പൈശാചികാക്രമണങ്ങൾ യൂറോപ്പിൽ വ്യാപകമാകുന്നു, പാപ്പാ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ഫ്രാൻസിലെ നീസിലെ ഒരു ദേവാലയത്തിലും ഓസ്ത്രിയായുടെ തലസ്ഥാനമായ വിയെന്നായിലെ തെരുവീഥിയിലും ഉണ്ടായ ഭീകരാക്രമണങ്ങളിൽ ജീവൻ നഷ്ടപ്പെട്ടവരെ മാർപ്പാപ്പാ അനുസ്മരിക്കുന്നു.
ബുധനാഴ്ച (04/11/20) വത്തിക്കാനിൽ, പേപ്പൽ ഭാവനത്തിലെ വായനശാലയിൽ നിന്ന് ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ അനുവദിച്ച പ്രതിവാര പൊതുകൂടിക്കാഴ്ചയുടെ സമാപന വേളയിൽ ഫ്രാൻസീസ് പാപ്പാ ഈ ദിനങ്ങളിൽ നമ്മൾ പരേതരെ പ്രത്യേകം ഓർക്കുന്നതിനെക്കുറിച്ചു പരാമർശിച്ചുകൊണ്ടാണ് ഭീകരാക്രമണത്തിൽ ജീവൻ പൊലിഞ്ഞ നിരപരാധികളെ അനുസ്മരിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തത്.
യൂറോപിൽ നിഷ്ഠൂരത വ്യാപിച്ചുകൊണ്ടിരിക്കയാണെന്ന വസ്തുത പാപ്പാ എടുത്തുകാട്ടി.
സമാധാനവും സംഭാഷണവും ആഗ്രഹിക്കുന്ന ജനങ്ങളിൽ ഞെട്ടലും നിന്ദയും ഉളവാക്കിയിരിക്കയാണ് ഇക്കഴിഞ്ഞ ദിനങ്ങളിൽ ഉണ്ടായ ആക്രമണങ്ങളെന്ന് പാപ്പാ പറയുന്നു.
ഈ ആക്രമണങ്ങളിൽ മരണമടഞ്ഞവരെ പാപ്പാ ദൈവികകാരുണ്യത്തിന് സമർപ്പിക്കുകയും അവരുടെ കടുംബാംഗങ്ങളോടും മതങ്ങൾ തമ്മിലുള്ള സാഹോദര്യ സഹകരണത്തെ ഇല്ലായ്മചെയ്യാൻ അക്രമവും വിദ്വേഷവും വഴി ശ്രമിക്കുന്ന ഇത്തരം അപലപനീയ സംഭവങ്ങൾ മൂലം വേദനിക്കുന്ന എല്ലാവരോടും തൻറെ ആദ്ധ്യാത്മിക സാമീപ്യം അറിയിക്കുകയും ചെയ്യുന്നു.
വിയെന്നായില്‍ നവംബര്‍ 2, തിങ്കളാഴ്ച (02/11/20) രാത്രിയുണ്ടായ ഭീകരാക്രമണത്തിൽ നാലുപേർ മരണമടയുകയും ഇരുപതിലേറെപ്പേർക്ക് പരിക്കേല്കുകയും ചെയ്തു.
ഫ്രാൻസിലെ നീസിൽ, നോതൃദാം മരിയൻ ദേവാലയത്തിൽ ഒക്ടോബർ 29-ന് വ്യാഴാഴ്‌ചയാണ് (29/10/20) ഒരു അക്രമി ഒരു വയോധികയെ കഴുത്തറുത്തും മറ്റു രണ്ടു പേരെ കുത്തിയും കൊലചെയ്തത്.