തിരയുക

ഒരു വൃദ്ധയെ ആശ്ലേഷിക്കുന്ന ഫ്രാൻസീസ് പാപ്പാ, 2015 ജൂലൈ 05-13 വരെ എക്വദോർ, ബൊളീവിയ, പരഗ്വായ് എന്നിവിടങ്ങളിൽ നടത്തിയ അപ്പസ്തോലിക പര്യടന വേളയിൽ. ഒരു വൃദ്ധയെ ആശ്ലേഷിക്കുന്ന ഫ്രാൻസീസ് പാപ്പാ, 2015 ജൂലൈ 05-13 വരെ എക്വദോർ, ബൊളീവിയ, പരഗ്വായ് എന്നിവിടങ്ങളിൽ നടത്തിയ അപ്പസ്തോലിക പര്യടന വേളയിൽ. 

സഹോദരങ്ങളെക്കുറിച്ച് കരുതലുള്ളവരാകുക, പൊതുഭവനത്തെ പരിപാലിക്കുക!

സ്വന്തം താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതിനും പോരാട്ടത്തിനുമുള്ള പ്രലോഭനം നമ്മിൽ ശക്തമാണെന്ന് മാർപ്പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഏറ്റം ദുർബ്ബലർക്കും പ്രതികൂല സാഹചര്യങ്ങളിൽ കഴിയുന്നവർക്കും പ്രാധാന്യം കല്പിച്ചുകൊണ്ട് പൊതുനന്മോന്മുഖമായി ദൈവസഹായത്തോടെ സംഘാതമായി യത്നിക്കുന്നതിന് ആനുപാതികമായി കാര്യങ്ങൾ മെച്ചപ്പെടുമെന്ന് മാർപ്പാപ്പാ.

ഞായറാഴ്ച (03/01/21) മദ്ധ്യാഹ്നത്തിൽ, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ സ്വകാര്യ ഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യമാദ്ധ്യമങ്ങളിലൂടെ നയിച്ച ത്രികാലപ്രാർത്ഥനയുടെ സമാപനത്തിൽ ആശീർവ്വാദനന്തര അഭിവാദനവേളയിലാണ് ഫ്രാൻസീസ് പാപ്പാ അപരൻറെ കാര്യത്തിൽ നമുക്കുണ്ടായിരിക്കേണ്ട കരുതലിനെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

സ്വന്തം താല്പര്യങ്ങൾ മാത്രം സംരക്ഷിക്കുന്നതിനും പോരാട്ടത്തിനുമുള്ള പ്രലോഭനം  നമ്മിൽ  ശക്തമാണെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

സാമ്പത്തിക വീക്ഷണത്തിൽ മാത്രം ശ്രദ്ധയൂന്നുക, സുഖഭോഗങ്ങളിൽ മുഴുകി ജീവിക്കുക, അതായത്, സ്വന്തം ഇഷ്ടങ്ങളെ മാത്രം തൃപ്തിപ്പെടുത്തി ജീവിക്കുക തുടങ്ങിയവ പാപ്പാ ഉദാഹരണങ്ങളായി ചൂണ്ടിക്കാട്ടി.

കോവിദ് 19 മഹാമാരിയുടെ ഫലമായി രാജ്യം മൊത്തത്തിൽ അടച്ചുപൂട്ടിയ ഒരവസ്ഥയിലായിരുന്നപ്പോൾ, അതായത്, ലോക്ഡൗൺ കാലത്ത് കുറെയാളുകൾ  അവരുടെ വീടുകളിൽ കഴിയുന്നവരെയൊ, ലോക്ഡൗൺ മൂലം കഷ്ടപ്പെടുന്നവരെയൊ, രോഗികളെയൊ കുറിച്ചൊന്നും ചിന്തിക്കാതെ അവധിക്കാലം ആഘോഷകരമാക്കുന്നതിന് നാല്പതിലേറെ വിമാനങ്ങളിലായി യാത്രപുറപ്പെട്ട, താൻ മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ, സംഭവം അനുസ്മരിച്ച പാപ്പാ, അവധിക്കാലാസ്വാദനവും സ്വന്തം സുഖവും മാത്രമായിരുന്നു അവരുടെ ലക്ഷ്യമെന്നും അത് തന്നിൽ ഏറെ വേദനയുളവാക്കിയെന്നും പറഞ്ഞു.

പുത്തനാണ്ട് നമുക്കായി കരുതിവച്ചിരിക്കുന്നത് എന്താണെന്ന് ആർക്കുമറിയില്ലെങ്കിലും പരസ്പരം പരിചരിക്കുന്നതിനും, സൃഷ്ടിയെയും നമ്മുടെ പൊതുഭവനത്തെയും പരിപാലിക്കുന്നതിനും അല്പം കൂടുതൽ പരിശ്രമിക്കുകയും കൂട്ടായി യത്നിക്കുകയും ചെയ്യാൻ നമുക്ക് സാധിക്കുമെന്ന് പാപ്പാ പ്രസ്താവിച്ചു.

പുതുവർഷം കൂടുതലായ യാതനകളിൽ തുടക്കം കുറിക്കുന്നവരെ, അതായത്, രോഗികളെയും തൊഴിലില്ലാത്തവരെയും അടിച്ചമർത്തലിൻറെയോ ചൂഷണത്തിൻറെയയോ സാഹചര്യങ്ങളിൽ കഴിയുന്നവരെയും പാപ്പാ പ്രത്യേകം അനുസ്മരിക്കുകയും അഭിവാദ്യം ചെയ്യുകയും ചെയ്തു.

എല്ലാ കുടുംബങ്ങളെയും, പ്രത്യേകിച്ച് കുട്ടികളുള്ള അല്ലെങ്കിൽ ഒരു കുഞ്ഞിൻറെ ജനനം പ്രതീക്ഷിച്ചു കഴിയുന്ന കുടുംബങ്ങളെ പാപ്പാ സ്നേഹപൂർവ്വം അനുസ്മരിച്ചു.

ജനനം എന്നും പ്രതീക്ഷയുടെ വാഗ്ദാനമാണെന്ന് പറഞ്ഞ പാപ്പാ ജനനം പാർത്തിരിക്കുന്ന കുടുംബങ്ങളുടെ ചാരെ താനുണ്ടെന്ന് ഉറപ്പുനല്കുകയും പ്രസ്തുത കുടുംബങ്ങൾക്കയി ദൈവാനുഗ്രഹം പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു.

 

 

04 January 2021, 08:57