പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിനം!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിനാചരണത്തോടനുബന്ധിച്ച് മാർപ്പാപ്പാ വത്തിക്കാനിൽ വിശുദ്ധ കുർബ്ബാന അർപ്പിക്കും.
ഞായറാഴ്ച (15/11/20) രാവിലെ പ്രാദേശികസമയം 10 മണിക്ക്, ഇന്ത്യയിലെ സമയം ഉച്ചയ്ക്ക് 2.30-ന് വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ആയിരിക്കും ഫ്രാൻസീസ് പാപ്പാ ദിവ്യബലി അർപ്പിക്കുക.
പ്രഭാഷകൻറെ പുസ്തകം ഏഴാം അദ്ധ്യായത്തിലെ മുപ്പത്തിരണ്ടാമാത്തെതായ “ദരിദ്രനു കൈ തുറന്നു കൊടുക്കുക” എന്ന വാക്യത്തെ ആധാരമാക്കി, പാപ്പാ, “ദരിദ്രൻറെ നേർക്ക് നീ കരം നീട്ടുക” എന്ന പ്രമേയമാണ് പാവപ്പെട്ടവർക്കായുള്ള നാലാം ലോകദിനാചരണത്തിനായി സ്വീകരിച്ചിരിക്കുന്നത്.
2016-ലാണ് ഫ്രാൻസീസ് പാപ്പാ “മിസെരിക്കോർദിയ ഏത്ത് മീസേര” (Misericordia et misera) എന്ന അപ്പസ്തോലിക ലേഖനത്തിലൂടെ പാവപ്പെട്ടവർക്കായുള്ള ലോകദിനം സാർവ്വത്രികസഭയിൽ ഏർപ്പെടുത്തിയത്.
പാവപ്പെട്ടവരോടുള്ള സാമീപ്യത്തിൻറെ സമൂർത്ത അടയാളമായിട്ടാണ് ഈ ദിനം ആചരിക്കപ്പെടുന്നത്.
ഈ ദിനാചരണത്തോടനുബന്ധിച്ച് എല്ലാവർഷവും പാപ്പാ വത്തിക്കാനിൽ പാവപ്പെട്ടവരുമൊത്ത് ഉച്ചവിരുന്നിൽ പങ്കെടുക്കാറുണ്ട്. എന്നാൽ ഇക്കൊല്ലം കോവിദ് 19 മഹാമാരിയുടെ പശ്ചാത്തലത്തിൽ രോഗപ്രതിരോധത്തിൻറെ ഭാഗമായി കർശന നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ ഈ വിരുന്നു ഒഴിവാക്കിയിരിക്കയാണ്.
എന്നാൽ റോമിലെ 60 ഇടവകകളിലായി പാവപ്പെട്ട കുടുംബങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ സമ്മാനപ്പൊതികൾ വിതരണം ചെയ്യും.