തിരയുക

  വിശുദ്ധ ഫ്രാൻസിസ് അസീസി വിശുദ്ധ ഫ്രാൻസിസ് അസീസി  

"ക്രിസ്തു ജീവിക്കുന്നു”: യുവ വിശുദ്ധരായ വിശുദ്ധ സെബസ്ത്യാനോസും, വിശുദ്ധ ഫ്രാൻസിസ് അസീസിയും

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 51-52 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതം ദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

യേശുവുമായുള്ള കണ്ടുമുട്ടൽ മാറ്റിമറിച്ച ജീവിതങ്ങളുടെ ഒരു നീണ്ടനിരയാണ് കത്തോലിക്കാ സഭയിലുള്ളത്. യേശുവിന്റെ സ്നേഹപ്പുണരലിൽ മറ്റെല്ലാ തിരഞ്ഞെടുപ്പുകളും നിസ്സാരമായി കണ്ട ജീവിതങ്ങൾ. അവയിൽ നിന്ന് യുവതീയുവാക്കളായ കുറച്ച് ജീവിത ഉദാഹരണങ്ങൾ തിരഞ്ഞെടുത്തു നിരത്തി വയ്ക്കാൻ ശ്രദ്ധിക്കുകയാണ് ഫ്രാൻസിസ് പാപ്പാ.

ജന്മം കൊണ്ടും, സ്ഥാനം കൊണ്ടും, ധനം കൊണ്ടും സമൂഹത്തിന്റെ ഔന്നത്യങ്ങളിൽ വാണിരുന്നവർ മുതൽ പാവപ്പെട്ട, സമൂഹത്തിന്റെ പ്രാന്തപ്രദേശങ്ങളിൽപെട്ടവർ വരെ അക്കൂട്ടത്തിലുണ്ട്. പക്ഷേ അവരിൽ എല്ലാവരിലും ഉണ്ടായിരുന്ന ഒരേ ഒരു പൊതുവായ കാര്യം യേശു അനുഭവം മാത്രമായിരുന്നു. അത്തരം ഒരനുഭവം അവരെ അവരുടെ ജീവിതത്തിന്റെ തിരഞ്ഞെടുപ്പുകളിൽ എത്ര സ്വാധീനിച്ചു എന്ന് നമ്മെ കാണിക്കുകയാണ് തിരഞ്ഞെടുത്ത ഏതാനും വിശുദ്ധരായ യുവതീ യുവാക്കളുടെ ജീവിത മാതൃക നമ്മുടെ മുന്നിൽ വയ്ക്കുന്ന ഫ്രാൻസിസ് പാപ്പായുടെ ലക്ഷ്യം.

51. വിശുദ്ധ സെബസ്ത്യാനോസ്

മൂന്നാം നൂറ്റാണ്ടിൽ വിശുദ്ധ സെബസ്ത്യാനോസ് പ്രത്തോറിയൻ ഗാർഡിലെ യുവാവായ ക്യാപ്റ്റനായിരുന്നു. അദ്ദേഹം എപ്പോഴും ക്രിസ്തുവിനെപ്പറ്റി പറയുകയും കൂട്ടുകാരെ മാനസാന്തരപ്പെടുത്തുകയും പരിശ്രമിക്കുകയും  ചെയ്തുവെന്നും അവസാനം വിശ്വാസം ഉപേക്ഷിക്കാൻ അധികാരി അദ്ദേഹത്തോടു  കല്പിച്ചു എന്നും പറയപ്പെടുന്നു. അദ്ദേഹം ആ കൽപ്പന അവഗണിച്ചു. തൻമൂലം അമ്പയ്യപ്പെട്ടു. എന്നാലും അദ്ദേഹം അതിജീവിച്ചു. ക്രിസ്തുവിനെപ്പറ്റി ഭയം കൂടാതെ പ്രഘോഷിച്ചു. അവസാനം അദ്ദേഹത്തെ ചമ്മട്ടി കൊണ്ട് അടിച്ചു വധിച്ചു. (കടപ്പാട്. പി.ഒ.സി പ്രസിദ്ധീകരണം).

മൂന്നാം നൂറ്റാണ്ടിലെ  റോമൻ പട്ടാളത്തലവനായിരുന്ന വി. സെബസ്ത്യാനോസിന്റെ ജീവിതമാണ് ആദ്യം പാപ്പാ അവതരിപ്പിക്കുന്നത്. ഏതൊരു പ്രണയിതാവിന്റെയും മനസ്സിലും വാക്കിലും നിറഞ്ഞുനിൽക്കുന്ന നാമം തന്റെ പ്രിയയുടെതോ പ്രിയന്റേതോ ആവും. കാണുന്നവനോടെല്ലാം അവന്റെ / അവളുടെ  വിശേഷങ്ങൾ വിളമ്പാൻ മടിക്കാത്ത അല്ലെങ്കിൽ തടയാൻ കഴിയാത്ത ഒരവസ്ഥയിലാവും പ്രണയം അതിന്റെ പാരമ്യത്തിൽ. പ്രണയത്തിന്റെ ഈ പാരവശ്യം ഉത്തമ ഗീതത്തിൽ നമുക്ക് കാണാനാവും. അതെ അനുഭത്തിന്റെ ഒരു ആത്മീയ   തലമാണ് വി. പൗലോസ് അപ്പോസ്തലൻ ഗലാത്യർക്കു എഴുതുന്നത്. ഇനി ഞാനല്ല എന്നിൽ അവനാണ് ജീവിക്കുന്നതെന്ന് അനുഭവം (ഗലാ 2, 20). ഇത്തരം ഒരു അനുഭവമായിരിക്കണം വി. സെബസ്ത്യാനോസിനെ നയിച്ചിരുന്നത്.

നിരന്തരം ക്രിസ്തുവിനെക്കുറിച്ച് സംസാരിച്ച് കൂട്ടുകാരെ യേശുവിലേക്കാകർഷിച്ച വിശുദ്ധന്റെ ജീവനും മരണത്തിനുമിടയിലുള്ള തിരഞ്ഞെടുപ്പ് ആശ്രയിച്ചിരുന്നത്  യേശുവിലുള്ള വിശ്വാസം നിഷേധിക്കാനുള്ള രാജകല്പനയിലായിരുന്നു. യേശുവും റോമാ സാമ്രാജ്യവും തമ്മിലുള്ള തിരഞ്ഞെടുപ്പിൽ യേശുവിനെ ആലിംഗനം ചെയ്ത അദ്ദേഹത്തിന് രക്തസാക്ഷിത്വമായിരുന്നു സമ്മാനം. അമ്പുകൾ ഏറ്റിട്ടും മരിക്കാതെ യേശുവിനെ  ധൈര്യപൂർവ്വം ഏറ്റുപറഞ്ഞ വി. സെബസ്ത്യാനോസ് സുവിശേഷ പ്രഘോഷണത്തിന്റെ ധീരരക്തസാക്ഷ്യമായി പാപ്പാ ഉയർത്തിക്കാണിക്കുന്നു.

52. വിശുദ്ധ ഫ്രാൻസിസ് അസീസി

വിശുദ്ധ ഫ്രാൻസിസ് അസീസി വളരെ ചെറുപ്പത്തിലെ വലിയ സ്വപ്നങ്ങളുള്ള ആളായിരുന്നു. യേശുവിന്റെ വിളി അദ്ദേഹം കേട്ടു. തന്നെപ്പോലെ ദരിദ്രനാകാനും സാക്ഷ്യംവഴി  സഭയെ പുതുക്കി പണിയാനുമാണ് യേശു വിളിച്ചത്. അദ്ദേഹം തനിക്കുള്ളതെല്ലാം ഉപേക്ഷിച്ചു. ഇപ്പോൾ സാർവ്വത്രിക സാഹോദര്യത്തിന്റെ  വിശുദ്ധനാണ്. എല്ലാവരുടെയും സഹോദരനാണ്. അദ്ദേഹം കർത്താവിനെ അവിടുത്തെ സൃഷ്ടികളെപ്രതി സ്തുതിച്ചു. ഫ്രാൻസിസ് 1226 ൽചരമമടഞ്ഞു. (കടപ്പാട്. പി.ഒ.സി പ്രസിദ്ധീകരണം)

യുവത്വത്തിന്റെ ചിറകുകളിൽ സ്വപ്നങ്ങൾ കണ്ട് ജീവിത സാക്ഷാൽക്കാരത്തിനായി നടന്ന അസ്സീസിയിലെ ഫ്രാൻസിസിനെ ആകർഷിച്ചത്  യേശുവിലെ ദാരിദ്ര്യമായിരുന്നു. യേശുവിനെ കണ്ടെത്തി ദാരിദ്യത്തെ വരിച്ച അസ്സീസിയിലെ ഫ്രാൻസിസിനെയും പാപ്പാ നമ്മുടെ മുന്നിൽ കൊണ്ടുവരുന്നു. ക്രൂശിലെ ദരിദ്രനായ യേശുവിനെ അനുകരിച്ചു സന്തോഷപൂർവ്വം ഉടുതുണിപോലും ഉരിഞ്ഞു നൽകുവാൻ തയ്യാറായി തന്റെ ദരിദ്രജീവിതം സഭാ നവീകരണത്തിന്റെ അമൂല്യ നിധിയാക്കി സഭയിൽ നിക്ഷേപിച്ച ഫ്രാൻസിസ്, ദൈവത്തിന്റെ സൃഷ്ടികൾ മുഴുവനും സഹോദരീ സഹോദരരാകുന്ന സാർവ്വലൗകീക സാഹോദര്യത്തിന്റെ പ്രവാചകനായി ഇന്നും നമുക്ക് മാതൃകയാണെന്ന് പാപ്പാ വരച്ചുകാണിക്കുന്നു.

സഭാദർശനം പരിപാടിയിൽ ഇന്ന് നാം ശ്രവിച്ചത് "Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ  51-52 ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനമാണ്. ഇതൊരുക്കിയത് സി.റൂബിനി സി.റ്റി.സി. ഇതോടെ ഇന്നത്തെ മലയാള പ്രക്ഷേപണം സമാപിക്കുന്നു. നന്ദി! നമസ്ക്കാരം.

 

 

25 December 2020, 11:35