തിരയുക

വാഴ്ത്തപ്പെട്ട കാർലോ അകുത്തീസ് വാഴ്ത്തപ്പെട്ട കാർലോ അകുത്തീസ് 

"ക്രിസ്തു ജീവിക്കുന്നു”യുവ വിശുദ്ധർ

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 49-50 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

49. യുവ വിശുദ്ധർ

സഭയുടെ ഹൃദയം നിറയെ യുവ വിശുദ്ധരുമുണ്ട്. അവർ തങ്ങളുടെ ജീവിതം ക്രിസ്തുവിനെ സമർപ്പിച്ചു. അനേകർ രക്തസാക്ഷിത്വപരമായ മരണംവരെ സ്വീകരിച്ചു. അവർ യുവാവായ ക്രിസ്തുവിന്റെ “അമൂല്യപ്രതിബിംബങ്ങളാണ്.”പ്രഭാപൂർണ്ണമായ അവരുടെ സാക്ഷ്യം നമ്മെ പ്രോത്സാഹിപ്പിക്കുന്നു. നമ്മെ ബോധം കെട്ടുള്ള ഉറക്കത്തിൽനിന്ന് ഉണർത്തുന്നു. സിനഡ് ഇങ്ങനെ ചൂണ്ടിക്കാണിച്ചു: “യുവാക്കളായ അനേകം വിശുദ്ധർ യൗവനത്തിന്റെ സവിശേഷതകൾ സർവ്വ സൗന്ദര്യത്തോടു കൂടി പ്രകാശിക്കാൻ അനുവദിച്ചിട്ടുണ്ട്, അവരുടെ കാലഘട്ടത്തിൽ അവർ പരിവർത്തനത്തിന്റെ യഥാർത്ഥ പ്രവാചകരായിരുന്നു. യുവാവായ യേശുവിനെ കണ്ടുമുട്ടാൻ തങ്ങളെത്തന്നെ തുറക്കുമ്പോൾ എന്തൊക്കെ ചെയ്യാൻ യുവ ജനത്തിന് കഴിയുമെന്ന് അവരുടെ മാതൃക വ്യക്തമാക്കുന്നുണ്ട്.” (കടപ്പാട്. പി.ഒ.സി പ്രസിദ്ധീകരണം)

വിശുദ്ധിക്ക് ഒരു പ്രായപരിധിയുണ്ടോ? വിശുദ്ധരാകുവാൻ ഒരു നിശ്ചിത പ്രായമാവശ്യമുണ്ടോ? ഒരു പക്ഷേ നമ്മൾ വായിച്ചു പോയിട്ടുള്ള പല വിശുദ്ധരുടെ ജീവചരിത്രങ്ങളും അമാനുഷമായ പ്രവൃത്തികൾ  ചെയ്യുന്ന വ്യക്തികളായാണ് അവരെ ചിത്രീകരിച്ചിട്ടുള്ളത്. പലപ്പോഴും നമുക്ക് എത്തിപ്പിടിക്കാൻ പറ്റാത്ത ഒരു ഇടമായി വിശുദ്ധിയെ കണക്കാക്കാൻ അത് ഇടയാക്കിയിട്ടുമുണ്ടാവാം.

കുഞ്ഞുകുഞ്ഞു പ്രവർത്തികളിലൂടെ വിശുദ്ധിയിലേക്ക് കാൽവയ്ക്കാൻ, മറ്റുള്ളവരെ കുറിച്ചുള്ള ദൂഷ്യം പറച്ചിലിൽ പങ്കുചേരാനുള്ള പ്രലോഭനത്തെ  ചെറുക്കുന്നതും, ഒരു ദിവസത്തെ കഠിനാദ്ധ്വാനത്തിനു ശേഷം തളർന്നു വീട്ടിലെത്തുമ്പോൾ തന്നോടു സ്വപ്നങ്ങൾ പങ്കിടാൻ ശ്രമിക്കുന്ന കുഞ്ഞിന് തന്റെ തളർച്ച വകവയ്ക്കാതെ ചെവികൊടുക്കുന്നതും, ആകുലതയിൽ ജപമാല കൈയ്യിലേന്തുന്നതും, വിശ്വാസത്തോടെ പ്രാർത്ഥിക്കുന്നതും, വഴിയിൽ കണ്ടുമുട്ടുന്ന ദരിദ്രനോടു അനുകമ്പയാർന്ന ഒരു വാക്ക് മിണ്ടുന്നതും വിശുദ്ധിയുടെ കല്പടവുകളാണ് എന്ന് വ്യക്തമാക്കുന്ന തന്റെ പ്രബോധനമായ Gaudete et exsultate (16) യിലൂടെ സർവ്വസാധാരണതയിൽ പോലും വിശുദ്ധിയുടെ അടയാളങ്ങൾ കാണാൻ ആഹ്വാനം ചെയ്യുന്ന ഫ്രാൻസിസ് പാപ്പയ്ക്ക് വിശുദ്ധി എന്നത് സകർക്കും കൈവരിക്കാവുന്ന ഒരു ജീവിത രീതി തന്നെയാണ്. അത് ഓരോരുത്തരുടെയും ജീവിതാന്തസ്സിൽ സത്യസന്ധതയോടെയുള്ള ആയിരിക്കലാണ്, നിലനിൽപ്പാണ്‌. വിശുദ്ധ കൊച്ചുത്രേസ്യാ ചെയ്തതുപോലെ സാധാരാണ അനുദിന പ്രവർത്തികൾ അസാധാരണമായി ചെയ്യുകയാണ് വിശുദ്ധിയുടെ സാധാരണത്വം എന്ന് നമുക്ക് മനസ്സിലാക്കാൻ ശ്രമിക്കാം. മാനുഷീകതയെ ദൈവീകമാക്കുന്നതു അമാനുഷീകതയല്ല മനുഷ്യത്വം ജീവിക്കാനുള്ള സത്യസന്ധതയാണ്  അമാനുഷികതയ്ക്കല്ല മാനുഷീകതയ്ക്കാണ് വിശുദ്ധിയിൽ പ്രധാനം എന്ന് മനസ്സിലാക്കാൻ നമുക്ക് പരിശ്രമിക്കാം. നമ്മുടെ മാനുഷികത ക്രിസ്തുവിന് വേണ്ടി ജീവിക്കുമ്പോഴാണ് ജീവിതത്തിന് വിശുദ്ധിയുടെ നിറം കൈവരിക്കാൻ കഴിയുക. അതിന് പ്രായമല്ല മാനദണ്ഡം എന്ന് ഫ്രാൻസിസ് പാപ്പാ ഇവിടെ വ്യക്തമാക്കുകയാണ്.

സിനഡിനു ശേഷം പ്രസിദ്ധീകരിച്ച രേഖകൾ ഉദ്ധരിച്ചു കൊണ്ട് 49 മത്തെ ഖണ്ഡികയുടെ അവസാന വരികളിൽ വിശുദ്ധിയുടെ അടിസ്ഥാനം എന്തെന്ന് പറയുന്നുണ്ട്. വിശുദ്ധരാകുന്നത്  യേശുവുമായുള്ള കൂടിക്കാഴ്ചയ്ക്ക് തുറവുള്ളവരാകുമ്പോഴാണ് എന്ന്. യേശുവുമായുള്ള കൂടിക്കാഴ്ചയാണ് ഒരു വ്യക്തിയുടെ ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവം. ഇത്തരം ഒരനുഭവത്തിന് പ്രായമില്ല തന്നെ. യുവജന സിനഡ് ഇക്കാര്യം പ്രത്യേകം എടുത്ത് പറഞ്ഞതും ഇവിടെ ഫ്രാൻസിസ് പാപ്പാ ഓർക്കുന്നുണ്ട്. പല യുവജനങ്ങളായ വിശുദ്ധരും യുവത്വത്തിന്റെ സവിശേഷ ഗുണങ്ങൾ അതിന്റെ എല്ലാ മനോഹാരിതയിലും പ്രദർശിപ്പിച്ചിട്ടുള്ളവരായിരുന്നു എന്നും അവരുടെ കാലഘട്ടത്തിൽ അവരോരോരുത്തരും മാറ്റങ്ങളുടെ പ്രവാചകരായിരുന്നു എന്നും സിനഡിന്റെ രേഖകൾ ഉദ്ധരിച്ചു കൊണ്ട് പാപ്പാ അറിയിക്കുന്നു. അനന്തമായ സാധ്യതകൾ നിറയുന്ന യുവത്വം വിശുദ്ധിയുടെ സാധ്യതകളെ ഒഴിവാക്കുന്നില്ല എന്നതിന്റെ തെളിവുകളാണ് സഭയിലെ അനേകം വിശുദ്ധരായ യുവാക്കൾ.

യേശു അനുഭവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് യേശുവിനായി ജീവിതം സമർപ്പിച്ച അനേകം വിശുദ്ധരായ യുവജനങ്ങൾ സഭയിൽ ഉണ്ടായിരുന്നെന്നും അവരിൽ പലരും രക്തസാക്ഷികളായി മാറാൻ വരെ ധൈര്യം കാട്ടിയതും പാപ്പാ ഇന്നത്തെ യുവജനങ്ങളെ ഓർമ്മിപ്പിക്കുന്നു. യുവാവായ ക്രിസ്തുവിന്റെ അമൂല്യമായ പ്രതിബിംബങ്ങളായിരുന്നു അവരെന്നും അവരുടെ ജീവിതസാക്ഷ്യം നമ്മുടെ ആലസ്യത്തിൽ നിന്നുണരാൻ നമ്മെ  പ്രോൽസാഹിപ്പിക്കട്ടെ എന്നും പാപ്പാ നമ്മോടു ആഹ്വാനം ചെയ്യുന്നു.

50.വിശുദ്ധിയുടെ അടിസ്ഥാനം 

“യുവജനത്തിന്റെ വിശുദ്ധിയിലൂടെ, സഭയ്ക്ക് തന്റെ ആദ്ധ്യാത്മിക തീക്ഷ്ണതയും അപ്പോസ്തലിക വീര്യവും നവീകരിക്കാൻ കഴിയും. അനേകം യുവജനങ്ങളുടെ നല്ല ജീവിതം സൃഷ്ടിച്ച വിശുദ്ധിയുടെ കുഴംബിന് സഭയുടെയും ലോകത്തിന്റെയും മുറിവുകളെ സുഖപ്പെടുത്താൻ കഴിയും. നാം ഏതു സ്നേഹ പൂർണ്ണതയിലേക്ക് വിളിക്കപ്പെട്ടുവോ ആ പൂർണ്ണതയിലേക്ക് നമ്മെ വീണ്ടും എത്തിച്ചുകൊണ്ട് അങ്ങനെ ചെയ്യും: യുവ വിശുദ്ധർ നമ്മുടെ ആദ്യത്തെ സ്നേഹത്തിലേക്ക് തിരിച്ചു ചെല്ലാൻ പ്രചോദിപ്പിക്കുന്നു (വെളി. 2:4).ചില വിശുദ്ധർ ഒരിക്കലും പ്രായപൂർത്തിയെത്തി ചേർന്നില്ല. എന്നാലും നമ്മുടെ യൗവനം ചെലവഴിക്കാൻ മറ്റൊരു മാർഗ്ഗമുണ്ടെന്ന് അവർ നമ്മെ കാണിച്ചു. നമുക്ക് അവരിൽ ചിലരെ ഓർമ്മിക്കാം. അവരിലോരോരുത്തരും വിവിധ ചരിത്ര ഘട്ടങ്ങളിൽ സ്വർഗ്ഗീയ രീതികളിൽ വിശുദ്ധിയുടെ ജീവിതം നയിച്ചവരാണ്. (കടപ്പാട്. പി.ഒ.സി പ്രസിദ്ധീകരണം.

ആദർശങ്ങളുടെ ആകർഷണങ്ങളിൽ യുവാക്കൾ ആകൃഷ്ടരാവുക എന്നത് സർവ്വസാധാരണമായ ഒരു അനുഭവമാണ്. അതുകൊണ്ടു തന്നെയാണ് എല്ലാ പ്രത്യയ ശാസ്ത്രങ്ങളും യുവജനങ്ങളെ ലക്ഷ്യം വയ്ക്കുന്നതും. അവരുണർന്നാൽ പിന്നെ കൈവരിക്കുന്ന ഊർജ്ജവും ഉത്സാഹവും ഒരു വേറെ തലമാണ്. പലപ്പോഴും ആദർശങ്ങൾക്കു നിറം പകരുന്നതും ജീവനേകുന്നതും ഈ യുവജന മുന്നേറ്റങ്ങളാണ്. യുവജനങ്ങളുടെ  വിശുദ്ധി സഭയ്ക്ക് എപ്പോഴും യുവത്വം പ്രദാനം ചെയ്യുന്ന, യുവത്വം നിലനിറുത്തുവാനുള്ള ഒരു അനുഗ്രഹമായാണ് ഫ്രാൻസിസ് പാപ്പാ കാണുന്നത്. അവരിലൂടെ സഭയുടെ ആത്മീയ ഉൽസാഹവും പ്രേഷിത ശക്തിയും നവീകരിക്കപ്പെടും. സഭയ്ക്കും ലോകത്തിന് തന്നെയും വന്നിട്ടുള്ള അനേകം മുറിവുകൾ ഉണക്കാൻ പറ്റുന്ന മരുന്നായി മാറും ഈ യുവജനങ്ങളുടെ  നന്മയാർന്ന ജീവിതമെന്നും പരിശുദ്ധ പിതാവ് വിശദീകരിക്കുന്നു. ഓരോ ക്രിസ്ത്യാനിയും യഥാർത്ഥത്തിൽ യേശുവുമായുള്ള കൂടിക്കാഴ്ചയിൽ നിന്നുമുള്ള സ്നേഹ ബന്ധത്തിൽ നിന്ന് പിറന്നു വീഴുന്നവരാണ്. എന്നാൽ ജീവിതം മുന്നോട്ടു പോകുന്തോറും പലപ്പോഴും ഈ ആദ്യകൂടിക്കാഴ്ചയുടെയും സ്നേഹത്തിന്റെയും തീവ്രതയ്ക്ക് കുറവു സംഭവിക്കാം. ഇവിടെയാണ് യുവ വിശുദ്ധർ നമ്മെ ആദ്യ സ്നേഹത്തിലേക്ക് തിരിച്ചു പോകാൻ പ്രേരിപ്പിക്കുന്നത് എന്ന് ഫ്രാൻസിസ് പാപ്പാ ഉദ്ബോധിപ്പിക്കുന്നു.

ഈ വിരുദ്ധരിൽ ചിലരെങ്കിലും പ്രായത്തിൽ പക്വതയെത്തുന്നിന് മുമ്പേ മരിച്ചു പോയവരാണെങ്കിലും അവർ നമ്മെ ഓർമ്മിപ്പിക്കുന്ന ഒരു പ്രത്യേക കാര്യം പാപ്പാ എടുത്തു പറയുന്നുണ്ട്. യുവത്വം ജീവിക്കാൻ വേറെയും ഒരു വഴിയുണ്ട് എന്നതാണത്‌. ആധുനീക യുവത്വത്തിൽ യേശുവുമായുള്ള കണ്ടുമുട്ടൽ വരുത്തി വയ്ക്കുന്ന വ്യത്യാസമാണത്.  യേശുവുമായുള്ള കണ്ടുമുട്ടലും സ്നേഹ ബന്ധവും യുവാവായ യേശുവിന്റെ ജീവിത സാക്ഷ്യം സ്വന്തം ജീവിതത്തിൽ പ്രതിബിംബിപ്പിക്കാൻ നൽകുന്ന ആവേശം സഭയ്ക്ക് സമ്മാനിച്ച അനേകം യുവധീര വിശുദ്ധർ വിശുദ്ധീകരിച്ചത് അവരുടെ ജീവിതവും, അവർ ജീവിച്ച കാലഘട്ടവും മാത്രമല്ല. അതിന് കാലാതീതമായ ഒരു ദർശനമുണ്ട്. അതാണ് അവർ ഇക്കാലഘട്ടത്തിലും നമുക്ക് യേശുവുമായുള്ള കണ്ടുമുട്ടലിന് പ്രചോദനമാവുക. ആ ജീവിതങ്ങളുടെ ഒരു സൂക്ഷമമായ വീക്ഷണം നമ്മുടെ വിശ്വാസത്തിന് യുവത്വം കൈവരിക്കാൻ പ്രയോജനവും പ്രചോദനവുമാകും.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

03 December 2020, 11:58