തിരയുക

Vatican News
ചുഴലിക്കാറ്റു ദുരന്തം, മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയിൽ നിന്നുള്ള ഒരു ദൃശ്യം  2020 നവമ്പർ ചുഴലിക്കാറ്റു ദുരന്തം, മദ്ധ്യഅമേരിക്കൻ നാടായ നിക്കരാഗ്വയിൽ നിന്നുള്ള ഒരു ദൃശ്യം 2020 നവമ്പർ  (© WFP/Oscar Duarte)

ചുഴലിക്കാറ്റു ദുരിതബാധിതർക്ക് പാപ്പായുടെ പ്രാർത്ഥന!

മദ്ധ്യ അമേരിക്കയിൽ ചുഴലിക്കാറ്റു വിതച്ച ദുരന്തത്തിൻറെ തിക്ത ഫലങ്ങൾ അനുഭവിക്കുന്നവരെ ഫ്രാൻസീസ് പാപ്പാ അനുസ്മരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മദ്ധ്യ അമേരിക്കയിൽ 200-ലേറെപ്പേരുടെ ജീവനപഹരിക്കുകയും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്ത ചുഴലിക്കാറ്റു ദുരന്തം മൂലം യാതനകളനുഭവിക്കുന്ന ജനങ്ങളോടുള്ള തൻറെ സാമീപ്യം മാർപ്പാപ്പാ ഒരിക്കൽ കൂടി വെളിപ്പെടുത്തുന്നു.

ഞായറാഴ്ച (29/11/20) വത്തിക്കാനിൽ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനാവേളയിൽ 

ആശീർവ്വാദാനന്തരം വിശ്വാസികളെ അഭിവാദ്യം ചെയ്യവെയാണ് ഫ്രാൻസീസ് പാപ്പാ മദ്ധ്യഅമേരിക്കൻ ജനതയെ അനുസ്മരിച്ചത്.

അതിശക്തമായ ചുഴലിക്കാറ്റുകൾ മൂലം യാതനകളനുഭവിക്കുന്ന മദ്ധ്യ അമേരിക്കയിലെ, പ്രത്യേകിച്ച്, സാൻ അന്ത്രേസ്, പ്രൊവിദേൻസിയ, സാന്ത കത്തലീന ദ്വീപുകൾ, അതു പോലെതന്നെ കൊളൊംബിയയുയെ ഉത്തരഭാഗത്തെ പസഫിക്ക് തീരം, എന്നിവിടങ്ങളിലെ ജനങ്ങളുടെ ചാരെ താനുണ്ടെന്ന് പാപ്പാ അറിയിച്ചു. 

ഈ ദുരന്തം മൂലം കഷ്ടപ്പെടുന്ന എല്ലാ രാഷ്ട്രങ്ങൾക്കും വേണ്ടി പാപ്പാ പ്രാർത്ഥിക്കുകയും ചെയ്തു.

എത്താ, ലോത്ത എന്നീ ചുഴലിക്കാറ്റുകളാണ്, യഥാക്രമം നവമ്പർ 3, 16 തീയതികളിലായി ആ പ്രദേശത്ത് ദുരന്തം വിതച്ചത്.

 

30 November 2020, 10:07