- ഫാദര്‍ വില്യം നെല്ലിക്കല്‍
1. കര്‍ദ്ദിനാള്‍ ബെചാരെ ബുത്രോസ് റായ് വഴി
അയച്ച സന്ദേശം
ഡിസംബര്‍ 23, ബുധനാഴ്ച : രാഷ്ട്രീയവും സാമൂഹികവുമായ സംഘര്‍ഷങ്ങളില്‍ ക്ലേശിക്കുന്ന ലബനോണിലെ ജനതയ്ക്ക് മാരൊനൈറ്റ് സഭയുടെ അന്ത്യോക്യായിലെ പാത്രിയാര്‍ക്കിസും ദേശീയ സഭാദ്ധ്യക്ഷനുമായ കര്‍ദ്ദിനാള്‍ ബെചാരെ ബുത്രോസ് റായ് വഴി അയച്ച സന്ദേശത്തിലാണ് വചനാധിഷ്ഠിതമായ സാന്ത്വനവാക്കുകള്‍ പാപ്പാ മൊഴിഞ്ഞത്. ദേവദാരുക്കളുടെ നാട്ടിലെ തദ്ദേശീയ പ്രശാന്തതയും സ്വൈര്യജീവിതവും തകര്‍ത്തുകൊണ്ടു പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന ക്ലേശങ്ങളിലും സങ്കടങ്ങളിലുമുള്ള മനോവ്യഥ പാപ്പാ ആമുഖമായി വാക്കുകളില്‍ കുറിച്ചിട്ടു.
2. ദൈവപരിപാലനയില്‍ പ്രത്യാശിക്കാം
അവിടുത്തെ ജനതയുടെ കൂട്ടായ്മയും സഹവര്‍ത്തിത്വവും തകര്‍ക്കുകയും സമാധാനം കെടുത്തുകയും ചെയ്ത സംഭവങ്ങളില്‍ ഖേദിക്കുന്നതായും പാപ്പാ അറിയിച്ചു. അന്ധകാരത്തില്‍ വസിച്ച ജനത വലിയ പ്രകാശം കണ്ടെന്നും (ഏശയ 9, 1), ക്രിസ്തുമസ്സില്‍ തെളിയുന്ന വെളിച്ചം മനുഷ്യമനസ്സുകളിലെ ഭീതി അകറ്റട്ടെയെന്ന് പാപ്പാ ആശംസിച്ചു. ദൈവികപരിപാലന നമ്മെ ഒരിക്കലും കൈവെടിയുകയില്ലെന്ന പ്രത്യാശ ഹൃദയങ്ങളില്‍ വളര്‍ത്തണമെന്നും പാപ്പാ പ്രത്യേകമായി ആഹ്വാനംചെയ്തു. ലെബനോണില്‍ ദൈവിക നീതി പനപോലെ ഫലമണിയട്ടെ, അവിടത്തെ ദേവദാരുപോലെ ജനങ്ങള്‍ക്ക് സമാധാനം സമൃദ്ധമായി സംലബ്ധമാവട്ടെയെന്നും പാപ്പാ ആശംസിച്ചു (സങ്കീ. 92, 13).
3. നമ്മോടൊത്തു വസിക്കുന്ന ദൈവം
ക്രിസ്തുമസ്സിലൂടെ ദൈവം മനുഷ്യരോടുകൂടെ സഹവസിക്കുകയും നമ്മുടെ അയല്‍ക്കാരനാവുകയും ചെയ്യുകയാണ്. അവിടുന്നു നമ്മുടെ കൂടെ ചരിക്കുകയുമാണ്. അവിടുത്തെ വിശ്വസ്തതയിലും സ്നേഹസാന്നിദ്ധ്യത്തിലും നമുക്കു വിശ്വസിക്കാം. ദേവദാരുപോലെ ആഴമായി വേരൂന്നിയ ലെബനോണിലെ ജനതയുടെ കൂട്ടായ്മയുള്ള പൊതുജീവിതത്തില്‍ സാഹോദര്യവും ഐക്യദാര്‍ഢ്യവും ഇനിയും പൂവണിയാന്‍ ഈ ക്രിസ്തുമസ് സഹായകമാവട്ടെയെന്നും പാപ്പാ പ്രത്യേകം ആശംസിച്ചു.
4. ലെബനോണിലെ ദേവദാരുക്കള്‍
ഉയര്‍ന്നും ഉറച്ചും തലപൊക്കിയും നില്ക്കുന്ന ലെബനോണിലെ ദേവദാരുക്കള്‍ ഇന്നിന്‍റെ ജീവിതപ്രതിസന്ധികളെയും മഹാമാരിയെയും മറികടക്കുവാന്‍ ഏവര്‍ക്കും പ്രചോദനമേകട്ടെ! ഐക്യവും സമാധാനവും സമൃദ്ധിയുമുള്ള നല്ലൊരു നാളയെ വരവേല്ക്കുവാന്‍ പുല്‍ക്കൂട്ടില്‍ ജാതനായ യേശു സകലരെയും തുണയ്ക്കട്ടെ എന്ന ആശംസയോടും പ്രാര്‍ത്ഥനയോടുംകൂടെയാണ് പാപ്പാ ഹ്രസ്വസന്ദേശം ഉപസംഹരിച്ചത്.