തിരയുക

ഫ്രാൻസീസ് പാപ്പാ ആശീർവ്വാദം നല്കുന്നു, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന് പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ, ബുധൻ 25/11/20 ഫ്രാൻസീസ് പാപ്പാ ആശീർവ്വാദം നല്കുന്നു, വത്തിക്കാനിൽ പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന് പ്രതിവാരപൊതുകൂടിക്കാഴ്ച അനുവദിച്ച വേളയിൽ, ബുധൻ 25/11/20 

പ്രാർത്ഥന: ശക്തി പ്രദാനം ചെയ്യുന്ന അരൂപിയുടെ അഗ്നി!

ഫ്രാൻസീസ് പാപ്പായുടെ പൊതുകൂടിക്കാഴ്ചാ പ്രഭാഷണം:ലോകത്തിൽ സഭയുടെ ആദ്യ ചുവടുകൾ മുദ്രിതമായിരിക്കുന്നത് പ്രാർത്ഥനയിലൂടെയാണ്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

കഴിഞ്ഞ ആഴ്ചയിലെന്നപോലെ തന്നെ, ഈ ബുധനാഴ്ചയും (25/11/20)  ഫ്രാൻസീസ് പാപ്പാ പേപ്പൽ ഭവനത്തിലെ ഗ്രന്ഥശാലയിൽ നിന്ന്  ദൃശ്യശ്രാവ്യ മാദ്ധ്യമങ്ങളിലൂടെയാണ് പൊതുദർശനം അനുവദിച്ചത്. കോവിദ് 19 രോഗസംക്രമണം രണ്ടാംവട്ടവും ശക്തിപ്രാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ ശാരീരിക-സാമൂഹ്യഅകലപാലനം ഉൾപ്പടെയുള്ള രോഗപ്രതിരോധ നടപടികളുടെ ഭാഗമായിട്ടാണ് പാപ്പായുടെ പ്രതിവാര പൊതുകൂടിക്കാഴ്ചാ പരിപാടിയിൽ, ജനങ്ങളുടെ നേരിട്ടുള്ള പങ്കാളിത്തം ഒഴിവാക്കിയിരിക്കുന്നത്. 

പാപ്പാ, ത്രിത്വൈകസ്തുതിയോടുകൂടി പൊതുദര്‍ശന പരിപാടിക്ക് തുടക്കം കുറിച്ചതിനെ തുടര്‍ന്ന് വിവിധ ഭാഷകളില്‍ വിശുദ്ധഗ്രന്ഥഭാഗ പാരായണം നടന്നു. തദ്ദനന്തരം പാപ്പാ, താൻ പ്രതിവാരപൊതുകൂടിക്കാഴ്ചാ വേളയിൽ പ്രാർത്ഥനയെ അധികരിച്ച് നടത്തിപ്പോരുന്ന പ്രബോധനരപരമ്പര തുടർന്നു. 

പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ  പ്രഭാഷണത്തിൻറെ  സംഗ്രഹം: 

പ്രാർത്ഥന അടയാളപ്പെടുത്തുന്ന സഭയുടെ ചുവടുകൾ

പ്രിയ സഹോദരീസഹോദരന്മാരേ, സുപ്രഭാതം!

ലോകത്തിൽ  സഭയുടെ ആദ്യ ചുവടുകൾ മുദ്രിതമായിരിക്കുന്നത് പ്രാർത്ഥനയിലൂടെയാണ്. അപ്പോസ്തലിക രചനകളും അപ്പോസ്തല പ്രവർത്തനങ്ങളുടെ മഹത്തായ വിവരണവും പ്രയാണം ചെയ്യുന്നതും പ്രവർത്തനനിരതവുമായ ഒരു സഭയുടെ രൂപം നമുക്കേകുന്നു. എന്നാൽ ഈ സഭ, പ്രേഷിതപ്രവർത്തനത്തിനുള്ള അടിസ്ഥാനവും പ്രചോദനവും കണ്ടെത്തുന്നത് പ്രാർത്ഥന യോഗങ്ങളിലാണ്. ജറുസലേമിലെ ആദിമ സമൂഹത്തിൻറെ ചിത്രം മറ്റെല്ലാ ക്രിസ്തീയ അനുഭവങ്ങൾക്കും ഒരു സംശോധകബിന്ദുവാണ്. ലൂക്കാ അപ്പസ്തോലപ്രവർത്തനങ്ങളിൽ കുറിക്കുന്നു: “അവർ അപ്പസ്തോലന്മാരുടെ പ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കൽ, പ്രാർത്ഥന എന്നിവയിൽ സദാ താത്പര്യപൂർവ്വം പങ്കുചേർന്നു” (2,42). സമൂഹം പ്രാർത്ഥനയിൽ ഉറച്ചു നില്ക്കുന്നു.

സഭയുടെ അനിവാര്യ ചതുർഘടകങ്ങൾ

സഭാ ജീവിതത്തിൻറെ അത്യന്താപേക്ഷിതമായ നാല് സവിശേഷതകൾ ഇവിടെ നാം കാണുന്നു: ഒന്ന്, അപ്പോസ്തലന്മാരുടെ പ്രബോധനങ്ങൾ ശ്രവിക്കൽ, രണ്ട്, പരസ്പര കൂട്ടായ്മ കാത്തുപരിപാലിക്കൽ, മൂന്ന്, അപ്പം മുറിക്കൽ,  നാല്, പ്രാർത്ഥന. ക്രിസ്തുവുമായുള്ള ഐക്യത്തിൽ ഉറച്ചുനിൽക്കുന്നെങ്കിൽ മാത്രമെ സഭയുടെ അസ്തിത്വത്തിന് അർത്ഥമുള്ളൂ എന്ന് അവ നമ്മെ ഓർമ്മിപ്പിക്കുന്നു. ഇതാണ് ക്രിസ്തുവുമായി നമ്മെ ഐക്യത്തിലാക്കാനുള്ള മാർഗ്ഗം. പ്രസംഗവും പ്രബോധനങ്ങളും ഗുരുവിൻറെ വചനങ്ങൾക്കും ചെയ്തികൾക്കും സാക്ഷ്യം നല്കുന്നു; സാഹോദര്യ കൂട്ടായ്മയ്ക്കായുള്ള നിരന്തരമായ അന്വേഷണം സ്വാർത്ഥതയിലും വ്യതിരിക്തതാവാദങ്ങളിലും നിന്ന് സംരക്ഷണമേകുന്നു. അപ്പം മുറിക്കലാകട്ടെ യേശുവിൻറെ സാന്നിധ്യത്തിൻറെ കൂദാശയെ നമ്മുടെ മദ്ധ്യേ സാക്ഷത്കൃതമാക്കുന്നു: അവിടന്ന് ഒരിക്കലും അസന്നിഹിതനാകില്ല, വിശുദ്ധ കുർബ്ബാനയിൽ അവിടന്നുണ്ട്. അവിടന്ന് നമ്മോടുകൂടെ ജീവിക്കുകയും ചരിക്കുകയും ചെയ്യുന്നു. അവസാനമായി, പരിശുദ്ധാത്മാവിൽ ക്രിസ്തുവിലൂടെ, പിതാവുമായുള്ള സംഭാഷണത്തിൻറെ വേദിയാണ് പ്രാർത്ഥന.

സഭ കച്ചവട സ്ഥാപനമല്ല

സഭയിൽ ഈ “ഏകോപകഘടകങ്ങൾക്ക്” (coordinates) പുറമെ വളരുന്നവയെല്ലാം അടിസ്ഥാനരഹിതങ്ങളാണ്. ഇവയില്ലാത്തവ സഭാത്മകത ഇല്ലാത്തവയാണ്, അവ സഭാപരമല്ല. സഭ ഒരു കമ്പോളമല്ല. വ്യവസായ സംരംഭകരുടെ ഒരു സംഘമല്ല സഭ. നമ്മെ ഒന്നിച്ചുകുട്ടുന്നതിന് ക്രിസ്തു അയച്ച പരിശുദ്ധാരൂപിയുടെ പ്രവർത്തനമാണ് സഭ. ദൈവമാണ് സഭയെ പണിതുയർത്തുന്നത്, ആല്ലാതെ പ്രവർത്തന കോലാഹലങ്ങളല്ല. നമ്മുടെ പരിശ്രമങ്ങളെ സാരസാന്ദ്രമാക്കുന്നത് യേശുവിൻറെ വചനമാണ്. താഴ്മായിലാണ് ലോകത്തിൻറെ ഭാവി കെട്ടിപ്പടുക്കുന്നത്.

സുവിശേഷവത്ക്കരണത്തിൻറെ ചാലകശക്തി

സുവിശേഷവത്ക്കരണത്തിനുള്ള ശക്തമായ ചാലകശക്തി പ്രാർത്ഥനായോഗങ്ങളാണെന്ന് അപ്പസ്തോല പ്രവർത്തനങ്ങൾ വായിക്കുമ്പോൾ നാം മനസ്സിലാക്കുന്നു. അതിൽ പങ്കുകൊള്ളുന്നവർ യേശുവിൻറെ സാന്നിധ്യം നേരിട്ടനുഭവിക്കുകയും പരിശുദ്ധാരൂപിയുടെ സ്പർശമേല്ക്കുകയും ചെയ്യുന്നു. യേശുവുമായുള്ള കൂടിക്കാഴ്ചയുടെ കഥ സ്വർഗ്ഗാരോഹണത്തോടെ അവസാനിക്കുന്നില്ലയെന്നും അത് തങ്ങളുടെ ജീവിതത്തിൽ തുടരുന്നുവെന്നും ആദ്യസമൂഹത്തിലെ അംഗങ്ങൾ മനസ്സിലാക്കി. എന്നാലിത് എന്നും പ്രസക്തമാണ്, ഇന്ന് നമ്മെ സംബന്ധിച്ചും. കർത്താവ് പറഞ്ഞതും ചെയ്തതുമായ കാര്യങ്ങൾ പറയുകയും അവിടന്നുമായുള്ള കൂട്ടായ്മയിലാകാൻ പ്രാർത്ഥിക്കുകയും ചെയ്യുന്നതിലൂടെ, അവനുമായി കൂട്ടായ്മയിൽ പ്രവേശിക്കാൻ പ്രാർത്ഥിക്കുന്നതിലൂടെ സകലവും സജീവമാകും. പ്രാർത്ഥന പ്രകാശവും ഊഷ്മളതയും പകരുന്നു: ആത്മാവിൻറെ ദാനം അവരിൽ തീക്ഷണത ഉളവാക്കുന്നു. യേശുവിനെ ഓർക്കുകയും അവിടത്തെ വീണ്ടും സന്നിഹിതനാക്കുകയും ചെയ്യുന്നു; പോകുന്നതിനും പ്രഘോഷിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമുള്ള “പ്രചോദനം” അവിടന്നിലും അവിടത്തെ ആത്മാവിലും നിന്ന് സ്വീകരിക്കുകയും ചെയ്യുന്നു. ഒരോ മനുഷ്യനെയും സ്നേഹിക്കുകയും സുവിശേഷം സകലരോടും പ്രഘോഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ദൈവത്തിൻറെ രഹസ്യത്തിൽ ക്രൈസ്തവൻ പ്രാർത്ഥനവഴി ആമഗ്നനാകുന്നു.  

ദൈവം എല്ലാവരുടെയും ദൈവമാണ്, വിഭജനത്തിൻറെ എല്ലാ മതിലുകളും യേശുവിൽ എന്നന്നേക്കുമായി തകർന്നിരിക്കുന്നു: വിശുദ്ധ പൗലോസ് പറയുന്നതുപോലെ, “അവൻ നമ്മുടെ സമാധാനമാണ്, ഇരുകൂട്ടരെയും ഒന്നിപ്പിച്ചവൻ” (എഫെസോസ് 2:14).

ആദിമസഭാജീവിതത്തിൻറെ തുടർച്ച

അങ്ങനെ, ആഘോഷങ്ങൾ, സമ്മേളനങ്ങൾ, സാമൂഹപരവും വ്യക്തിപരവുമായ പ്രാർത്ഥനാ സമയങ്ങൾ എന്നിവയുടെ അഭംഗുര തുടർച്ചയാണ് ആദിമസഭയുടെ ജീവിതം. യാത്ര ആരംഭിക്കുന്ന പ്രസംഗകർക്ക് ശക്തി നൽകുന്നത് ആത്മാവാണ്. അവർ യേശുവിനോടുള്ള സ്നേഹത്തെ പ്രതി സമുദ്രങ്ങൾ താണ്ടുകയും  അപകടങ്ങളെ അഭിമുഖീകരിക്കുകയും അപമാനങ്ങൾക്ക് വിധേയരാകുകയും  ചെയ്യുന്നു.

പ്രാർത്ഥന ശക്തിയേകുന്ന അരൂപിയുടെ അഗ്നി

ദൈവം സ്നേഹം പ്രദാനം ചെയ്യുകയും, സ്നേഹം ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതാണ് വിശ്വസിയുടെ ജീവിതം മുഴുവൻറെയും മൗലികമൂലം. പ്രാർത്ഥിക്കുന്ന ആദിമ ക്രിസ്ത്യാനികളും, എന്നാൽ നൂറ്റാണ്ടുകൾക്ക് ശേഷം വരുന്ന നമ്മളും എല്ലാവരും, ഒരേ അനുഭവമാണ് ജീവിക്കുന്നത്. സകലത്തെയും ജീവസുറ്റതാക്കുന്നത് ആത്മാവാണ്. പ്രാർത്ഥനയ്ക്കായി സമയം നീക്കിവയ്ക്കാൻ ഭയപ്പെടാത്ത ഓരോ ക്രിസ്ത്യാനിക്കും അപ്പോസ്തലനായ പൗലോസിൻറെ വാക്കുകൾ സ്വന്തമാക്കിത്തീർക്കാൻ സാധിക്കും: “എൻറെ ഐഹിക ജീവിതം, എന്നെ സ്നേഹിക്കുകയും  എനിക്കുവേണ്ടി തന്നെത്തന്നെ ബലിയർപ്പിക്കുകയും ചെയ്ത ദൈവപുത്രനിൽ വിശ്വസിച്ചുകൊണ്ടുള്ള ജീവിതമാണ്” (ഗലാത്തിയർ 2:20). പ്രാർത്ഥന നിന്നെ ഇതെക്കുറിച്ച് അവബോധമുള്ളവനാക്കുന്നു. ആരാധനയുടെ നിശബ്ദതയിൽ മാത്രമാണ് ഈ വാക്കുകളുടെ മുഴുവൻ സത്യവും അനുഭവിച്ചറിയാൻ കഴിയുക. നാം ആരാധനയുടെ പൊരുൾ വീണ്ടെടുക്കണം. ദൈവത്തെ ആരാധിക്കുക, യേശുവിനെ ആരാധിക്കുക, പരിശുദ്ധാരൂപിയെ ആരാധിക്കുക. ചരിത്രത്തിൻറെ മുഴുവൻ തുടക്കവും ഒടുക്കവുമാണ് ദൈവം എന്ന് നമുക്കു മനസ്സിലാക്കിത്തരുന്ന പ്രാർത്ഥനയാണ് ആരാധനയാകുന്ന പ്രാർത്ഥന.  ഈ പ്രാർത്ഥന, സാക്ഷ്യത്തിനും ദൗത്യത്തിനും ശക്തി പ്രദാനം ചെയ്യുന്ന അരൂപിയുടെ അഗ്നിയാണ്.   നന്ദി.

ഈ വാക്കുകളെ തുടര്‍ന്ന് പാപ്പായുടെ, ഇറ്റാലിയന്‍ഭാഷയിലായിരുന്ന, പ്രഭാഷണത്തിന്‍റെ  സംഗ്രഹം ആംഗലവും അറബിയുമുള്‍പ്പെടെ വിവിധഭാഷകളില്‍ പാരായണം ചെയ്യപ്പെടുകയും ഓരോ വായനയുടെയും അവസാനം പാപ്പാ ആ ഭാഷാക്കാരെ ഇറ്റാലിയന്‍ഭാഷയില്‍ അഭിവാദ്യം ചെയ്യുകയും ചെയ്തു.

ക്രിസ്തുവെളിച്ചം അന്ധകാരമകറ്റട്ടെ

നാം ആഗമനകാലം ആരംഭിക്കാൻ ഒരുങ്ങുന്ന വേളയിൽ ക്രിസ്തുവിൻറെ വെളിച്ചം നമ്മുടെ പാതകളെ പ്രകാശിപ്പിക്കട്ടെയെന്നും നമ്മുടെ ഹൃദയങ്ങളുടെ അന്ധകാരത്തെ ദൂരികരിക്കട്ടെയെന്നും പാപ്പാ ആംഗലഭാഷാക്കാരെ സംബോധന ചെയ്യവെ ആശംസിച്ചു.  

കർത്താവായ യേശുക്രിസ്തുവിന്റെ സന്തോഷവും സമാധാനവും എല്ലാവരുടെയും മേലും സകലരുടെയും  കുടുംബങ്ങളുടെ മേലും ഉണ്ടാകുന്നതിനും ദൈവാനുഗ്രഹം ലഭിക്കുന്നതിനും വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു. 

ആരാധനാക്രമ വത്സരത്തിൻറെ അവസാനത്തിൽ, കഴിഞ്ഞ ഞായറാഴ്ച (22/11/20)  ആഘോഷിച്ച ക്രിസ്തു രാജൻറെ തിരുനാളിനെക്കുറിച്ച് ഇറ്റാലിയൻ ഭാഷാക്കാരെ സംബോധന ചെയ്യവെ അനുസ്മരിച്ച പാപ്പാ, ക്രിസ്തു നമ്മെ അവിടത്തെ രാജ്യത്തിൽ പ്രവേശിപ്പിക്കുന്നതിനും നമ്മെ രക്ഷാകര സത്യത്തിൻറെ വിശ്വാസയോഗ്യരായ സാക്ഷികളാക്കുന്നതിനും അന്ധകാരശക്തിയിൽ നിന്ന്  നമ്മെ മോചിപ്പിച്ചുവെന്ന അവബോധം ഈ തിരുന്നാൾ നമ്മിൽ ഉളവാക്കട്ടെയെന്ന് ആശംസിച്ചു.  

സഹനങ്ങളിൽ സാന്ത്വനമായി ക്രൂശിതൻ

പൊതുദർശനപരിപാടിയുടെ അവസാനം  പതിവുപോലെ, യുവജനത്തെയും വയോധികരയെും രോഗികളെയും നവദമ്പതികളെയും പ്രത്യേകം അഭിവാദ്യം ചെയ്തു. കുരിശിനാൽ വാഴുന്ന ക്രിസ്തു പരീക്ഷണങ്ങളുടെയും സഹനങ്ങളുടെയും വേളകളിൽ എല്ലാവരുടെയും ഹൃദയങ്ങളെ പ്രത്യാശയിലേക്ക് തുറന്നുകൊണ്ട് സാന്ത്വനമേകട്ടെയെന്ന് പ്രാർത്ഥിച്ചു.  

തദ്ദനന്തരം പാപ്പാ ദൃശ്യശ്രാവ്യ മദ്ധ്യമങ്ങളിലൂടെ പൊതുദർശന പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും ആശീർവ്വാദം നല്കി.

 

25 November 2020, 12:14