തിരയുക

ഫയല്‍ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയില്‍... ഫയല്‍ ചിത്രം - പൊതുകൂടിക്കാഴ്ചാ വേദിയില്‍... 

“വൈകല്യമുള്ളവരെയും പാവങ്ങളെയും ലോകം ഉള്‍ക്കൊള്ളണം...”

ഡിസംബര്‍ 3-Ɔο തിയതി “ലോക വികലാംഗദിന”ത്തില്‍ പാപ്പാ ഫ്രാന്‍സിസ് കുറിച്ച പ്രത്യേക സന്ദേശത്തില്‍നിന്ന്...

- ഫാദര്‍ വില്യം നെല്ലിക്കല്‍ 

1. വൈകല്യമുള്ളവരുടെ ദിനത്തിലെ പ്രത്യേക സന്ദേശം
ഒരു മഹാമാരി ഗ്രസിച്ച ലോകത്ത് നാം എല്ലാവരും ഒരേ ബോട്ടിലാണെങ്കിലും, അതില്‍ കൂടുതല്‍ സഹിക്കുന്നവര്‍ അംഗവൈകല്യങ്ങളുള്ള നമ്മുടെ സഹോദരങ്ങളെന്നും, വൈകല്യങ്ങള്‍ ഉള്‍ക്കൊണ്ടു  മുന്നേറുവാന്‍ അവരെ സഹായിക്കുവാന്‍ മറ്റുള്ളവര്‍ക്ക് കടപ്പാടുണ്ടെന്ന് വൈകല്യമുള്ളവരുടെ ദിനത്തില്‍ പ്രത്യേകമായി പ്രബോധിപ്പിച്ച സന്ദേശത്തിന്‍റെ ആമുഖത്തില്‍ പാപ്പാ അനുസ്മരിപ്പിച്ചു. പ്രാപ്യവും സുസ്ഥിതിയുമുള്ള ലോകം വളര്‍ത്തിയെടുക്കാന്‍ കോവിഡിനുശേഷമുള്ളൊരു സമൂഹത്തെ ഉള്‍ക്കൊള്ളുവാനും അഭിമുഖീകരിക്കുവാനും നാം സന്നദ്ധരാവണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

2. വലിച്ചെറിയല്‍ സംസ്കാരം
ഇന്നു നമ്മുടെ സമൂഹത്തില്‍ വ്യാപകമായി കാണുന്ന വലിച്ചെറിയല്‍ സംസ്കാരത്തില്‍ മാനവ കുടുംബത്തില്‍ സ്വതന്ത്രമായും ആര്‍ഭാടമായും ജീവിക്കുന്ന ഒരു വലിയകൂട്ടം ജനങ്ങള്‍ ആദരിക്കുകയും പരിഗണിക്കുകയും കരുതലോടെ ശ്രദ്ധിക്കുകയും ചെയ്യേണ്ട ഒരു ചെറിയഗണത്തെ അവഗണിക്കുകയും പുറംതള്ളുകയും ചെയ്യുന്ന ചിന്താഗതി ഉയര്‍ന്നുനില്ക്കുന്നുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. ഇതിനെ “വലിച്ചെറിയല്‍ സംസ്കാര”മെന്നു (Culture of Waste) പാപ്പാ സന്ദേശത്തില്‍ വിശേഷിപ്പിച്ചു.

3. ജീവന്‍റെ സംസ്കാരം വളര്‍ത്താം
പ്രായമായവരെയും അംഗവൈകല്യമുള്ളവരെയും പാഴ്വസ്തുക്കളെപ്പോലെ വലിച്ചെറിയുന്ന നന്ദിയുടെ വികാരമില്ലാത്തതും മാനുഷികതയില്ലാത്തതുമായ രീതിയെ പാപ്പാ അപലപിച്ചു. മനുഷ്യാന്തസ്സിനു നല്കേണ്ട സര്‍വ്വശ്രേഷ്ഠമായ മൂല്യം ഇന്നത്തെ സമൂഹം ഏറെ അവഗണിക്കുകയും, വിശിഷ്യ പാവങ്ങളോടും വൈകല്യങ്ങളുള്ളവരോടും അവജ്ഞകാണിക്കുകയും ചെയ്യുന്നുണ്ടെന്ന്  പാപ്പാ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി (എല്ലാവരും സഹോദരങ്ങള്‍, 18).   മറുഭാഗത്ത് ജീവന്‍റെ സംസ്കാരം അംഗീകരിക്കുകയും  വളര്‍ത്തുകയും ചെയ്യുന്നൊരു സമൂഹം സൃഷ്ടിക്കുവാന്‍  നാം ആവതു പരിശ്രമിക്കേണ്ടതാണ്.   ഓരോ വ്യക്തിയുടെയും വിശിഷ്യ പ്രായംകൊണ്ടും ശാരീരിക വൈകല്യങ്ങള്‍കൊണ്ടും ക്ലേശിക്കുന്നവരുടെ അന്തസ്സ് മാനിക്കണമെന്ന്  ഉദ്ബോധിപ്പിച്ചുകൊണ്ടാണ് പാപ്പാ സന്ദേശം ഉപസംഹരിച്ചത്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2020, 14:52