തിരയുക

Vatican News
ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ  ഗ്രന്ഥശാലയിൽ നിന്ന് പൊതുദർശന സന്ദേശം നല്കുന്നു, 11/11/20 ബുധൻ ഫ്രാൻസീസ് പാപ്പാ, വത്തിക്കാനിൽ, പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന് പൊതുദർശന സന്ദേശം നല്കുന്നു, 11/11/20 ബുധൻ  (ANSA)

ഫ്രാൻസീസ് പാപ്പാ: പ്രാർത്ഥന, ജീവിതത്തിന് പ്രാണവായു!

എളിമയുടെ ചൈതന്യത്തിൻറെ അഭാവത്തിൽ യഥാർത്ഥ പ്രാർത്ഥന സാധ്യമല്ല. വാസ്തവത്തിൽ എളിമയാണ് നമ്മെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നത്, പാപ്പായുടെ പൊതുദർശന പ്രഭാഷണത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കോവിദ് 19 രോഗസംക്രമണം രണ്ടാംവട്ടവും ശക്തിപ്രാപിച്ചുവരുന്ന പശ്ചാത്തലത്തിൽ പല നാടുകളും ശാരീരിക-സാമൂഹ്യഅകലപാലനം ഉൾപ്പടെയുള്ള രോഗപ്രതിരോധ നടപടികളിലേക്ക് വീണ്ടു തിരിഞ്ഞിരിക്കയാണ്. ആകയാൽ ബുധനാഴ്ചകളിൽ പതിവുള്ള, ഫ്രാൻസീസ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടി, ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കിയാണ് ഇപ്പോൾ നടത്തുന്നത്. കഴിഞ്ഞ ആഴ്ചയിലെന്നപോലെ തന്നെ ഈ ബുധനാഴ്ചയും (11/11/20) പാപ്പാ പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന്  ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ് പൊതുദർശനം നല്കിയത്. പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം നടന്നു. തദ്ദനന്തരം പാപ്പാ, താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനരപരമ്പര തുടർന്നു. 

ഫ്രാൻസീസ് പാപ്പാ  ഇറ്റാലിയൻ ഭാഷയിൽ നല്കിയ സന്ദേശത്തിൻറെ സംഗ്രഹം :

ജീവിത മുന്നേറ്റത്തിന് കരുത്തേകുന്ന പ്രാർത്ഥന

പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭദിനം.

പ്രാർത്ഥനയെ അധികരിച്ചുള്ള പ്രബോധനപരമ്പര നമുക്കു തുടരാം. ചിലരെന്നോടു പറഞ്ഞു: “അങ്ങ് പ്രാർത്ഥനയെക്കുറിച്ച് ഏറെ സംസാരിക്കുന്നു. അതിൻറെ ആവശ്യമില്ല”. എന്നാൽ, അതെ, അത് ആവശ്യമാണ്. കാരണം, നമ്മൾ പ്രാർത്ഥിക്കാത്ത പക്ഷം ജീവിതത്തിൽ മുന്നേറുന്നതിനുള്ള കരുത്ത് നമുക്കുണ്ടാകില്ല. ജീവിതത്തിന് പ്രാണവായു എന്ന പോലെയാണ് പ്രാർത്ഥന. നമ്മെ എന്നും മുന്നോട്ടു നയിക്കുന്ന പരിശുദ്ധാരൂപിയുടെ സാന്നിധ്യം പ്രാർത്ഥന നമ്മുടെ മേൽ ആകർഷിക്കുന്നു. അതുകൊണ്ടാണ് ഞാൻ പ്രാർത്ഥനയെക്കുറിച്ച് പറയുന്നത്. 

യേശുവിൻറെ അവിരാമ പ്രാർത്ഥന-പിതാവുമായുള്ള സംഭാഷണം

യേശു സ്ഥൈര്യത്തോടുകൂടിയ അഖണ്ഡ പ്രാർത്ഥനയുടെ മാതൃകയേകുന്നു. നിശബ്ദതയിലും ധ്യാനാത്മകതയിലും പിതാവുമായുള്ള അവിരാമ സംഭാഷണമാണ് യേശുവിൻറെ ദൗത്യം മുഴുവൻറെയും ആധാരബിന്ദു. സ്ഥൈര്യത്തോടുകൂടി അക്ഷീണം പ്രാർത്ഥിക്കാൻ യേശു സ്വശിഷ്യരെ ഉപദേശിക്കുന്നത് സുവിശേഷങ്ങളിൽ കാണാം. യേശുവിൻറെ പ്രാർത്ഥനയുടെ ഈ സവിശേഷത അടിവരയിട്ടുകാട്ടുന്ന ലൂക്കായുടെ സുവിശേഷത്തിലുള്ള മൂന്നു ഉപമകൾ കത്തോലിക്കാസഭയുടെ മതബോധനം അനുസ്മരിക്കുന്നുണ്ട് (CCC,2613).

സുദൃഢമാകണം പ്രാർത്ഥന

പ്രാർത്ഥന, സർവ്വോപരി, നിശ്ചയദാർഢ്യത്തോടു കൂടിയതാകണം. അപ്രതീക്ഷിതമായെത്തിയ അതിഥിയെ സ്വീകരിക്കേണ്ടിവന്നതിനാൽ, അർദ്ധരാത്രിയിൽ സുഹൃത്തിനെ മുട്ടിവിളിച്ച് അപ്പം ചോദിക്കുന്ന വ്യക്തിയെപ്പോലെ. ആ മിത്രമാകട്ടെ “ഇല്ല” എന്ന് പ്രത്യുത്തരിക്കുന്നു, കാരണം അയാൾ ഉറങ്ങാൻ കിടന്നിരുന്നു. എന്നാൽ ആവശ്യക്കാരനാകട്ടെ തൻറെ സുഹൃത്ത് എഴുന്നേറ്റ് അപ്പം തരുന്നതുവരെ നിർബന്ധിക്കുന്നു, (ലൂക്കാ 11,5-8). ദൃഢനിശ്ചയത്തോടുകൂടി നടത്തുന്ന അഭ്യർത്ഥനയാണത്. എന്നാൽ ദൈവമാകട്ടെ നമ്മേക്കാൾ ക്ഷമയുള്ളവനാണ്, വിശ്വാസത്തോടും സ്ഥൈര്യത്തോടും കൂടെ അവിടത്തെ  ഹൃദയവാതിൽക്കൽ മുട്ടുന്നവൻ നിരാശനാകില്ല. ദൈവം എന്നും മറുപടി നല്കുന്നു, എന്നും. നമുക്ക് ആവശ്യമുള്ളത് എന്താണെന്ന് നമ്മുടെ പിതാവിന് നന്നായി അറിയാം; നമ്മുടെ ആവശ്യങ്ങൾ അവിടത്തെ ധരിപ്പിക്കാനൊ ബോധ്യപ്പെടുത്താനൊ അല്ല ഈ നിർബന്ധ ബുദ്ധി, പ്രത്യുത, നമ്മിൽ അഭിവാഞ്ഛയും പ്രതീക്ഷയും വളർത്താൻ അതുപകരിക്കുന്നു.

പ്രാർത്ഥന, ധീരതയാർന്ന ഒരു മനോഭാവം

രണ്ടാമത്തെ ഉപമ, നീതി ലഭിക്കാൻ സഹായിക്കുന്നതിന് ന്യായധിപനെ സമീപിക്കുന്ന വിധവയുടേതാണ്. ഈ ന്യായാധിപൻ, അഴിമതിക്കാരനായിരുന്നു, മനസ്സാക്ഷിക്കുത്തില്ലാത്ത ഒരു മനുഷ്യനാണ്, എന്നാൽ ഒടുവിൽ, വിധവയുടെ നിർബന്ധത്തിനു വഴങ്ങി അയാൾ അവളെ പ്രീതിപ്പെടുത്താൻ തീരുമാനിക്കുന്നു (ലൂക്കാ 18: 1-8). അയാൾ ചിന്തിക്കുന്നു “പ്രശ്നം പരിഹരിക്കുന്നതാണ് നല്ലത്, ഇതിൽ നിന്ന് തലയൂരാം. അങ്ങനെ ഇനിയും പരാതിയുമായി എൻറെ അടുത്ത് വരില്ലല്ലൊ”. ഈ ഉപമ, വിശ്വാസം ഒരു നിമിഷത്തെ ആവേശമല്ല, മറിച്ച്,  തിന്മയ്ക്കും അനീതിയ്ക്കും അടിയറവു പറയാതെ,  ദൈവത്തെ വിളിച്ചപേക്ഷിക്കാൻ, അവിടത്തോടു "തർക്കിക്കാൻ" പോലുമുള്ള ധീരമായൊരു മനോഭാവമാണ് എന്ന് കാട്ടിത്തരുന്നു.

വിനയം പ്രാർത്ഥനയ്ക്ക് അനിവാര്യ വ്യവസ്ഥ

ദേവാലയത്തിൽ പ്രാർത്ഥിക്കാനെത്തുന്ന ഒരു ഫരിസേയനെയും ഒരു ചുങ്കക്കാരനേയുമാണ് മൂന്നാമത്തെ ഉപമയിൽ കാണുക. ആദ്യത്തെയാൾ (പരീശൻ) സ്വന്തം യോഗ്യതകൾ ദൈവത്തിൻറെ മുന്നിൽ നിരത്തുന്നു; എന്നാൽ അപരനാകട്ടെ ദേവാലയത്തിൽ പ്രവേശിക്കാൻ പോലും താൻ യോഗ്യനല്ലെന്ന് തിരിച്ചറിയുന്നു. എന്നാൽ ദൈവമാകട്ടെ അഹംഭാവികളുടെ പ്രാർത്ഥന കേൾക്കുന്നില്ല, താഴ്മയുള്ളവരുടെ പ്രാർത്ഥന ശ്രവിക്കുന്നു (ലൂക്കാ 18,9-14). എളിമയുടെ ചൈതന്യത്തിൻറെ അഭാവത്തിൽ യഥാർത്ഥ പ്രാർത്ഥന സാധ്യമല്ല. വാസ്തവത്തിൽ എളിമയാണ് നമ്മെ പ്രാർത്ഥിക്കാൻ പ്രേരിപ്പിക്കുന്നത്.

വിശ്വാസാന്ധകാരാവസ്ഥയിലും പ്രാർത്ഥിക്കുക

സുവിശേഷമേകുന്ന പ്രബോധനം സുവ്യക്തമാണ്: സകലവും നിഷ്ഫലം എന്നു പ്രതീതമാകുമ്പോഴും നമ്മുടെ മുന്നിൽ ദൈവം ബധിരനും മൂകനുമായി  കാണപ്പെടുമ്പോഴും നാം സമയം പാഴാക്കുകയാണെന്ന് തോന്നുമ്പോഴും എല്ലാം നാം സദാ പ്രാർത്ഥിക്കണം. ആകാശം ഇരുണ്ടാലും ക്രിസ്ത്യാനി പ്രാർത്ഥന തുടരുന്നു. വിശ്വാസവുമായി കൈകോർത്തു നീങ്ങുന്നതാണ് അവൻറെ പ്രാർത്ഥന. നമ്മുടെ ജീവിതത്തിൻറെ അനേകം ദിനങ്ങളിൽ, വിശ്വാസം ഒരു മിഥ്യയാണെന്ന്, വ്യർത്ഥമായ അദ്ധ്വാനമാണെന്ന്, നമുക്കു തോന്നാം. നമ്മുടെ ജീവിതത്തിൽ ഇരുളടഞ്ഞ നിമിഷങ്ങളുണ്ടായിട്ടുണ്ട്, ആ വേളകളിൽ വിശ്വാസം മിഥ്യയാണ് എന്ന് തോന്നിയിട്ടുമുണ്ട്. എന്നാൽ പ്രാർത്ഥിക്കുകയെന്നാൽ ഈ ബുദ്ധിമുട്ട് സ്വീകരിക്കുക എന്നാണർത്ഥം. അനേകം വിശുദ്ധന്മാരും വിശുദ്ധകളും വിശ്വാസത്തിൻറെ ഇരുണ്ട അനുഭവത്തിലൂടെയും ദൈവത്തിൻറെ മൗനാനുഭവത്തിലൂടെയും കടന്നുപോയിട്ടുണ്ട് എന്നാൽ അവർ സ്ഥൈര്യം പുലർത്തി.

യേശു കൂടെയുണ്ട്

വിശ്വാസത്തിൻറെ ഇരുണ്ടയാമങ്ങളിൽ പ്രാർത്ഥിക്കുന്നവൻ ഒരിക്കലും ഒറ്റയ്ക്കാകില്ല. വാസ്തവത്തിൽ, യേശു പ്രാർത്ഥനയുടെ സാക്ഷിയും ഗുരുവും മാത്രമല്ല അതിലുപരിയാണ്. അവിടന്നിൽ അവിടന്നിലൂടെ പ്രാർത്ഥിക്കാൻ നമുക്കു സാധിക്കേണ്ടതിന് തൻറെ പ്രാർത്ഥനയിൽ അവിടന്ന് നമ്മെ സ്വീകരിക്കുന്നു. ഇത് പരിശുദ്ധാരൂപിയുടെ പ്രവർത്തനമാണ്. അതുകൊണ്ടാണ് യേശുവിൻറെ നാമത്തിൽ പ്രാർത്ഥിക്കാൻ സുവിശേഷം നമ്മെ ക്ഷണിക്കുന്നത്. വിശുദ്ധ യോഹന്നാൻ കർത്താവിൻറെ ഈ വാക്കുകൾ ആവർത്തിക്കുന്നു: “എൻറെ നാമത്തിൽ നിങ്ങൾ ചോദിക്കുന്നത് ഞാൻ നിങ്ങൾക്കു നല്കും. അത് പിതാവ് പുത്രനിൽ മഹത്വപ്പെടേണ്ടതിനാണ്” (യോഹന്നാൻ 14,13). നമ്മുടെ യാചനകൾ ശ്രവിക്കപ്പെടും എന്ന ഉറപ്പ് യേശുവിൻറെ പ്രാർത്ഥനയിൽ അധിഷ്ഠിതമാണ് എന്ന് കത്തോലിക്കാസഭയുടെ മതബോധനം വിശദീകരിക്കുന്നുണ്ട്. യേശുവിൻറെ പ്രാർത്ഥനയാണ് മനുഷ്യൻറെ  പ്രാർത്ഥനയ്ക്ക് ഉണ്ടാകണമെന്ന് എന്നും ആഗ്രഹിച്ചിട്ടുള്ള ചിറകുകളേകുന്നത്....

പരിശുദ്ധാരൂപിയുടെ പ്രവർത്തനം

യേശുവിൻറെ അഭാവത്തിൽ നമ്മുടെ പ്രാർത്ഥന പലപ്പോഴും പരാജയത്തിൽ കലാശിക്കുന്ന മാനുഷിക അദ്ധ്വാനമായി ചുരുങ്ങുന്ന അപകടമുണ്ട്..... നാം മറന്നു പോകരുത്, പരിശുദ്ധാരൂപിയാണ് നമ്മിൽ പ്രാർത്ഥിക്കുന്നത്, നമ്മെ പ്രാർത്ഥനയിലേക്കാനയിക്കുന്നതും യേശുവിൻറെ പക്കലെത്തിക്കുന്നതും ഈ അരൂപിയാണ്. ദൈവവുമായുള്ള കൂടിക്കാഴ്ച ലക്ഷ്യമാക്കി നീങ്ങുന്നതിന് പിതാവും പുത്രനും നമുക്കേകിയ ദാനമാണ് പരിശുദ്ധാത്മാവ്.

പ്രാർത്ഥനയുടെ മാർഗ്ഗം പഠിപ്പിക്കുന്ന ദൈവാരൂപി

നമുക്കെല്ലാം ക്രിസ്തുവാണ്. നമ്മുടെ പ്രാർത്ഥനാജീവിതത്തിലും അപ്രകാരമാണ്. നമ്മെ പ്രബുദ്ധമാക്കുന്ന ഒരു പദപ്രയോഗം വഴി വിശുദ്ധ അഗസ്റ്റിൻ പറയുന്ന വാക്കുകൾ കത്തോലിക്കാസഭയുടെ മതബോധനം ഉദ്ധരിക്കുന്നുണ്ട്: യേശു “നമ്മുടെ പുരോഹിതനെന്ന നിലയിൽ നമുക്കായി പ്രാർത്ഥിക്കുന്നു. നമ്മുടെ നിയന്താവെന്ന നിലയിൽ നമ്മിൽ പ്രാർത്ഥിക്കുന്നു. നമ്മുടെ ദൈവമായി നാം അവിടത്തോടു പ്രാർത്ഥിക്കുന്നു. ആകയാൽ അവിടന്നിൽ നമ്മുടെ സ്വരവും നമ്മിൽ അവിടത്തെ സ്വരവും നാം തിരിച്ചറിയുന്നു” (2616). ഇക്കാരാണത്താൽ, പ്രാർത്ഥിക്കുന്ന ക്രൈസ്തവൻ യാതൊന്നും ഭയപ്പെടുന്നില്ല, അവൻ നമുക്ക് ദാനമായി നല്കപ്പെട്ട, നമ്മിൽ പ്രാർത്ഥിക്കുകയും പ്രാർത്ഥിക്കാൻ പ്രചോദനമേകുകയും ചെയ്യുന്ന, പരിശുദ്ധാരൂപിക്ക് സ്വയം സമർപ്പിക്കുന്നു. പ്രാർത്ഥനയുടെ ഗുരുവായ ഈ പരിശുദ്ധാത്മാവു തന്നെ ആയിരിക്കട്ടെ പ്രാർത്ഥനയുടെ മാർഗ്ഗം നമ്മെ പഠിപ്പിക്കുന്നതും.   നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു. 

മുൻ കർദ്ദിനാൾ തെയൊദോർ മക്കാറിക്ക് (Theodore McCarrick)

വേദനാജനകമായ സഭയിലെ ലൈംഗികപീഢന സംഭവവുമായി ബന്ധപ്പെട്ട് മുൻ കർദ്ദിനാൾ തെയൊദോർ മക്കാറിക്കിനെ (Theodore McCarrick)ക്കുറിച്ച് ഒരു റിപ്പോർട്ട് ചൊവ്വാഴ്ച (10/11/20) വത്തിക്കാൻ പ്രസിദ്ധപ്പെടുത്തിയത് പാപ്പാ അനുസ്മരിക്കുകയും ലൈംഗികപീഢനത്തിനിരകളായ സകലരുടെയും  ചാരെ താനുണ്ടെന്ന് ആവർത്തിച്ചു വെളിപ്പെടുത്തുകയും ചെയ്തു. 

ഈ തിന്മ ഉന്മൂലനം ചെയ്യുന്നതിന് സഭയുടെ പ്രതിജ്ഞാബദ്ധതയും പാപ്പാ നവീകരിച്ചു.

വിശുദ്ധ മാർട്ടിൻ

ടൂഴ്സിലെ മെത്രാനായിരുന്ന വിശുദ്ധ മാർട്ടിൻറെ തിരുന്നാൾ അനുവർഷം നവമ്പർ 11-ന് തിരുസഭ ആചരിക്കുന്നത് പാപ്പാ അനുസ്മരിച്ചു.

പാവപ്പെട്ടവരോടും പാർശ്വവത്കൃതരോടുമുള്ള സുവിശേഷ ഉപവി സവിശേഷമാം വിധം തെളിഞ്ഞുനിന്ന മഹാ ഇടയനായിരുന്നു അദ്ദേഹം എന്ന് പാപ്പാ പ്രസ്താവിച്ചു.

വിശ്വാസത്തിൽ ധൈര്യമുള്ളവരും ഉപവിയിൽ ഉദാരമതികളും ആയിരിക്കുന്നതിന് വിശുദ്ധ മാർട്ടിൻറെ മാതൃക നമ്മെ പഠിപ്പിക്കട്ടെയെന്ന് പാപ്പാ ആശംസിച്ചു. 

പൊതുദർശനപരിപാടിയുടെ അവസാനം  പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്ത പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

11 November 2020, 13:36