തിരയുക

യുവജന ശക്തിയുടെ സംഗമം യുവജന ശക്തിയുടെ സംഗമം 

"ക്രിസ്തു ജീവിക്കുന്നു”:യൗവ്വനത്തിൽ ആയിരിക്കാനുള്ള അനേകം മാർഗ്ഗങ്ങൾ

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 68ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

മൂന്നാം അദ്ധ്യായം:നിങ്ങൾ ദൈവത്തിന്റെ "ഇപ്പോൾ" ആകുന്നു

മൂന്നാമത്തെ അദ്ധ്യായം ഇന്നത്തെ യുവജനങ്ങളുടെ അവസ്ഥ വിവരിക്കുന്നു: അനേകം യുവജനങ്ങൾ പ്രത്യയശാസ്ത്രങ്ങളാൽ പിടിക്കപ്പെടുന്നു. മറ്റുള്ളവരെ നശിപ്പിക്കാനോ ഭയപ്പെടുത്താനോ പരിഹസിക്കാനോ അവരെ ഉപയോഗിക്കുന്നു. അവരിൽ അനേകർ വ്യക്തി പ്രാധാന്യവാദികളായി തീരുന്നു. മറ്റുള്ളവരോടു ശത്രുതയോ അവിശ്വസ്ഥതയോ കാണിക്കുന്നു. അവർ അങ്ങനെ രാഷ്ടീയ ഗ്രൂപ്പുകളുടേയും സാമ്പത്തിക ശക്തികളുടേയും മൃഗീയവും നാശോന്മുഖവുമായ തന്ത്രങ്ങൾക്ക് എളുപ്പമുള്ള ലക്ഷ്യമായി തീരുന്നു. കുടിയേറ്റക്കാരുടെ നിസ്സഹായത, ദുരുപയോഗിക്കപ്പെട്ട ഇരകൾ എന്നിങ്ങനെയുള്ള കറുത്ത പാടുകൾക്ക് മദ്ധ്യേയും തന്റെ സഭയെ ഒരിക്കലും ഉപേക്ഷിക്കാത്ത കർത്താവായ യേശുവിലേക്ക്" ഈ അദ്ധ്യായം വിരൽചൂണ്ടുന്നു.

68.യൗവ്വനത്തിൽ ആയിരിക്കാനുള്ള അനേകം മാർഗ്ഗങ്ങൾ

ഇന്നത്തെ യുവജനത്തിന്റെ  ഒരു രേഖാ ചിത്രം വരയ്ക്കാൻ നമുക്ക് പരിശ്രമിക്കാവുന്നതാണ്. എന്നാൽ ഒന്നാമതായി സിനഡ് പിതാക്കന്മാരുടെ ശബ്ദം ഞാൻ പ്രതിധ്വനിപ്പിക്കാം. അവർ ഇങ്ങനെ നിരീക്ഷിച്ചു." ലോകത്തിന്റെ അനേകം വ്യത്യസ്ത പ്രദേശങ്ങളുടെ സാന്നിധ്യവും സംഭാവനയും വ്യക്തമാക്കി സാർവ്വത്രിക സഭയെന്ന നിലയിലുള്ള നമ്മുടെ സൗന്ദര്യത്തെ സിനഡു ഉയർത്തിക്കാണിച്ചു. വർദ്ധിച്ചു വരുന്ന ആഗോളവത്കരണത്തിന്റെ സാഹചര്യത്തിൽ സിനഡു പിതാക്കന്മാർ ആഗ്രഹിച്ചത് ഇതാണ്: സാഹചര്യങ്ങളുടെയും സംസ്കാരങ്ങളുടെയും അനേകം വ്യത്യാസങ്ങൾ, ഒറ്റരാജ്യത്തിനുള്ളിൽപ്പോലുമുള്ളത് വേണ്ട വിധം ഊന്നിപ്പറയപ്പെടണം. ഇന്നത്തെ യുവജനങ്ങളുടെ ലോകങ്ങൾ അനേകമാണ്. അതു കൊണ്ട് ചില രാജ്യങ്ങളിൽ യുവജനങ്ങൾ എന്ന് ബഹുവചനം ഉപയോഗിച്ചു പറയാനുള്ള പ്രവണത കാണുന്നു. സിനഡു നിശ്ചയിച്ചിട്ടുള്ള പ്രായപരിധി 16 മുതൽ 29 വയസ്സ് എല്ലായിടത്തും ചേരണമെന്നില്ല. വ്യത്യസ്ത കൂട്ടായ്മകളുണ്ട്. ഓരോന്നിനും സ്വന്തം ജീവിതാനുഭവമുണ്ട്. (കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).

യുവജനത്തിന്റെ വ്യത്യസ്ത അനുഭവങ്ങളെ കുറിച്ച് ആഴമായ ചർച്ച യുവജന സിനഡിൽ നടന്നു എന്നതിന്റെ തെളിവാണ് ക്രിസ്തുസ് വിവിത് എന്ന അപ്പോസ്തോലിക പ്രബോധനത്തിന്റെ ഈ അറുപത്തെട്ടാം ഖണ്ഡിക വ്യക്തമാക്കുന്നത്. സാർവ്വത്രീക സഭ എന്ന നിലയിൽ യുവജനങ്ങളുടെ വ്യത്യാസങ്ങളെ തിരിച്ചറിഞ്ഞ സിനഡ് ആ വ്യത്യാസങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകണമെന്ന ആഹ്വാനം കൂടി നൽകുന്നു. യുവജനങ്ങൾക്ക്  വ്യത്യസ്ത കൂട്ടായ്മകളുണ്ടെന്നും അവ ഓരോന്നിനും അതിന്റെയായ ജീവിതാനുഭവമുണ്ടെന്നും സിനഡ് തിരിച്ചറിഞ്ഞു. സാഹചര്യങ്ങളുടെയും സംസ്കാരങ്ങളുടെയും അനേകം വ്യത്യാസങ്ങൾ ഒറ്റ രാജ്യത്തിൽ പോലുമുള്ളതിനെ ചൂണ്ടിക്കാണിച്ച സിനഡ് പിതാക്കന്മാർ ഓരോ ജീവിത അനുഭവങ്ങളെ സ്വീകരിക്കാനുള്ള തുറവു വേണമെന്ന് തുറന്നു പറയുന്നതായി പാപ്പാ ഇവിടെ ചൂണ്ടികാണിക്കുന്നു.

വികസിത രാജ്യങ്ങളിലും, വികസ്വര രാജ്യങ്ങളിലും ജീവിക്കുന്ന യുവജനങ്ങളുടെ ജീവിതവും അനുഭവങ്ങളും വ്യത്യസ്തമാണ്. വികസിത രാജ്യങ്ങളിൽ ജീവിക്കുന്ന യുവജനങ്ങൾക്കു ലഭിക്കുന്ന അവസരങ്ങൾ വികസ്വര രാജ്യങ്ങളിൽ കഴിയുന്ന യുവജനത്തിനു ലഭ്യമല്ല. അന്നന്നുള്ള അപ്പത്തിനും, കുടുംബം പോറ്റാനും, മറ്റു ആവശ്യങ്ങളെ പ്രതി അവർ വിദ്യാഭ്യാസം ഉപേക്ഷിക്കാൻ നിർബന്ധിതരാക്കപ്പെടുന്നു. അതിന്റെ ഫലം യുവജനങ്ങളുടെ സമൂഹത്തിൽ തന്നെ അസമത്വവും, അപകർഷതാ ബോധവും, വിവേചനവും തുടങ്ങി നിരവധി തിന്മകൾക്കു  കാരണമാകുന്നു. ഇത് ഭാവിതലമുറയെയും സ്വാധീനിക്കുന്ന ഘടകമാണ്. ഈ പശ്ചാത്തലങ്ങളിൽ നിന്ന് ലോകത്തിലുള്ള യുവജനങ്ങളെ വിലയിരുത്തുമ്പോൾ അവരിലുള്ള സാധ്യതകളെയും അവർ കണ്ടുമുട്ടേണ്ട സാധ്യതകളെയും സമൂഹത്തിൽ നിന്നും അവർക്കു നൽകാൻ കഴിയും.

യുവജനങ്ങൾക്ക്‌ അനേകം ലോകമുണ്ടെന്ന് സിനഡ് പറഞ്ഞതിനെ പാപ്പാ ഇവിടെ ചൂണ്ടിക്കാണിക്കുന്നു. തങ്ങൾക്കു ലഭിക്കുന്ന അവസരങ്ങളെ പ്രതികൂലമായ സാഹചര്യങ്ങളിലായിരിക്കുമ്പോഴും ശരിയായ  വിധത്തിൽ ഉപയാഗിച്ചു ചരിത്രത്തിൽ തങ്ങളെ അടയാളപ്പെടുത്തുന്നവരും, അനുകൂലമായ സാഹചര്യങ്ങൾ ലഭിച്ചിട്ടും അവയെ  ശരിയായ വിധത്തിൽ വിനിയോഗിക്കാതെ ജീവിതത്തെ അലക്ഷ്യമായി കാണുന്നവരും യുവജനങ്ങളുടെ കൂട്ടത്തിലുണ്ട്.  നമ്മുടെ അനുദിന ജീവിതത്തിൽ എത്ര എത്ര യുവജനങ്ങളാണ് തങ്ങളായിരിക്കുന്ന സമൂഹത്തിനു വേണ്ടി പൊതു പ്രവർത്തനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കുന്നത്. തെരുവീഥികളിലുള്ളവർക്കും അനാഥർക്കും സമൂഹത്താൽ വലിച്ചെറിയപ്പെട്ടവർക്കും വേണ്ടി സ്വന്തം ജീവനും ജീവിതവും ബലിയാക്കുന്ന നന്മ നിറഞ്ഞ അനേകം യുവതി യുവാക്കളെ നമുക്ക് കാണാൻ കഴിയും. അത് പോലെ തന്നെ അമിതമായി സമ്പത്തിനെ ദുർവിനിയോഗം ചെയ്യുകയും കളവിനും കഞ്ചാവിനും മയക്ക മരുന്നിനും അടിമപ്പെട്ടു ധാർമ്മീകതയ്ക്കെതിരായി ജീവിക്കുന്ന യുവജനങ്ങളും സമൂഹത്തിൽ ഉണ്ടെന്ന യാഥാർത്യത്തെ തിരിച്ചറിഞ്ഞു വഴിയരികിൽ നിന്നും നേർവഴിയിലെത്താൻ അവർക്കും സമൂഹം കരം നൽകുമെങ്കിൽ അനേകം യുവജനങ്ങളെ നമുക്ക് നേടാനാകും.

ജന്മം കൊണ്ടും, സ്ഥാനം കൊണ്ടും, ധനം കൊണ്ടും സമൂഹത്തിന്റെ ഔന്നത്യങ്ങളിൽ വാണിരുന്നവർ മുതൽ പാവപ്പെട്ട, സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽപെട്ടവർ വരെ യുവജനക്കൂട്ടത്തിലുണ്ട്. പക്ഷേ അവരിൽ എല്ലാവരിലും ഉണ്ടായിരുന്ന ഒരേ ഒരു പൊതുവായ കാര്യം യേശു അനുഭവം മാത്രമായിരുന്നു. അത്തരം ഒരനുഭവം അവരെ അവരുടെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പുകളിൽ എത്ര സ്വാധീനിച്ചു എന്ന് നമ്മെ കാണിക്കാ൯ തിരഞ്ഞെടുത്ത ഏതാനും വിശുദ്ധരായ യുവതീ യുവാക്കളുടെ ജീവിത മാതൃക നമ്മുടെ മുന്നിൽ ഫ്രാൻസിസ് പാപ്പാ ചൂണ്ടികാണിച്ചു. യുവജന സിനഡിലൂടെ പാപ്പാ ലക്ഷ്യംവെച്ചത് സഭയുടെ മുൻനിരയിൽ യുവജനങ്ങളെ എത്തിക്കാനാണ്. അങ്ങനെ അവരുടെ ഉള്ളിൽ നിറയുന്ന  ദൈവകൃപ സഭയ്ക്കും, സമൂഹത്തിനും ഉപയോഗപ്പെടുത്തനാണ്. അവരുടെ ജീവിതത്തെ വിതച്ച് ഫലമുളവാക്കാനുള്ള ഇടമായി സഭാ മാറണണമെന്ന് പാപ്പാ ആഗ്രഹിക്കുന്നു. ദൈവത്തിന്റെ കൃപ മറ്റുള്ളവരുടെ ജീവിതത്തിൽ നന്മയായി പങ്കുവെയ്ക്കപ്പെടണം.

ദേവാലയങ്ങളിലും, ദേവാലയ ശുശ്രൂഷകളിലും, ആരാധനാ കർമ്മങ്ങളിലും കൗദാശിക ശുശ്രൂഷകളിലും യുവജനങ്ങളുടെ പങ്കും അവരുടെ സാന്നിധ്യവും കുറഞ്ഞുവരുന്ന ഒരു കാലഘട്ടത്തിൽ യുവജനങ്ങളെ മനസ്സിലാക്കുകയും അവർക്ക് സഭയിൽ പ്രവർത്തിക്കാനും അവരുടെ ദീർഘവീക്ഷണങ്ങളെ പ്രകടിപ്പിക്കുവാനുള്ള ഒരിടമായി സഭ മാറുമ്പോൾ സഭയിലൂടെ ക്രിസ്തുവിനെ കണ്ടെത്താനും ക്രിസ്തുവിലൂടെ സഭയുടെ വിശുദ്ധി നിലനിർത്തുവാനും യുവജനങ്ങൾക്ക് കഴിയും. അത്കൊണ്ട് സാർവ്വത്രീക സഭ എന്ന നിലയിൽ യുവജനങ്ങളുടെ വ്യത്യാസങ്ങളെ തിരിച്ചറിഞ്ഞ സിനഡ് ആ വ്യത്യാസങ്ങളെ അംഗീകരിച്ച് മുന്നോട്ടു പോകണമെന്ന ആഹ്വാനം കൂടി നൽകുന്നു.

 

29 January 2021, 11:20