തിരയുക

ഫ്രാൻസീസ് പാപ്പാ ഫ്രാൻസീസ് പാപ്പാ  

പാപ്പാ: ശ്രവണം സാമൂഹ്യമൈത്രിക്ക് അനുപേക്ഷണീയം!

സകലത്തിൻറെയും മേൽ ആധിപത്യം പുലർത്തുന്ന സിദ്ധാന്തങ്ങളും അപരനെ ഇല്ലായ്മചെയ്യുന്നതും അപരനെ അവൻറെ സ്ഥാനത്തിരിക്കാൻ അനുവദിക്കാത്തതുമായ മനഃക്ഷോഭങ്ങളുമാണ് സാമൂഹ്യ സൗഹൃദത്തിൻറെ രണ്ടു വലിയ ശത്രുക്കൾ, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഏകതാനതയും സാഹോദര്യവും പുലർത്തുക, സഹോദരങ്ങളായിരിക്കുക എന്നതാണ് നമ്മുടെ വിളി എന്ന വസ്തുത നാം മറന്നു പോകുന്നുവെന്ന് മാർപ്പാപ്പാ.

തൻറെ ജന്മനാടായ അർജന്തീനയിൽ വ്യാഴാഴ്ച (03/12/20) ആചരിച്ച ഇരുപത്തിമൂന്നാം സാമൂഹ്യ അജപാലനദിനത്തിനേകിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ നമ്മുടെ പ്രവണതകളെയും പാപാവസ്ഥയെയും കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചത്.

പാപവും നമ്മുടെ പ്രവണതകളും മൂലം നാം എല്ലായ്പോഴും ചരിക്കുന്നത് ശത്രുതയിലേക്കാണെന്നും, ആകയാൽ, സാമൂഹ്യ മൈത്രി എന്ന വിഷയം തന്നിൽ ആശങ്കയുളവാക്കുന്നുവെന്നും പാപ്പാ പറഞ്ഞു.

ലോകത്തിലേക്കൊന്നു കണ്ണോടിച്ചാൽ നാം എവിടെയും കാണുന്നത് യുദ്ധം, ശകലിത യുദ്ധങ്ങൾ ആണെന്നും ഇത് സാമൂഹ്യ സൗഹൃദമല്ലെന്നും പാപ്പാ വിശദീകരിച്ചു.

സംഭാഷണത്തിലേർപ്പടാൻ അറിയാത്തതും ആക്രോശിക്കുന്നതുമായ അനേകം നാടുകളുണ്ടെന്ന വസ്തുതയും പാപ്പാ അനുസ്മരിച്ചു.

തൻറെ ആശയം അപരൻ പറഞ്ഞു കഴിയുന്നതിനു മുമ്പുതന്നെ, അവനെ ശ്രവിക്കാതെ, നാം പ്രത്യുത്തരിക്കുന്ന അവസ്ഥയാണുള്ളതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ശ്രവണത്തിൻറെ അഭാവത്തിൽ, അല്ലെങ്കിൽ, അപരനെ ശ്രവിക്കാത്ത പക്ഷം, സാമൂഹ്യമൈത്രി സാധ്യമല്ലയെന്നും അപരനെ കേൾക്കണമെങ്കിൽ അവന് തന്നോടു പറയാൻ എന്തെങ്കിലും നല്ല കാര്യം ഉണ്ടായിരിക്കുമെന്ന ബോധ്യം ഒരുവൻറെ ഹൃദയത്തിലുണ്ടാകേണ്ടത് ആവശ്യമാണെന്നും പാപ്പാ വ്യക്തമാക്കി.

സകലത്തിൻറെയും മേൽ ആധിപത്യം പുലർത്തുന്ന സിദ്ധാന്തങ്ങളും, അതുപോലെ തന്നെ, പലപ്പോഴും അപരനെ ഇല്ലായ്മചെയ്യുന്നതും അപരനെ അവൻറെ സ്ഥാനത്തിരിക്കാൻ അനുവദിക്കാത്തതുമായ മനഃക്ഷോഭങ്ങളുമാണ് സാമൂഹ്യ സൗഹൃദത്തിൻറെ രണ്ടു വലിയ ശത്രുക്കളെന്ന് പാപ്പാ അഭിപ്രായപ്പെട്ടു.

മനുഷ്യപ്രകൃതിയുടെ ദൃഢതയെ ബലഹീനമാക്കാൻ സിദ്ധാന്തങ്ങൾക്കാകുമെന്നും പാപ്പാ വിശദീകരിച്ചു.

ഇവരണ്ടും, അതായത്, സിദ്ധാന്തങ്ങളും മനഃക്ഷോഭങ്ങളും ലോകമെമ്പാടും സാമൂഹ്യമൈത്രിക്ക് എതിരാകുന്നുണ്ടെന്ന് പാപ്പാ വ്യക്തമാക്കി.

യുദ്ധത്തിനു പുറമെ, കുഞ്ഞുങ്ങൾക്ക് വിദ്യാലയങ്ങളിൽ പോകാനാവാത്ത അവസ്ഥ, പട്ടിണി, ആരോഗ്യപരിപാലന സംവിധാനങ്ങളുടെ അഭാവം, ശുദ്ധജലത്തിൻറെ ദൗർലഭ്യത, മാന്യമായ ജീവിതം നയിക്കുന്നതിന് അനിവാര്യമായ ഏറ്റം ചുരുങ്ങിയ കാര്യങ്ങൾ പോലും ഇല്ലാത്ത അവസ്ഥ എന്നിവമൂലം കഷ്ടപ്പെടുന്നതവരെ സമൂഹത്തിൻറെ അരികുകളിൽ കാണാൻ കഴിയുന്നതിനെക്കുറിച്ചും പാപ്പാ പരാമർശിച്ചു.

ഇവയൊക്കെയാണ്, ലോകത്തിൽ സാമൂഹ്യ മൈത്രിയുടെ അഭാവത്തിൻറെ അടയാളങ്ങളെന്ന് പാപ്പാ പറഞ്ഞു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 December 2020, 10:33