തിരയുക

പൊതുകൂടിക്കാഴ്ചാ വേദിയില്‍നിന്ന്... പൊതുകൂടിക്കാഴ്ചാ വേദിയില്‍നിന്ന്... 

പ്രാര്‍ത്ഥനയില്‍ ഉയരേണ്ട നന്ദിയുടെ വികാരം

ഡിസംബര്‍ 30, ബുധനാഴ്ച - പാപ്പാ ഫ്രാന്‍സിസ് പൊതുകൂടിക്കാഴ്ചാ പരിപാടിയില്‍ നല്കിയ സന്ദേശം - ശബ്ദരേഖയോടെ...

- ഫാദര്‍ ജസ്റ്റിന്‍ ഡോമിനിക് നെയ്യാറ്റിന്‍കര 

പൊതുകൂടിക്കാഴ്ചാ പരിപാടി


കൃതജ്ഞത ക്രിസ്തുവിലേയ്ക്ക് നയിക്കുന്നു
ലോകത്തെ മികച്ചതായി രൂപപ്പെടുത്തുന്നു

കോവിഡ് 19 മഹാമാരിയുടെ ഭീതിജനകമായ രണ്ടാം ഘട്ടത്തെ നേരിടുന്നതിന്‍റെ ഭാഗമായി, ക്രിസ്തുമസ്-പുതുവത്സര ആഘോഷദിനങ്ങളിൽ ഉണ്ടാകാറുള്ള ജനങ്ങളുടെ കൂടിവരവ് ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഇടവിട്ട് നടത്തിവരുന്ന സമ്പൂർണ്ണ ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തിലും, മഹാമാരിയെ നേരിടുന്നതിന്‍റെ ഭാഗമായുള്ള പ്രതിരോധ നടപടികളുടെ ഭാഗമായും, ജനസമ്പർക്കം ഒഴിവാക്കിക്കൊണ്ടുതന്നെയാണ് ഈ ആഴ്ചയും (30/12/20) ബുധനാഴ്ചകളിലെ പൊതുദർശന പരിപാടി പരിശുദ്ധ പിതാവ് നടത്തിയത്. ദൃശ്യ-ശ്രാവ്യ മാദ്ധ്യമങ്ങളിലൂടെ പതിവുപോലെ പാപ്പാ, വത്തിക്കാനിലെ തന്‍റെ സ്വകാര്യ ലൈബ്രറിയിൽ നിന്ന്, ത്രീത്വൈക സ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചു. തിരുപ്പിറവി ആഘോഷങ്ങളുടെ നാളുകളിലായിരിക്കുമ്പോഴും, ലോകം പുതുവർഷത്തിന്‍റെ പടിവാതിക്കലിലായിരിക്കുന്ന പശ്ചാത്തലത്തിൽ "കൃതജ്ഞത"യെ അടിസ്ഥാനമാക്കിയുള്ള ചിന്തകളായിരുന്നു പാപ്പാ പങ്കുവെച്ചത്.

വിവിധ ഭാഷകളിലെ വിശുദ്ധഗ്രന്ഥ ഭാഗപാരായണത്തോട് കൂടി ആരംഭിച്ച പൊതുദർശന പരിപാടിയിൽ, ഇറ്റാലിയൻ ഭാഷയിൽ പാപ്പായുടെ ഉദ്ബോധനവും, തുടർന്ന് വിവിധ ഭാഷകൾ സംസാരിക്കുന്നവരുടെ അടിസ്ഥാനത്തിൽ രാജ്യങ്ങൾക്കുവേണ്ടിയുള്ള പ്രത്യേക പ്രാർത്ഥനയും ഉണ്ടായിരുന്നു.

1. ആമുഖം

'പ്രിയ സഹോദരീ സഹോദരന്മാരേ, നിങ്ങൾക്കേവർക്കും ശുഭദിനം ആശംസിക്കുന്നു' എന്ന അഭിസംബോധനയ്ക്ക് ശേഷം 'കൃതജ്ഞതാ പ്രാർത്ഥനയെക്കുറിച്ചുള്ള ചിന്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു' എന്ന വാക്കുകളോടെയാണ് പാപ്പാ ഉദ്‌ബോധനം ആരംഭിച്ചത്. വിശുദ്ധ ലൂക്കാ എഴുതിയ സുവിശേഷത്തിലെ പത്ത് കുഷ്ഠരോഗികൾ യേശുവിനെ സമീപിക്കുന്ന സംഭവമായിരുന്നു പാപ്പാ വിചിന്തനത്തിന് ആധാരമാക്കിയത്.

2. പത്ത് കുഷ്ഠരോഗികളോടുള്ള യേശുവിന്‍റെ സമീപനം

പാപ്പാ പറഞ്ഞു: യേശു യാത്രയിലായിരിക്കുമ്പോൾ, പത്തു കുഷ്‌ഠരോഗികൾ അവനെ സമീപിച്ച് പറയുന്നു, "യേശുവേ, ഗുരോ, ഞങ്ങളിൽ കനിയണമേ" (വി.ലൂക്കാ17:13). അക്കാലത്തെ കുഷ്ഠരോഗികളെ സംബന്ധിച്ച് ശാരീരികമായ ക്ലേശങ്ങൾക്കപ്പുറം, സാമൂഹികവും മതപരവുമായ പാർശ്വവൽക്കരണങ്ങൾ കൂടി നേരിടണമായിരുന്നുവെന്ന് നമുക്കറിയാം. യേശു അവരുമായി സംവദിക്കുന്നതിൽ നിന്ന് ഓടിയകലുന്നില്ല. നമുക്കറിയാം പല സമയങ്ങളിലും, യേശു നിയമങ്ങൾ ഏർപ്പെടുത്തിയിരുന്ന പരിധിക്കൾപ്പുറം പോയി രോഗികളെ സ്പർശിക്കുകയും, ആലിംഗനം ചെയ്യുകയും, സുഖപ്പെടുത്തുകയും ചെയ്യാറുണ്ടായിരുന്നു. എന്നാൽ ഇവിടെ അത്തരത്തിലുള്ള സ്പർശമൊന്നും ഉണ്ടാകുന്നില്ല. മറിച്ച് അവരോട് പറയുന്നു: 'പോയി പുരോഹിതന്മാർക്ക് നിങ്ങളെത്തന്നെ കാണിക്കുവിൻ' (വി.ലൂക്കാ14), കാരണം നിയമപരമായി സൗഖ്യത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തേണ്ടത് അവരായിരുന്നു. യേശു ഇവിടെ മറ്റൊന്നും പറയുന്നില്ല - അവരുടെ പ്രാർത്ഥനയും, കരുണയ്ക്ക് വേണ്ടിയുള്ള നിലവിളിയും അവൻ ശ്രദ്ധിച്ചു, തുടർന്ന് അവരെ പുരോഹിതരുടെ അടുത്തേക്ക് അയക്കുന്നു.

3. ഹൃദയത്തിൽ നിന്നുവരുന്ന കൃതജ്ഞത

പാപ്പാ വിവരിക്കുന്നു; ആ പത്ത് പേരും അവനിൽ വിശ്വസിക്കുകയും, ഉടനെ പുരോഹിതന്മാരുടെ അടുത്തേയ്ക്ക് പോവുകയും, പോകുന്നവഴിക്ക് തന്നെ പത്തുപേരും സുഖപ്പെടുകയും ചെയ്യുന്നു. അങ്ങനെ പുരോഹിതന്മാർക്ക് നിയമപരമായി അവരുടെ സൗഖ്യത്തെ പ്രഖ്യാപിച്ച്, സാധാരണ ജീവിതത്തിലേക്കയക്കുവാൻ കഴിയുമായിരുന്നു. എന്നാൽ, ഇവിടെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം സംഭവിക്കുന്നത്: തങ്ങൾ സൗഖ്യപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞ ആ പത്തുപേരുടെ കൂട്ടത്തിൽ നിന്ന് ഒരുവൻമാത്രം പുരോഹിതരുടെ അടുക്കലേക്ക് പോയി സർട്ടിഫിക്കറ്റ് വാങ്ങുന്നതിന് മുൻപ്, യേശുവിനോട് നന്ദി പറയാനും ലഭിച്ച കൃപയ്ക്കായി ദൈവത്തെ സ്തുതിക്കുവാനുമായി തിരികെപ്പോകുന്നു. യേശു പ്രത്യേകം എടുത്തുപറയുന്നു അത് ഒരു സമരിയാക്കാരനായിരുന്നു, യഹൂദരാൽ പുറന്തള്ളപ്പെട്ടവൻ. യേശു ചോദിക്കുന്നു: 'ഈ വിജാതീയനല്ലാതെ മറ്റാർക്കും തിരിച്ചുവന്ന് ദൈവത്തെ മഹത്വപ്പെടുത്തണം എന്ന് തോന്നിയില്ലേ?' (വി.ലൂക്കാ 17, 18).

4. ലോകത്തെ രണ്ടായി വിഭജിക്കുന്ന കൃതജ്ഞത

ഈ വിവരണം ലോകത്തെ രണ്ടായി വിഭജിക്കുന്നുവെന്ന് പറയാമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുന്നു. അതായത്, ഒന്ന്: നന്ദി പറയുന്നവരും, നന്ദി പറയാത്തവരും; രണ്ട്: ലഭ്യമാകുന്ന നന്മ തങ്ങൾക്ക് അർഹിച്ചതാണെന്ന് കരുതുന്നവരും, മറിച്ച് അവയൊക്കെ സമ്മാനമായി സ്വീകരിക്കുന്നവരും. കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം പഠിപ്പിക്കുന്നു: "ഓരോ സംഭവങ്ങളും, ഓരോ ആവശ്യങ്ങളും നന്ദിപറയുന്നതിനുള്ള കാരണമായിരിക്കണം" (No. 2638). പാപ്പാ പറയുന്നു: കൃപയാൽ നാം നയിക്കപ്പെടുന്നുവെന്ന തിരിച്ചറിവിൽ നിന്നാണ് എല്ലായ്പ്പോഴും കൃതജ്ഞതാപ്രാർത്ഥന ആരംഭിക്കുന്നത്. അതായത്, നാം ചിന്തിക്കാൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ നമ്മെ കുറിച്ച് ചിന്തിക്കപ്പെട്ടിരുന്നു; എങ്ങനെ സ്നേഹിക്കണമെന്ന് പഠിക്കുന്നതിനുമുൻപേ നാം സ്നേഹിക്കപ്പെട്ടിരുന്നു; നമ്മുടെ ഹൃദയത്തിൽ ആഗ്രഹം ഉണ്ടാകുന്നതിനുമുൻപേ നമ്മുടെ ആഗ്രഹത്തെക്കുറിച്ച് അറിവുണ്ടായിരുന്നു എന്നൊക്കെയുള്ള തിരിച്ചറിവ്. നമുക്ക് ജീവിതത്തെ ഇതുപോലെ കാണുവാൻ സാധിക്കുകയാണെങ്കിൽ, "കൃതജ്ഞത" എന്നത് നമ്മുടെ അനുദിനജീവിതത്തിന്‍റെ വഴികാട്ടിയായി മാറുമെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

4. കൃതജ്ഞതാ പ്രകാശനത്തിന്‍റെ പൂർണ്ണത

ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ചിടത്തോളം, കൃതജ്ഞതാ പ്രകാശനത്തിന്‍റെ പൂർണ്ണത ദിവ്യബലിയർപ്പണത്തിലാണ്. അതിനാലാണ് കൃതജ്ഞതാ പ്രകാശനത്തിന് നമ്മുടെ ജീവിതത്തിലെ ഏറ്റവും അനിവാര്യമായ 'വിശുദ്ധ കുർബാന' എന്ന പേര് നൽകിയിരിക്കുന്നതും. ഈ ഗ്രീക്ക് പദത്തിന്‍റെ അർത്ഥം കൃതജ്ഞത എന്നുതന്നെയാണ്. തുടർന്ന്, നമ്മൾ ക്രിസ്ത്യാനികളും എല്ലാ വിശ്വാസികളെയും പോലെ ദാനമായി ലഭിച്ച ജീവിതത്തിന് ദൈവത്തിന് കൃതജ്ഞത അർപ്പിക്കുന്നുണ്ടെന്ന് പറഞ്ഞ പാപ്പാ; ആരെങ്കിലും നമുക്കായി ആഗ്രഹിച്ചതിനാലാണ് നാമെല്ലാം ജനിക്കുന്നതെന്നും, ഈ ലഭ്യമായ ജീവിതം നമ്മുടെ ജീവിതകാലഘട്ടത്തിൽ ഉണ്ടാകുന്ന കൃതജ്ഞതയുടെ നീണ്ട കടങ്ങളിൽ ആദ്യത്തേത് മാത്രമാണെന്നും, നമ്മുടെ ജീവിതകാലഘട്ടത്തിൽ ഒന്നിലധികം പേർ നമ്മെ കരുണയുടെ കണ്ണുകളോടെ നോക്കിയിട്ടുണ്ടെന്നും, ഒരുപക്ഷെ അവർ സ്‌കൂളിലെ അധ്യാപകരാകാം, മതബോധാനാധ്യാപകരാകാം, ജോലിയിടങ്ങളിൽ പരിധിക്കപ്പുറവും സഹായഹസ്തം നീട്ടിയവരാകാമെന്നും, അവരൊക്കെ നമ്മിൽ കൃതജ്ഞതയുടെ പ്രാധാന്യം ഓർമ്മപ്പെടുത്തുന്നുണ്ടെന്നും, അതുപോലെതന്നെ സൗഹൃദവും എപ്പോഴും നന്ദിയുള്ളവരായിരിക്കുവാനുള്ള സമ്മാനമാണെന്നും പാപ്പാ അനുസ്മരിപ്പിച്ചു.

5. 'കൃതജ്ഞത' യേശുവുമായുള്ള കണ്ടുമുട്ടലിന്‍റെ പാത

ക്രിസ്ത്യാനികളായ നാം മറ്റുള്ളവരുമായും പങ്കിടുന്ന ഈ "കൃതജ്ഞത" യേശുവുമായുള്ള കണ്ടുമുട്ടലിലേയ്‌ക്ക് വികസിക്കുന്നു. കടന്നുപോയ വഴികളിൽ, യേശുവുമായുള്ള കണ്ടുമുട്ടൽ മറ്റുള്ളവരിൽ പലപ്പോഴും സന്തോഷവും, ദൈവത്തോടുള്ള സ്തുതിയും ഉളവാക്കിയതായി സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ടെന്നും; ക്രിസ്തുമസിന്‍റെ വിവരണങ്ങളിൽ രക്ഷകന്‍റെ വരവിനായി ഹൃദയ വിശാലതയോടെ പ്രാർത്ഥനയിലായിരുന്ന  ജനത്തെക്കുറിച്ച് കാണുന്നുണ്ടെന്നും; ഈ അവാച്യമായ സന്തോഷത്തിൽ പങ്കെുകാരാകാൻ നാമും വിളിക്കപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ പാപ്പാ, സുഖമാക്കപ്പെട്ട പത്ത് കുഷ്ഠരോഗികളുടെ സംഭവവും ഇത് തന്നെയാണ് നമ്മെ ഓർമ്മിപ്പിക്കുന്നതെന്ന് വിശദീകരിച്ചു. സ്വാഭാവികമായും ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ സാധിച്ചതിൽ അവർ സന്തോഷമുള്ളവരായിരുന്നു, കാരണം അതിലൂടെ സമൂഹത്തിൽനിന്ന് അകറ്റി നിറുത്തിയിരുന്ന നിർബന്ധപൂർണ്ണമായ ക്വാറന്റൈനിൽ നിന്നും അവർക്ക് പുറത്തുവരാൻ സാധിച്ചു. എന്നാൽ അവരിൽ ഒരാൾക്കു  മാത്രമാണ്, യേശുവിനെ കണ്ടുമുട്ടുന്നതിലൂടെയുള്ള സന്തോഷത്തിൻമേൽ സന്തോഷം കണ്ടെത്താൻ സാധിച്ചതെന്നും, ഇപ്പോൾ അവൻ തിന്മയിൽ നിന്ന് മോചിക്കപ്പെടുക മാത്രമല്ല സ്നേഹിക്കപ്പെടുമെന്ന ഉറപ്പും സ്വന്തമാക്കിയെന്നും, ലോകത്തെ നിയന്ത്രിക്കുവാൻ ശക്തിയുള്ള സ്നേഹത്തിന്‍റെ കണ്ടെത്തലാണതെന്നും, ഇറ്റാലിയൻ സാഹിത്യകാരനായ ഡാന്തെ ഇതിനെ "സൂര്യനെയും മറ്റ് നക്ഷത്രങ്ങളെയും ചലിപ്പിക്കുന്ന സ്നേഹം" (പാരഡൈസ്, XXXIII, 145) എന്നാണ് വിവരിക്കുന്നതെന്നും പാപ്പാ പറഞ്ഞു. നാമിപ്പോൾ അങ്ങുമിങ്ങും അലഞ്ഞുനടക്കുന്ന സഞ്ചാരികളല്ല; നമുക്കൊരു ഭവനമുണ്ട്, നാം ക്രിസ്തുവിൽ വസിക്കുന്നു, ഈ "ഭവനത്തിൽ"നിന്ന് നാം ലോകത്തിന്‍റെ മറ്റു ഭാഗങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ, സകലതും അതിമനോഹരമായി കാണപ്പെടുന്നുവെന്ന യാഥാർഥ്യവും പാപ്പാ ഓർമ്മിപ്പിച്ചു.

6. നിരന്തരം സന്തോഷമുള്ളവരായിരിക്കുവാനുള്ള ആഹ്വാനം

പ്രിയ സഹോദരീ സഹോദരന്മാരേ, അതിനാൽ നിരന്തരം യേശുവുമായുള്ള കണ്ടുമുട്ടലിന്‍റെ സന്തോഷത്തിലായിരിക്കുവാൻ നമുക്ക് ശ്രമിക്കാം. നമുക്ക് സന്തോഷത്തെ കരുപ്പിടിപ്പിക്കാം. എന്നാൽ, സാത്താൻ നമ്മെ നിരന്തരം വഞ്ചിക്കുകയും ദുഃഖത്തിലാഴ്ത്തുകയും ചെയ്യും. ഓർക്കുക, നാം ക്രിസ്തുവിലാണെങ്കിൽ, നിരവധി സഹയാത്രികർക്കൊപ്പം, സന്തോഷത്തോടെ ഈ ലോകയാത്ര തുടരുന്നതിൽ നിന്ന് ഒരു പാപത്തിനും ഭീഷണിക്കും ഒരിക്കലും നമ്മെ തടയാൻ കഴിയില്ല, പാപ്പാ ഉദ്‌ബോധിപ്പിച്ചു.

7. ഉപസംഹാരം

എല്ലാറ്റിനുമുപരിയായി കൃതജ്ഞതയുള്ളവരായിരിക്കുവാൻ മറക്കരുതെന്നും; നാം കൃതജ്ഞത പേറുന്നവരാണെങ്കിൽ, ഈ ലോകം തന്നെയും മികച്ചതായിത്തീരുന്നുവെന്നും; ഒരുപക്ഷേ ചെറിയ തോതിൽ മാത്രമാണെങ്കിലും പ്രത്യാശയുടെ വെളിച്ചം പകരാൻ ഇത് മതിയാകുമെന്നും പറഞ്ഞ പാപ്പാ; എല്ലാം ഏകീകൃതവും ബന്ധിതവുമാണെന്നും, അതിനാൽ എവിടെയാണെങ്കിലും ഓരോരുത്തരും അവരവരുടെ ഭാഗം ചെയ്താൽ മതിയാകുമെന്നും അനുസ്മരിപ്പിച്ചു. "ഇടവിടാതെ പ്രാര്‍ഥിക്കുവിന്‍. എല്ലാക്കാര്യങ്ങളിലും നന്ദി പ്രകാശിപ്പിക്കുവിന്‍. ഇതാണ് യേശുക്രിസ്തുവില്‍ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം"(1 തെസ. 5,17-19) എന്ന സന്തോഷത്തിലേക്കുള്ള പാതയെക്കുറിച്ച് വിശുദ്ധ പൗലോസ് അപ്പോസ്തലൻ തെസ്സലോനിയാക്കാർക്കെഴുതിയ ഒന്നാം ലേഖനത്തിൽ നൽകുന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്‍റെ പ്രബോധനം അവസാനിപ്പിച്ചത്.

തുടർന്ന്, വിവിധ ഭാഷകൾ സംസാരിക്കുന്ന വിശ്വാസ സമൂഹങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക അഭിസംബോധനയും ആശീർവാദ പ്രാർത്ഥനയുമായിരുന്നു. ഇംഗ്ലീഷ് സംസാരിക്കുന്ന വിശ്വാസികളെ അഭിസംബോധന ചെയ്തുകൊണ്ട് പാപ്പായുടെ ആശീർവാദ പ്രാർത്ഥന ഇങ്ങനെയായിരുന്നു: നിങ്ങൾക്കും നിങ്ങളുടെ കുടുംബങ്ങൾക്കും ക്രിസ്തുമസിന്‍റെ സന്തോഷം ഞാൻ നേരുന്നു, എല്ലാവരുടെയും കൂടെയായിരിക്കുവാൻ ആഗ്രഹിക്കുന്ന രക്ഷകനെ പ്രാർത്ഥനയിൽ നിരന്തരം കണ്ടുമുട്ടാൻ കഴിയട്ടെയെന്ന് ആശംസിക്കുന്നു. ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ!

 വത്തിക്കാനില്‍ ബുധനാഴ്ചകളില്‍ പതിവുള്ള പൊതുകൂടിക്കാഴ്ച പരിപാടിയില്‍ പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രാര്‍ത്ഥനയെ സംബന്ധിച്ച പ്രഭാഷണമാണ്. 

ഗാനമാലപിച്ചത് കെസ്റ്ററും സംഘവുമാണ്. രചന മഹാകവി ചെറിയാന്‍ കുനിയന്തോടത്ത്, സംഗീതം റെക്സ് ഐസക്സ്.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

30 December 2020, 14:18