്കൻ സമൂഹത്തിൽ വേരൂന്നിയ ജനാധിപത്യമൂല്യങ്ങൾ സംരക്ഷിക്കാനും വേണ്ടി ഉന്നതമായ ഉത്തരവാദിത്വബോധം പുലർത്താൻ പാപ്പാ രാഷ്ട്രാധികാരികളെയും ജനങ്ങളെയും ആഹ്വാനം ചെയ്തു.

പൊതുനന്മ പടുത്തുയർത്തുന്നതിനുള്ള രാജവീഥിയെന്ന നിലയിൽ സമാഗമസംസ്കൃതിയെയും സേവന സംസ്ക്കാരത്തെയും സജീവമാക്കി നിറുത്താൻ അമേരിക്കൻ ഐക്യനാടുകളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥയായ അമലോത്ഭവ കന്യക സഹായിക്കട്ടെയെന്ന് പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

യേശുവിൻറ മാമ്മോദീസാത്തിരുന്നാളിൽ വത്തിക്കാനിൽ സിസ്റ്റയിൻ കപ്പേളയിൽ വച്ച് നവജാത ശിശുക്കൾക്ക് ജ്ഞാനസ്നാനം നല്കുന്ന പതിവ് ഇക്കൊല്ലം കോവിദ് 19 മഹാമാരിമൂലം തനിക്ക് തെറ്റിക്കേണ്ടി വന്നത് പാപ്പാ അനുസ്മരിക്കുകയും മാമ്മോദീസാ സ്വീകരിക്കുന്നതിനു വണ്ടി പേരു നല്കിയിരുന്ന ശിശുക്കൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ കുഞ്ഞുങ്ങളുടെ തലതൊട്ടപ്പന്മാർക്കും തലതൊട്ടമ്മമാർക്കും തൻറെ പ്രാർത്ഥന ഉറപ്പു നല്കുകയും ചെയ്തു.

സാധാരണ കാര്യങ്ങളെ അസാധാരണങ്ങളാക്കി മാറ്റുന്ന സ്നേഹം

തിരുപ്പിറവിക്കാലം കഴിഞ്ഞ്, ആരാധനാക്രമത്തിലെ സാധാരണകാലം തിങ്കളാഴ്ച (11/01/21) ആരംഭിക്കുന്നതിനെക്കുറിച്ചും സൂചിപ്പിച്ച പാപ്പാ, സാധാരണകാര്യങ്ങൾ സ്നേഹത്തോടെ ചെയ്തുകൊണ്ട് അവയെ അസാധാരണങ്ങളാക്കി മറ്റാൻ കഴിയുന്നതിനുവേണ്ടി പരിശുദ്ധാരൂപിയുടെ വെളിച്ചവും ശക്തിയും മടുപ്പുകൂടാതെ അപേക്ഷിക്കാൻ മാർപ്പാപ്പാ എല്ലാവരെയും ക്ഷണിച്ചു സ്നേഹം സകലത്തെയും പരിവർത്തനം ചെയ്യുമെന്ന് ഉദ്ബോധിപ്പിക്കുകയും ചെയ്തു.  

സമാപനാശംസ

തദ്ദനന്തരം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവർക്കും നല്ല ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട് ത്രികാലപ്രാർത്ഥനാപരിപാടിക്ക് സമാപനം കുറിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

11 January 2021, 11:46