തിരയുക

ഫ്രാൻസീസ് പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നു, വത്തിക്കാൻ  22/112020 ഫ്രാൻസീസ് പാപ്പാ മദ്ധ്യാഹ്നപ്രാർത്ഥന നയിക്കുന്നു, വത്തിക്കാൻ 22/112020 

സൗമ്യതയും കാരുണ്യവും നിറഞ്ഞ ഇടയനായ വിധിയാളൻ!

സ്നേഹത്തിൻറെ അടിസ്ഥാനത്തിലാണ് നാം വിധിക്കപ്പെടുക. ചെയ്തികളുടെയും സാമീപ്യവും കരുതലാർന്ന സഹായവുമായിത്തീരുന്ന കാരുണ്യത്തിൻറെയും വെളിച്ചത്തിൽ ആയിരിക്കും വിധിതീർപ്പ്.......... ഫ്രാൻസീസ് പാപ്പായുടെ ത്രികാലജപ സന്ദേശത്തിൽ നിന്ന്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ശൈത്യകാലമെങ്കിലും പൊതുവെ നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു  ഈ ഞായറാഴ്ച (22/11/20) റോമിൽ. എന്നിരുന്നാലും, കോവിദ് 19 രോഗസംക്രമണം ഇറ്റലിയിൽ വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്നതിനാലും സാമൂഹ്യ-ശാരീരിക അകല പാലനം ഉൾപ്പടെയുള്ള രോഗപ്രതിരോധ നിയന്ത്രണങ്ങൾ പാലിക്കാൻ നിർബന്ധിതരായിരിക്കുന്നതിനാലും റോമിൽ എത്തുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും എണ്ണത്തിൽ സാരമായ കുറവ് ഈ കാലയളവിൽ അനുഭവപ്പെടുന്നുണ്ട്. ഇതിൻറെ പ്രതിഫലനം ഈ ഞായറാഴ്ചയും, പതിവുപോലെ, വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സമ്മേളിച്ചിരുന്ന വിശ്വാസികളുടെ എണ്ണത്തിലും ദൃശ്യമായിരുന്നു. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, ഇന്ത്യയിലെ സമയം വൈകുന്നേരം 4.30-ന് പാപ്പാ പേപ്പൽ ഭവനത്തിൻറെ ഏറ്റവും മുകളിലത്തെ നിലയിലുള്ള പതിവു ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ, സാധാരണ ചെയ്യാറുള്ളതുപോലെ ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (22/11/20) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം 25,31-46 വരെയുള്ള വാക്യങ്ങൾ, അതായത്, അവസാന വിധിയെക്കുറിച്ചുള്ള യേശുവിൻറെ വചസ്സുകൾ, ആയിരുന്നു  പാപ്പായുടെ പരിചിന്തനത്തിന് ആധാരം. 

ഇറ്റാലിയൻ ഭാഷയിലായിരുന്ന തൻറെ വിചിന്തനം പാപ്പാ ആരംഭിച്ചത് ഇപ്രകാരമാണ്:

യേശുക്രിസ്തു: "ആൽഫയും ഒമേഗയും"

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഇന്ന് നാം, പ്രപഞ്ചരാജാവും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിൻറെ തിരുന്നാൾ ആഘോഷിക്കുന്നു. ആരാധനാക്രമവത്സരത്തിൻറെ സമാപനം കുറിക്കുന്നതാണ് ഈ ആഘോഷം. ക്രിസ്തുരഹസ്യം അനാവരണം ചെയ്യപ്പെടുന്ന മഹാ ഉപമയാണ് ആകമാന ആരാധനക്രമ വത്സരം. അവിടന്ന് ആൽഫയും ഒമേഗയും, ചരിത്രത്തിൻറെ ആരംഭവും പൂർത്തീകരണവുമാണ്; ഇന്നത്തെ ആരാധനക്രമം "ഒമേഗ" യിൽ, അതായത് അവസാന ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ചരിത്രത്തിൻറെ പൊരുൾ ഒരുവൻ ഗ്രഹിക്കുന്നത് അതിൻറെ പാരമ്യം അവൻറ നയനങ്ങൾക്കു മുന്നിൽ ഉണ്ടാകുമ്പോഴാണ്. അറ്റം അന്ത്യവുമാണ്. അതു തന്നെയാണ്, മത്തായി, ഈ ഞായറാഴ്ചത്തെ സുവിശേഷത്തിൽ (25:31-46) അന്ത്യവിധിയെക്കുറിച്ചുള്ള യേശുവിൻറെ പ്രഭാഷണം അവിടത്തെ ഇഹലോകജീവിതത്തിൻറെ അന്ത്യത്തിൽ അവതരിപ്പിച്ചുകൊണ്ടു ചെയ്യുന്നത്: മനുഷ്യർ ആരെയാണോ ശിക്ഷവിധിക്കാൻ പോകുന്നത്, അവൻ, വാസ്തവത്തിൽ പരമോന്നത ന്യായാധിപനാണ്. തൻറെ മരണോത്ഥാനങ്ങളിൽ യേശു കാണിച്ചു തരും അവിടന്ന് ചരിത്രത്തിൻറെ കർത്താവും പ്രഞ്ച രാജാവും സകലരുടെയും വിധിയാളനും ആണെന്ന്. എന്നാൽ ഈ ന്യായാധിപന് ഭീഷണമായ ഒരു രാജകീയത ഇല്ല എന്നതും,  സൗമ്യതയും കാരുണ്യവും നിറഞ്ഞ ഒരു ഇടയൻ ആണ് ഈ വിധിയാളൻ എന്നതുമാണ് ക്രിസ്തീയ വൈരുദ്ധ്യം.

നല്ല ഇടയൻ

അന്തിമവിധിയെക്കുറിച്ചുള്ള ഈ ഉപമയിൽ യേശു ഇടയൻറെ പ്രതിച്ഛായയാണ് ഉപയോഗപ്പെടുത്തുന്നത്. ഇസ്രായേലിലെ മോശപ്പെട്ട ഇടയന്മാർക്കെതിരെ, ജനങ്ങൾക്കു വേണ്ടി, ദൈവം നടത്തുന്ന ഇടപെടലിനെക്കുറിച്ച് പറഞ്ഞ എസ്സക്കിയേൽ പ്രവാചകൻ അവതരിപ്പിച്ച പ്രതീകങ്ങൾ യേശു ഇതിനായി പ്രയോജനപ്പെടുത്തുന്നു (എസെക്കിയേൽ 34.1-10).  ക്രൂരന്മാരും ചൂഷകരും ആയിരുന്ന ഈ ഇടയന്മാർ, ആട്ടിൻകൂട്ടത്തെ മേയിക്കുന്നതിനെക്കാൾ സ്വയം പോഷിപ്പിക്കുന്നതിനാണ് മുൻഗണന നല്കിയത്; ആകയാൽ സ്വന്തം അജഗണത്തെ അനീതികളിലും ദുരുപയോഗങ്ങളിലും നിന്ന് സംരക്ഷിച്ചുകൊണ്ട് താൻ വ്യക്തിപരമായി പരിപാലിക്കുമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു. ദൈവത്തിൻറെ ഈ വാഗ്ദാനം ഇടയനായ യേശുക്രിസ്തുവിൽ പൂർണ്ണമായും നിറവേറ്റപ്പെടുന്നു. സത്യത്തിൽ അവിടന്നാണ് നല്ല ഇടയൻ. അവിടന്നു തന്നെ ഇതു പറയുന്നുണ്ട്: “ഞാൻ നല്ല ഇടയനാണ്” (യോഹന്നാൻ 10,11.14).

ഏറ്റം എളിയവരിൽ സന്നിതനായ യേശു

ഇന്നത്തെ സുവിശേഷത്താളിൽ, യേശു രാജാവും-ഇടയനുമായി മാത്രമല്ല, നഷ്ടപ്പെട്ട ആടുകളുമായി, അതായത്, ഏറ്റം എളിയവരും ആവശ്യത്തിലിരിക്കുന്നവരുമായ സഹോദരങ്ങളുമായി,  സ്വയം താദാത്മ്യം പ്രാപിക്കുന്നു. ഒരു “ഇരട്ട സ്വത്വം” എന്നു നമുക്കു പറയാൻ സാധിക്കും. രാജാവും ഇടയനുമായ യേശു അജഗണങ്ങളോടു, അതായത്, ഏറ്റം എളിയവരും ആവശ്യത്തിലിരിക്കുന്നവരുമായ സഹോദരങ്ങളോട് സ്വയം അനുരൂപനാക്കുന്നു. അങ്ങനെ അവിടന്ന് ന്യായവിധിയുടെ മാനദണ്ഡം സൂചിപ്പിക്കുന്നു: ഈ ആളുകൾക്ക് നൽകിയ അല്ലെങ്കിൽ നിഷേധിച്ച സമൂർത്ത സ്നേഹത്തിൻറെ അടിസ്ഥാനത്തിലായിരിക്കും വിധി. കാരണം ന്യായാധിപനായ അവിടന്നു തന്നെ അവരിലോരോരുത്തരിലും സന്നിഹിതനാണ്. അവിടന്ന് ന്യായാധിപനാണ്, ദൈവവും മനുഷ്യനുമാണ്, എന്നാൽ അവിടന്ന് ദരിദ്രനാണ്, അവിടന്ന് മറഞ്ഞിരിക്കുന്നു, അവിടന്ന് സൂചിപ്പിക്കുന്ന പാവപ്പെട്ടവരിൽ അവിടന്നുണ്ട്. യേശു പറയുന്നു: “എൻറെ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരാൾക്ക് നിങ്ങൾ ഇതു ചെയ്തുകൊടുത്തപ്പോൾ, ചെയ്തു കൊടുക്കാതിരുന്നപ്പോൾ എനിക്കുതന്നയാണ് ചെയ്തു തന്നത്, അല്ലെങ്കിൽ ചെയ്തു തരാതിരുന്നത്” (മത്തായി 25,40.45). സ്നേഹത്തിൻറെ അടിസ്ഥാനത്തിലാണ് നാം വിധിക്കപ്പെടുക. സ്നേഹത്തെ അടിസ്ഥാനമാക്കിയായിരിക്കും വിധി. അത് വികാരപരമല്ല, ഒരിക്കലുമല്ല. ചെയ്തികളുേോടെയും  സാമീപ്യവും കരുതലാർന്ന സഹായവുമായിത്തീരുന്ന കാരുണ്യത്തിൻറെയും വെളിച്ചത്തിൽ ആയിരിക്കും വിധിതീർപ്പ്.

ദരിദ്രരിൽ സന്നിഹിതനായ  യേശുവിനെ ഞാൻ സമീപിക്കുന്നുണ്ടോ?

രോഗികൾ, ദരിദ്രർ, കഷ്ടതയനുഭവിക്കുന്നവർ, തടവുകാർ, നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്നവർ എന്നിവരിൽ സന്നിഹിതനായ യേശുവിനോട്  ഞാൻ അടുക്കുന്നുണ്ടോ? അവിടെയുള്ള യേശുവിനെ ഞാൻ സമീപിക്കുന്നുണ്ടോ? ഇതാണ് ഇന്നത്തെ ചോദ്യം.

അജഗണത്തെ വിലയിരുത്തുന്ന ഇടയൻ

ആകയാൽ കർത്താവ് ലോകാന്ത്യത്തിൽ തൻറെ അജഗണത്തെ അവലോകനം ചെയ്യും. ഇടയൻറെ ഭാഗത്തു നിന്നുകൊണ്ട് മാത്രമല്ല, താൻ അനുരൂപപ്പെട്ട ആടുകളുടെ ഭാഗത്തുനിന്നുകൊണ്ടുമായിരിക്കും അവിടന്ന് അതു ചെയ്യുക. അവിടന്ന് നമ്മോടു ചോദിക്കും: "നിങ്ങൾ കുറച്ചെങ്കിലും എന്നെപ്പോലെ ഒരു ഇടയനായിരുന്നോ?". “ആവശ്യത്തിലിരുന്ന ഈ ആളുകളിൽ സന്നിഹിതനായിരുന്ന എൻറെ ഇടയനായിരുന്നോ നീ, അതോ നീ നിസ്സംഗനായിരുന്നോ? സഹോദരീസഹോദരന്മാരേ, നിസ്സംഗതയുടെ യുക്തിയെക്കുറിച്ചും പെട്ടെന്ന് മനസ്സിൽ വരുന്ന കാര്യങ്ങളെക്കുറിച്ചും നമുക്ക് ജാഗ്രത പാലിക്കാം: ഒരു പ്രശ്നം കാണുമ്പോൾ മുഖം തിരിക്കുന്നു. നല്ല സമറിയക്കാരൻറെ ഉപമ നാം ഓർക്കണം. ഒരു പാവപ്പെട്ട മനുഷ്യൻ, കവർച്ചക്കാരാനാൽ മുറിവേറ്റ് നിലത്ത് അർദ്ധപ്രാണനായി കിടക്കുന്നു. അവൻ അവിടെ തനിച്ചാണ്. അതുവഴി വന്ന ഒരു പുരോഹിതൻ അവനെ കാണുന്നു , മുഖം തിരിച്ച് കടന്നു പോകുന്നു. ഒരു ലേവ്യനും വരുന്നു, അവനെ കാണുന്നു, മുഖം തിരിച്ച് കടന്നു പോകുന്നു. ആവശ്യത്തിലിരിക്കുന്ന സഹോദരീസഹോദരന്മാരുടെ കാര്യത്തിൽ ഞാനും ഈ പുരോഹിതനെയും ലേവ്യനെയും പോലെ നിസ്സംഗത കാട്ടുകയും മുഖം തിരിക്കുകയുമാണോ ചെയ്യുന്നത്? ഇതനുസരിച്ചായിരിക്കും, അതായത്, ആവശ്യത്തിലിരിക്കുന്നവരിൽ സന്നിഹിതനായ യേശുവിനെ ഞാൻ എങ്ങനെയാണ് സമീപിച്ചത്, എന്നതിനെ ആശ്രയിച്ചായിരിക്കും ഞാൻ വിധിക്കപ്പെടുക. ഇതാണ് യുക്തി. ഇത് ഞാൻ പറയുന്നതല്ല, യേശു പറയുന്നതാണ്: “നിങ്ങൾ ഇവന് ഇത് ചെയ്തുകൊടുത്തപ്പോൾ എനിക്കു തന്നെയാണ് ചെയ്തു തന്നത്. നിങ്ങൾ ഇവന് ഇതു ചെയ്തു കൊടുക്കാതിരുന്നപ്പോൾ എനിക്കു തന്നെയാണ് ചെയ്തു തരാതിരുന്നത്, കാരണം ഞാൻ അവിടെ ഉണ്ടായിരുന്നു”. ഈ യുക്തി, സാമീപ്യത്തിൻറെ, യാതനകളനുഭവിക്കുന്നവരിൽ സ്നേഹത്തോടെ അവിടത്തെ സമീപിക്കുന്നതിൻറെ യുക്തി യേശു നമ്മെ പഠിപ്പിക്കട്ടെ.

മറിയത്തിൻറെ മാദ്ധ്യസ്ഥ്യം യാചിക്കുക

സേവനത്തിൽ വാഴാൻ നമ്മെ പഠിപ്പിക്കുന്നതിന് കന്യകാമറിയത്തോടു നമുക്കു പ്രാർത്ഥിക്കാം. സ്വർഗ്ഗാരോപിതയായ അമ്മയ്ക്ക് അവിടത്തെ പുത്രൻ രാജകീയ കിരീടം നല്കി. കാരണം അവൾ സ്വപുത്രനെ വിശ്വസ്തതയോടെ പിൻചെന്നു. സ്നേഹസരണിയിൽ അവൾ അവിടത്തെ പ്രഥമ ശിഷ്യയാണ് എളിയതും ഉദാരവുമായ സേവനത്തിൻറെ വാതിലിലൂടെ ഇപ്പോൾത്തന്നെ ദൈവരാജ്യത്തിൽ പ്രവേശിക്കാൻ അവളിൽ നിന്ന് നമുക്ക് പഠിക്കാം. ഈ വാക്യവു മനസ്സിൽ പേറി മാത്രം നമുക്ക് വീട്ടിലേക്ക് മടങ്ങിപ്പോകം: “ഞാൻ അവിടെ ഉണ്ടായിരുന്നു. നന്ദി! " അല്ലെങ്കിൽ: "നീ എന്നെ മറന്നുവോ".

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

40 വർഷം മുമ്പ് ഇറ്റലിയിൽ ഉണ്ടായ ഭൂകമ്പം

നാലു പതിറ്റാണ്ടു മുമ്പ് തെക്കെ ഇറ്റലിയിൽ കമ്പാനിയ, ബസിലിക്കാത്ത പ്രദേശങ്ങളിൽ ഇർപീനിയ പ്രഭവ കേന്ദ്രമായുണ്ടായ ഭൂകമ്പത്തെക്കുറിച്ച് പാപ്പാ ആശീർവ്വാദനന്തരം പരാമർശിച്ചു. 

ഈ ഭൂകമ്പം അനേകരുടെ ജീവനപഹരിച്ചതും വൻ നാനശനഷ്ടങ്ങൾ വിതച്ചതും പാപ്പാ അനുസ്മരിച്ചു.

40 വർഷം മുമ്പ് ഈ ഭൂമികുലുക്കം ഏല്പിച്ച മുറിവുകൾ, ഭൗതിക മുറിവുകളും ഇപ്പോഴും പൂർണ്ണമായി ഭേദമായിട്ടില്ല എന്ന വസ്തുതയും പാപ്പാ ചൂണ്ടിക്കാട്ടി.

ഈ ദുരന്തം ഇറ്റലിയിലെ ജനതയുടെ ഉദാരതയും ഐക്യദാർഢ്യവും എടുത്തുക്കാട്ടിയെന്നും പാപ്പാ അനുസ്മരിച്ചു.

വടക്കും മദ്ധ്യഭാഗത്തുള്ളതുമായ ഭൂകമ്പബാധിതപ്രദേശങ്ങളുമായുള്ള ഐക്യം ഇതിനു സാക്ഷ്യമേകുന്നുവെന്നും ഇപ്പോഴും നിലനില്ക്കുന്ന ഈ ബന്ധം പുനർനിർമ്മാണ പ്രക്രിയയുടെ ആയാസകരമായ പ്രയാണത്തിന്, സർവ്വോപരി, ഇറ്റലിയെന്ന ഉപദ്വീപിലെ വിവിധ സമൂഹങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന് സഹായകമായി ഭവിച്ചുവെന്നും പാപ്പാ പറഞ്ഞു.

സമാപനാഭിവാദ്യങ്ങൾ

കോവിദ് 19 മഹാമാരിയുടെ ഫലമായി നിലവിലുള്ള ബുദ്ധിമുട്ടുകൾ സഹിച്ച് രോഗപ്രതിരോധനിയന്ത്രണങ്ങൾ പാലിച്ച്, മദ്ധ്യാഹ്നപ്രാർത്ഥനയ്ക്കായി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ എത്തിയ എല്ലാവർക്കും, റോമാക്കാർക്കും ഇതര തീർത്ഥാടകർക്കും പാപ്പാ അഭിവാദ്യം അർപ്പിച്ചു.

കുടുംബങ്ങളെ പ്രത്യേകിച്ച്, ഈ കാലയളവിൽ തൊഴിൽ നഷ്ടപ്പെട്ടതുമൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളെ പാപ്പാ അനുസ്മരിച്ചു. 

ത്രികാലപ്രാർത്ഥനയുടെ അവസാനം പാപ്പാ എല്ലാവർക്കും,  നല്ലൊരു ഞായർ ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 November 2020, 15:38