മദ്ധ്യ അമേരിക്കൻ ജനതയ്ക്ക് പാപ്പായുടെ പ്രാർത്ഥനകൾ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
എത്താ (Eta) ചുഴലിക്കാറ്റ് ദുരന്തം വിതച്ച മദ്ധ്യഅമേരിക്കൻ നാടുകൾക്കുവേണ്ടി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.
ഞായറാഴ്ച (08/11/20) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാലാപ്രാർത്ഥനാവേളയിലാണ് ഫ്രാൻസീസ് പാപ്പാ ചുഴലിക്കാറ്റിൻറെ കനത്ത പ്രഹരമേറ്റ മദ്ധ്യഅമേരിക്കൻ ജനതയെ അനുസ്മരിച്ചത്.
ഇക്കഴിഞ്ഞ ദിനങ്ങളിൽ അതിശക്തമായ ചുഴലിക്കാറ്റ് അനേകം ജീവനുകൾ അപഹരിച്ചതിനെയും വൻ നാശനഷ്ടങ്ങൾ വിതച്ചതിനെയുംക്കുറിച്ച് പരാമർശിച്ച പാപ്പാ കോവിദ് പത്തൊമ്പത് മഹാമാരി ദുരന്തപൂർണ്ണമാക്കിയിരിക്കുന്ന അവസ്ഥ കൂടുതൽ മോശമാകുന്നതിന് ഈ ചുഴലിക്കാറ്റ് കാരണമായി എന്ന വസ്തുത ചൂണ്ടിക്കാട്ടുകയും കാർത്താവിൻറെ സാന്ത്വനം എല്ലാവർക്കും ലഭിക്കുന്നതിനായി പ്രാർത്ഥിക്കുകയും ചെയ്തു.
നിക്കരാഗ്വ, ഹൊണ്ടൂരാസ്, പാനമാ എന്നീ നാടുകൾക്കു ശേഷം ഗ്വാട്ടിമാലയിലും അനേകരുടെ ജീവൻ അപഹരിക്കുകയും നാശനശഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തു എത്താ ചുഴലിക്കാറ്റ്.
ഹൊണ്ടൂരാസിൽ നാലുലക്ഷത്തോളം സ്ത്രീകൾ ഈ ചുഴലിക്കാറ്റിൻറെ ഫലമായി ആരോഗ്യസേവനം ലഭിക്കാതെ ക്ലേശിക്കുന്നുണ്ടെന്നും അന്നാട്ടിൽ 1 കോടി 60 ലക്ഷം പേരെ ഈ ചുഴലിക്കാറ്റ് ദോഷകരമായി ബാധിച്ചിട്ടുണ്ടെന്നും മാദ്ധ്യമങ്ങൾ വെളിപ്പെടുത്തുന്നു.
നവമ്പർ 3-നാണ് മദ്ധ്യഅമേരിക്കയിൽ എത്താ ചുഴലിക്കാറ്റ് ആഞ്ഞടിക്കാൻ തുടങ്ങിയത്.
ഹൊണ്ടൂരാസിലും വടക്കുകിഴക്കൻ നിക്കരാഗ്വയിലും 150 മൈൽ വേഗതയിലാണ് കാറ്റുവീശിയത്.
മദ്ധ്യ അമേരിക്കയിൽ എത്താ ചുഴലിക്കാറ്റ് ജീവനപഹരിച്ചവരുടെ സംഖ്യ 150-നോടടുത്തുവെന്ന് കരുതപ്പെടുന്നു.