തിരയുക

ഇറ്റലിയിൽ സഭയുടെ സാമൂഹ്യപ്രബോധനോത്സവം ! ഇറ്റലിയിൽ സഭയുടെ സാമൂഹ്യപ്രബോധനോത്സവം ! 

പ്രത്യാശ: നാളയെ ദർശിക്കുന്ന ഹൃദയത്തിൻറെ പുണ്യം, പാപ്പാ

പത്താം സാമൂഹ്യപ്രബോധനോത്സവത്തിന് പാപ്പായുടെ വീഡിയൊ സന്ദേശം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഭാവി എന്നതിന്, ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം, മറ്റൊരു നാമമുണ്ടെന്നും “പ്രത്യാശ” എന്നതാണ് ആ പേരെന്നും പാപ്പാ.

ഇറ്റലിയിലെ സഭ, ഇൻറർനെറ്റു വഴി സംഘടിപ്പിച്ചിരിക്കുന്ന “സഭയുടെ സാമൂഹ്യപ്രബോധനോത്സവത്തിന്” വ്യാഴാഴ്‌ച (26/11/20) നല്കിയ വീഡിയൊ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ, ഈ ഉത്സവം സ്വീകരിച്ചിരിക്കുന്ന “ഭാവിയെക്കുറിച്ചുള്ള സ്മരണ” എന്ന വിചിന്തന പ്രമേയത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞത്.

മഹാമാരിയുടെ പിടിയലമർന്നിരിക്കുന്നതിനാൽ വൈക്തികവും സാമൂഹ്യവമായ ബുദ്ധിമുട്ടുകളും മുറിവുകളും പേറുന്ന ഒരു വേളയിൽ സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന, പത്താമത്തേതായ ഈ സാമൂഹ്യ സഭാപ്രബോധനോത്സവത്തിൻറെ ഈ പ്രമേയം അല്പം വിചിത്രമായി തോന്നാമെങ്കിലും രചനാത്മകമാണെന്ന് പാപ്പാ പ്രസ്താവിച്ചു.

ഭാവിയുമായി ഇടപഴകിക്കൊണ്ടിരിക്കുക എന്നു നമുക്കു പറയാൻ കഴിയുന്ന ഒരു മനോഭാവം ഉള്ളവരായിരിക്കാൻ ഈ പ്രമേയം നമ്മെ ക്ഷണിക്കുന്നുവെന്നു പാപ്പാ ഓർമ്മിപ്പിച്ചു.

അന്ധകാരത്തിൽ അടച്ചിടാത്തതും ഗതകാലത്തിൽ അവസാനിക്കാത്തതും വർത്തമാനകാലത്തിൽ മത്രമായി കഴിയാത്തതും എന്നാൽ നാളെയെ ദർശിക്കാൻ കഴിയുന്നതുമായ ഒരു ഹൃദയത്തിൻറെ പുണ്യമാണ് പ്രത്യാശയെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു. 

ഒരുവൻ വിതയ്ക്കുന്ന നന്മയുടെ നിഗൂഢശക്തിയിൽ പ്രത്യുത്തരമുള്ള പ്രത്യാശയോടെ മറ്റുള്ളവർ ഫലം കൊയ്യുന്ന പ്രക്രിയകൾക്ക് തുടക്കമിടാൻ സാധിക്കുന്നത് മഹാ ശ്രേഷ്ഠതയാണ് എന്ന വാക്യം പാപ്പാ “ഫ്രത്തേല്ലി തൂത്തി” (Fratelli tutti) എന്ന തൻറെ ചാക്രികലേഖനത്തിൽ നിന്ന് ഉദ്ധരിച്ചു.  

മാമ്മോദീസായിൽ ജീവൻ സ്വീകരിച്ചിരിച്ചവരാണ് നാമെല്ലാവരുമെന്നും പ്രസ്തുത ജീവനാകട്ടെ, ദൈവവുമായും മറ്റുള്ളവരുമായും സൃഷ്ടിയുമായും കൂട്ടായ്മായിലായിരിക്കുന്നതിനുള്ള ദാനമാണെന്നും പാപ്പാ അനുസ്മരിച്ചു.

ആകയാൽ, ദൈവവുമായുള്ള കൂട്ടായ്മയിലും, അതായത്, കർത്താവിൻറെ സാന്നിധ്യത്തിലുള്ള അഗാധമായ പ്രാർത്ഥനയിലും, കണ്ടുമുട്ടുന്ന എല്ലാവരോടുമുള്ള സ്നേഹത്തിലും, അതായത്, ഉപവിയിലും, അവസാനമായി, മാതൃഭൂമിയോടുള്ള കാര്യത്തിലും, അതായത്, ലോകത്തെ രൂപാന്തരപ്പെടുത്തുന്ന പ്രക്രിയയെ ദ്യോതിപ്പിക്കുന്നവയിലും ജീവിതം സാക്ഷാത്ക്കരിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

അതുകൊണ്ട് ഇക്കൊല്ലത്തെ ഈ ഉത്സവത്തിൻറെ പൊരുൾ, ഭാവിയുടെ സ്മരണ ജീവിക്കുക എന്നത് അർത്ഥമാക്കുന്നത്, ഈ ഭൂമിയിൽ ദൈവരാജ്യത്തിന് തുടക്കമിടാൻ, അതിൻറെ വിത്തുമുളപ്പിക്കാൻ സഭയെ, അതായത്, മഹാ ദൈവജനത്തെ പ്രാപ്തമാക്കാൻ പരിശ്രമിക്കുക എന്നതാണ് എന്ന് പാപ്പാ പ്രസ്താവിച്ചു 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 November 2020, 11:45