തിരുപ്പിറവിയുടെ അടയാളങ്ങളിൽ നിന്നുപോകാതെ പൊരുളിലേക്കു കടക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പുൽക്കൂടും ക്രിസ്തുമസ്സ് മരവും പ്രത്യാശയുടെ അടയാളങ്ങളാണെന്ന് മാർപ്പാപ്പാ.
വത്തിക്കാനിൽ ഇക്കഴിഞ്ഞ ആറാം തീയതി, ഞായറാഴ്ച (06/12/2020) നയിച്ച ത്രികാലപ്രാർത്ഥനയുടെ അവസാനം, ആശീർവ്വാദാനന്തരം, തീർത്ഥാടകരെ അഭിവാദ്യം ചെയ്യുകയായിരുന്ന ഫ്രാൻസീസ് പാപ്പാ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ ഉയർത്തിയിരിക്കുന്ന ക്രിസ്തുമസ്സ് മരത്തെയും അവിടെ ഒരുക്കിക്കൊണ്ടിരിക്കുന്ന പുൽക്കൂടിനെയും കുറിച്ച് പരാമർശിക്കവെ ആണ് ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
ബുദ്ധിമുട്ടുകൾ നിറഞ്ഞ ഈ കാലയളവിൽ, പ്രത്യേകിച്ച്, അവ പ്രത്യാശയുടെ അടയാളങ്ങളാണെന്ന് പാപ്പാ പ്രസ്താവിച്ചു.
അടയാളങ്ങളിൽ നിശ്ചലരായിപ്പോകാതെ അവയുടെ അർത്ഥത്തിലേക്കു, അതായത്, യേശുവിലേക്ക്, അവിടന്ന് നമുക്കു വെളിപ്പെടുത്തിത്തന്ന ദൈവസ്നേഹത്തിലേക്ക് കടക്കാൻ, അവിടന്ന് ലോകത്തിൽ വിളങ്ങുമാറാക്കിയ അനന്ത നന്മയിലേക്ക് പ്രവേശിക്കാൻ പരിശ്രമിക്കുന്നതിന് പാപ്പാ എല്ലാവരെയും ക്ഷണിച്ചു.
ഈ പ്രകാശത്തെ അണയ്ക്കാൻ കഴിയുന്ന മഹാമാരിയും പ്രതിസന്ധികളുമില്ലെന്ന് പാപ്പാ പറഞ്ഞു.
നമ്മുടെ ഹൃദയത്തിലേക്കു കടന്നുവരാൻ ആ അനന്ത നന്മയെ അനുവദിക്കാനും ഏറ്റവും ആവശ്യത്തിലിരിക്കുന്നവരുടെ നേർക്ക് കൈനീട്ടാനും പാപ്പാ ആഹ്വാനം ചെയ്തു.
അങ്ങനെ, ദൈവം നമ്മിലും നമ്മുടെ ഇടയിലും വീണ്ടും ജനിക്കുമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്തു.