തിരയുക

2018, ഒക്ടോബർ 6ന് വത്തിക്കാനിലെ വിശുദ്ധ പോൾ ആറാമ൯ ഹാളിൽ യുവാക്കളും സിനഡ് പിതാക്കന്മാരുമായുള്ള ഒരു കൂടിക്കാഴ്ച്ച അവസരത്തിൽ ഓർത്തോപീഡിക് പ്ലാസ്റ്റരുമായി വന്ന യുവാവിന് പാപ്പാ തന്റെ ഒപ്പ് നൽകുന്നു. 2018, ഒക്ടോബർ 6ന് വത്തിക്കാനിലെ വിശുദ്ധ പോൾ ആറാമ൯ ഹാളിൽ യുവാക്കളും സിനഡ് പിതാക്കന്മാരുമായുള്ള ഒരു കൂടിക്കാഴ്ച്ച അവസരത്തിൽ ഓർത്തോപീഡിക് പ്ലാസ്റ്റരുമായി വന്ന യുവാവിന് പാപ്പാ തന്റെ ഒപ്പ് നൽകുന്നു. 

"ക്രിസ്തു ജീവിക്കുന്നു”:യുവജനവും സഭയും

"Christus vivit" അഥവാ "ക്രിസ്തു ജീവിക്കുന്നു”എന്ന പ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 40ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം.

സി.റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്

അപ്പോസ്തോലിക പ്രബോധനം

അപ്പോസ്തോലിക പ്രബോധനമെന്നത് കത്തോലിക്കാ സഭയില്‍ മാര്‍പ്പാപ്പാ പ്രസിദ്ധികരിക്കുന്ന ഔദ്യോഗിക ലേഖനങ്ങളുടെ വിവിധതരത്തിലുളള പരമ്പരകളില്‍പ്പെടുന്ന ഒരു ലേഖനമാണ്. ഇവയുടെ പ്രാധാന്യ ശൃംഖലയില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്ന ചാക്രീക ലേഖനങ്ങള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത സ്ഥാനമാണ് അപ്പോസ്തോലിക പ്രബോധനങ്ങള്‍ക്കുളളത്.

രണ്ടാം അദ്ധ്യായം

യേശുവിന്റെ യൗവനം 'കൃപാവര പൂർണ്ണത' കൈവരിക്കാനുള്ള "പരിശീലന''ത്തിന്റെ  കാലഘട്ടമായിരുന്നു എന്ന് രണ്ടാമത്തെ അദ്ധ്യായത്തിൽ പറയുന്നു. "യാത്ര ചെയ്യുന്ന വലിയ ഒരു സമൂഹ''ത്തിന്റെ ഭാഗമായി യേശു വളർന്നുവെന്ന കണ്ടെത്തലും ഇവിടെ ദർശിക്കാൻ കഴിയും. വാഗ്ദാനത്തിന്റെ വാഹകയായി മാറിയ പരിശുദ്ധ അമ്മയെ യുവതികൾക്കായുള്ള മാതൃകയായി ഇവിടെ ചൂണ്ടിക്കാണിക്കുന്നുമുണ്ട്. സ്വന്തം ജീവിതംദൈവത്തിനു സമർപ്പിച്ച യുവ വിശുദ്ധരുടെ നിരയിലേക്ക് കണ്ണോടിച്ചു കൊണ്ടാണ് രണ്ടാമത്തെ അദ്ധ്യായം അവസാനിക്കുന്നത്.

40. യുവജനവും സഭയും

സിനഡ് താഴെപ്പറയുന്ന വസ്തുത അംഗീകരിച്ചു. യുവജനത്തിന്റെ ബഹുഭൂരിഭാഗം പലവിധ കാരണങ്ങളാലും സഭയിൽ നിന്ന് ഒന്നും ആവശ്യപ്പെടുന്നില്ല. കാരണം സഭ തങ്ങളുടെ ജീവിതത്തെ സംബന്ധിച്ചിടത്തോളം പ്രധാനമായി അവർ കാണുന്നില്ല. ചിലർ തങ്ങളെ ഒറ്റയ്ക്ക് വിട്ടേക്കാൻ പരസ്യമായി ആവശ്യപ്പെടുന്നു. കാരണം സഭയുടെ സാന്നിധ്യം ഒരു ശല്യമായി പ്രകോപനപരമായി പോലും അവർ കാണുന്നു. എപ്പോഴും ഈ അഭ്യർത്ഥന ഉണ്ടാകുന്നത് വിമർശനാത്മകമല്ലാത്തതോ പ്രചോദനപരമായിട്ടുള്ളതോ ആയ വെറുപ്പിൽ നിന്നല്ല. അതിന് ഗൗരാവ്വഹവും ഗ്രഹിക്കാവുന്നതുമായ കാരണങ്ങളുണ്ടാകാം. ലൈംഗികവും, ധനപരമായി വിവാദങ്ങൾ; യുവജനത്തിന്റെ വികാരങ്ങളെ മനസ്സിലാക്കുവാനും ഫലപ്രദമായി കൈകാര്യം ചെയ്യാനും പ്രാപ്തിയില്ലാത്ത വൈദികർ, ദൈവവചന വ്യാഖ്യാനത്തിലുള്ള ഒരുക്കത്തിലും അവതരണത്തിലുമുള്ള അശ്രദ്ധ, ക്രൈസ്തവ സമൂഹത്തിൽ യുവവജനത്തിന് നൽകപ്പെട്ടിരിക്കുന്ന നിഷ്ക്രിയമായ പങ്ക്, സമകാലീന സമൂഹത്തോടു തന്റെ ആശയങ്ങളും ആദർശങ്ങളും ധാർമ്മീക നിലപാടുകളും വിശദീകരിക്കുന്നതിനുള്ള സഭയിലെ പ്രയാസം. (കടപ്പാട്. പി.ഒ.സി.പ്രസിദ്ധീകരണം).

സഭയിൽനിന്നും അകന്നു നിൽക്കുന്ന യുവജനങ്ങൾ

ഈ ഖണ്ഡിക യുവജനങ്ങളുടെ യാഥാർത്ഥ്യങ്ങളെ കാണാനും മനസ്സിലാക്കാനും അറിയാനും പ്രതിവിധിതേടാനും പാപ്പാ പരിശ്രമിക്കുന്നു എന്നുള്ളതിന് ഏറ്റവും നല്ല ഉദാഹരണമാണ്.  സഭയിൽനിന്നും അകന്നു നിൽക്കുന്ന യുവജനങ്ങളെയും അവരും സഭയും തമ്മിലുള്ള  ബന്ധത്തെയും, എന്തുകൊണ്ട് അവർ അകന്നു നിൽക്കുന്നു എന്നതിന്റെ  കാരണങ്ങളെക്കുറിച്ചും പാപ്പാ വിശദീകരിക്കുന്നു.തങ്ങളുടെ ജീവിതത്തിൽ സഭയെ കൊണ്ട് ആവശ്യമില്ല എന്ന് കരുതുന്ന യുവജനങ്ങളണ്ട് . സഭയുടെ സാന്നിധ്യത്തെ ഒരു ശല്യമായി കാണുന്നു. സഭ അവരെ പ്രകോപിപ്പിക്കുന്നത് പോലെ അനുഭവിക്കുന്നു. ഇത് സഭ ഇന്ന് അഭിമുഖീകരിക്കുന്ന വെല്ലുവിളികളിൽ ഒന്നാണ് എന്ന് പാപ്പാ തിരിച്ചറിയുന്നു.

നമുക്കോരോരുത്തർക്കും അഭിരുചികൾ ഉണ്ട്. അവ ഓരോന്നും വ്യത്യസ്ഥമാണ്. എനിക്ക് എന്റെതായ ഇഷ്ടങ്ങളുണ്ട്, വിശ്വാസങ്ങളുണ്ട്, ആദർശങ്ങളുണ്ട്, ആചാരങ്ങളുണ്ട്, വ്യക്തികളുണ്ട്, രീതികളുണ്ട്. എന്റെ ഇഷ്ടങ്ങൾ മറ്റുള്ളവരുടെയും ഇഷ്ടങ്ങൾ ആയിരിക്കണമെന്ന് ഞാനിഷ്ടപ്പെടുന്നത് മറ്റുള്ളവരുടെ അനിഷ്ടത്തിന് കാരണമാകാം. അതുപോലെതന്നെയാണ് വിശ്വാസവും. വിശ്വാസത്തെ കുറിച്ച് ബൈബിൾ പറയുന്നത് "വിശ്വാസം എന്നത് പ്രത്യാശിക്കുന്നവ ലഭിക്കുമെന്ന ഉറപ്പും, കാണപ്പെടാത്തവ  ഉണ്ട് എന്നബോധ്യവുമാണ് "( ഹെബ്ര11:1) മനുഷ്യരാരും പൂർണ്ണരല്ല എന്നാൽ അപൂർണ്ണരായ മനുഷ്യർക്ക് പൂർണ്ണരാകാൻ സാധ്യതയുണ്ടെന്ന് ക്രിസ്തു പഠിപ്പിക്കുന്നു. വിശുദ്ധ മത്തായി എഴുതിയ സുവിശേഷം 5:48 ൽ "നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവ് പരിപൂർണ്ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂർണ്ണരായിരിക്കുവിൻ " എന്ന് ക്രിസ്തു പറയുന്നു. അതിന്റെ അർത്ഥം നമുക്കും പരിപൂർണ്ണരാകാനുള്ള സാധ്യതയുണ്ടെന്നാണല്ലോ. പരിപൂർണ്ണതയിലേക്കുള്ള ഈ പ്രയാണത്തിലാണ് ദൈവത്തിലുള്ള വിശ്വാസം നമുക്ക് ആവശ്യമായി വരുന്നത്.  സഭ ഈ വിശ്വാസത്തിന്റെ അമ്മയാണ്. കാരണം മക്കളിൽ വിശ്വാസം വളർത്തേണ്ടത് സഭാ മാതാവാണ്. വിശ്വാസത്തിലൂടെ അപൂർണ്ണരായ മനുഷ്യർക്ക് പൂർണ്ണരാകാൻ കഴിയും.

വിശ്വാസജീവിതത്തിൽ കുടുംബത്തിനുള്ള പങ്ക്

ഇന്ന് യുവജനങ്ങൾ സഭാ മാതാവിൽ നിന്ന് അകന്നു പോകാൻ പ്രധാനപ്പെട്ട ഒരു കാരണം അവിശ്വാസമാകാം. മാമ്മോദീസാ എന്ന കൂദാശയിലൂടെ തിരുസഭയുടെ മക്കളായി തീരുന്ന ഒരു മകനോ മകളോ കാലങ്ങൾകൊഴിയുന്തോറും അമ്മയിൽ നിന്നും അടർന്നു പോകുന്നത് എന്തുകൊണ്ട്? കുഞ്ഞുനാളിൽ പകർന്നുകൊടുത്ത വിശ്വാസം ജീവിത യാഥാർത്ഥ്യങ്ങളിൽ കാണാൻ കഴിയാത്തതുകൊണ്ടാണോ?

പൊതുവേ ജ്ഞാനസ്നാനം സ്വീകരിക്കുന്നത് നാം കുഞ്ഞായിരിക്കുമ്പോഴാണ്. കുഞ്ഞുനാളിൽ കൂദാശ എന്താണെന്നും അതിന്റെ ഉത്തരവാദിത്വം എന്താണെന്നും അറിയാത്ത ഒരു കാലഘട്ടത്തിൽ സ്വീകരിച്ച ജ്ഞാനസ്നാനത്തിന്റെ  വെൺവസ്ത്രമോ, കൈയ്യിലേന്തിയ കൈത്തിരിയോ എന്തെന്നറിയാത്ത ഒരു പ്രായത്തിൽ നമ്മെ അതിന്റെ അർത്ഥം പഠിപ്പിക്കുന്നത് നമ്മുടെ മാതാപിതാക്കന്മാരാണ്. പ്രായം ആകുമ്പോൾ, സ്വീകരിച്ച കൂദാശയുടെ അർത്ഥവും, വ്യാപ്തിയും വ്യക്തിപരമായി അറിഞ്ഞ് അതിനു നമ്മെ സമർപ്പിച്ച്, അനുസരിച്ച് ജീവിക്കേണ്ട ഒരു ധാർമ്മീകത നമ്മിലുണ്ട്. ഇങ്ങനെ യുവജനങ്ങളെ ഒരുക്കാനുള്ള പ്രാഥമിക ഉത്തരവാദിത്വം ഗാർഹിക സഭയായ കുടുംബത്തിനുണ്ട്. പലപ്പോഴും ഇത് സംഭവിക്കുന്നില്ല എങ്കിൽ യുവജനങ്ങളുടെ സഭയുമായുള്ള ബന്ധത്തിൽ വന്ന വിള്ളലിന്റെ ഉത്തരവാദിത്വം പ്രഥമ സെമിനാരി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കുടുംബം തന്നെയാണ്.

വിശ്വാസജീവിതത്തിൽ കുടുംബത്തിനുള്ള പങ്ക് എന്താണ്. മാതാപിതാക്കളും, മക്കളും ഒരുമിച്ചിരുന്ന് പ്രാർത്ഥിച്ച്, അപ്പം പങ്കിട്ട് ക്രൈസ്തവ കുടുംബത്തിന്റെ മാതൃകയായി ജീവിക്കേണ്ട ഒരു കാലഘട്ടത്തിൽ നിന്നും മാറി, മതബോധന ക്ലാസുകൾ നൽകുന്ന പ്രകാശത്തിൽ നിന്നും അകന്ന്, ഞായറാഴ്ച്ചകളിലും, കടപ്പെട്ട ദിവസങ്ങളിൽപോലും സാമൂഹ്യ ജീവിതതലത്തിലെ ഔന്നത്യങ്ങൾക്കായി ലോകം വച്ച് നീട്ടുന്ന അറിവ്തേടാനുള്ള വ്യഗ്രതയിലേക്ക് കുഞ്ഞുങ്ങളെ പറഞ്ഞു വിടുന്ന മാതാപിതാക്കളിൽ നിന്നും വിശ്വാസത്തിന്റെ ഫലം എങ്ങനെ കുഞ്ഞുങ്ങൾക്ക് സ്വീകരിക്കാൻ കഴിയും?

സഭയെക്കുറിച്ചും, സഭാ ശ്രേഷ്ഠന്മാരുടെ സേവനങ്ങളെ കുറിച്ചും, സഭാ പഠനങ്ങളെ കുറിച്ചും, സഭയിൽ അനുഷ്ഠിക്കുന്ന ആചാരങ്ങളെ കുറിച്ചും പരിശുദ്ധമായ സമീപനമാണോ നമ്മുടെ കുഞ്ഞുങ്ങൾക്ക് നാം പകർന്നുകൊടുക്കുന്നത് എന്ന് ചിന്തിക്കുമ്പോൾ ഇന്ന് നമ്മുടെ യുവജനങ്ങൾ  സഭയിൽനിന്നും ദൈവത്തിൽ നിന്ന്പോലും അകന്ന് പോകുന്നതിന്റെ ഉത്തരം നമുക്ക് കണ്ടെത്താൻ കഴിയും.

വിശ്വാസത്തെ സ്വയം സ്വാംശീകരിക്കാതെ അത് പകർന്ന് നൽകാൻ നമുക്കാവുമോ?

വിശ്വാസം എന്നൊരു യാഥാർത്ഥ്യത്തെ സ്വയം സ്വാംശീകരിക്കാതെ അത് പകർന്ന് നൽകാൻ നമുക്കാവുമോ ? അത് പരിചയപ്പെടുത്താതെ കുഞ്ഞുങ്ങളെ നാം വളർത്തുമ്പോൾ ജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കാൻ കുഞ്ഞുങ്ങൾക്ക് അത്ര ബലമില്ലാതെ പോകുന്നു. ഒരു ഇരുപത് വർഷങ്ങൾ പിന്നിലേക്ക് യാത്രതിരിച്ചാൽ നമ്മുടെ ജീവിതത്തിൽ കളഞ്ഞുപോയ ചില സുകൃതങ്ങളെ കണ്ടെത്താൻ കഴിയും. സമ്പത്തിലും ദാരിദ്ര്യത്തിലും,രോഗത്തിലും അനാരോഗ്യത്തിലും, വിജയത്തിലും പരാജയത്തിലുമൊക്കെ നമ്മുടെ മാതാപിതാക്കന്മാരും,മുത്തശ്ശീ മുത്തശ്ശന്മാരും വിശ്വാസത്തിന്റെ വിളക്ക് അണയാതെ സൂക്ഷിച്ച് ജീവിച്ചു.  പ്രതിസന്ധിയുടെ മുന്നിലും അവർ തളരാതെ അതിനെ അഭിമുഖീകരിച്ചത് ദൈവത്തോടും

സഭയോടും ഉണ്ടായിരുന്ന നിറഞ്ഞ വിശ്വാസത്തിലായിരുന്നു. അവരുടെ വിശ്വസ്ഥതയിലായിരുന്നു. ജീവിതത്തിന്റെ കൊടുങ്കാറ്റിൽ, പേമാരിയിൽ, പ്രളയത്തിൽ അവരുടെ ശക്തി മാർഗ്ഗങ്ങളായിരുന്നു ദിവ്യബലിയും, കുടുംബ പ്രാർത്ഥനകളും, കൊന്ത നമസ്കാരവും, നൊവേന പ്രാർത്ഥനകളും.വിദ്യാലയങ്ങളിൽ കുട്ടികളെ അയയ്ക്കുന്നതുപോലെ തന്നെ മതബോധന ക്ലാസുകളിൽ അവർ കുട്ടികളെ വിശ്വാസപൂർവ്വം അയച്ചിരുന്നു. മതബോധനത്തിന് അവർ പ്രാധാന്യം കൊടുത്തിരുന്നു. വിശ്വാസത്തിന്റെ ഏതെങ്കിലും ഒരു അംശം നമ്മിൽ ഉണ്ടെങ്കിൽ അതിന് കാരണം നമ്മുടെ മാതാപിതാക്കൾ നമ്മെ  മുടങ്ങാതെ അയച്ച മതബോധന ക്ലാസുകളിൽ നിന്നും ലഭിച്ച വിശ്വാസത്തിന്റെ പാഠങ്ങൾ തന്നെയാണ്. ഏതൊരു പ്രശ്നത്തിനും പരിഹാരം ദേവാലമായിരുന്നു. യുവജനങ്ങളുടെ വീടായിരുന്നുദേവാലയം.  മതബോധന അദ്ധ്യാപകരും, ഭക്ത സംഘടനാ പ്രതിനിധികളുമൊക്കെയായി യുവജനം ഉണർന്നിരുന്നു.

ഇന്ന് ഈ അവസ്ഥ മാറി.  യുവജനം സഭയിൽ നിന്നും അകന്നു പോയിരിക്കുന്നു.  മാമ്മോദീസ കഴിഞ്ഞ് വിവാഹത്തിന് മാത്രം സമീപിക്കാവുന്ന ഒരു സ്ഥലമായി മാറി ദേവാലയങ്ങൾ.  ദിവ്യബലികൾ വൃദ്ധരും കുഞ്ഞുകുട്ടികളും  മാത്രം പങ്കുകൊള്ളുന്നവയായി.  എന്തുകൊണ്ടാണ് വിശ്വാസജീവിതത്തിൽ ഇങ്ങനെ ഒരു അപചയം സംഭവിച്ചത്? എന്തുകൊണ്ടാണ് യുവജനങ്ങൾ സഭയ്ക്ക് അന്യരായി തീർന്നത്? അതിന് പാപ്പാ പറയുന്ന കാരണങ്ങൾ വളരെ ഗൗരവാവഹമായി കാണുകതന്നെ വേണം.

യുവജനത്തിന്റെ വികാരങ്ങളെ മനസ്സിലാക്കുക

സഭയ്ക്കുള്ളിലെ ലൈംഗികവും, ധനപരവുമായ വിവാദങ്ങൾ, യുവജനത്തിന്റെ വികാരങ്ങളെ മനസ്സിലാക്കുവാനും ഫലപ്രദമായി കൈകാര്യം ചെയ്യാനും പ്രാപ്തിയില്ലാത്ത വൈദികർ,ദൈവവചന വ്യാഖ്യാനത്തിലുള്ള ഒരുക്കത്തിലും അവതരണത്തിലുമുള്ള  അശ്രദ്ധ, ക്രൈസ്തവ സമൂഹത്തിൽ യുവജനത്തിന് നൽകപ്പെട്ടിരിക്കുന്ന നിഷ്ക്രിയമായ പങ്ക്, സമകാലീന സമൂഹത്തോടു  സഭയുടെ ആശയങ്ങളും, ആദർശങ്ങളും ധാർമ്മീക നിലപാടുകളും വിശദീകരിക്കുന്നതിലുള്ള പ്രയാസം എന്നിവയെ ഈ ഖണ്ഡികയിൽ പാപ്പാ സൂചിപ്പിക്കുന്നു.

നാം അപ്പോസ്തലന്മാരുടെ പ്രവർത്തനത്തിൽ  ഇങ്ങനെ വായിക്കുന്നു. "ഞങ്ങൾ ദൈവ ശുശ്രൂഷയിൽ ഉപേക്ഷ കാണിച്ച് ഭക്ഷണ മേശകളിൽ ശുശ്രൂഷിക്കുന്നത് ശരിയല്ല. അതിനാൽ സഹോദരരേ, ആത്മാവും ജ്ഞാനവുംകൊണ്ട് നിറഞ്ഞ ഏഴുപേരെ നിങ്ങളിൽനിന്ന് കണ്ടുപിടിക്കുവിൻ. ഞങ്ങൾ അവരെ ഈ ചുമതല ഏൽപ്പിക്കാം. ഞങ്ങൾ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചു കൊള്ളാം." (അപ്പോ.6:2-3). സുവിശേഷം, വിശ്വാസം പ്രഘോഷിക്കാൻ സമയവും സാഹചര്യവും ഇല്ലാത്തതിനാൽ അപ്പോസ്തലന്മാർ ഡീക്കന്മാരെതെരഞ്ഞെടുത്തു.  ദൈവ രാജ്യത്തിന്റെ സുവിശേഷം പ്രഘോഷിക്കാൻ മുഴുവൻ സമയവും ചിലവഴിക്കാൻ  വേണ്ടിയാണ് അവർ ഈ തിരഞ്ഞെടുപ്പ് നടത്തിയത്.  ആത്മീയ കാര്യങ്ങൾ നിർവ്വഹിക്കാൻവേണ്ടി ഭൗതീക കാര്യങ്ങളിൽ നിന്ന് മാറിനിൽക്കാൻ അവർ സ്വയം സന്നദ്ധരായി.  

സുവിശേഷവൽക്കരണം സാധ്യമാക്കാനുള്ള സാഹചര്യങ്ങൾക്ക് മുടക്കം വരുന്നു എന്ന് തിരിച്ചറിഞ്ഞ അപ്പോസ്തലന്മാർ സുവിശേഷത്തിന് പ്രാധാന്യം നൽകുന്നതിന് മറ്റു കാര്യങ്ങൾ നിർവ്വഹിക്കാനായി അവർ ഡീക്കന്മാരെ തിരഞ്ഞെടുക്കുന്നു. നമ്മുടെ ഇടയന്മാരും, സുവിശേഷ വൽക്കരണത്തിനു പ്രാധാന്യം നൽകി സ്ഥാപനങ്ങളെ അത് നിർവ്വഹിക്കാൻ കഴിയുന്നവർക്ക് വിട്ടുകൊടുത്ത് ക്രിസ്തുവിന്റെ വിപ്ലവാത്മകമായ പ്രബോധനങ്ങളെ സമൂഹത്തിന്റെയും സഭയുടെയും നന്മയ്ക്കുവേണ്ടി വിനിയോഗിക്കുന്ന ഇടയന്മാരെ യുവജനങ്ങൾക്ക് ലഭ്യമാകുമെങ്കിൽ അവർ ഒരിക്കലും സഭയിൽ നിന്നും പുറത്ത് പോകുവാൻ ആഗ്രഹിക്കുകയില്ല. അനേകം വൈദികർ യുവജനങ്ങൾക്കൊപ്പം നിന്ന് സാമൂഹ്യപ്രവർത്തനങ്ങളിൽ തങ്ങളുടെ സംഭാവന നൽകുന്നു. പ്രത്യേകിച്ച് കൊറോണോ വൈറസ് അടിയന്തരാവസ്ഥയിൽ ഇടവകകളും, ഇടവക സ്ഥാപനങ്ങളും, ഇടവകയിലെ യുവജനങ്ങളും, കുടുംബങ്ങളും ഒരുമിച്ചുനിന്ന് ആതുര സേവനരംഗത്തിൽ പ്രവർത്തിക്കാ൯ മുന്നിട്ടിറങ്ങി. ഇങ്ങനെയുള്ള പ്രേക്ഷിത മേഖലകൾ വ്യാപിക്കുമ്പോൾ യുവജനം തീർച്ചയായും ഇടയന്മാരുടെ കൂടെ നിന്ന് നല്ല ഫലം പുറപ്പെടുവിക്കും.

യുവജനവും ഇടയരും

ഇന്ന് സഭയിലെ ചില ഇടയന്മാരുടെ ജീവിതം യുവജനങ്ങളെ അകറ്റി നിർത്താൻ ഇടയാകുന്നു.  വിശ്വാസം പ്രഘോഷിക്കുന്നതിന് പകരം സമ്പത്തിന് പ്രാധാന്യം നൽകി സുഖലോലുപതയിൽ ജീവിക്കുന്ന ഇടയന്മാരുടെ ജീവിതം ദുർമാതൃകയ്ക്ക് കാരണമാകുമ്പോൾ കുഞ്ഞാടുകൾ ചിതറുന്നു.  ഇടയൻ അടിക്കപ്പെടുമ്പോൾ കുഞ്ഞാടുകൾ ചിതറിക്കപ്പെടുന്നു.  അങ്ങനെ ചിതറിക്കപ്പെടുമ്പോൾ  ആടുകൾ വേറെ വഴികൾ അന്വേഷിച്ച്  അപകടം അറിയാതെ ആഴമുളള കുഴികളിൽ ചെന്ന് വീണേക്കാം.  പുതിയ മേച്ചിൽ സ്ഥലങ്ങൾ തിരഞ്ഞ്പോയേക്കാം.  അങ്ങനെയുള്ള സാഹചര്യത്തിൽ വഴിയാത്രക്കാരായി വരുന്ന അപരിചിതർ, വ്യാജ ഇടയന്മാർ, കള്ളന്മാർ, അക്രമികൾ അവരെ സ്വീകരിച്ച് അവരെ മുറിപ്പെടുത്തി, അടിമകളാക്കി അവരുടേതായ മാർഗ്ഗങ്ങളിൽ നയിച്ചേക്കാം.  അങ്ങനെ നയിക്കപ്പെടുമ്പോൾ സ്ഥായിയായ പച്ചപുൽ പുറങ്ങളിൽ നിന്നും അവർ അകന്നുപോകാനുള്ള സാധ്യതകൾ ഏറെയാണ്.  പല അവസരങ്ങളിൽ മാർപാപ്പാ മെത്രാന്മാർ കച്ചവടക്കാർ ആകരുതെന്നും, ഇടയന്മാർ ആടുകളുടെ മണം പേറുന്നവരാകണമെന്നും ചൂണ്ടിക്കാണിക്കുന്നുണ്ട്.

യുവജനങ്ങൾ "ദൈവത്തിന്റെ ഇന്നുകൾ " ആണ്.  ഇന്നുകളെ കരുതലോടെ സൂക്ഷിച്ചില്ലെങ്കിൽ അവരുടെ നവീനമായ ശബ്ദം കേൾക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിൽ ഭാവി ഇരുണ്ടതായി തീരും.  ദൈവവിളികൾ കുറഞ്ഞുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ക്രിസ്തുവിന്റെ വാക്കുകൾ നമ്മെ ഓർമ്മപ്പെടുത്തുന്നു. "വിളവധികംവേലക്കാരോ ചുരുക്കം.  വിളഭൂമിയിലേക്ക് വേലക്കാരെ അയയ്ക്കാൻ വിളവിന്റെ നാഥനോടു പ്രാർത്ഥിക്കുവിൻ ". ലോകം സുഖം, സന്തോഷം, നശ്വരമായ വിജയങ്ങൾ, തുടങ്ങിയ മോഹനവാഗ്ദാനങ്ങൾ നൽകി യുവജനത്തെ തന്നിലേക്ക് ആകർഷിക്കുമ്പോൾ  ആ വശീകരണ  വലയിൽ ഉൾപ്പെടാതെ സഭയുടെ ഹൃദയത്തിലേക്ക്ചേക്കേറുവാൻ അവരെ നയിക്കുന്ന ഓരോ ഇടയനും സ്നേഹിച്ചു പരിപാലിക്കുന്നദൈവത്തെ  ചരിചയപ്പെടുത്തണം.  അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ദൈവത്തെയല്ല സ്നേഹത്തിന്റെ അടയാളം തന്റെ മുറിവുള്ള ശരീരത്തിൽ സൂക്ഷിക്കുന്ന ദൈവത്തെയാണ് കാണിച്ചുകൊടുക്കേണ്ടത്.  പാപത്തെക്കുറിച്ചും, ശാപത്തെ കുറിച്ചും, ശിക്ഷയെക്കുറിച്ചും, വിധിയെ കുറിച്ചും മാത്രം പ്രസംഗിക്കാതെ,  പാപിയെ സ്നേഹിക്കുന്ന പാപത്തെ വെറുക്കുന്ന  ദൈവത്തിന്റെ സ്നേഹം, കരുണ ,വിശ്വസ്ഥത, നന്മ എന്നിവയ്ക്ക് പ്രാധാന്യം നൽകി എല്ലാവരെയും ചേർത്തുപിടിക്കുന്ന ദൈവത്തിന്റെ കരുണയുടെ മുഖം കാണിക്കുവാനായാൽ, ദുർമാതൃകകൾ നൽകാതെ ജീവന്റെ വചനത്തിന് വെളിച്ചം പകരുന്ന ഇടയന്മാരെ യുവജനങ്ങൾക്ക് കിട്ടുമെങ്കിൽ യുവജനങ്ങൾ ഒരിക്കലും സഭയിൽ നിന്നും അകന്നു പോകുകയില്ല. അവരുടെ ശബ്ദത്തിന് വില നൽകപ്പെടുമ്പോൾ സഭയുടെ മഹത്വത്തെ അവർ പ്രഘോഷിക്കും.

 

 

 

 

09 October 2020, 10:31