ഐക്യമുണ്ടെങ്കില്‍ നാടിന്‍റെ മനോഹാരിത പ്രത്യാശയോടെ നെയ്തെടുക്കാം
- ഫാദര്‍ വില്യം നെല്ലിക്കല്‍
1. മനുഷ്യജീവന്‍റെ അതിരുകളിലേയ്ക്ക് അടുക്കാം
ഈ സമ്മേളനം രാജ്യങ്ങളുടെ വളര്‍ച്ചയില്‍ പുതിയ വഴികള്‍ തേടുവാനും രീതികള്‍ കണ്ടെത്തുവാനും കൂട്ടായ്മ വളര്‍ത്തുവാനും ജനങ്ങള്‍ക്ക് അന്തസ്സുള്ള ജീവിതമാര്‍ഗ്ഗം തുറക്കുവാനുമുള്ള നാന്നിയായി താന്‍ കാണുന്നുവെന്ന് പാപ്പാ പ്രസ്താവിച്ചു. സാഹോദര്യത്തിന്‍റെ വലിയ അനുഭവവും സാമൂഹ്യ സുഹൃദ് ബന്ധത്തിന്‍റെ നിര്‍മ്മിതിയ്ക്കുള്ള പരിശ്രമവുമാവട്ടെ ഈ കണ്ണിചേരല്‍ എന്നും പാപ്പാ ആശംസിച്ചു. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ ആശ്ലേഷിക്കണം എന്നു പറയുമ്പോള്‍ അവര്‍ക്ക് ദാനം കൊടുക്കണമെന്നല്ല, മറിച്ച് നമ്മുടെ നല്ല പ്രവര്‍ത്തനങ്ങള്‍ മനുഷ്യജീവന്‍റെ അതിരുകളില്‍നിന്നും തുടങ്ങണമെന്നു പാപ്പാ ആമുഖമായി പ്രസ്താവിച്ചു.
2. കെടുതികള്‍ പാവങ്ങളുടെ ഭാഗധേയം
ലാറ്റിനമേരിക്കന്‍ ഭൂഖണ്ഡത്തില്‍ മാത്രമല്ല എവിടെയും ഇന്ന് നിലവിലുള്ള സാമൂഹിക സാമ്പത്തിക പ്രതിസന്ധികളും അനീതിയും കോവിഡ് മഹാമാരി മൂലം പെരുകുകയും ജീവിതം പൂര്‍വ്വോപരി ക്ലേശകരമാവുകയും ചെയ്തിട്ടുണ്ട്. ഇവയെല്ലാം പാവങ്ങളെയാണ് ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. അസമത്വവും വിവേചനവും വര്‍ദ്ധിച്ചിട്ടുണ്ട്. രോഗികള്‍ ക്ലേശിക്കുകയും കുടുംബങ്ങള്‍ അരിഷ്ടിതാവസ്ഥയില്‍ കഴിയുകയുമാണിന്ന്. സാമൂഹ്യ അനീതി സമൂഹത്തില്‍ പെരുകുകയാണ്. എന്നാല്‍ എല്ലാവര്‍ക്കും കോവിഡ് 19-ന്‍റെ അകലം പാലിക്കലോ, ശുചീകരണ സംവിധനങ്ങളോ ഇല്ല. ഉപജീവനത്തിനുള്ള തൊഴില്‍ ചുറ്റുപാടുകള്‍ പോലുമില്ലാത്തവരാണ് സമൂഹത്തില്‍ അധികവും. അതിനാല്‍ സത്യത്തില്‍ ഇന്നത്തെ സാമൂഹിക ചുറ്റുപാടുകള്‍ വേദനാജനകമാണെന്ന് പാപ്പാ നിരീക്ഷിച്ചു.
3. പങ്കുവയ്ക്കലിന്‍റെ ആനന്ദം
ജലം, പാര്‍പ്പിടം, തൊഴില്‍ ഇങ്ങനെ അടിസ്ഥാന ആവശ്യങ്ങളുടെ ദൗര്‍ലഭ്യവും അവിടെ രൂക്ഷമാണ്. ജീവിത പരിതസ്ഥിതിതന്നെ അപകടനിലയില്‍ എത്തിനില്ക്കുന്നു. കാട്ടുതീ നശിപ്പിച്ച പാന്തനാള്‍, ആമസോണ്‍ പ്രവിശ്യകള്‍ ലാറ്റിനമേരിക്കയുടെ മാത്രമല്ല, ലോകത്തിന്‍റെതന്നെ ശ്വാസകോശങ്ങളാണ്. പ്രതിസന്ധിയുടെ ഭാരം കുറയ്ക്കണമെങ്കില്‍ പാരിസ്ഥിതികമായ കരുതലും, അതിനാവശ്യമായ ക്രിയാത്മക പ്രവര്‍ത്തനങ്ങളും അനിവാര്യമാണ്. ഒരു ദൈവരാജ്യാനുഭവം നാം വളര്‍ത്തണം. ദൈവരാജ്യത്തിന്‍റെ അനുഭവമാണ് പങ്കുവയ്ക്കലിലൂടെ ആര്‍ജ്ജിച്ച അന്നത്തിന്‍റെ മൗലികമായ സമൃദ്ധി. അതു കാണാന്‍ കഫര്‍ണാമിലെ ജനങ്ങള്‍ക്കു ഭാഗ്യമുണ്ടായി! പങ്കുവച്ച ചെറിയ ഭക്ഷണം സമൃദ്ധമായതും ബാക്കിവന്നതുമായ സുവിശേഷ സംഭവം പാപ്പാ സന്ദേശത്തില്‍ ആവര്‍ത്തിച്ചു (cf. Lk 9, 12-17).
4. എന്നും കരുതേണ്ട പൊതുനന്മയുടെ അവബോധം
നന്മയുടെ സാമൂഹിക സംവിധാനം പങ്കുവയ്ക്കലിലും പാരസ്പരികതയിലുമാണെന്നും, മറിച്ച് കൂട്ടിവയ്ക്കുന്നതിലും ഒഴിവാക്കുന്നതിലുമല്ലെന്നും പാപ്പാ പ്രസ്താവിച്ചു. അതിനാല്‍ വ്യക്തിപരവും സാമൂഹികവുമായ ഉത്തരവാദിത്ത്വങ്ങള്‍ സുതാര്യമായും സത്യസന്ധമായും നിര്‍വ്വഹിക്കാം. മനുഷ്യന്‍റെ വലിയ നന്മയും ഒപ്പം തിന്മയും വെളിപ്പെടുത്തിയ സമയമാണ് ഈ മഹാമാരിക്കാലം. പൊതുവായ നന്മയുടെ ഭാഗമാണ് സമൂഹത്തിലെ എല്ലാവരും. അതിനാല്‍ അയല്‍ക്കൂട്ടത്തിന്‍റെയും ഗ്രാമാന്തരീക്ഷത്തിന്‍റെയും പ്രാദേശീകതയുടെയും പൊതുഭവനത്തിന്‍റെയും അവബോധം എല്ലാവര്‍ക്കും ഉണ്ടാവുകയും, നാം അതിന്‍റെ ഭാഗമാണെന്ന ഉത്തരവാദിത്വപൂര്‍ണ്ണമായ ചിന്ത എന്നും ജീവിതത്തില്‍ പുലര്‍ത്തേണ്ടതുമാണെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.
5. അനുരജ്ഞനത്തിനുള്ള ആഹ്വാനം
മരുഭൂമിയില്‍ ഉയര്‍ന്ന യോഹന്നാന്‍റെ ശബ്ദം മാനസാന്തരത്തിനുള്ള വിളിയായിരുന്നു (മാര്‍ക്കോസ് 1, 3). പ്രത്യാശ കൈവെടിയാതിരിക്കാം. നീതിയുടെയും ഐക്യദാര്‍ഢ്യത്തിന്‍റെയും വഴികളാണ് സ്നേഹത്തിന്‍റെയും സാമീപ്യത്തിന്‍റെയും നല്ല രൂപഭാവങ്ങള്‍. ഇത് ദൈവരാജ്യത്തിന്‍റെയും ദൈവജനത്തിന്‍റെയും അനുഭവമാണെന്ന ആഹ്വാനവും അനുരജ്ഞനത്തിനായുള്ള ക്ഷണവുമായിട്ടാണ് ലാറ്റിനമേരിക്കന്‍ സമൂഹത്തിനു നല്കിയ സന്ദേശം പാപ്പാ ഉപസംഹരിച്ചത്.