തിരയുക

Vatican News
ഫയൽ ചിത്രം - അപ്പസ്തോലിക അരമനയിൽ ഫയൽ ചിത്രം - അപ്പസ്തോലിക അരമനയിൽ  (Vatican Media)

കരുതലിന്‍റെ സംസ്‌കാരമാണ് സമാധാനത്തിനുള്ള വഴി

പാപ്പാ ഫ്രാൻസിസ് പ്രബോധിപ്പിച്ച ലോകസമാധാന ദിനത്തിൽനിന്നും അടർത്തിയെടുത്തത്.

- ഫാദർ വില്യം നെല്ലിക്കൽ

ജനുവരി 30 മഹാത്മഗാന്ധിയുടെ സമാധിദിനത്തോടു ചേർന്നുവരുന്ന ഞായറാഴ്ച ഭാരതത്തിൽ ലോകസമാധാനദിനമായി ആചരിക്കും. ലോകത്തിന് എന്നും ആവശ്യമായ കരുതലിന്‍റെ സംസ്കാരത്തെക്കുറിച്ച് പാപ്പാ ഫ്രാൻസിസ് ഈ വർഷം പ്രബോധിപ്പിച്ച വിശ്വശാന്തി ദിനസന്ദേശം ദേവാലയങ്ങളിൽ വായിക്കും.

1. കെടുതികളുമായി കടന്നുപോയ 2020
രാജ്യാതിര്‍ത്തികൾ ഒന്നും  ബാധകമല്ലാത്ത ഒരു ആഗോള പ്രതിഭാസമായി മാറിയ കോവിഡ് 19 മഹാമാരിയുടെ കെടുതികളാൽ അടയാളപ്പെടുത്തിയ ഒരു വര്‍ഷമായിരുന്നു 2020. തുടർന്ന് 2021-ഉം. കാലാവസ്ഥയിലും ഭക്ഷ്യലഭ്യതയിലും സമ്പദ്ഘടനയിലും കുടിയേറ്റങ്ങളിലും പരസ്പര ബന്ധിതമായ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ട് കടുത്ത യാതനകള്‍ക്കും ദുരിതങ്ങള്‍ക്കും അത് ഇടയാക്കി. കുടുംബാംഗങ്ങളെയും ഉറ്റവരെയും നഷ്ടപ്പെട്ടവര്‍ക്കും തൊഴില്‍ നഷ്ടമായവര്‍ക്കും ഇത് കനത്ത ആഘാതമായിരുന്നു. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും സന്നദ്ധസേവകര്‍ക്കുമെല്ലാം നേരിടേണ്ടിവന്ന കനത്ത വെല്ലുവിളികളെക്കുറിച്ചും പാപ്പാ സന്ദേശത്തിന്‍റെ ആരംഭത്തിൽത്തന്നെ അനുസമരിക്കുന്നു.  രോഗികളായവരെ പരിചരിക്കുവാനും അവരുടെ ദുരിതങ്ങള്‍ ലഘൂകരിക്കുവാനും ജീവന്‍ രക്ഷിക്കുവാനും നടത്തിയ ത്യാഗശ്രമങ്ങള്‍ക്കിടയില്‍ ഇവരില്‍ പലരും സ്വജീവന്‍ ബലികഴിക്കുകയുണ്ടായി. അവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ട്, കോവിഡ് 19 വാക്‌സിന്‍ നിര്‍ദ്ധനരും രോഗികളും ദുര്‍ബലരുമായ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ലഭ്യമാക്കുവാന്‍ രാഷ്ട്രനേതാക്കളോടും സ്വകാര്യമേഖലയിലുള്ള ആരോഗ്യഗവേഷണ സ്ഥാപനങ്ങളോടും പാപ്പാ അഭ്യര്‍ത്ഥിക്കുന്നുണ്ട്.

ദുഃഖകരമെന്നു പറയട്ടെ, സ്‌നേഹത്തിന്‍റെയും ഐക്യദാര്‍ഢ്യത്തിന്‍റെയും സാക്ഷ്യംവഹിക്കുന്ന സംഭവങ്ങള്‍ക്കൊപ്പം വിവിധ രൂപങ്ങളിലുള്ള ദേശീയവാദവും വംശീയതയും സംഘര്‍ഷങ്ങളും ഇതിനിടയിൽ തലപൊക്കുന്നത് ഖേദകരമെന്ന് പാപ്പാ ചൂണ്ടിക്കാട്ടുന്നു. മരണവും വിനാശവും മാത്രമേ അവ സൃഷ്ടിക്കൂ. കൂടുതല്‍ സാഹോദര്യമുള്ള ഒരു സമൂഹം പടുത്തുയര്‍ത്തുന്നതിന് ഓരോരുത്തരും പരസ്പരം കരുതല്‍ നല്‍കേണ്ടതിന്‍റെ ആവശ്യകത ഈ സംഭവവികാസങ്ങള്‍ നമ്മെ പഠിപ്പിക്കുന്നില്ലേയെന്ന് സകലരോടുമായി പാപ്പാ ചോദിക്കുന്നു.

ഈ വര്‍ഷത്തെ സന്ദേശത്തിന് 'കരുതലിന്‍റെ സംസ്‌കാരമാണ് സമാധാനത്തിലേക്കുള്ള പാത' എന്ന് ശീര്‍ഷകം നല്‍കാന്‍ താൻ തീരുമാനിച്ചത് അതുകൊണ്ടാണെന്നും പാപ്പാ വ്യക്തമാക്കുന്നു. നമ്മുടെ കാലത്ത് ആധിപത്യം പുലര്‍ത്തുന്ന നിസ്സംഗതയുടെയും പാഴാക്കലിന്‍റെയും സംഘര്‍ഷത്തിന്‍റെയും സംസ്‌കാരത്തെ നേരിടാനുള്ള ഒരു വഴി കരുതലിന്‍റെ സംസ്‌കാരമാണെന്ന് പാപ്പാ തുടർന്നു വ്യക്തമാക്കുന്നു.

2. കരുതലുള്ള ജീവിതത്തിന്‍റെ  ഉറവിടം സ്രഷ്ടാവായ ദൈവമാണ്.
സ്രഷ്ടാവുമായും പ്രകൃതിയുമായും ഒപ്പമുള്ള സ്ത്രീപുരുഷന്മാരുമായുള്ള  നമ്മുടെ ബന്ധത്തെക്കുറിച്ചും മനുഷ്യജീവിയുടെ ഉത്ഭവത്തെക്കുറിച്ചും വിവിധ മത പാരമ്പര്യങ്ങളുടെ വിവരണങ്ങളുണ്ട്. മാനവരാശിക്കുവേണ്ടിയുള്ള ദൈവികപദ്ധതിയില്‍ കരുതലിനും സംരക്ഷണത്തിനുമുള്ള പ്രാധാന്യത്തെക്കുറിച്ച് ബൈബിളിലെ ഉല്‍പത്തി പുസ്തകത്തിന്‍റെ ആദ്യപേജുകളില്‍തന്നെ കാണാം. മനുഷ്യനും (അദാമ) ഭൂമിയും (അദാമാ) തമ്മിലുള്ള ബന്ധത്തെയാണ് അത് എടുത്തുകാട്ടുന്നത്, ഒപ്പം ചുറ്റുമുള്ള സ്ത്രീ പുരുഷന്മാരുമായുള്ള ബന്ധത്തെയും. സൃഷ്ടിയെക്കുറിച്ചുള്ള ബൈബിളിലെ വിവരണത്തില്‍, ഏദനില്‍ നട്ടു വളര്‍ത്തിയ തോട്ടത്തെ ദൈവം ആദാമിന്‍റെ ചുമതലയില്‍ ''ഉഴുവാനും കാത്തുസൂക്ഷിക്കുവാനും'' ഏല്‍പ്പിക്കുന്നു (ഉല്‍പത്തി 2:8). ഭൂമിയെ ഫലം പുറപ്പെടുവിക്കുന്നതാക്കി പരിപാലിക്കാനാണ് ഈ ചുമതല.

''ഉഴുക'', ''പരിപാലിക്കുക'' എന്നീ ക്രിയാപദങ്ങള്‍ തന്‍റെ ഉദ്യാന ഭവനവുമായുള്ള ആദത്തിന്‍റെ ബന്ധത്തെ മാത്രമല്ല, എല്ലാ സൃഷ്ടികളുടെയും ഉടമയും കാവല്‍ക്കാരനുമാക്കുന്നതിലൂടെ ദൈവം ആദത്തില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസവും പ്രതിഫലിപ്പിക്കുന്നുണ്ട്.

3. സഹോദരബന്ധം
കായേന്‍റെയും ആബേലിന്‍റെയും ജനനത്തോടെ സഹോദര ജീവിതത്തിന്‍റെ ചരിത്രവും ആരംഭിക്കുന്നു. ''കരുതലി''ന്‍റെയും ''സംരക്ഷണത്തിന്‍റെ''യും ഉപാധികളോടെയാണ് ആ ബന്ധമെന്ന് അവര്‍ക്ക് അറിയാമായിരുന്നു. തെറ്റായ വിധത്തില്‍ ആണെങ്കിലും, എന്തിന് കായേനുപോലും അത് മനസ്സിലായിരുന്നു. തന്‍റെ സഹോദരനായ ആബേലിനെ കൊന്നതിനു ശേഷം, ദൈവത്തിന്‍റെ ചോദ്യത്തിന് കായേന്‍ പറയുന്ന മറുപടി ഇതാണ് ''ഞാനെന്‍റെ സഹോദരന്‍റെ സൂക്ഷിപ്പുകാരനാണോ?'' (ഉല്‍പത്തി 4:9). നാമെല്ലാവരെയും പോലെ കായേനും തന്‍റെ സഹോദരന്‍റെ ''സൂക്ഷിപ്പുകാരനാകാന്‍'' വിളിക്കപ്പെട്ടവനാണ്. പ്രതീകാത്മകത നിറഞ്ഞ ഈ പുരാണ കഥകള്‍ ഇന്നു പങ്കുവെയ്ക്കുന്ന എല്ലാവരും പരസ്പരബന്ധിതരാണ് എന്ന ബോധ്യത്തിന് സാക്ഷ്യംവഹിക്കുന്നു. സാഹോദര്യവും നീതിയും അപരനോടുള്ള വിശ്വസ്തതയും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധത്തില്‍നിന്നും നമ്മുടെ ജീവിതത്തോടുള്ള യഥാര്‍ത്ഥ കരുതലില്‍നിന്നും വേര്‍പെടുത്താനാവാത്തതാണെന്ന് പാപ്പാ സന്ദേശത്തിൽ ഉദ്ബോധിപ്പിക്കുന്നു.

(തുടരും...).

 

28 January 2021, 15:48