തിരയുക

ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പൊതുദർശന സന്ദേശം നല്കുന്നു, പേപ്പൽഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന്, 02/12/2020 ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ പൊതുദർശന സന്ദേശം നല്കുന്നു, പേപ്പൽഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന്, 02/12/2020 

ശപിക്കാനല്ല, അനുഗ്രഹിക്കാൻ കർത്താവു നമ്മെ പഠിപ്പിക്കട്ട!

ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണം, പ്രാർത്ഥനയുടെ വിവിധ മാനങ്ങളിൽ ഒന്നായ ആശീർവ്വാദത്തെക്കുറിച്ച്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകരക്ഷകൻറെ ആഗമനത്തിന്, ക്രിസ്തുമസ്സിനുള്ള ഒരുക്കത്തിൻറെ സവിശേഷ സമയത്തിലേക്ക്, നാം കടന്നിരിക്കായാണ്. പാശ്ചാത്യസഭയിൽ ആഗമനകാലം എന്നറിയപ്പെടുന്ന ഈ ആരാധനാക്രമ കാലഘട്ടത്തിലെ ആദ്യത്തെ, അതായത് ഈ ബുധനാഴ്ചത്തെ (02/12/20)   പ്രതിവാര പൊതുകൂടിക്കാഴ്ച, ഫ്രാൻസീസ് പാപ്പാ, കഴിഞ്ഞ ആഴ്ചയിലെന്നപോലെ തന്നെ, പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന്  ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ് അനുവദിച്ചത്.

കോവിദ് 19 രോഗസംക്രമണം വീണ്ടും ശക്തിപ്രാപിച്ച പശ്ചാത്തലത്തിൽ ശാരീരിക-സാമൂഹ്യഅകലപാലനം ഉൾപ്പടെയുള്ള രോഗപ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയിൽ, ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കിയിരിക്കുന്നത്. 

പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം നടന്നു. തദ്ദനന്തരം പാപ്പാ, താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനരപരമ്പര തുടർന്നു.  ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ പ്രാർത്ഥനയുടെ ഒരു ഘടകമായ ആശീർവ്വാദത്തെക്കുറിച്ചു വിശദീകരിച്ചു: 

അനുഗ്രഹിക്കുന്ന ദൈവം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന് നാം പ്രാർത്ഥനയുടെ ഒരു സുപ്രധാന തലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്: അനുഗ്രഹം ആണ് ഈ മാനം. പ്രാർത്ഥനയെ അധികരിച്ചുള്ള നമ്മുടെ വിചിന്തനം നാം തുടരുകയാണ്. സൃഷ്ടിയുടെ വിവരണത്തിൽ (ഉല്പത്തി 1-2) ദൈവം ജീവിതത്തെ നിരന്തരം എന്നും ആശീർവ്വദിക്കുന്നു. അവിടന്ന് മൃഗങ്ങളെ അനുഗ്രഹിക്കുന്നു (1:22), പുരുഷനെയും സ്ത്രീയെയും അനുഗ്രഹിക്കുന്നു (1:28), ഒടുവിൽ അവിടന്ന് വിശ്രമത്തിൻറെയും സർവ്വസൃഷ്ടിയുടെയും ആനന്ദത്തിൻറെയും ദിനമായ സാബത്തിനെ, ആശീർവ്വദിക്കുന്നു (2.3). ദൈവം ആണ് ആശീർവ്വദിക്കുന്നത്. വേദപുസ്തകത്തിൻറെ ആദ്യ താളുകളിൽ അനുഗ്രങ്ങളുടെ, തുടർച്ചയായ, ആവർത്തനമുണ്ട്. ദൈവം അനുഗ്രഹിക്കുന്നു, മനുഷ്യരും ആശീർവ്വാദമേകുന്നുണ്ട്, ഈ അനുഗ്രഹത്തിന് ഒരു പ്രത്യേക ശക്തി ഉണ്ടെന്ന് കാലവിളംബമന്യേ കണ്ടെത്തുന്നു. അനുഗ്രഹം സ്വീകരിക്കുന്ന വ്യക്തിയുടെ ജീവിതത്തിലുടനീളം ഈ ശക്തിയുണ്ട്. അത് ദൈവത്താൽ പരിവർത്തനം ചെയ്യപ്പെടുന്നതിന് അനുവദിക്കാൻ മാനവഹൃദയത്തെ സന്നദ്ധമാക്കുകയും ചെയ്യുന്നു (രണ്ടാം വത്തിക്കാൻ സൂനഹദോസിൻറെ പ്രമാണരേഖ- സാക്രൊസാംക്തും കൊൺചീലിയും, 61).

മനുഷ്യൻറെ പതനം

"നന്നായിരിക്കുന്നു എന്നു പറയുന്ന" ദൈവമാണ് ലോകാരംഭത്തിൻറെ തുടക്കത്തിലുള്ളത്. തൻറെ കരവേലകൾ എല്ലാം നല്ലതും മനോഹരവുമാണെന്ന് അവിടന്ന് കാണുന്നു, അത് മനുഷ്യനിലേക്ക് എത്തുമ്പോൾ, സൃഷ്ടി പൂർത്തീകരിക്കപ്പെടുമ്പോൾ, അത് "വളരെ നല്ലതായിരിക്കുന്നു" എന്ന് അവിടന്ന് തിരിച്ചറിയുന്നു (ഉല്പത്തി 1:31). തൻറെ കരവേലയ്ക്ക് ദൈവം പകർന്ന ആ സൗന്ദര്യത്തിന് അധികം താമസിയാതെ  മാറ്റം വരും, ലോകമെമ്പാടും തിന്മയും മരണവും വിതയ്ക്കാൻ പ്രാപ്തമായ അധ:പതിച്ച സൃഷ്ടിയായിത്തീരും മനുഷ്യൻ; എന്നാൽ ദൈവം പതിച്ച നന്മയുടെ ആദ്യ മുദ്ര മായ്‌ക്കാൻ ആർക്കും കഴിയില്ല. അത് ലോകത്തിലും മനുഷ്യപ്രകൃതിയിലും, നാമെല്ലാവരിലും പതിച്ച ദൈവത്തിൻറെ മുദ്രയാണ് അനുഗ്രഹിക്കാനുള്ള കഴിവും, അനുഗ്രഹീതരെന്ന വസ്തുതയും. തൻറെ സൃഷ്ടിയുടെ കാര്യത്തിലും, മനുഷ്യനെ സൃഷ്ടിച്ചതിലും ദൈവത്തിന് തെറ്റ് പറ്റിയിട്ടില്ല. ലോകത്തിൻറെ പ്രത്യാശ പൂർണ്ണമായും ദൈവാനുഗ്രഹത്തിലാണ് കുടികൊള്ളുന്നത്: നന്മുടെ നന്മ ആഗ്രഹിക്കുന്നത് ദൈവം തുടരുന്നു. കവി പേഗ്വി (Péguy) പറയുന്നതുപോലെ, അവിടന്നാണ്, ആദ്യം, നമ്മുടെ നന്മ നിരന്തരം പ്രത്യാശിക്കുന്നത്.

യേശു ക്രിസ്തു- ദൈവത്തിൻറെ മഹാ അനുഗ്രഹം

ദൈവത്തിൻറെ മഹാ അനുഗ്രഹം യേശുക്രിസ്തുവാണ്. "നാം പാപികളായിരിക്കെ" പിതാവ് നമ്മെ അനുഗ്രഹിച്ച നിത്യവചനമാണ് അവിടന്ന് (റോമാക്കാർക്കുള്ള ലേഖനം 5,8): വചനം മാംസം ധരിച്ച് നമുക്കായി കുരിശിൽ സ്വയം അർപ്പിച്ചു.

വിശുദ്ധ പൗലോസ് ദൈവത്തിൻറെ സ്നേഹപദ്ധതിയെ വൈകാരികമായിട്ടാണ് പ്രഘോഷിക്കുന്നത്: "സ്വർഗ്ഗീയമായ എല്ലാ ആത്മീയ വരങ്ങളാലും ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചവനും നമ്മുടെ കർത്താവായ യേശുക്രിസ്തുവിൻറെ പിതാവുമായ ദൈവം സ്തുതിക്കപ്പെട്ടവനാകട്ടെ. തൻറെ മുമ്പാകെ സ്നേഹത്തിൽ പരിശുദ്ധരും നിഷ്ക്കളങ്കരുമായിരിക്കാൻ ലോകസ്ഥാപനത്തിനു മുമ്പുതന്നെ അവിടന്ന് നമ്മെ ക്രിസ്തുവിൽ തിരഞ്ഞെടുത്തു. യേശുകിസ്തുവഴി നാം അവിടത്തെ മക്കളായി ദത്തെടുക്കപ്പെടണമെന്ന്, അവിടന്ന് തൻറെ ഹിതവും ലക്ഷ്യവുമനുസരിച്ച് മുൻകൂട്ടി തീരുമാനിച്ചു. അവിടന്ന് ഇപ്രകാരം ചെയ്തത് തൻറെ പ്രിയപ്പെട്ടവനിലൂടെ നമ്മിൽ ചൊരിഞ്ഞ തൻറെ കൃപയുടെ മഹത്വത്തിനും പുകഴ്ചയ്ക്കും വേണ്ടിയാണ്” (എഫെസോസ് 1: 3-6).

ശുഭപ്രതീക്ഷയോടെ നമ്മെ കാത്തിരിക്കുന്ന ദൈവം

നമ്മിൽ ഓരോരുത്തരിലും ഉള്ള ക്രിസ്തുവിന്റെ പ്രതിച്ഛായയെ പൂർണ്ണമായും മായ്ച്ചുകളയാൻ കഴിയുന്ന പാപമില്ല. അതിനെ വികൃതമാക്കാൻ പാപത്തിനു സാധിക്കും, എന്നാൽ ദൈവത്തിൻറെ കാരുണ്യത്തിൽ നിന്ന് അതിനെ നീക്കം ചെയ്യാൻ കഴിയില്ല. ഒരു പാപിക്ക് സ്വന്തം തെറ്റുകളിൽ വളരെക്കാലം നിലനിൽക്കാൻ കഴിയും, എന്നാൽ, അവസാനം, ആ ഹൃദയം തുറക്കുകയും പരിവർത്തനം ചെയ്യുകയും ചെയ്യുമെന്ന പ്രതീക്ഷയോടുകൂടി ദൈവം അവസാനം വരെ ക്ഷമയോടെ കാത്തിരിക്കുന്നു. ദൈവം ഒരു നല്ല പിതാവിനെയും നല്ല അമ്മ-യെയും പോലെയാണ്: മക്കൾ എത്രമാത്രം തെറ്റു ചെയ്താലും അവരെ സ്നേഹിക്കുന്നത് ഈ മാതാപിതാക്കൾ ഒരിക്കലും അവസാനിപ്പിക്കില്ല. സ്വന്തം മക്കളെ കാണാൻ കാരഗൃഹത്തിനു മുന്നിൽ നിരയിൽ നില്ക്കുന്ന അമ്മാമാരുടെ ചിത്രം എൻറെ മനസ്സിലേക്കു കടന്നു വരുന്നു. അവർക്ക് മക്കളോടുള്ള സ്നേഹത്തിന് അറുതിയില്ല.

അനുഗ്രഹത്തിൻറെ ശക്തമായ അനുഭവം

കാരാഗൃഹത്തിലൊ അല്ലെങ്കിൽ ദുർഗുണ പരിഹാര സമൂഹത്തിലൊ അനുഗ്രഹത്തിൻറെ ഈ ബൈബിൾ വാക്യങ്ങൾ വായിക്കുക ശക്തമായ ഒരനുഭവം ആണ്. തങ്ങൾ ചെയ്ത ഗുരുതരമായ തെറ്റുകൾക്കിടയിലും അവർ അനുഗൃഹീതരാണ്,  സ്വർഗ്ഗീയപിതാവ് അവരുടെ നന്മ ആഗ്രഹിക്കുന്നതു തുടുരുന്നുവെന്നും ഒടുവിൽ അവർ നന്മയിലേക്ക് തുറക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമുള്ള ഒരു തോന്നൽ അവരിൽ ഉളവാക്കുക. അവർ തെറ്റുതിരുത്തില്ല എന്ന് തീർപ്പു കൽപ്പിച്ചുകൊണ്ട്  അവരുടെ ഉറ്റ ബന്ധുക്കൾ പോലും അവരെ ഉപേക്ഷിച്ചാലും ദൈവത്തിന് അവർ എന്നും മക്കളാണ്. ചിലപ്പോൾ അത്ഭുതങ്ങൾ സംഭവിക്കുന്നത് കാണാം: സ്ത്രീ പുരുഷന്മാർ പുനർജനിക്കുന്നു. എന്തെന്നാൽ ദൈവ കൃപ ജീവിതത്തെ പരിവർത്തനം ചെയ്യുന്നു: അത് നമ്മെ നാം ആയിരിക്കുന്നപോലെ കാണുന്നു. എന്നാൽ ആയിരിക്കുന്നതുപോലെതന്നെ തുടരാൻ നമ്മെ അനുവദിക്കില്ല.

യേശുവിൻറെ വീക്ഷണവും സാമീപ്യവും

യേശു സഖറിയായോട്‌ എന്താണ് ചെയ്‌തതെന്ന് ചിന്തിച്ചുനോക്കൂ (ലൂക്കാ 19: 1-10). എല്ലാവരും അവനിൽ തിന്മ കണ്ടു; എന്നാൽ, യേശുവാകട്ടെ അവനിൽ നന്മയുടെ ഒരു തിളക്കം കാണുന്നു, അവിടെ നിന്നാണ്, യേശുവിനെ കാണാനുള്ള സഖറിയായുടെ ജിജ്ഞാസയിൽ നിന്നാണ്, രക്ഷാദായകമായ കാരുണ്യം രംഗപ്രവേശം ചെയ്യുന്നത്. അങ്ങനെ, ആദ്യം സഖറിയായുടെ ഹൃദയവും പിന്നീട് ജീവിതവും മാറി. അശരണരും തിരസ്കൃതരുമായവരിൽ യേശു, പിതാവിൻറെ മായാത്ത അനുഗ്രഹം കണ്ടു. അതിലുപരി, ആവശ്യത്തിലിരിക്കുന്നവരുമായി അവിടന്ന് സ്വയം താദാത്മ്യപ്പെടുത്തി (മത്താ 25:31-46). യേശു പറയുന്നു: ഞാൻ വിശപ്പനുഭവിക്കുന്നവനായിരുന്നു, ഞാൻ നഗ്നനായിരുന്നു, ഞാൻ തടവറയിലായിരുന്നു, ഞാൻ ആശുപത്രിയിലായിരുന്നു, ഞാൻ അവിടെയൊക്കെ ഉണ്ടായിരുന്നു.

 ആശീർവ്വാദപ്രാർത്ഥന

അനുഗ്രഹിക്കുന്ന ദൈവത്തോട്, നമ്മളും ആശിസ്സേകിക്കൊണ്ട് പ്രത്യുത്തരിക്കുന്നു: അത് സ്തുതിയുടെ പ്രാർത്ഥന, ആരാധന, നന്ദിയേകൽ ആണ്. കത്തോലിക്കാസഭയുടെ മതബോധനത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്: "ദൈവത്തിൻറെ ദാനങ്ങളോടുള്ള മനുഷ്യൻറെ പ്രതികരണമാണ് അനുഗ്രഹ പ്രാർത്ഥന: എന്തെന്നാൽ, ദൈവം അനുഗ്രഹിക്കുന്നു, എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായവനെ വാഴ്ത്തിക്കൊണ്ട് മാനവഹൃദയത്തിന് പ്രത്യുത്തരിക്കാൻ കഴിയും" (n.2626). പ്രാർത്ഥന സന്തോഷവും നന്ദിയുമാണ്. നമ്മെ സ്നേഹിക്കുന്നതിനായി, ദൈവം, നാം പരിവർത്തനവിധേയരാകുന്നതുവരെ കാത്തുനിന്നില്ല, എന്നാൽ നമ്മൾ പാപത്തിലായിരിക്കെ, വളരെ മുമ്പുതന്നെ അവിടന്ന് അതു ചെയ്തു.

അനുഗ്രഹീത ഹൃദയത്തിൽ നിന്ന് ശാപവചസ്സുകൾ പുറപ്പെടില്ല

നമ്മെ അനുഗ്രഹിക്കുന്ന ഈ ദൈവത്തെ വാഴ്ത്താൻ മാത്രമല്ല, അവിടന്നിൽ സകലത്തെയും, എല്ലാ ജനതകളെയും, ദൈവത്തെയും, ലോകത്തെയും ആശീർവദിക്കാനും നമുക്ക് കഴിയും. അനുഗ്രഹിക്കപ്പെട്ടവരാണെന്ന് മനസ്സിലാക്കാനുള്ള കഴവും അനുഗ്രഹിക്കാനുള്ള കഴിവും, ഇതാണ് ക്രിസ്തീയ സൗമ്യതയുടെ മൂലം. പിതാവ് നമ്മെ സ്നേഹിക്കുന്നു. അവിടത്തെ  അനുഗ്രഹിക്കുകയും അവിടത്തേക്കു നന്ദി പറയുകയും ചെയ്യുന്നതിൻറെയും ശപിക്കാനല്ല, മറിച്ച്, അനുഗ്രഹിക്കാൻ അവിടന്നിൽ നിന്നു പഠിക്കാൻ കഴിയുന്നതിൻറെയും സന്തോഷം മാത്രമാണ് നമുക്കുള്ളത്. ശപിക്കുക പതിവാക്കുകയും അധരത്തിലും ഹൃദയത്തിലും ഹീനവാക്ക് സൂക്ഷിക്കുകയും ചെയ്യുന്ന ജനത്തോട് ഒരുവാക്ക്, അത് ഒരു ശാപമാണ്. ശപിക്കുക എൻറെ സ്വഭാവമാണോ എന്ന് നമുക്കോരോരുത്തർക്കും ആത്മശോധന ചെയ്യാം. ഈ സ്വഭാവം മാറ്റാനും അനുഗ്രഹീതമായ ഒരു ഹൃദയം ലഭിക്കാനുമുള്ള അനുഗ്രഹം നമുക്കു കർത്താവിനോട് യാചിക്കാം. അനുഗ്രഹീത ഹൃദയത്തിൽ നിന്ന് ശാപവചസ്സുകൾ പുറപ്പെടില്ല. ശപിക്കാനല്ല, മറിച്ച്, അനുഗ്രഹിക്കാൻ കർത്താവു നമ്മെ പഠിപ്പിക്കട്ടെ.  നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

രക്തരൂഷിത പോരാട്ടവേദിയായ നൈജീരിയയ്ക്കു വേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നു

ദൗർഭാഗ്യവശാൽ, ഭീകരപ്രവർത്തകർ മനുഷ്യക്കുരുതിയാൽ നിണപങ്കിലമാക്കുന്ന, ആഫ്രിക്കൻ നാടായ നൈജീരിയയെ പാപ്പാ പ്രാർത്ഥനാ പൂർവ്വം അനുസ്മരിക്കുകയും അന്നാടിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

ഇക്കഴിഞ്ഞ ശനിയാഴ്‌ച (28/11/20) നൈജീരിയായുടെ ഉത്തരഭാഗത്ത് നൂറിലേറെ കർഷകരെ ഭീകരർ നിഷ്ഠൂരം വധിച്ചത്  അനുസ്മരിച്ച പാപ്പാ ഇത്തരം ഭീകര ചെയ്തികൾ ദൈവനാമത്തിനെതിരായ ഗുരുതര ദ്രോഹമാണെന്ന് അപലപിച്ചു.

ആക്രമണത്തിൽ മരണമടഞ്ഞവരെ ദൈവം അവിടത്തെ സമാധാനത്തിൽ സ്വീകരിക്കുന്നതിനും അവരുടെ കുടുംബാംഗങ്ങൾക്ക് സാന്ത്വനമേകുന്നതിനും വേണ്ടി പാപ്പാ പ്രാർത്ഥിച്ചു.

എൽ സാൽവദോറിൽ നാലു പ്രേഷിതകൾ നിണസാക്ഷികളായതിൻറെ നാലാം ദശവാർഷികം

വടക്കെ അമേരിക്കയിലെ മൂന്നു കന്യാസ്ത്രകളുൾപ്പടെ നാലു പ്രേഷിതകൾ എൽ സാൽവദോറിൽ വച്ച് വധിക്കപ്പെട്ടതിൻറെ നാല്പതാം വാർഷിക ദിനമാണ് ഡിസംബർ 2 എന്നതും പാപ്പാ അനുസ്മരിച്ചു.

1980 ഡിസംബർ 2-നാണ്  ഇത്താ ഫോഡ്, മൗറ ക്ലാർക്ക്, ദൊറോത്തി കാസെൽ എന്നീ സന്ന്യാസിനികളും ഷാൻ ദൊണൊവാൻ എന്ന സന്നദ്ധ പ്രവർത്തകയും തട്ടിക്കൊണ്ടുപോകപ്പെടുകയും മാനഭംഗപ്പെടുത്തപ്പെടുകയും വധിക്കപ്പെടുകയും ചെയ്തത്.

ഇവർ നാലുപേരും നമുക്കെല്ലാവർക്കും വിശ്വസ്തരായ പ്രേഷിതശിഷ്യരാകാൻ ഒരു മാതൃകയാണെന്ന് പാപ്പാ പറഞ്ഞു. 

പാപ്പായുടെ അഭിവാദ്യങ്ങൾ 

ക്രിസ്തുവിൻറെ വെളിച്ചം ആഗമനകാല യാത്രയിൽ നമ്മുടെ ചുവടുകളെ പ്രകാശിപ്പിക്കുകയും ഹൃദയത്തിൽനിന്ന് ഭയാന്ധകാരത്തെ അകറ്റു കയും ചെയ്യുന്നതിനായി പാപ്പാ ആംഗലഭാഷാക്കാരെ അഭിവാദ്യം ചെയ്യവെ പ്രാർത്ഥിച്ചു. 

കർത്താവായ യേശുക്രിസ്തുവിൻറെ സന്തോഷവും സമാധാനവും അവരുടെയും അവരുടെ കുടുംബങ്ങളുടെയും മേൽ ഉണ്ടാകട്ടെയെന്ന് പാപ്പാ അനുഗ്രഹിക്കുകയും ചെയ്തു. 

കഴിഞ്ഞ ഞായറാഴ്ച (29/11/20) ആരംഭിച്ച ആഗമനകാലം ഓരോരുത്തർക്കും പ്രത്യേക കൃപയുടെ സമയമായിരിക്കട്ടെയെന്ന് പാപ്പാ ഇറ്റലിക്കാരെ സംബോധന ചെയ്യവെ ആശംസിച്ചു.

പൊതുദർശനപരിപാടിയുടെ അവസാനം  പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. 

തിരുപ്പിറവിക്കുള്ള ഒരുക്കത്തിൻറെതായ ഈ സമയം ജാഗ്രതയോടുകൂടിയും  ദൈവഹിതാന്വേഷണത്തിൽ വിശാലമനസ്കത പുലർത്തിക്കൊണ്ടും ജീവിക്കാൻ പാപ്പാ എല്ലാവർക്കും പ്രചോദനം പകർന്നു.

തദ്ദനന്തരം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

02 December 2020, 15:35