സ്ത്രീകള്‍ക്കും ഇനി അള്‍ത്താര ശുശ്രൂഷകരാകാം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. സ്ത്രീകളും അള്‍ത്താര ശുശ്രൂഷയ്ക്ക്...
ജനുവരി 11, തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയ Spiritus Domini, “ദൈവത്തിന്‍റെ അരൂപി” എന്ന പാപ്പാ ഫ്രാന്‍സിസിന്‍റെ സ്വാധികാര പ്രബോധനത്തിലൂടെയാണ് (Motu Proprio) ആരാധനക്രമത്തില്‍ ശുശ്രൂഷകരായി, പ്രത്യേകിച്ച് വചനപാരായണത്തിനും (lectors), ദിവ്യബലിയിലെ അള്‍ത്താര ശുശ്രൂഷകരായും (Acolites) സ്ത്രീകള്‍ക്കും പങ്കുചേരാമെന്ന വസ്തുത വത്തിക്കാന്‍ സ്ഥിരീകരിച്ചത്. സ്ത്രീകള്‍ അള്‍ത്താര ശുശ്രൂഷകരാകുന്ന പതിവ് കേരളത്തില്‍ നിലവില്‍ ഇല്ലെങ്കിലും, അവര്‍ വചനപാരായണത്തിലും ദിവ്യകാരുണ്യം വിശ്വാസികള്‍ക്ക് നല്കുന്നതുമായ പതിവ് പ്രാദേശിക സഭയില്‍ നിലനില്കെയാണ് പാപ്പാ ഫ്രാന്‍സിസ് തന്‍റെ “സ്വാധികാര പ്രബോധന”ത്തിലൂടെ അള്‍ത്താര ശുശ്രൂഷയില്‍ സ്ത്രികള്‍ക്കുള്ള അധികാരം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്.
2. കാനോന നിയമത്തില്‍ ഭേദഗതി
ആരാധനക്രമ കാര്യങ്ങളില്‍ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച് നിലവിലുള്ള സഭയുടെ കാനോന നിയമം 230 ഭേദഗതി ചെയ്തുകൊണ്ടാണ് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ തുറന്നിട്ട നവീകരണത്തിന്‍റെ ചക്രവാളം ജ്ഞാനസ്നാനം സ്വീകരിച്ചിട്ടുള്ള എല്ലാവര്‍ക്കുമായി - പുരുഷന്മാര്‍ക്കു മാത്രമായിട്ടല്ല സ്ത്രീകള്‍ക്കായും പാപ്പാ ഫ്രാന്‍സിസ് തുറന്നിടുന്നതെന്ന് വത്തിക്കാന്‍റെ പ്രസ്താവന വ്യക്തമാക്കി.
3. ജ്ഞാനസ്നാനംവഴി ലഭിക്കുന്ന പൗരോഹിത്യപദവി
ജ്ഞാനസ്നാനംവഴി ക്രൈസ്തവ മക്കള്‍ക്കു ലഭിക്കുന്ന സമുന്നതമായ ക്രൈസ്തവ പദവിയുടെയും ക്രിസ്തുവിന്‍റെ പൗരോഹിത്യത്തിലുള്ള പങ്കാളിത്തത്തിന്‍റെയും പ്രത്യക്ഷമായ അംഗീകാരമാണ് അല്‍മായരെ - സ്ത്രീകളെന്നോ പുരുഷന്മാരെന്നോ ഉള്ള വകഭദമില്ലാതെ വചനപാരായണത്തിനായും അള്‍ത്താര ശുശ്രൂഷകരായും അംഗീകരിക്കുന്നതെന്നും പാപ്പാ ഫ്രാന്‍സിസ് തന്‍റെ പ്രബോധനത്തില്‍ വ്യക്തമാക്കുന്നുണ്ട്.