തിരയുക

യുവജന സിനഡിന്റെ സമയത്ത് പാപ്പാ... യുവജന സിനഡിന്റെ സമയത്ത് പാപ്പാ... 

"ക്രിസ്തു ജീവിക്കുന്നു”സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള ആഹ്വാനത്തെ പിന്താങ്ങാം

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 42ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

42. സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള ആഹ്വാനത്തെ പിന്താങ്ങാം

ഉദാഹരണമായി അമിതമായ ഭയമുള്ളതും ഘടനാത്മകവുമായ ഒരു സഭ സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കാനുള്ള പരിശ്രമങ്ങളെ സംബന്ധിച്ച് വിഷമസ്ഥിതിയിലാകാം. ആവശ്യങ്ങളുടെ അപകടസാധ്യതകളും അബദ്ധ സാധ്യതകളുമാകാം സ്ഥിരം ചൂണ്ടിക്കാണിക്കുന്നത്. പകരം സജീവമായ ഒരു സഭ കൂടുതൽ നീതിയും സമത്വവും അന്വേഷിക്കുന്ന സ്ത്രീകളുടെ നിയമാനുസൃതമായ അവകാശങ്ങളെ ശ്രദ്ധിക്കുകയും അവയോടു പ്രതികരിക്കുകയും ചെയ്യും. സജീവ സഭയ്ക്ക് ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കാം. പുരുഷന്മാരുടെ അമിതാധികാരം, ആധിപത്യം, വിവിധ രൂപങ്ങളിലുള്ള അടിമത്തം, ദുരുപയോഗം, ലൈംഗികമായ ആക്രമം എന്നിവയിലുള്ള പങ്ക് അംഗീകരിക്കുകയും ചെയ്യാം. ഈ വീക്ഷണത്തോടെ അവൾക്ക് സ്ത്രീകളുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള ആഹ്വാനത്തെ പിന്താങ്ങാം, ചില ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ നിർദ്ദേശിക്കുന്ന എല്ലാ കാര്യവും അംഗീകരിക്കാതെ തന്നെ സ്ത്രീകളുടെയും പുരുഷന്മാരുടെയും പരസ്പര പ്രവർത്തനത്തെ ബോധപൂർവ്വം പിന്താങ്ങാം. ഇത്തരത്തിൽലൈംഗികതയുടെ അടിസ്ഥാനത്തിലുള്ള എല്ലാ വിവേചനത്തിനും, അക്രമത്തിനും എതിരെയുള്ള സഭയുടെ പ്രതിജ്ഞാബദ്ധത നവീകരിക്കാൻ സിനഡ് പരിശ്രമിച്ചു, യൗവനത്തിൽ നിലനിൽക്കുകയും ചോദ്യം ചെയ്യപ്പെടാനും യുവജനത്തിന്റെ താൽപര്യങ്ങളാൽ പ്രചോദിപ്പിക്കപ്പെടാനും സ്വയം അനുവദിക്കുന്ന സഭയുടെ പ്രത്യുത്തരമാണത്.  (കടപ്പാട്. പി.ഒ.സി. പ്രസിദ്ധീകരണം).

കാലത്തിന്റെ അടയാളങ്ങളെ ശ്രദ്ധിക്കേണ്ട കടമയുള്ള സഭ

കാലത്തിന്റെ അടയാളങ്ങളെ ശ്രദ്ധിക്കേണ്ട കടമ സഭയ്ക്കുണ്ട്. ഈ കടമയെ ഓർമ്മിപ്പിച്ചുകൊണ്ടാണ് പരിശുദ്ധ പിതാവ് യുവജനങ്ങളുടെ സഭയോടുള്ള പ്രതികരണങ്ങളെ വിശകലനം ചെയ്തത്. കഴിഞ്ഞ മൂന്ന് ഖണ്ഡികകളും യുവാക്കളെ കുറിച്ചും അവരുടെ മനോഭാവങ്ങളെക്കുറിച്ചും സഭയുടെ ചില നിലപാടുകളെക്കുറിച്ചും ഒക്കെ വളരെ ക്രിയാത്മകമായ ചിന്തകൾ പങ്കുവയ്ക്കുകയായിരുന്നു ഫ്രാൻസിസ് പാപ്പാ.  

സഭയ്ക്ക് അതിന്റെതായ ഒരു ഘടനാവിന്യാസം ഉണ്ട്. പലപ്പോഴും ഈ വിന്യാസത്തിൽ അവൾ ഒത്തിരി സുരക്ഷയാണെന്ന് അവൾക്ക് ധാരണയുമുണ്ട്. ഈ ഘടനയെ സംരക്ഷിക്കേണ്ടതും ആവശ്യമാണ്.  എന്നാൽ കാലത്തിന്റെ അടയാളങ്ങൾക്കൊത്ത് മാറ്റങ്ങൾ വരുത്താനുള്ള ഉത്തരവാദിത്വവും കൂടി സഭയ്ക്കുണ്ട് എന്നതും നമ്മൾ ഓർത്തേ മതിയാവൂ. അങ്ങനെ സഭാപിതാക്കന്മാർ ചിന്തിച്ചതിന്റെ പരിണതഫലമാണല്ലോ രണ്ടാം  വത്തിക്കാൻ കൗൺസിലും അതിൽ നിന്നുടലെടുത്ത നവീകരണങ്ങളും.

ഇന്ന് നമ്മൾ ചിന്താവിഷയമാക്കുന്ന 42ആം ഖണ്ഡിക  കാലഘട്ടത്തിന്റെ അടയാളങ്ങളെ ശ്രദ്ധിക്കാൻ വിസമ്മതിക്കുന്ന ഒരവസ്ഥയിലേക്ക് വരുന്ന സഭയുടെ അവസ്ഥയെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് ആരംഭിക്കുന്നത്. സഭയുടെ  ഘടനാവിന്യാസം തകരും എന്ന് അമിത ഭയവും അതിനെ മുറുകെപ്പിടിക്കാനുള്ള ആവേശവും കാലം ആവശ്യപ്പെടുന്ന നവീകരണങ്ങളെക്കുറിച്ച് ഗൗരവപരമായ വിമർശനാത്മക നിലപാടുകൾ എടുക്കും എന്ന് പാപ്പാ സൂചിപ്പിക്കുന്നു. ഉദാഹരണമായി ഫ്രാൻസിസ് പാപ്പാ ഇവിടെ ചൂണ്ടിക്കാണിക്കുന്ന അതിലൊന്ന് സ്ത്രീകളുടെ അവകാശ സംരക്ഷണത്തിനുള്ള സഭാ നീക്കങ്ങളെ തടയുന്നതാണ്. അതിലൂടെ വന്നു പെടാവുന്ന അപകടങ്ങളെയും ചില ആവശ്യങ്ങൾ അംഗീകരിച്ചാൽ ഭാവിയിൽ സംഭവിച്ചേക്കാവുന്ന വഴി തെറ്റലിന്റെ സാധ്യതകളെയും ചൂണ്ടിക്കാട്ടി സഭാപാരമ്പര്യങ്ങളെ ഉയർത്തിക്കാട്ടി തുടരെ തുടരെ ചെറുക്കുന്ന മനോഭാവത്തെയാണ്. എന്നാൽ ജീവനുള്ള, ജീവിക്കുന്ന സഭയ്ക്ക് സ്ത്രീസമൂഹത്തിന്റെ നീതിക്കും സമത്വത്തിനുമായുള്ള ന്യായാവകാശവാദങ്ങൾ കാണാതിരിക്കാൻ കഴിയില്ല എന്ന് ഫ്രാൻസിസ് പാപ്പാ എഴുതുന്നു. യാദൃശ്ചീകമായി എഴുതിയ വരികളല്ല അതെന്ന് നമുക്ക് മനസ്സിലാക്കാം.

സ്ത്രീകൾക്ക് സഭയിൽ കൂടുതൽ പങ്കാളിത്വമുണ്ടാവണം

സ്ത്രീകൾക്ക് സഭയിൽ കൂടുതൽ പങ്കാളിത്വമുണ്ടാവണം എന്ന് പലവട്ടം ഫ്രാൻസിസ് പാപ്പാ ആവർത്തിച്ച് ആഹ്വാനം ചെയ്തിട്ടുണ്ട് .  സ്ത്രീകളെ ഉപദേശക സമിതികളിലും ഭരണ സമിതികളിലും ഉൾകൊള്ളിക്കാൻ കൂടുതൽ ചെയ്യണമെന്ന്   (അൽമായർക്കും കുടുംബത്തിനും ജീവനുമായുള്ള തിരുസംഘത്തിന്റെ നവംബർ 16 ന് നടന്ന പ്ളീനറി), പറഞ്ഞ പാപ്പാ അത്തരം നീക്കങ്ങൾക്ക് പാപ്പാ തന്നെ മുൻകൈ എടുക്കുന്നതും നമുക്ക് കാണാം. വത്തിക്കാന്റെ സെക്രട്ടറിയേറ്റിൽ വത്തിക്കാനും മറ്റു രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ സംബന്ധിക്കുന്ന  സുപ്രധാന കാര്യാലയത്തിൽ ഒരു സ്ത്രീയെ (ഫ്രാൻചെസ്കാ ഡി ജൊവാന്നി ) അണ്ടർ സെക്രട്ടറിയായി  നിയമിച്ചതും, അടുത്തയിടെ  വത്തിക്കാന്റെ ധന്യകാര്യ കൗൺസിൽ ആറു സ്ത്രീകളെ നിയമിച്ചതും സഭയുടെ മനോഭാവത്തിൽ വരുന്ന കാലഘട്ടങ്ങളുടെ ആവശ്യങ്ങളെ മാനിക്കുന്ന മാറ്റങ്ങൾ എന്ന് സൂചിപ്പിക്കാനും ഈ അവസരം ഉപയോഗിക്കുന്നു.

പാരമ്പര്യവാദം മുറുകെ പിടിക്കുമ്പോൾ സഭയുടെ ചരിത്രത്തിലൂടെ കണ്ണോടിച്ച് അതിൽ നിലനിന്നിരുന്ന പുരുഷമേധാവിത്വത്തെയും അതുവഴി ഉണ്ടായ പുരുഷ മേൽക്കോയ്മയും, വിവിധ തരം അടിമത്വരൂപങ്ങളും,  ചൂഷണങ്ങളും, ലൈംഗീക അതിക്രമങ്ങളും കൂടി കാണാൻ നമുക്ക്‌ കഴിയണം. ഇക്കാര്യം ഈ ഖണ്ഡികയിൽ പാപ്പാ മറച്ചുവയ്ക്കുന്നുമില്ല.

സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കുക

ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യകതയാണ് സ്ത്രീകളുടെ അവകാശങ്ങളെ ബഹുമാനിക്കുക എന്നതെന്നും, ഈ ഉറപ്പോടെ സ്ത്രീകളുടെ ന്യായമായ അവകാശവാദങ്ങൾക്ക് പിൻതുണ നൽകേണ്ടതും, സ്ത്രീയും പുരുഷനുമായി പരസ്പര വിനിമയം വളർത്തേണ്ടതും. എന്നാൽ പാപ്പാ വളരെ കൃത്യമായി അടിവരയിടുന്ന ഒരു കാര്യം കൂടി നമ്മൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഫെമിനിസ്റ്റ് ഗ്രൂപ്പുകൾ ഉന്നയിക്കുന്ന എല്ലാക്കാര്യങ്ങളെയും അനുകൂലിക്കുക എന്നതല്ല ഇതിന്റെ ഉദ്ദേശം.  

എല്ലാത്തരം ഉച്ചനീചത്വങ്ങൾക്കെതിരെയും പോരാടാൻ സഭയ്ക്ക് ഒരു വിളിയുണ്ട്. ആ വിളിയുടെ ആഴം വ്യക്തമായി അറിയുന്ന ഒരാളാണ് ഫ്രാൻസിസ് പാപ്പാ. സമൂഹം പുറന്തള്ളിയവരേയും, സമൂഹജീവിതത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വസിക്കുന്നവരേയും സകലരേയും ഉൾക്കൊള്ളുന്ന സമത്വസുന്ദരമായ ഒരു സമൂഹം സ്വപ്നം കാണുന്ന പാപ്പായ്ക്ക് എങ്ങനെ സമൂഹത്തിന്റെ നേർപകുതിയായ "സ്ത്രീ സമൂഹത്തിന്റെ" പുറമ്പോക്ക് ജീവിതം കാണാതിരിക്കാനാവും? അതിനാൽ സഭയുടെ സമർപ്പണ പ്രതിബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് "ലിംഗപരമായ എല്ലാത്തരം വിവേചനങ്ങൾക്കും അതിക്രമങ്ങൾക്കുമെതിരെയുള്ള " സഭയുടെ സമർപ്പണം നവീകരിക്കുന്നു എന്ന് ഈ ഖണ്ഡികയുടെ അവസാന വരികളിൽ യുവജന സിനഡ് ഏറ്റു പറഞ്ഞ വാക്യം പാപ്പാ ഉദ്ധരിക്കുന്നുണ്ട്.  ഇതാണ് യുവത്വത്തിലിരിക്കുന്ന ഒരു സഭയുടെ പ്രതികരണം എന്ന് ഫ്രാൻസിസ് പാപ്പാ ചില കൂട്ടിച്ചേർക്കൽ കൂടി അതിൽ വരുത്തുന്നുണ്ട്.   യുവജനങ്ങളുടെ സംവേദനക്ഷമതയാൽ പ്രേരിതമാവുകയും വെല്ലുവിളിക്കപ്പെടാൻ തയ്യാറാവുകയും ചെയ്ത് യൗവനം നിലനിറുത്തേണ്ട സഭയുടെ പ്രത്യുത്തരം ഇപ്രകാരമായിരിക്കണം എന്നും  ഓർമ്മിപ്പിച്ചു കൊണ്ടാണ്  പാപ്പാ ഈ ഖണ്ഡിക അവസാനിപ്പിക്കുന്നത്.

22 October 2020, 10:35