തിരയുക

ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാൻ, 09/12/2020 ഫ്രാൻസീസ് പാപ്പാ പൊതുദർശന പ്രഭാഷണം നടത്തുന്നു, വത്തിക്കാൻ, 09/12/2020 

പാപ്പാ: പ്രാർത്ഥന പാർത്തിരിപ്പാണ്!

"പ്രാർത്ഥന ദൈവത്തിലേക്കുള്ള ഒരു തിരിച്ചു പോക്കാണ്......... പ്രാർത്ഥന, കൂരിരുട്ടിൽ പ്രകാശത്തിൻറെ മിന്നൊളികൾ ഉണ്ടാക്കുന്നു." ഫ്രാൻസീസ് പാപ്പായുടെ പൊതുദർശന പ്രഭാഷണത്തിൽ നിന്ന്

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫ്രാൻസീസ് പാപ്പാ ഈ ബുധനാഴ്ചയും (09/12/20) പ്രതിവാര പൊതുകൂടിക്കാഴ്ച, കഴിഞ്ഞ ആഴ്ചയിലെന്നപോലെ തന്നെ, പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന് ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ് അനുവദിച്ചത്.
കോവിദ് 19 രോഗസംക്രമണം വീണ്ടും ശക്തിപ്രാപിച്ച പശ്ചാത്തലത്തിൽ ശാരീരിക-സാമൂഹ്യഅകലപാലനം ഉൾപ്പടെയുള്ള രോഗപ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ്, പാപ്പാ, പതിവു രീതികൾ വിട്ട്, പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയിൽ, ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കിയിരിക്കുന്നത്.
പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം നടന്നു. തദ്ദനന്തരം പാപ്പാ, താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനരപരമ്പര തുടർന്നു. ഇറ്റാലിയൻ ഭാഷയിൽ ആയിരുന്ന തൻറെ പ്രഭാഷണത്തിൽ പാപ്പാ ഇപ്രകാരം പറഞ്ഞു:

ക്രിസ്തീയ പ്രാർത്ഥന തീർത്തും മാനുഷികം

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!
പ്രാർത്ഥനയെ അധികരിച്ചുള്ള നമ്മുടെ പരിചിന്തനം തുടരാം. ക്രിസ്തീയ പ്രാർത്ഥന പൂർണ്ണമായും മാനുഷികമാണ്, മനുഷ്യരെന്ന നിലയിൽ, നാം ആയിരിക്കുന്ന അവസ്ഥയിലാണ് നാം പ്രാർത്ഥിക്കുന്നത്: അതിൽ സ്തുതിയും യാചനയും ഉൾപ്പെടുന്നു. വാസ്തവത്തിൽ, യേശു തൻറെ ശിഷ്യന്മാരെ പ്രാർത്ഥിക്കാൻ പഠിപ്പിച്ചത്, “സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥന വഴിയാണ്”. അത്, മക്കൾക്കടുത്ത വിശ്വാസത്തോടുകൂടിയ ഒരു ബന്ധം ദൈവവുമായി നാം പുലർത്തുന്നതിനും നമ്മുടെ എല്ലാ ആവശ്യങ്ങളും അവിടത്തോടു ചോദിക്കാൻ കഴിയുന്നതിനും വേണ്ടിയാണ്. ഏറ്റം മഹത്തരമായ ദാനങ്ങൾ നാം ദൈവത്തോട് അപേക്ഷിക്കുന്നു, അതായത്, മനുഷ്യർക്കിടയിൽ അവിടത്തെ നാമം പൂജിതമാകണം, അവിടത്തെ രാജ്യം വരണം, ലോകത്തെ സംബന്ധിച്ച അവിടത്തെ ഹിതം നിറവേറണം.

യാചനകളിൽ ആവിഷ്കൃതമാകുന്ന ശ്രേണി

 

കത്തോലിക്കാസഭയുടെ മതബോധനം അനുസ്മരിക്കുന്നു: "യാചനകളിൽ ഒരു ശ്രേണി ഉണ്ട്: ഒന്നാമതായി രാജ്യം ചോദിക്കുന്നു, തുടർന്ന് അപേക്ഷിക്കുന്നത്, അതിനെ സ്വാഗതം ചെയ്യാനും അതിൻറെ ആഗമനത്തോട് സഹകരിക്കാനും ആവശ്യമായവയാണ്" (2632). എന്നാൽ "സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ” എന്ന പ്രാർത്ഥനയിൽ "അന്നന്നത്തെ അന്നം" പോലുള്ള ലളിതവും അനുദിനം ആവശ്യവുമായ ദാനങ്ങളും നാം ചോദിക്കുന്നു. അതായത്, ആരോഗ്യം, വീട്, തൊഴിൽ എന്നിവ; ക്രിസ്തുവിലുള്ള ജീവിതത്തിന് ആവശ്യമായ ദിവ്യകാരുണ്യവും, അതുപോലെതന്നെ, പാപമോചനവും, അതുവഴി, നമ്മുടെ ബന്ധങ്ങളിൽ സമാധാനവും നാം പ്രാർത്ഥിക്കുന്നു; ഒടുവിൽ പ്രലോഭനങ്ങളിൽ വീഴാതിരിക്കുന്നതിന് സഹായിക്കാനും തിന്മയിൽ നിന്ന് നമ്മെ മോചിപ്പിക്കാനും നാം അപേക്ഷിക്കുന്നു.

യാചനാപ്രാർത്ഥന

ചോദിക്കുക, യാചിക്കുക. ഇത് തീർത്തും മാനുഷികമാണ്. മതബോധനം മതബോധനം വീണ്ടും പറയുന്നു : “നിവേദന പ്രാർത്ഥനയിലൂടെ നമ്മൾ ദൈവവുമായുള്ള നമ്മുടെ ബന്ധത്തെക്കുറിച്ചുള്ള അവബോധം പ്രകടിപ്പിക്കുന്നു: സൃഷ്ടികളെന്ന നിലയിൽ, നമ്മളല്ല നമ്മുടെ ആദ്യകാരണം, വിപത്തുകളുടെ യജമാനന്മാരുമല്ല, നമ്മളല്ല നമ്മുടെ ആത്യന്തിക ലക്ഷ്യവും; മാത്രമല്ല, അതിലുപരി, നാം പാപികളായതിനാൽ, ക്രൈസ്തവരായ നമുക്കറിയാം, നാം പിതാവിൽ നിന്ന് അകന്നു നിൽക്കുന്നുവെന്ന്. യാചന തന്നെ, അവിടത്തെ പക്കലേക്കുള്ള ഒരു തിരിച്ചുപോക്കാണ്"(2629).

പ്രാർത്ഥന വഴി നാം ദൈവത്തോടടുക്കുന്നു

മോശം കാര്യങ്ങൾ ചെയ്തതിനാൽ ഒരുവന് അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കിൽ അവൻ പാപിയാണെങ്കിൽ, അവൻ നമ്മുടെ പിതാവിനോട് പ്രാർത്ഥിക്കുമ്പോൾതന്നെ കർത്താവിനോട് അടുത്തുകൊണ്ടിരിക്കുകയാണ്. നമുക്ക് ഒന്നും ആവശ്യമില്ലെന്നും നമുക്ക് നമ്മൾ തന്നെ മതിയെന്നും ഏറ്റവും പൂർണ്ണമായ സ്വയംപര്യാപ്തതയിൽ ജീവിക്കുകയാണെന്നും നാം ചിലപ്പോഴൊക്കെ വിശ്വസിക്കുന്നു. എന്നാൽ താമസിയാതെ, അല്ലെങ്കിൽ, പിന്നീട് ഈ മിഥ്യാബോധം അപ്രത്യക്ഷമാകുന്നു. മനുഷ്യൻ ഒരു പ്രാർഥനയാണ്, അത് ചിലപ്പോൾ, പലപ്പോഴും തടഞ്ഞു നിർത്തിയിരിക്കുന്ന രോദനമായി ഭവിക്കുന്നു. ഉണങ്ങിവരണ്ടതും, ദാഹിക്കുന്നതുമായ ദേശത്തിന് സമാനമാണ് ആത്മാവ് (സങ്കീർത്തനം 63:2). നാമെല്ലാവരും നമ്മുടെ അസ്തിത്വത്തിൻറെ ഏതെങ്കിലും സമയത്ത്, വിഷാദവും, ഏകാന്തതയും അനുഭവിക്കുന്നവരാണ്. രോഗം, അനീതികൾ, സുഹൃത്തുക്കളടെ വഞ്ചന, ശത്രുക്കളുടെ ഭീഷണി എന്നിവയാൽ മുദ്രിതമായ മനുഷ്യാവസ്ഥ അനാവരണം ചെയ്യുന്നതിൽ ബൈബിൾ ലജ്ജിക്കുന്നില്ല. ചിലപ്പോൾ എല്ലാം തകരുന്നതായി, നാളിതുവരെയുള്ള ജീവിതം പാഴായിപ്പോയതായി തോന്നാം. ഇനി പുറത്തുകടക്കാൻ യാതൊരു മാർഗ്ഗവുമില്ലെന്ന് പ്രത്യക്ഷത്തിൽ തോന്നുന്ന ഇത്തരം സാഹചര്യങ്ങളിൽ ഒരേയൊരു മാർഗ്ഗമേയുള്ളൂ:നിലവിളി, പ്രാർത്ഥന: "കർത്താവേ, എന്നെ സഹായിക്കൂ!". പ്രാർത്ഥന, കൂരിരുട്ടിൽ പ്രകാശത്തിൻറെ മിന്നൊളികൾ ഉണ്ടാക്കുന്നു.

സൃഷ്ടയഖിലം പ്രാർത്ഥിക്കുന്നു

ഈ സഹായാഭ്യർത്ഥന മനുഷ്യരായ നാം സകല സൃഷ്ടികളുമായി പങ്കുവയ്ക്കുന്നു. അതിരുകളില്ലാത്ത ഈ പ്രപഞ്ചത്തിൽ "പ്രാർത്ഥിക്കാൻ" നമ്മൾ തനിച്ചല്ല: ദൈവത്തിനായുള്ള അഭിവാഞ്ഛ ഒരോ സൃഷ്ടിയിലും ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. വിശുദ്ധ പൗലോസ് ഇത് ആവിഷ്ക്കരിക്കുന്നത് ഇപ്രകാരമാണ്: "സമസ്ത സൃഷ്ടികളും ഒന്നുചേർന്ന് ഇതുവരെയും ഈറ്റുനോവനുഭവിക്കുകയും നെടുവീർപ്പിടുകയും ചെയ്യുന്നു എന്ന് നമുക്കറിയാം. സൃഷ്ടിമാത്രമല്ല ആത്മാവിൻറെ ആദ്യഫലം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരങ്ങളുടെ വീണ്ടെടുപ്പാകുന്ന പുത്രലബ്ധി പ്രതീക്ഷിച്ചുകൊണ്ട് ആന്തരികമായി വിലപിക്കുന്നു.” (റോമ 8,22-24). സൃഷ്ടികളുടെ, അതായത്, വൃക്ഷങ്ങളുടെയും പാറകളുടെയും മൃഗങ്ങളുടെയുമെല്ലാം, പലവിധത്തിലുള്ള നെടുവീർപ്പുകൾ നമ്മിൽ മുഴങ്ങുന്നു. ഒരോ വസ്തുവും പൂർത്തീകരണത്തിനായി ദാഹിക്കുന്നു. തെർത്തൂല്യൻ ഇങ്ങനെ കുറിച്ചിരിക്കുന്നു: “സൃഷ്ടി മുഴുവൻ പ്രാർത്ഥിക്കുന്നു, എല്ലാ ജീവികളും മൃഗങ്ങളും പ്രാർത്ഥിക്കുകയും മുട്ടുമടക്കുകയും ചെയ്യുന്നു. തൊഴുത്തുകളിലൊ മാളങ്ങളിലൊ നിന്നു പുറത്തുവരുമ്പോൾ അവ ആകാശത്തേക്കു തല ഉയർത്തുന്നു, അവ വായ തുറന്ന് അവയുടെ ശീലമനുസരിച്ച് നിലവിളിക്കുന്നു. പക്ഷികളും, ചിറകുമുളച്ചാൽ, കുരിശാകൃതിയിലുള്ള കൈകൾ പോലെ, ചിറകുവിടർത്തി ആകാശത്തേക്കു പറന്നുയരുകയും പ്രാർത്ഥനയെന്ന പോലെ ചിലയ്ക്കുകയും ചെയ്യുന്നു” ”(De Oratione, XXIX).

നന്ദിയേകേണ്ടവർ നമ്മൾ

ആകയാൽ, പ്രത്യേകിച്ചും ആവശ്യത്തിലിരിക്കുമ്പോൾ, പ്രാർത്ഥിക്കേണ്ടതിൻറെ ആവശ്യകത അനുഭവപ്പെടുന്നുവെങ്കിൽ അതിൽ മാനക്കേട് വിചാരിക്കേണ്ടതില്ല. സന്തോഷകരമായ സമയങ്ങളിൽ പോലും ഇത് ചെയ്യാൻ നാം പഠിക്കേണ്ടതുണ്ട് എന്നത് വസ്തുതയാണ്; നമുക്കു ലഭിച്ചവയ്ക്കെല്ലാം നാം ദൈവത്തിനു നന്ദി പറയണം, എല്ലാം അനുഗ്രഹമാണ്. എന്നിരുന്നാലും, നമ്മിൽ സ്വയമേവ ഉയർന്നുവരുന്ന അപേക്ഷയെ ഞെരുക്കിക്കളയരുത്. നമ്മുടെ പരിമിതികളെയും സൃഷ്ടികളായിരിക്കുന്ന അവസ്ഥയെയും അംഗീകരിക്കുന്നതുമായി യാചനാപ്രാർത്ഥന കൈകോർത്തു നീങ്ങുന്നു. ഒരുവന് ദൈവത്തിൽ വിശ്വസിക്കാതിരിക്കാം, എന്നാൽ പ്രാർത്ഥനയിൽ വിശ്വസിമില്ലാതിരിക്കുക പ്രയാസമാണ്: അത് ലളിതമായി നിലനില്കുന്നു. അത് ഒരു രോദനമായി നമ്മുടെ മുന്നിൽ അവതരിക്കുന്നു. ഒരു പക്ഷേ, വളരെക്കാലം നിശബ്ദമായിരിക്കാനിടയുള്ളതും എന്നാലൊരിക്കൽ ഉണർന്ന് നിലവിളിക്കുന്ന ഈ ആന്തരിക ശബ്ദത്തെ നാമെല്ലാവരും അഭിമുഖീകരിക്കേണ്ടതുണ്ട്.

ദൈവം പ്രത്യുത്തരിക്കുന്നു,  പ്രാർത്ഥന കേൾക്കുന്നു

ദൈവം ഉത്തരം പറയും. തൻറെ യാചന ശ്രവിക്കപ്പെടാതെ പോയ ഒരു അപേക്ഷകനും സങ്കീർത്തനപുസ്തകത്തിൽ ഇല്ല. ബൈബിൾ അനന്തമായി അത് ആവർത്തിക്കുന്നു: തന്നെ വിളിച്ചപേക്ഷിക്കുന്നവരുടെ നിലവിളി ദൈവം കേൾക്കുന്നു. നമ്മുടെ പതറിയ ചോദ്യങ്ങൾ പോലും, ഹൃദയത്തിൽ ആഴത്തിൽ അവശേഷിക്കുന്ന ചോദ്യങ്ങൾ പോലും ദൈവം ശ്രവിക്കുന്നു. എല്ലാ പ്രാർത്ഥനകളെയും ചൈതന്യവൽക്കരിക്കുകയും സകലത്തെയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്ന തൻറെ ആത്മാവിനെ നമുക്കേകാൻ ദൈവം ആഗ്രഹിക്കുന്നു. ക്ഷമ ഉണ്ടാകണം, പ്രതീക്ഷയുള്ളവരാകണം എന്നു മാത്രം.

മരണം പോലും ഭയക്കുന്ന പ്രാർത്ഥന

ഒരുക്രിസ്ത്യാനി പ്രാർത്ഥിക്കുമ്പോൾ മരണം പോലും വിറയ്ക്കുന്നു. കാരണം, തന്നെക്കാൾ ശക്തനായ ഒരു സഖ്യകക്ഷി പ്രാർത്ഥിക്കുന്ന ഓരോ വ്യക്തിക്കുമുണ്ടെന്ന് മരണത്തിനറിയാം. മരണം ഇതിനകം തന്നെ ഉത്ഥിതനായ കർത്താവിനാൽ പരാജയപ്പെട്ടു. സകലവും പൂർത്തിയാകുന്ന ഒരു ദിവസം വരും, മരണത്തിന് നമ്മുടെ ജീവിതത്തെയും നമ്മുടെ സന്തോഷത്തെയും പരിഹസിക്കാൻ ഇനി സാധിക്കില്ല.

കർത്താവിനെ കാത്തിരിക്കുക

കർത്താവിനെ പാർത്തിരിക്കാൻ നമുക്കു പഠിക്കാം. നമ്മെ സന്ദർശിക്കാൻ കർത്താവു വരുന്നു. അത്, തിരുപ്പിറവി, ഉയിർപ്പു തിരുന്നാൾ തുടങ്ങിയ മഹോത്സവങ്ങളിൽ മാത്രമല്ല, നാം കാത്തിരിക്കുന്നവരാണെങ്കിൽ, നമ്മുടെ ഹൃദയത്തിൻറെ ആഴങ്ങളിൽ കർത്താവ് അനുദിനം വരുന്നു. എന്നാൽ കർത്താവ് അടുത്തുണ്ടെന്നും നമ്മുടെ വാതിലിൽ മുട്ടുന്നുണ്ടെന്നും നാം പലപ്പോഴും മനസ്സിലാക്കാറില്ല. അവിടത്തെ കടത്തിവിടുന്നു. വിശുദ്ധ അഗസ്റ്റിൻ പറയുന്നു: “ ദൈവം കടന്നു പോകുമ്പോൾ ഞാൻ ഭയപ്പെടുന്നു; അവിടന്ന് കടന്നു പോകുകയും ഞാനത് അറിയാതിരിക്കുകയും ചെയ്യുമെന്ന് ഭയപ്പെടുന്നു”. കർത്താവ് കടന്നു പോകുന്നു, കർത്താവ് വരുന്നു, കർത്താവ് മുട്ടുന്നു. എന്നാൽ നിൻറെ കാതുകൾ നിറയെ മറ്റു സ്വരങ്ങളാണെങ്കിൽ കർത്താവിൻറെ വിളി നീ കേൾക്കില്ല.
സഹോദരീസഹോദരന്മാരേ, കാത്തിരിക്കുക. ഇതാണ് പ്രാർത്ഥന. നന്ദി.
പാപ്പാ

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

“പിതൃഹൃദയം” (Patris corde) 

വിശുദ്ധ യൗസേപ്പിനെ സാർവ്വത്രിക സഭയുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനായി പ്രഖ്യാപിച്ചതിൻറെ നൂറ്റിയമ്പതാം വാർഷികത്തോടനുബന്ധി/ച്ച് അമലോത്ഭവത്തിരുന്നാൾ ദിനമായിരുന്ന ഈ എട്ടാം തീയതി ചൊവ്വാഴ്ച (08/12/20), യൗസേപ്പിതാവിനെ അധികരിച്ച്, “പിതൃഹൃദയം” (Patris corde)  എന്ന ശീർഷകത്തിൽ ഒരു അപ്പസ്തോലിക ലേഖനം താൻ പുറപ്പെടുവിച്ചത് ഫ്രാൻസീസ് പാപ്പാ അനുസ്മരിച്ചു.
ദൈവം, യേശുവും മറിയവുമാകുന്ന അമൂല്യ നിധികൾ യൗസേപ്പിതാവിനെ ഭരമേൽപ്പിച്ചുവെന്നും, ഒരു പിതൃസന്നിഭ ഹൃദയത്തോടെ വിശ്വാസത്തോടും ധീരതയോടും ആർദ്രതയോടും കൂടി യൗസേപ്പിതാവ് പൂർണ്ണമായി പ്രത്യുത്തരിച്ചുവെന്നും പാപ്പാ പറഞ്ഞു.
ഈ കാലഘട്ടത്തിൽ സഭയെ സംരക്ഷിക്കുന്നതിന് യൗസേപ്പിതാവിനോടു പ്രാർത്ഥിക്കാനും ദൈവഹിതം എളിമയോടെ നിറവേറ്റാൻ ആ വിശുദ്ധനിൽ നിന്നു പഠിക്കാനും പാപ്പാ എല്ലാവരെയും ക്ഷണിച്ചു.

രക്ഷകനായുള്ള കാത്തിരിപ്പ്

ഇറ്റാലിയൻ ഭാഷാക്കരെ പ്രത്യേകം സംബോധന ചെയ്യവേ, പാപ്പാ, ബത്ലഹേമിലെ രഹസ്യത്തിൻറെ വെളിച്ചത്തിലേക്ക് നമ്മുടെ ആത്മാവിനെ തുറക്കുന്നതിന് നമ്മെ ഒരുക്കുന്ന ആഗമനകാലത്തിലൂടെ നാം ഇപ്പോൾ കടന്നു പോകുന്നത് അനുസ്മരിക്കുകയും ക്രിസ്തീയ വിളിയുടെ ആവശ്യങ്ങളോടു പ്രത്യുത്തരിക്കുന്നതിൽ നിശ്ചയദാർഢ്യമുള്ളവരും ഉദാരമാനസരും ആയിരിക്കാൻ രക്ഷകനായുള്ള കാത്തിരിപ്പ് പ്രചോദനമേകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.

സമാപനം

പൊതുദർശനപരിപാടിയുടെ അവസാനം പാപ്പാ പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു.
തദ്ദനന്തരം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 ഡിസംബർ 2020, 15:35