തിരയുക

ഫലിപ്പീൻസിൽ വെള്ളത്തിൽ മുങ്ങിയ ഒരു പ്രദേശം! ഫലിപ്പീൻസിൽ വെള്ളത്തിൽ മുങ്ങിയ ഒരു പ്രദേശം! 

വേദനയിലാണ്ടവർക്ക് പാപ്പായുടെ പ്രാർത്ഥനാ സഹായവും സാമീപ്യവും!

ഫിലിപ്പീൻസിൽ വെള്ളപ്പൊക്ക ദുരന്തം; റൊമേനിയായിലെ ഒരു ആശുപത്രിയിൽ അഗ്നിബാധ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ഫിലപ്പീൻസിലെയും റൊമേനിയായിലെയും ഐവറികോസ്റ്റിലെയും ജനങ്ങൾക്കായി മാർപ്പാപ്പാ പ്രാർത്ഥിക്കുന്നു.

ഞായറാഴ്‌ച (15/11/20) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനാ വേളയിലാണ്, ഫ്രാൻസീസ് പാപ്പാ, യാതനകളനുഭവിക്കുന്ന ജനങ്ങളോടുള്ള തൻറെ ഐക്യദാർഢ്യം  അറിയിച്ചത്.

ഫിലിപ്പീൻസിൽ പേമാരിയെ തുടർന്നുള്ള  വെള്ളപ്പൊക്കം മൂലമുണ്ടായ നാശ നഷ്ടങ്ങളാൽ ക്ലേശിക്കുന്നവരെ അനുസ്മരിച്ച പാപ്പാ ഈ ദുരന്തം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളോടുള്ള ഐക്യദാർഢ്യവും അവരെ സഹായിക്കുന്നതിനെത്തുന്നവർക്കുള്ള തൻറെ പിന്തുണയും വെളിപ്പെടുത്തി.

റൊമേനയായിൽ കൊറോണവൈറസ് ബാധിതരായ രോഗികളെ പ്രവേശിപ്പിച്ച ഒരു ആശുപത്രിയിൽ ശനിയാഴ്‌ച (14/11/20) തീപിടിത്തമുണ്ടായതും ഏതാനും പേർ മരണമടഞ്ഞതും പാപ്പാ വേദനയോടെ ഓർക്കുകയും തൻറെ സാമീപ്യം അറിയിക്കുകയും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു.

ഐവറി കോസ്റ്റിൽ ഞായറാഴ്‌ച (15/11/20) ദേശീയ സമാധനം ദിനം ആചരിച്ചതും പാപ്പാ അനുസ്മരിച്ചു.

ദൗർഭാഗ്യവശാൽ സാമൂഹ്യ, രാഷ്ട്രീയ സംഘർഷങ്ങൾക്ക് നിരവധിയാളുകൾ ഇരകളായ ഒരു പശ്ചാത്തലത്തിലാണ് ഈ സമാധാനദിനാചരണം നടന്നതെന്നും പാപ്പാ പറഞ്ഞു.

ദേശീയ ഐക്യം എന്ന ദാനം കർത്താവിൽ നിന്നു ലഭിക്കുന്നതിനുള്ള പ്രാർത്ഥനയിൽ താനും ഒന്നു ചേരുന്നുവെന്ന് പറഞ്ഞ പാപ്പാ അനുരഞ്ജനത്തിനും  സമാധാനപരമായ സഹജീവനത്തിനും വേണ്ടി ഉത്തരവാദിത്വത്തോടുകൂടി സഹകരിച്ചു പ്രവർത്തിക്കാൻ അന്നാടിൻറെ പുത്രീ പുത്രന്മാരെ ആഹ്വാനം ചെയ്തു.

പൊതുനന്മയെ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ന്യായമായ പരിഹാരങ്ങൾക്കായുള്ള അന്വേഷണത്തിൽ പരസ്പര വിശ്വാസത്തിൻറെയും സംഭാഷണത്തിൻറെയും ഒരു അന്തരീക്ഷം പുനഃസ്ഥാപിക്കാൻ പാപ്പാ വിവിധ രാഷ്ട്രീയ പ്രവർത്തകർക്ക് പ്രചോദനം പകരുകയും ചെയ്തു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2020, 08:31