തിരയുക

ലോക യുവജനോത്സവം 2023  പ്രചാരണത്തിന് തുടക്കം ലോക യുവജനോത്സവം 2023 പ്രചാരണത്തിന് തുടക്കം 

രൂപതാതലത്തിലുള്ള യുവജന ദിനാചരണം ക്രിസ്തുരാജ മഹോത്സവത്തില്‍

നവംബര്‍ 22-ഞായറാഴ്ച വിശുദ്ധ പത്രോസിന്‍റെ ബസിലിക്കയില്‍ അര്‍പ്പിച്ച ദിവ്യബലിയുടെ അന്ത്യത്തില്‍ പാപ്പാ ഫ്രാന്‍സിസ് നടത്തിയ പ്രഖ്യാപനം.

- ഫാദര്‍ വില്യം  നെല്ലിക്കല്‍ 

1. പ്രാദേശിക തലത്തിലുള്ള യുവജനദിന ആഘോഷങ്ങള്‍
ദിവ്യബലിയുടെ സമാപനാശീര്‍വ്വാദത്തിന് തൊട്ടുമുന്‍പായി, ഭൂഖണ്ഡങ്ങളെ ഒന്നിപ്പിക്കുന്ന ലോക യുവജനോത്സവത്തിന്‍റെ അലയടി പ്രാദേശിക സഭകളിലും ഉണ്ടാകണമെന്ന് പാപ്പാ ഫ്രാന്‍സിസ് പൊതുവായി അഭ്യര്‍ത്ഥിച്ചു. ലോക യുവജന സംഗമങ്ങള്‍ക്ക് തുടക്കംകുറിച്ചിട്ട് 35 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. ഈ  അവസരത്തില്‍ അല്‍മായരുടെയും കുടുംബങ്ങളുടെയും കാര്യങ്ങള്‍ക്കുള്ള വത്തിക്കാന്‍റെ ഓഫീസുമായും  യുവജനപ്രേഷിത പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട വരോടും ആലോചിച്ചതില്‍പ്പിന്നെ ഇപ്പോള്‍ യുറോപ്പിലും മറ്റു വിവിധ രാജ്യങ്ങളിലും ഓശാന ഞായര്‍ ദിനത്തില്‍ ആചരിച്ചുപോരുന്ന രൂപതാ തലത്തിലുള്ള യുവജനദിനം ആണ്ടുവട്ടത്തിലെ അവസാന ഞായറാഴ്ച, ക്രിസ്തുരാജന്‍റെ മഹോത്സവത്തില്‍ അടുത്ത വര്‍ഷംമുതല്‍ ആചരിക്കണമെന്ന് പാപ്പാ ആഹ്വാനംചെയ്തു.

2. യുവജനോത്സവത്തിന്‍റെ ഉപജ്ഞാതാവായ
പാപ്പാ വോയ്ത്തീവയുടെ വാക്കുകള്‍

ആഗോള യുവജന പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ വിശുദ്ധനായ ജോണ്‍ പോള്‍ 2-Ɔമന്‍ പാപ്പാ ഊന്നിപ്പറഞ്ഞിട്ടുള്ളതുപോലെ യുവജനാഘോഷങ്ങളുടെ കേന്ദ്രം മനുഷ്യകുലത്തിന്‍റെ രക്ഷകനായ യേശു ക്രിസ്തുവിന്‍റെ ദിവ്യരഹസ്യങ്ങളായിരിക്കണം എന്ന വസ്തുത പാപ്പാ ഫ്രാന്‍സിസ് അനുസ്മരിപ്പിച്ചു. ക്രിസ്തു ഇന്നും ജീവിക്കുന്നു,  ഭരിക്കുന്നു എന്ന് അനുദിന ജീവിതങ്ങള്‍കൊണ്ട് ഉറക്കെ പ്രഘോഷിക്കണമെന്ന്  യുവജനങ്ങളോട് പാപ്പാ ആഹ്വാനംചെയ്തു. അവര്‍ മിണ്ടാതിരുന്നാല്‍ ഓരോ കല്ലും അവിടുത്തെ നാമം പ്രഘോഷിക്കുമെന്ന ലൂക്കാ സുവിശേഷകന്‍റെ വാക്കുകള്‍ പാപ്പാ ആവര്‍ത്തിച്ചുകൊണ്ടാണ് ഹ്രസ്വപ്രഭാഷണം ഉപസംഹരിച്ചത് (ലൂക്കാ 19, 40).

3. ലിസ്ബണ്‍ ലോകയുവജന മേളയ്ക്കുള്ള
ആത്മീയചിഹ്നങ്ങളുടെ കൈമാറ്റം

2023 ആഗസ്റ്റില്‍ പോര്‍ച്ചുഗലിലെ ലിസ്ബണ്‍ നഗരത്തില്‍ സമ്മേളിക്കുവാന്‍ പോകുന്ന ലോക യുവജന ദിനോത്സവത്തിന് ഒരുക്കമായി ആത്മീയ ചിഹ്നങ്ങളായ വലിയ മരക്കുരിശിന്‍റെയും കന്യകാനാഥയുടെ വര്‍ണ്ണനാചിത്രത്തിന്‍റെയും പ്രയാണത്തിന് ആമുഖമായി പാപ്പാ ഹ്രസ്വസന്ദേശം നല്കുകയുണ്ടായി. അതിനുശേഷമാണ് 2019 ജനുവരിയില്‍ പനാമയില്‍ നടന്ന യുവജനോത്സത്തിന്‍റെ ഭാരവാഹികളുടെ പ്രതിനിധികള്‍ ലിസ്ബണില്‍ സംഗമിക്കുവാന്‍ പോകുന്ന ലോക യുവജനസംഗമത്തിന്‍റെ വേദിയിലേയ്ക്കുള്ള ചിഹ്നങ്ങള്‍ പാപ്പായുടെയുടെ മറ്റു ശ്രേഷ്ഠരായ വ്യക്തികളുടെയും സാന്നിദ്ധ്യത്തില്‍ പോര്‍ച്ചുഗലില്‍നിന്നും എത്തിയ പ്രതിനിധികള്‍ക്ക് കൈമാറിയത്.

4. ആശംസയും അഭിവാദ്യങ്ങളും
തന്നോടൊപ്പം ക്രിസ്തുരാജ മഹോത്സവത്തിന്‍റെ ദിവ്യബലിയര്‍പ്പണത്തില്‍ നേരിട്ടും മാധ്യമങ്ങളിലൂടെയും പങ്കുചേര്‍ന്ന എല്ലാവരെയും പാപ്പാ അഭിവാദ്യംചെയ്തു. പങ്കെടുക്കുന്ന പനാമയുടെയും പോര്‍ച്ചുഗലിന്‍റെയും യുവജനപ്രതിനിധികള്‍ക്കും പാപ്പാ ഫ്രാന്‍സിസ് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. ലിസ്ബണ്‍ ലോക യുവജനോത്സവത്തിലേയ്ക്കുള്ള പ്രധാന കാല്‍വയ്പാണ് ബസിലിക്കയില്‍ ആരംഭിക്കുന്ന ആത്മീയചിഹ്നങ്ങളുടെ കൈമാറ്റവും പ്രയാണവുമെന്ന് പാപ്പാ വിശേഷിപ്പിച്ചു. തുടര്‍ന്ന് അള്‍ത്താരയുടെ വലതു ഭാഗത്തു സ്ഥാപിച്ചിരുന്ന കന്യകാനാഥയുടെ വലിയ വര്‍ണ്ണനാചിത്രം പനാമ സമ്മേളനത്തിന്‍റെ പ്രതിനിധികള്‍ പോര്‍ച്ചുഗലിലെ പ്രതിനിധികള്‍ക്ക് കൈമാറി. അതുപോലെ വിവിധ രാജ്യങ്ങളിലൂടെയും സഭാപ്രവിശ്യകളിലൂടെയും സഞ്ചരിച്ച് രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം ആചരിക്കുവാന്‍ പോകുന്ന ലിസ്ബണ്‍ സംഗമവേദിയില്‍ എത്തിച്ചേരേണ്ട കുരിശും പോര്‍ച്ചുഗലില്‍നിന്നും എത്തിയ യുവജന പ്രതിനിധികള്‍ ഏറ്റുവാങ്ങി.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 നവംബർ 2020, 13:32