തിരയുക

 ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ , വത്തിക്കാൻ 15/11/2020 ഫ്രാൻസീസ് പാപ്പാ ത്രികാലപ്രാർത്ഥനാ വേളയിൽ , വത്തിക്കാൻ 15/11/2020 

പാപ്പാ: ക്രൈസ്തവൻ തിന്മ പ്രവർത്തിക്കരുത്, എന്നാൽ നന്മ ചെയ്യണം!

"പാവപ്പെട്ടവരാണ് സുവിശേഷത്തിൻറെ ഹൃദയഭാഗത്തുള്ളത്. ദരിദ്രരെക്കുറിച്ച് സംസാരിക്കാൻ നമ്മെ പഠിപ്പിച്ചത് യേശുവാണ്. അവിടന്ന് വന്നത് പാവപ്പെട്ടവർക്കു വേണ്ടിയാണ്. ദരിദ്രൻറെ നേരേ കൈനീട്ടൂ. നിനക്ക് സമൃദ്ധമായി ലഭിച്ചിട്ടുണ്ട്. അപ്പോൾ നീ നിൻറെ സഹോദരനും സഹോദരിയും പട്ടിണി മൂലം മരിക്കാൻ അനുവദിക്കുകയാണോ?"- പാപ്പായുടെ ഞായറാഴ്ചത്തെ ത്രികാലജപ സന്ദേശം

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

രാവിലെ ചെറിയൊരു ചാറ്റൽ മഴ ഉണ്ടായിരുന്നെങ്കിലും പൊതുവെ നല്ല തെളിഞ്ഞ കാലാവസ്ഥയായിരുന്നു  ഈ ഞായറാഴ്ച (15/11/20) റോമിൽ. എന്നിരുന്നാലും, കോവിദ് 19 രോഗസംക്രമണം ഇറ്റലിയിൽ വീണ്ടും ശക്തി പ്രാപിച്ചിരിക്കുന്നതിനാൽ ഏർപ്പെടുത്തിയിട്ടുള്ള രോഗപ്രതിരോധനടപടികൾ മൂലം റോമിൽ എത്തുന്ന തീർത്ഥാടകരുടെയും സന്ദർശകരുടെയും എണ്ണത്തിൽ സാരമായ കുറവ് അനുഭവപ്പെട്ടു. ഇത് വത്തിക്കാനിൽ ഫ്രാൻസീസ് പാപ്പാ നയിച്ച മദ്ധ്യാഹ്ന പ്രാർത്ഥനയിൽ പങ്കുകൊള്ളുന്നതിന്, വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരത്തിൽ സമ്മേളിച്ചിരുന്ന വിശ്വാസികളുടെ എണ്ണത്തിലും പ്രതിഫലിച്ചു. ഉച്ചയ്ക്ക്, റോമിലെ സമയം, 12 മണിയോടെ, പാപ്പാ ജാലകത്തിങ്കൽ പ്രത്യക്ഷനായപ്പോൾ വിശ്വാസികളുടെ ആനന്ദാരവങ്ങൾ ഉയർന്നു.

ത്രികാലപ്രാർത്ഥന നയിക്കുന്നതിനു മുമ്പ് പാപ്പാ പതിവുപോലെ ഒരു വിചിന്തനം നടത്തി. ഈ ഞായറാഴ്ച (08/11/20) ലത്തീൻ റീത്തിൻറെ ആരാധനാക്രമമനുസരിച്ച് ദിവ്യബലിമദ്ധ്യേ വായിക്കപ്പെട്ട, മത്തായിയുടെ സുവിശേഷം 25,14-30 വരെയുള്ള വാക്യങ്ങൾ, അതായത്, താലന്തുകളുടെ ഉപമ, ആയിരുന്നു  പാപ്പായുടെ പരിചിന്തനത്തിന് ആധാരം. 

ഫ്രാൻസീസ് പാപ്പാ ഇറ്റാലിയൻ ഭാഷയിൽ നടത്തിയ വിചിന്തനം:

താലന്തുകളുടെ ഉപമ - ഓരോരുത്തർക്കും കഴിവിനാനുപാതികമായി നല്കുന്നു    

പ്രിയ സഹോദരീസഹോദരന്മാരേ, ശുഭദിനം!

ഈ ആരാധനാക്രമവത്സരത്തിലെ ഉപാന്ത്യഞായറാഴ്ചയിൽ സുവിശേഷം അവതരിപ്പിക്കുന്നത് വിഖ്യാതമായ താലന്തുകളുടെ ഉപമയാണ് (മത്തായി 25,14-30). തൻറെ പീഢാസഹനമരണോത്ഥാനങ്ങൾ  ക്കു തൊട്ടു മുമ്പായി യേശു നടത്തുന്ന അന്ത്യകാലത്തെക്കുറിച്ചുള്ള പ്രഭാഷണത്തിൻറെ ഭാഗമാണിത്. യാത്ര പുറപ്പെടേണ്ട ഒരു ധനികൻ, തൻറെ ഒരു നീണ്ടകാല അസാന്നിധ്യം മുൻകൂട്ടിക്കണ്ടുകൊണ്ട്, തൻറെ സമ്പത്ത് മൂന്നു ദാസന്മാരെ ഏല്പിക്കുന്നു. ആദ്യത്തെയാൾക്ക് അഞ്ചും, രണ്ടാമത്തെയാൾക്ക് രണ്ടും മൂന്നാമത്തെയാൾക്ക് ഒന്നും വീതം താലന്തുകൾ നല്കുന്നു. “ഒരോരുത്തരുടെയും കഴിവിനനുസൃതമാണ്” (മത്തായി 25,15)   അവ നല്കിയതെന്ന് യേശു വ്യക്തമാക്കുന്നു. നാമെല്ലാവരോടും അപ്രകാരം തന്നെയാണ് കർത്താവ് പ്രവർത്തിക്കുക: അവിടന്ന് നമ്മെ നന്നായറിയുന്നു, നാം തുല്യരല്ലെന്നും അവിടത്തേക്കറിയാം, മറ്റുള്ളവരെ കരുവാക്കി ആർക്കും സവിശേഷാനുകൂല്യം നല്കാൻ അവിടന്നാഗ്രഹിക്കുന്നില്ല. എന്നാൽ ഒരോരുത്തരുടെയും കഴിവിനാനുപാതികമായി ഒരോരുത്തർക്കും മൂലധനം നല്കുന്നു.

താലന്തുകൾ വർദ്ധിപ്പിക്കുന്നവരും പൂഴ്ത്തി വയ്ക്കുന്നവരും അപരൻറെ മേൽ കുറ്റം ചാർത്തുന്നവരും

തങ്ങളെ ഏല്പിച്ചവ ഇരട്ടിയായി വർദ്ധിപ്പിക്കത്തക്കവിധം ആദ്യത്തെ രണ്ടു ദാസന്മാർ യജമാനൻറെ അഭാവത്തിൽ അദ്ധ്വാനിക്കുന്നു. എന്നാൽ മൂന്നാമത്തെ ദാസനാകട്ടെ അപ്രാകരമല്ല പ്രവർത്തിക്കുന്നത്. താലന്ത് ഒരു കുഴിയിൽ മറച്ചു വയ്ക്കുന്നു. അപകടസാധ്യതകൾ ഒഴിവാക്കാൻ, കള്ളന്മാർ എടുത്തുകൊണ്ടു പോകാതിരിക്കാൻ അവൻ അത് അവിടെ വയ്ക്കുന്നു, അത് ഫലം പുറപ്പെടുവിക്കുന്നില്ല. യജമാനൻ തിരിച്ചുവരുന്ന സമയമായി. മടങ്ങിയെത്തിയ യജമാനൻ ദാസന്മാരെ വിളിച്ചു കണക്കു ചോദിക്കുന്നു. അദ്ധ്വാനിച്ച ആദ്യത്തെ രണ്ടു ദാസന്മാർ തങ്ങളുടെ അദ്ധ്വാനഫലം സമർപ്പിക്കുകയും യജമാനൻ അവരെ പ്രകീർത്തിക്കുകയും അവർക്ക് പ്രതിഫലം നല്കുകയും തൻറെ ആഘോഷത്തിൽ, സന്തോഷത്തിൽ പങ്കുചേരാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നു. എന്നാൽ തനിക്കു തെറ്റുപറ്റിയെന്നു മനസ്സിലാക്കിയ മൂന്നാമത്തെ ദാസനാകട്ടെ ഉടൻ സ്വയം ന്യായീകരിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു: “യജമാനനേ, അങ്ങ് വിതയ്ക്കാത്തിടത്തുനിന്നു കൊയ്യുകയും വിതറാത്തിടത്തുനിന്ന് ശേഖരിക്കുകയും ചെയ്യുന്ന കഠിനഹൃദയനാണെന്നു ഞാൻ മനസ്സിലാക്കി. അതിനാൽ ഞാൻ ഭയപ്പെട്ട് നിൻറെ താലന്ത് മണ്ണിൽ മറച്ചുവച്ചു. ഇതാ നിൻറേത് എടുത്തുകൊള്ളുക” (മത്തായി 25,24-25). യജമാനൻ കർക്കശനാണെന്ന് ആരോപിച്ചുകൊണ്ട് സ്വന്തം അലസതയെ നീതികരിക്കുകയാണ് ഈ ഭൃത്യൻ. ഇത് നമുക്കുമുള്ള ഒരു ശീലമാണ്: നാം നമ്മെ പലപ്പോഴും പ്രതിരോധിക്കുന്നത് അപരൻറെ മേൽ കുറ്റം ചുമത്തിക്കൊണ്ടാണ്. എന്നാൽ അവർ നിരപരാധികളും നമ്മൾ കുറ്റക്കാരുമാണ്. ഈ ദാസനും അപരൻറെ മേൽ കുറ്റം ചാർത്തുന്നു, സ്വയം ന്യായീകരിക്കുന്നതിന് യജമാനനെ കുറ്റക്കാരനാക്കുന്നു. നമ്മളും പലപ്പോഴും ചെയ്യുന്നത് ഇതു തന്നെയാണ്. അപ്പോൾ യജമാനൻ ദാസനെ ശകാരിക്കുന്നു: “ദുഷ്ടനും മടിയനും” എന്ന് ഭൃത്യനെ വിളിക്കുന്നു (വാക്യം 26). അവൻറെ താലന്ത് അവനിൽ നിന്നെടുക്കുകയും വീട്ടിൽ നിന്നു പുറത്താക്കുകയും ചെയ്യുന്നു.  

ദൈവം നിനക്കേകിയവ ഉപയോഗപ്പെടുത്തുക, ദരിദ്രരെ പരിപാലിക്കുക

ഈ ഉപമ നാമെല്ലാവരെയും, വിശിഷ്യ, ക്രിസ്ത്യാനികളെ സംബന്ധിച്ച് എന്നും പ്രസക്തമാണ്. ഇന്നും അത് ഏറെ കാലികമാണ്. ഇന്ന്, പാവപ്പെട്ടവരുടെ ലോകദിനത്തിൽ സഭ നമ്മോടു പറയുന്നു: “ദരിദ്രൻറെ നേരെ കരം നീട്ടുക. നീ നിൻറെ കരം പാവപ്പെട്ടവൻറെ നേർക്കു നീട്ടുക. നീ ജീവിതത്തിൽ ഒറ്റയ്ക്കല്ല: നിന്നെ ആവശ്യമുള്ള ജനമുണ്ട്. സ്വാർത്ഥനാകരുത് നീ, ദരിദ്രന് കൈ നീട്ടിക്കൊടുക്കുക”. നാമെല്ലാവരും ദൈവത്തിൽ നിന്ന്, മനുഷ്യരെന്ന നിലയിൽ, ഒരു "പൈതൃകം", എന്തുതരത്തിലുള്ളതായാലും, ഒരു മനുഷ്യ സമ്പത്ത്, സ്വീകരിച്ചിരിക്കുന്നു. ക്രിസ്തുശിഷ്യരെന്ന നിലയിൽ നമ്മൾ വിശ്വാസവും സുവിശേഷവും സ്വീകരിച്ചിരിക്കുന്നു, പരിശുദ്ധാത്മാവിനെ സ്വീകരിച്ചിരിക്കുന്നു കൂദാശകളും മറ്റനേകം കാര്യങ്ങളും സ്വീകരിച്ചിരിക്കുന്നു. ഈ ദാനങ്ങളെല്ലാം നന്മ ചെയ്യുന്നതിന്, ദൈവത്തിനും സഹോദരങ്ങൾക്കുമുള്ള ശുശ്രൂഷ എന്ന നിലയിൽ, ഈ ജീവിതത്തിൽ നന്മ പ്രവർത്തിക്കുന്നതിന് വിനിയോഗിക്കണം. ഇന്നു സഭ പറയുന്നു, നമ്മോടു പറയുന്നു: “ദൈവം നിനക്കേകിയവ ഉപയോഗപ്പെടുത്തുക, ദരിദ്രരെ നോക്കുക, അവർ അനേകരുണ്ട്, നമ്മുടെ നഗരങ്ങളിലും, നമ്മുടെ നഗരകേന്ദ്രങ്ങളിലും ഒത്തിരിയുണ്ട്. നന്മ ചെയ്യുവിൻ”. 

തിന്മയരുത്, സൽക്കർമ്മം ചെയ്യണം

തിന്മ പ്രവർത്തിക്കാതിരിക്കുന്നാൽ ക്രിസ്ത്യാനികളായിരിക്കാൻ സാധിക്കും  എന്ന് ചിലപ്പോൾ നാം ചിന്തിക്കാറുണ്ട്. തിന്മ ചെയ്യാതിരിക്കുന്നത് നല്ലതാണ്. എന്നാൽ നന്മ ചെയ്യാതിരിക്കുന്നത് ശരിയല്ല. നാം നന്മ പ്രവർത്തിക്കണം, നമ്മിൽ നിന്ന് പുറത്തു കടക്കണം, നോക്കണം, കൂടുതൽ ആവശ്യത്തിലിരിക്കുന്നവരെ കാണണം. പട്ടിണി വളരെയുണ്ട്, നമ്മുടെ നഗരത്തിൻറെ ഹൃദയഭാഗത്തും. എന്നാൽ പലപ്പോഴും നമ്മൾ നിസ്സംഗതയുടെ ആ യുക്തിയിൽ പ്രവേശിക്കുന്നു: അവിടെ ദരിദ്രനുണ്ട്, നാം മറുവശത്തേക്കു നോക്കുന്നു. നിൻറെ കരം പാവപ്പെട്ടവൻറെ നേർക്കു നീട്ടൂ. ആ ദരിദ്രൻ ക്രിസ്തുവാണ്. ചിലർ പറയുന്നു: “ഈ വൈദികരും മെത്രാന്മാരുമൊക്കെ ദരിദ്രരെക്കുറിച്ച് കുചേലന്മാരെക്കുറിച്ച് പറയുന്നു.... എന്നാൽ നിത്യജീവിതത്തെക്കുറിച്ച് സംസാരിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്”. സഹോദരാ, സോദരാ, നോക്കൂ, പാവപ്പെട്ടവരാണ് സുവിശേഷത്തിൻറെ ഹൃദയഭാഗത്തുള്ളത്. ദരിദ്രരെക്കുറിച്ച് സംസാരിക്കാൻ നമ്മെ പഠിപ്പിച്ചത് യേശുവാണ്. അവിടന്ന് വന്നത് പാവപ്പെട്ടവർക്കു വേണ്ടിയാണ്. ദരിദ്രൻറെ നേരേ കൈനീട്ടൂ. നിനക്ക് സമൃദ്ധമായി ലഭിച്ചിട്ടുണ്ട്.  അപ്പോൾ നീ നിൻറെ സഹോദരനും സഹോദരിയും പട്ടിണി മൂലം മരിക്കാൻ അനുവദിക്കുകയാണോ?

പ്രിയ സഹോദരീ സഹോദരന്മാരേ, യേശു ഇന്ന് നമ്മോട് പറയുന്ന കാര്യങ്ങൾ ഓരോരുത്തരും ഹൃദയത്തിൽ പറയട്ടെ, ഹൃദയത്തിൽ ആവർത്തിക്കുക: “ദരിദ്രരുടെ നേരെ കൈ നീട്ടുക”. യേശു വേറൊരു കാര്യം പറയുന്നു, "നിനക്കറിയാമോ, ഞാൻ ദരിദ്രനാണ്". ഇത് യേശു നമ്മോടു പറയുന്നു: "ഞാൻ ദരിദ്രനാണ്".

പരിശുദ്ധ അമ്മയിൽ നിന്നു പഠിക്കുക

കന്യാമറിയത്തിന് ഒരു വലിയ സമ്മാനം ലഭിച്ചു: യേശു തന്നെയാണ് ആ സമ്മാനം, പക്ഷേ അവൾ അത് അവൾക്കുമാത്രമായി കൈവശം വച്ചില്ല, ലോകത്തിന്, സ്വന്തം ജനത്തിന് നൽകി. ദരിദ്രരുടെ നേരെ കൈ നീട്ടാൻ നമുക്ക് അവളിൽ നിന്ന് പഠിക്കാം.

ഈ വാക്കുകളെ തുടർന്ന് പാപ്പാ ത്രികാലപ്രാർത്ഥന നയിക്കുകയും ആശീർവ്വാദം നല്കുകയും ചെയ്തു.

ഫിലിപ്പീൻസിൽ ജലപ്രളയം മൂലം യാതനകളനുഭവിക്കുന്നവർ

ആശീർവ്വാദാനന്തരം പാപ്പാ, ഫിലിപ്പീൻസിൽ യാതനകളനുഭവിക്കുന്ന ജനങ്ങളെ, വിശിഷ്യ, പേമാരിയെ തുടർന്നുള്ള  വെള്ളപ്പൊക്കം മൂലമുണ്ടായ നാശ നഷ്ടങ്ങളാൽ ക്ലേശിക്കുന്നവരെ അനുസ്മരിച്ചു.

ഈ ദുരന്തം മൂലം കഷ്ടപ്പെടുന്ന കുടുംബങ്ങളോടുള്ള ഐക്യദാർഢ്യവും അവരെ സഹായിക്കുന്നതിനെത്തുന്നവർക്കുള്ള തൻറെ പിന്തുണയും പാപ്പാ അറിയിച്ചു.

ഐവറി കോസ്റ്റിനു വേണ്ടി പാപ്പാ പ്രാർത്ഥിക്കുന്നു

ഐവറി കോസ്റ്റിൽ ഈ ഞായറാഴ്‌ച (15/11/20) ദേശീയ സമാധനം ദിനം ആചരിച്ചതും പാപ്പാ അനുസ്മരിച്ചു.

ദൗർഭാഗ്യവശാൽ സാമൂഹ്യ, രാഷ്ട്രീയ സംഘർഷങ്ങൾക്ക് നിരവധിയാളുകൾ ഇരകളായ ഒരു പശ്ചാത്തലത്തിലാണ് ഈ സമാധാനദിനം ആചരിച്ചതെന്നും പാപ്പാ പറഞ്ഞു.

ദേശീയ ഐക്യം എന്ന ദാനം കർത്താവിൽ നിന്നു ലഭിക്കുന്നതിനുള്ള പ്രാർത്ഥനയിൽ താനും ഒന്നു ചേരുന്നുവെന്ന് പറഞ്ഞ പാപ്പാ അനുരഞ്ജനത്തിനും  സമാധാനപരമായ ഒരു സഹജീവനത്തിനും വേണ്ടി ഉത്തരവാദിത്വത്തോടുകൂടി സഹകരിച്ചു പ്രവർത്തിക്കാൻ അന്നാടിൻറെ പുത്രീ പുത്രന്മാരെ ആഹ്വാനം ചെയ്തു.

പൊതുനന്മയെ പരിരക്ഷിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ന്യായമായ പരിഹാരങ്ങൾക്കായുള്ള അന്വേഷണത്തിൽ പരസ്പര വിശ്വാസത്തിൻറെയും സംഭാഷണത്തിൻറെയും ഒരു അന്തരീക്ഷം പുനഃസ്ഥാപിക്കാൻ പാപ്പാ വിവിധ രാഷ്ട്രീയ പ്രവർത്തകർക്ക് പ്രചോദനം പകരുകയും ചെയ്തു.

റൊമേനിയയിൽ ആശുപത്രിയിലുണ്ടായ അഗ്നിബാധയിൽ പാപ്പായുടെ അനുശോചനവും സമീപ്യവും

റൊമേനയായിൽ കൊറോണവൈറസ് ബാധിതരായ രോഗികളെ പ്രവേശിപ്പിച്ച ഒരു ആശുപത്രിയിൽ ശനിയാഴ്‌ച (14/11/20) തീപിടിത്തമുണ്ടായതും ഏതാനും പേർ മരിച്ചതും പാപ്പാ വേദനയോടെ ഓർക്കുകയും തൻറെ സാമീപ്യം അറിയിക്കുകയും എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. 

സമാപനാഭിവാദ്യങ്ങൾ

റോമാക്കാരായ വിശ്വാസികളെയും വിവിധ രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകരെയും അഭിവാദ്യം ചെയ്ത പാപ്പാ, “ദരിദ്രൻറെ നേർക്കു കരം നീട്ടുക. എന്തെന്നാൽ, ദരിദ്രൻ ക്രിസ്തുവാണ് എന്ന് നീ അറിയുക” എന്ന സഭയുടെ ശബ്ദം നമ്മുടെ ഹൃദയത്തിൽ മുഴങ്ങുന്നുവെന്ന കാര്യം മറക്കരുത് എന്നു പറഞ്ഞു.

ജർമ്മനിയിൽ നിന്നെത്തിയിരുന്ന കുട്ടികളുടെ ഗായക സംഘം, ഹെസെൽ ആലപിച്ച ഗാനങ്ങൾക്ക് പാപ്പ നന്ദിയർപ്പിച്ചു.

തദ്ദനന്തരം പാപ്പാ, എല്ലാവർക്കും നല്ലൊരു ഞായർ ആശംസിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുതെന്ന പതിവഭ്യർത്ഥന നവീകരിച്ച പാപ്പാ എല്ലാവർക്കും നല്ല ഒരു ഉച്ചവിരുന്നു നേരുകയും, വീണ്ടും കാണാം എന്ന് പറയുകയും ചെയ്തുകൊണ്ട്, കൈകൾ വീശി ജാലകത്തിങ്കൽ നിന്ന് പിൻവാങ്ങി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 November 2020, 13:59