തിരയുക

Vatican News
ലോക യുവജനദിന കുരിശുമായി പാനമയിലെ യുവജനങ്ങൾ ലോക യുവജനദിന കുരിശുമായി പാനമയിലെ യുവജനങ്ങൾ  (ANSA)

പാപ്പായുടെ ദിവ്യപൂജാർപ്പണവും യുവജനദിനക്കുരിശു കൈമാറ്റവും!

ക്രിസ്തുരാജൻറെ തിരുന്നാൾദിനത്തിൽ ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ദിവ്യബലി അർപ്പിക്കും, യുവജന ദിനത്തിൻറെ അടയാളങ്ങളായ മരക്കുരിശും പരിശുദ്ധ കന്യകാമറിയത്തിൻറെ വർണ്ണനാ ചിത്രവും കൈമാറും.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ലോകയുവജന ദിനത്തിൻറെ അടയാളങ്ങളായ വലിയ മരക്കുരിശും ഉണ്ണിയേശുവിനെ കൈയ്യിലേന്തിയ പരിശുദ്ധകന്യകാമറിയത്തിൻറെ വർണ്ണനാചിത്രവും (Icon) മാർപ്പാപ്പാ ക്രിസ്തുരാജൻറെ തിരുന്നാൾദിനത്തിൽ, ഞായറാഴ്ച (22/11/20) പോർച്ചുഗലിലെ കത്തോലിക്കായുവജന പ്രതിനിധികൾക്ക് കൈമാറും.

അന്ന് രാവിലെ, പ്രാദേശിക സമയം, പത്തുമണിക്ക്, വത്തിക്കാനിൽ, വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ അർപ്പിക്കുന്ന ദിവ്യബലിയുടെ അവസാനമായിരിക്കും ഫ്രാൻസീസ് പാപ്പാ ഈ പ്രതീകാത്മക ആത്മീയ ചിഹ്നങ്ങൾ കഴിഞ്ഞ ആഗോളയുവജന സംഗമത്തിൻറെ വേദിയായിരുന്ന പാനമിയിലെ യുവജനങ്ങളുടെ പക്കൽ നിന്നു മേടിച്ച് അടുത്ത ലോക യുവജന സംഗമത്തിന് ആതിഥ്യമരുളുന്ന പോർച്ചുഗലിലെ യുവജനത്തെ ഏല്പിക്കുക. 

2019-ലായിരുന്നു പാനമ വേദിയാക്കി ലോകയുവജനദിനം ആചരിച്ചത്.

സാധാരണയായി രണ്ടോ മൂന്നോ വർഷം കൂടുമ്പോഴാണ് ആഗോളസഭാതലത്തിൽ യുവജനദിനാചരണം നടക്കുക. ഇതനുസരിച്ച് 2022 ആഗസ്റ്റിൽ നടക്കേണ്ട ഈ യുവജനസംഗമം, കോവിദ് 19 മഹാമാരിമൂലം 2023 ലേക്കു മാറ്റിയിരിക്കയാണ്.

പാപ്പാ യുവജനങ്ങളെ ഏല്പിക്കുന്ന മരക്കുരിശും അതിനെ അകമ്പടി സേവിക്കുന്ന പരിശുദ്ധ കന്യാകമറിയത്തിൻറെ തിരുച്ചിത്രവും പോർച്ചുഗലിലെ എല്ലാ രൂപതകളിലൂടെയും കടന്നായിരിക്കും ആഘോഷവേദിയായ ലിസ്ബണിൽ എത്തുക.

യുവജനങ്ങൾ കൊണ്ടുപോകുന്ന വലിയ മരക്കുരിശ് ജൂബിലിക്കുരിശ്, തീർത്ഥാടക കുരിശ്, യുവജന കുരിശ് (Jubilee Cross, Pilgrim Cross, and Youth Cross) എന്നിങ്ങനെ വിവിധ പേരുകളിൽ അറിയപ്പെടുന്നു. 

1984-ൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ നിന്നാരംഭിച്ച ഈ കുരിശിൻറെ തീർത്ഥാടനം ലോകത്തിൽ തുടരുന്നു.

1983-1984 വർഷങ്ങളിലായി ആചരിക്കപ്പെട്ട പരിത്രാണ വിശുദ്ധ വത്സരത്തിൻറെ സമാപനത്തിൽ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായാണ്, ക്രിസ്തുവിന് നരകുലത്തോടുള്ള സ്നേഹത്തിൻറെ പ്രതീകമായി ലോകമെങ്ങും കൊണ്ടുപോകുന്നതിന് 3.8 മീറ്റർ ഉയരമുള്ള ഈ മരക്കുരിശ് യുവജനത്തെ ഏല്പിച്ചത്.

 

21 November 2020, 13:49