തിരയുക

ITALY VATICAN RELIGION POPE VISIT ITALY VATICAN RELIGION POPE VISIT 

സൃഷ്ടിയുടെ സംരക്ഷണത്തില്‍ നമുക്കു കൂട്ടമായ് പങ്കുചേരാം

പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ തിരുനാളില്‍ - ഒക്ടോബര്‍ 4-ന്‍റെ ചിന്താമലരുകള്‍... ശബ്ദരേഖയോടെ...

“അങ്ങയേക്കു സ്തുതിയായിരിക്കട്ടെ” (Laudato Si’) എന്ന തന്‍റെ ചാക്രിക ലേഖനത്തിന്‍റെ നാമത്തിലുള്ള സമൂഹങ്ങള്‍ക്ക് പാപ്പാ നല്കിയ ചിന്താമലരുകള്‍ വീണ്ടും ശ്രവിക്കാം.

പരിഭാഷ : ജോബ് നെല്ലിക്കല്‍
അവതരണം : മരിയ ഡാവിനയും ഫാദര്‍ വില്യം നെല്ലിക്കലും

പാരിസ്ഥിതിക സമൂഹങ്ങള്‍ - സന്ദേശം


1. പാരിസ്ഥിതിക സുസ്ഥിതിക്കുള്ള സമൂഹങ്ങള്‍
സിറ്റ്സര്‍ലണ്ട്, ഓസ്ട്രിയ രാജ്യങ്ങളോട് അതിരുകള്‍ പങ്കിടുന്ന വടക്കെ ഇറ്റലിയിലെ ആല്‍പ്സ് താഴ്വാര സമൂഹമാണ് അയോസ്ത. പ്രശസ്ത ഇറ്റാലിയന്‍ ചിന്തകനും പരിസ്ഥിതിവാദിയുമായ കാര്‍ളോ പെത്രീനിയാണ് പാപ്പാ ഫ്രാന്‍സിസിന്‍റെ ചാക്രികലേഖനത്തിന്‍റെ ചുവടുപിടിച്ച് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ആദ്യ സമൂഹത്തിന് വാലെ ദി അയോസ്തയില്‍ തുടക്കമിട്ടത്. ചുരുങ്ങിയ കാലയളവില്‍ അത് ലോകത്തിന്‍റെ ഇതരഭാഗങ്ങളിലേയ്ക്കും വ്യാപിച്ചു. പാപ്പായുടെ ചാക്രികലേഖനത്തിന്‍റെ പ്രസക്തിയെയും ഫലപ്രാപ്തിയെയും കുറിച്ച് കാര്‍ലിന്‍ എഴുതിയ ഗ്രന്ഥമാണ് “ഭാവിയിലെ ഭൂമി,” FutureEarth. 2020 സെപത്ബര്‍ 12-ന് അയോസ്തയില്‍നിന്നും യുറോപ്പിലെ മറ്റു രാജ്യങ്ങളില്‍നിന്നും വത്തിക്കാനില്‍ എത്തിയ 100-ല്‍ അധികം സമൂഹങ്ങളുടെ പ്രതിനിധികള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കിയ സന്ദേശമാണ് ഈ ചിന്താമലരുകള്‍.

2. പരസ്പര ബന്ധുത്വമുള്ള സൃഷ്ടികള്‍
“അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ” സമൂഹങ്ങള്‍ (Laudato Si’ Communities) സമൂഹത്തിന്‍റെ എല്ലാ ഉദ്യമങ്ങളുടെയും ചാലകശക്തിയായി ചാക്രികലേഖനം നിര്‍ദ്ദേശിക്കുന്ന സംയോജിത പരിസ്ഥിതി വീക്ഷണത്തെ കാര്‍ളിന്‍ പ്രതിഷ്ഠിച്ചിരിക്കുന്നു. നാമെല്ലാം സൃഷ്ടികളായതുകൊണ്ട്, ഓരോന്നിനും പരസ്പര ബന്ധുത്വമുണ്ട്. എല്ലാം പരസ്പര ബന്ധിതമാണെന്നതുകൊണ്ടാണ് അത് സംയോജിതമാകുന്നത്. എല്ലാം ശ്രൂതിയിണക്കമുള്ളതാണെന്നു പറയാമെന്ന് പാപ്പാ പ്രസ്താവിച്ചു. ഈ മഹാമാരിയും അതുതന്നെയാണ് തെളിയിക്കുന്നത്. മനുഷ്യരുടെ ആരോഗ്യം അവര്‍ ജീവിക്കുന്ന പരിസ്ഥിതിയില്‍നിന്നു വേര്‍പെടുത്താനാവില്ല. കാലാവസ്ഥാ വ്യതിയാനം പ്രകൃതിയുടെ സന്തുലിതാവസ്ഥയെ മാത്രമല്ല ബാധിക്കുന്നത്. വിശപ്പിനും ദാരിദ്യത്തിനും അത് കാരണമാവുകയും ദുര്‍ബലരായവരെ തങ്ങളുടെ നാടും വീടും വിട്ട് പലായനംചെയ്യുവാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുന്നു. സൃഷ്ടിയോടുള്ള അവഗണനയും സാമൂഹ്യ അനീതികളും പരസ്പരം സ്വാധീനിക്കുന്നവയാണ്. അതിനാല്‍ സമത്വമില്ലെങ്കില്‍ പരിസ്ഥിതി ഇല്ലെന്നും, പരിസ്ഥിതിയില്ലെങ്കില്‍ സമത്വം ഉണ്ടാവുകയില്ലെന്നും പറയേണ്ടിയിരിക്കുന്നു.

3. സൃഷ്ടിയുടെ സംരക്ഷണം
ഓരോ വ്യക്തിയുടെയും ഉത്തരവാദിത്ത്വം

സൃഷ്ടിയുടേയും പാവങ്ങളുടേയും പരിപാലനം ഒരുമിച്ച് ഏറ്റെടുക്കുവാന്‍ അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്‍റെ ലാളിത്യത്തില്‍നിന്നും തീവ്രമായ പ്രകൃതി സ്നേഹത്തില്‍നിന്നും പ്രചോദനം നേടിയവരാണ് “അങ്ങേയ്ക്കു സ്തുതിയായിരിക്കട്ടെ”-യുടെ പ്രബോധനങ്ങളുടെ പ്രയോക്താക്കളായ സമൂഹങ്ങള്‍. നമ്മുടെ പൊതുഭവനമായ ഭൂമി കാത്തുസൂക്ഷിക്കുന്നതില്‍ ലോകത്ത് ധാരാളം പേര്‍ കാണിക്കുന്ന ഈ താല്പര്യത്തിനും പരിശ്രമങ്ങള്‍ക്കും പാപ്പാ ഫ്രാന്‍സിസ് നന്ദിപറഞ്ഞു. പരിസ്ഥിതി സംരക്ഷണം ഓരോ വ്യക്തിയും ഉള്‍പ്പെടേണ്ട ദൗത്യമാണ്, വിശിഷ്യാ രാഷ്ട്രങ്ങളുടെയും ഉല്പാദനക്ഷമമായ പ്രവര്‍ത്തനങ്ങളുടെയും, വ്യവസായങ്ങളുടെയും ഉത്തരവാദിത്വംവഹിക്കുന്ന എല്ലാവരും ഉള്‍പ്പെടേണ്ട വലിയ ദൗത്യമാണിത്. ഇന്ന് ലോകം അനുഭവിക്കുന്ന കാലാവസ്ഥ പ്രക്ഷോഭങ്ങളുടെയും, പ്രകൃതി ദുരന്തങ്ങളുടെയും മൂലകാരണങ്ങള്‍‍ പരിഹരിക്കുന്നതിന് നമുക്കു ശരിയായ ഇച്ഛാശക്തി വേണം.

വാക്ക്ധോരണി മാത്രമുള്ള പൊതുവായ വാഗ്ദാനങ്ങള്‍ പോരാതെവരും. നമുക്ക് ദൂരക്കാഴ്ച വേണം, അല്ലെങ്കില്‍ ചരിത്രം നമുക്ക് മാപ്പുനല്കില്ലെന്ന് പാപ്പാ താക്കീതുനല്കി. ഭാവിഭൂമിയുടെ ഉടമകളായ കുട്ടികളും യുവജനങ്ങളും പാവങ്ങളും നമ്മോട് കണക്കുചോദിക്കും. ഇതാണ് നാമിന്നു നേരിടുന്ന വെല്ലുവിളി. രക്തസാക്ഷിത്വം വരിച്ച ദൈവശാസ്ത്രജ്ഞനായ ഡ്രീട്രിക് ബോനോഫറിന്‍റെ ഒരു ചിന്ത പാപ്പാ ഉദ്ധരിച്ചു. “എങ്ങനെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാമെന്നതല്ല ഇന്നത്തെ നമ്മുടെ വെല്ലുവിളി, മറിച്ച് അടുത്ത തലമുറയുടെ ജീവിതം എങ്ങനെയായിരിക്കും എന്നതാണ് യഥാര്‍ത്ഥ വെല്ലുവിളി. ..” പ്രതിസന്ധിയുടെ ഈ യാഥാര്‍ത്ഥ്യത്തില്‍നിന്ന് എങ്ങനെ പുറത്തു കടക്കാമെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.

4. അനുകമ്പയും ധ്യാനവും
തുടര്‍ന്ന് സംയോജിത പരിസ്ഥിതി വീക്ഷണത്തിന്‍റെ രണ്ടു സുപ്രധാന ഘടകങ്ങള്‍ പാപ്പാ പങ്കുവച്ചു. ധ്യാനവും അനുകമ്പയും. ഇന്നിന്‍റെ ചുറ്റുപാടില്‍ ആദ്യം, ധ്യാനത്തെക്കുറിച്ചു പങ്കുവയ്ക്കാം. ഇന്ന് നമ്മെ വലയംചെയ്തിരിക്കുന്ന പ്രകൃതിയെ നാം ആദരിക്കുകയോ, അതിനെക്കുറിച്ച് ധ്യാനിക്കുകയോ ചെയ്യുന്നില്ല. മറിച്ച് നാം അതിനെ ഒരു വിധത്തില്‍ “വിഴുങ്ങുക”യാണ് ചെയ്യുന്നത്. വിഴുങ്ങുന്നുവെന്നു പറയുന്നതിനു കാരണം, പാപ്പാ വിശദമാക്കി. മനുഷന്‍ ലാഭത്തിനായി ആര്‍ത്തിയോടെ ഭൂമിയെയും അതിലെ വസ്തുക്കളെയും ഉപയോഗിക്കുകയാണ്. വനങ്ങളും വൃക്ഷങ്ങളും ക്ഷണിക നേരത്തില്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കത്തിയെരിയുമ്പോള്‍, യാഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള നമ്മുടെ നോട്ടം അലംഭാവപരവും ഉപരിപ്ലവവുമായി മാറിക്കൊണ്ടിരിക്കുന്നു. ഉപഭോഗമാണ് പൊതുവെ മനുഷ്യന്‍റെ രോഗം, ഉപഭോഗസംസ്ക്കാരമെന്ന രോഗം! ഏറ്റവും പുതിയ “ആപ്പി”നെക്കുറിച്ച് (app) ആകാംക്ഷയുള്ള ഇന്നത്തെ തലമുറ അയല്‍ക്കാരുടെ പേരുകളോ, ഒരു മരത്തില്‍നിന്നു മറ്റൊരു മരം എങ്ങനെ വ്യത്യസ്തമാണെന്നോ അറിയണമെന്നില്ല. ഈ ജീവിതശൈലി മുഖേന വസ്തുതകളുടെ വേരുകളാണ് അടിസ്ഥാനപരമായും അറ്റുപോകുന്നത്. ഉള്ളതിനോടും അത് നമുക്കു നല്കിയവരോടുമുളള കൃതജ്ഞതയാണ് നഷ്ടമാകുന്നതെന്നത് ഏറെ ഗുരുതരമായ തെറ്റാണ്.

5. ധ്യാനത്തെക്കുറിച്ച്...
ദൈവിക നന്മകള്‍ അനുസ്മരിക്കുവാനും നന്ദിയോടെ ജീവിതം സന്തോഷമായി തുടരുവാനും നാം ധ്യാനത്തിലേയ്ക്ക് തിരിച്ചു പോകണം. ആയിരം പാഴ്ക്കാര്യങ്ങളില്‍ ശ്രദ്ധതിരിയാതിരിക്കണമെങ്കില്‍, ജീവിതത്തില്‍ നിശ്ബ്ദത കണ്ടെത്തേണ്ടത് ആവശ്യമാണ്. പാഴ്ക്കാര്യങ്ങള്‍ മൂലം ഹൃദയത്തിന് അസുഖം വരാതിരിക്കാന്‍ ചിലത് ഉപേക്ഷിക്കേണ്ടത് അനിവാര്യമാണ്. അതത്ര എളുപ്പമല്ല. ഉദാഹരണത്തിന് സെല്‍ഫോണിന്‍റെ തടവറയില്‍നിന്ന് നമ്മെത്തന്നെ സ്വതന്ത്രരാക്കേണ്ടതുണ്ട്. നമുക്ക് നല്കപ്പെട്ടിരിക്കുന്ന സൃഷ്ടിയേയും നമുക്കു ചുറ്റുമുള്ളവരേയും കണ്ണുതുറന്നു കാണേണ്ടിയിരിക്കുന്നു.

ധ്യാനിക്കുക എന്നാല്‍ നിശബ്ദരായിരിക്കുവാനും പ്രാര്‍ത്ഥിക്കുവാനും ഓരോരുത്തരും സമയം കണ്ടെത്തുകയെന്നാണ്. അങ്ങനെ ആത്മാവ് താദാത്മ്യം പ്രാപിക്കുകയും, മനസ്സും ഹൃദയവും കൈകളും തമ്മിലും, ചിന്തകളും പ്രവൃത്തികളും തമ്മിലും ആരോഗ്യകരമായ സന്തുലനം പ്രാപിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്. അന്തമില്ലാത്തതും ഉപരിപ്ലവവും ധൃതിപിടിച്ചുള്ളതുമായ തിരഞ്ഞെടുപ്പുകള്‍ക്കുള്ള പ്രതിവിധിയാണ് ധ്യാനം. ധ്യാനിക്കുന്നവര്‍ തങ്ങളെ താങ്ങിനിര്‍ത്തുന്ന ഭൂമിയെ തൊട്ടറിയാന്‍ ശീലിക്കും. ഈ ഭൂമിയില്‍ അര്‍ത്ഥശൂന്യരും ഒറ്റപ്പെട്ടവരുമല്ല തങ്ങളെന്ന് അവര്‍ മനസ്സിലാക്കും. ഈശ്വരകടാക്ഷത്തിന്‍റെ ആര്‍ദ്രത കണ്ടത്തുവാനും താന്‍ മൂല്യമുള്ളയാളാണ് എന്നു മനസ്സിലാക്കുവാനും ധ്യാനിക്കുന്ന വ്യക്തിക്കു കഴിയും. ദൈവദൃഷ്ടിയില്‍ എല്ലാവരും പ്രധാനപ്പെട്ടവരാണ്.

സ്രഷ്ടാവ് ആഗ്രഹിക്കുന്ന നല്ല യാഥാര്‍ത്ഥ്യത്തിലേയ്ക്ക് മാനുഷികമായ ആര്‍ത്തിയാല്‍ മലീമസമായ ലോകത്തെ ഇത്തിരിയൊന്നു മാറ്റിത്തീര്‍ക്കുവാന്‍ മനസ്സുവച്ചാല്‍ നമുക്ക് ഓരോരുത്തര്‍ക്കും കഴിയും. എങ്ങനെ ധ്യാനിക്കണം എന്നറിയുന്നവര്‍ വാസ്തവത്തില്‍ വെറുതെ ഇരിക്കുന്നില്ല, മറിച്ച് ശരിക്കും തിരക്കുള്ളവരാണവര്‍. ധ്യാനം നമ്മെ നയിക്കുന്നത് പ്രവൃത്തിയിലേയ്ക്കാണ്, കടമകള്‍ സത്യസന്ധമായും നീതിനിഷ്ഠമായും ചെയ്യുവാന്‍ ധ്യാനം നമ്മെ സഹായിക്കും.

6. ഇനിയാണ് രണ്ടാമത്തെ വാക്ക് - അനുകമ്പ
ധ്യാനത്തിന്‍റെ അനന്തര ഫലമാണിത്. ഒരാള്‍ക്കു ദൈവകടാക്ഷം ലഭിച്ചെന്നും, ധ്യാനനിരതനാണെന്നും എങ്ങനെ മനസ്സിലാക്കും? മറ്റുള്ളവരോട് അവന് അനുകമ്പയുണ്ടെങ്കില്‍, “ഇതില്‍ ഞാന്‍ ഖേദിക്കുന്നു...” എന്നു മാത്രം പറയലല്ല അനുകമ്പ. പറച്ചിലിനൊപ്പം അപരനുവേണ്ടി സഹിക്കുന്നതുമാണ് അനുകമ്പ. ഒഴികഴിവുകള്‍ക്കും തത്വങ്ങള്‍ക്കും അപ്പുറം പോവുകയാണങ്കില്‍, ഒരുവന് മറ്റുള്ളവരെ ചേര്‍ത്തു നിര്‍ത്തുവാനും, സഹോദരീ സഹോദരന്മാരായി കാണുവാനും കഴിയുന്നതാണ് അനുകമ്പയെന്ന് കാര്‍ളിന്‍ പറഞ്ഞത് പാപ്പാ ഉദ്ധരിച്ചു.

നാം ചിന്തിച്ചും പ്രവര്‍ത്തിച്ചും ചെയ്യുന്ന ധാരാളം തിന്മകളുമുണ്ടെങ്കിലും, ദൈവം നമ്മെ എല്ലായ്പ്പോഴും തന്‍റെ മക്കളായി കാണുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. അവിടുന്ന് കാണുന്നത് വ്യക്തികളെയല്ല, മക്കളെയാണ്. ഒരേ ഭവനത്തില്‍ വസിക്കുന്ന ഒരൊറ്റ കുടുംബത്തിലെ സഹോദരീ സഹോദരന്മാരെയാണ് അവിടുന്നു കാണുന്നത്. അവിടുത്തെ ദൃഷ്ടിയില്‍
നാമൊരിക്കലും അപരിചിതരല്ല. നമ്മുടെ നിസ്സംഗതയുടെ നേര്‍വിപരീതമാണ് അവിടുത്തെ അനുകമ്പ. നിസ്സംഗത മ്ലേച്ഛതയുടെ പദമാണ്. അതായത് ഹൃദയത്തില്‍ നുഴഞ്ഞു കയറി, മനോഭാവത്തില്‍, “എന്തെങ്കിലുമാവട്ടെ…” എന്ന നിലപാടില്‍ അവസാനിക്കുന്നതാണ് നിസ്സംഗത. നിസ്സംഗതയുടെ മഹാമാരിക്കെതിരെയുള്ള മികച്ച പ്രതിരോധ കുത്തിവയ്പാണ് അനുകമ്പ. “അത് എന്നെ ബാധിക്കുന്നതല്ല,” “എനിക്കതില്‍ കാര്യമില്ല,” “അതിന് എനിക്കെന്താണ്…,” “അത് അവന്‍റെ, അവളുടെ കാര്യമല്ലേ…?”. ഇതൊക്കെയാണ് നിസ്സംഗതയുടെ ലക്ഷണങ്ങള്‍. അതിന് നേര്‍വിപരീതമാണ് അനുകമ്പ.

7. അനുകമ്പയില്ലായ്മയാണ് നിസംഗത
മറ്റു സന്ദര്‍ഭങ്ങളിലും താന്‍ വിവരിച്ചിട്ടുള്ള മനോഹരമായ ഒരു ഫോട്ടോയെക്കുറിച്ച് പാപ്പാ വീണ്ടും പ്രതിപാദിച്ചു. പാപ്പായുടെ ഉപവിപ്രവര്‍ത്തന കാര്യാലയത്തില്‍ സൂക്ഷിച്ചിട്ടുള്ള ആ ചിത്രമെടുത്തത് റോമാക്കാരനായ ഫോട്ടോഗ്രാഫറാണ്. മഞ്ഞുകാലത്തെ ഒരു രാത്രിയില്‍ പ്രായമായ ഒരു സ്ത്രീ രോമക്കുപ്പായവും തൊപ്പിയും കയ്യുറയുമൊല്ലാം ധരിച്ച് ഒരു ആര്‍ഭാട റെസ്റ്റോറന്‍റില്‍നിന്ന് നന്നായി ഭക്ഷണം കഴിച്ചു പുറത്തേയ്ക്കു വരുന്നത് കാണാം. നാന്നായി കഴിക്കുന്നതു പാപമൊന്നുമല്ല.... അപ്പോള്‍ മോശമായി വസ്ത്രധാരണംചെയ്തു വടി ഊന്നി തണുത്തു വിങ്ങലിച്ചുനില്ക്കുന്ന മറ്റൊരു സ്ത്രീ കൈനീട്ടി നില്ക്കുകയാണ്. ഹോട്ടലില്‍നിന്ന് പുറത്തേയ്ക്കു വന്ന വനിത മുഖം തിരിച്ചുകളഞ്ഞു. ഈ ഫോട്ടോയുടെ പേരാണ് നിസ്സംഗത.

8. സ്നേഹപ്രവൃത്തികളും അനുകമ്പയും
ലോകത്തിന് ഇന്നാവശ്യം

നിസംഗതയെന്ന മനോഭാവത്തിന്‍റെ ഈ കുഴിയില്‍ വീഴാതിരിക്കുവാന്‍ അപരന് എന്തു പറ്റിയാലും, എനിക്കൊന്നുമില്ല എന്നതിനു പകരമായി അനുകമ്പയുള്ളവര്‍, “നീ എനിക്ക് വേണ്ടപ്പെട്ടതാണ്,” എന്നു കരുതുന്നതാണ് കാരുണ്യം, അനുകമ്പ. അല്ലെങ്കില്‍ “എന്‍റെ ഹൃദയത്തെ നീ സ്പര്‍ശിച്ചു,” എന്നെങ്കിലും ചിന്തിക്കുന്നതല്ലേ അനുകമ്പ...? പക്ഷെ അതത്ര എളുപ്പമുള്ള വികാരമല്ല, അനുകമ്പ പരിതാപവുമല്ല. മറിച്ച് അപരനുമായി ഒരു പുതിയ ബന്ധം സ്ഥാപിക്കലാണ്. തനിക്ക് അറിയുകപോലുമില്ലാത്ത ദൗര്‍ഭാഗ്യവാനായ വ്യക്തിയെ അനുകമ്പയാല്‍ പ്രേരിതനായി പരിചരിച്ച നല്ല സമറിയാക്കാരനെപ്പോലെ... (ലൂക്ക 10, 33-34) അനുകമ്പയുള്ളവര്‍ ആവശ്യത്തിലായിരിക്കുന്നവന്‍റെ സഹായം സ്വയം ഏറ്റെടുക്കുന്നു. ഫലപ്രദവും ക്രിയാത്മകവുമായ ഇത്തരം സ്നേഹപ്രവൃത്തികളാണ് ലോകത്തിനു വേണ്ടത്. കാഴ്ചക്കാരായിനിന്നുകൊണ്ട് അഭിപ്രായം പറയുന്ന ആളുകളെയല്ല. അപമാനം തുടച്ചുനീക്കി അന്തസ്സ് വീണ്ടുടുക്കാന്‍ അപരനുവേണ്ടി കൈകള്‍ അഴുക്കാക്കാന്‍ സന്നദ്ധരായവരെയാണ് ഇന്നാവശ്യം.

9. അനുകമ്പയില്ലാതെ വേദനിക്കുന്നവര്‍
അതേ, അനുകമ്പയോടെ പെരുമാറുന്നത് ഒരു തിരഞ്ഞെടുപ്പാണ്. ഓരോരുത്തരിലും സ്വന്തം അയല്‍ക്കാരനെ കാണുവാനായി യാതൊരു ശത്രുതയും മനസ്സിലില്ലാത്ത ഒരു സ്വയം തെരഞ്ഞെടുപ്പാണത്. ഇതാണ് നാം തെരഞ്ഞെടുക്കേണ്ട അനുകമ്പയുടെ വഴി.
പോരാട്ടം ഉപേക്ഷിച്ച് മൃദുലരാകണമെന്നല്ല ഇതിനര്‍ത്ഥം. അനുകമ്പയുള്ളവര്‍ തീര്‍ച്ചയായും മാലിന്യത്തിനും അഴുക്കിനും സാമൂഹിക തിന്മയ്ക്കും എതിരെ കഠിനമായ നിത്യസമരത്തില്‍ ഏര്‍പ്പെടും. മറ്റുള്ളവരുടെയും കാര്യമായ മാലിനീകരണത്തിന് എതിരെ നില്ക്കുന്ന നിലപാട് കാരുണ്യവും സഹാനുഭാവവുമാണ്. അനുകമ്പയില്ലാതെ എത്രയോപേരാണ് സമൂഹത്തില്‍ അവഗണിക്കപ്പെടുന്നതെന്ന് ചിന്തിക്കുമ്പോള്‍ വേദന തോന്നുന്നുവെന്ന് പാപ്പാ ആകുലപ്പെട്ടു. വയോജനങ്ങള്‍, കുട്ടികള്‍, തൊഴിലാളികള്‍, ഭിന്നശേഷിക്കാര്‍ തുടങ്ങി എന്തുമാത്രം ജനങ്ങള്‍!” സാധനങ്ങളും ഭക്ഷ്യവസ്തുക്കളും പാഴാക്കുന്നത് പരിതാപകരമാണ് യു.എന്‍. ഭക്ഷ്യ-കൃഷി സംഘടനയുടെ (FAO) കണക്കുകള്‍ പ്രകാരം വ്യവസായവത്കൃത രാജ്യങ്ങളില്‍ ആയിരം-കോടി ടണ്‍ വസ്തുക്കളാണ് അനുവര്‍ഷം വലിച്ചെറിയപ്പെടുന്നത്. അതെല്ലാം ആഹാരയോഗ്യമായ ഭക്ഷ്യവസ്തുക്കളും ഉപകാരപ്രദമായ സാധനങ്ങളുമാണ്. ഇതാണ് യാഥാര്‍ത്ഥ്യം.

10. മലിനീകരണവും പാഴാക്കല്‍ സംസ്കാരവും
ഒരുമിച്ച് മലിനീകരണത്തിനും പാഴാക്കല്‍ സംസ്കാരത്തിനും എതിരെ പോരാടാന്‍ നമുക്ക് പരസ്പരം സഹായിക്കാം. പുരോഗതിയും സമത്വവും, വികസനവും സുസ്ഥിതിയും സമന്വയിപ്പിച്ച് എല്ലാവര്‍ക്കും അവ പ്രാപ്യമാക്കുന്ന രാഷ്ട്രീയ ഇച്ഛാശക്തിയാണ് നാം വളര്‍ത്തേണ്ടത്. അര്‍ഹതപ്പെട്ട ആഹാരത്തിനും, കുടിവെള്ളത്തിനുമുള്ള അവകാശവും, നല്ല വായു ശ്വസിക്കുന്നതും, ജനിച്ചു വളര്‍ന്ന ദേശത്തു ജീവിക്കുവാനും ആര്‍ക്കുമുള്ള അവകാശം എവിടെയും നഷ്ടമാവാതിരിക്കട്ടെ. നിങ്ങളുടെ പാരിസ്ഥിതിക സമൂഹങ്ങളിലെ ഓരോ അംഗവും കാഴ്ചക്കാരായി ജീവിക്കുന്നതില്‍ തൃപ്തിയടയില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നു പാപ്പാ പ്രസ്താവിച്ചു. മറിച്ച് എല്ലാവരുടെയും ഭാവി പടുത്തുയര്‍ത്തുന്നതിന്‍റെ സൗമ്യരും നിശ്ചയദാര്‍ഢ്യമുള്ളവരുമായ നായകന്മാരായിത്തീരട്ടെ, പ്രസ്ഥാനത്തിലെ‍ എല്ലാവരും എല്ലായ്പ്പോഴുമെന്ന് പാപ്പാ ആശംസിച്ചു. ഈ പ്രവര്‍ത്തനങ്ങള്‍ സാഹോദര്യത്തിന്‍റേതാണ്. അന്വോന്യം സഹോദരങ്ങളായി വര്‍ത്തിച്ചുകൊണ്ട് കൂട്ടായ്മയും വിശ്വസാഹോദര്യവും വളര്‍ത്താം.

11. വിശ്വാസിക്കും അവിശ്വാസിക്കും
സംയോജിത പരിസ്ഥിതി വീക്ഷണത്തില്‍ പങ്കുചേരാം, ഒരുമിച്ചു നില്ക്കാം!
അതിനായി ധ്യാനവും അനുകമ്പയും ജീവിതത്തില്‍ പരിപോഷിപ്പിക്കാന്‍ ഏവര്‍ക്കും സാധിക്കട്ടെ! സംയോജിത പരിസ്ഥിതി വീക്ഷണത്തിലെ അനുപേക്ഷണീയമായ ചേരുവകളാണിവ. എല്ലാവരുടെയും സാന്നിദ്ധ്യത്തിനും പ്രതിബദ്ധതയ്ക്കും പാപ്പാ നന്ദിയര്‍പ്പിച്ചു. പ്രാര്‍ത്ഥനയ്ക്കും പ്രത്യേകം നന്ദിപറഞ്ഞു. പ്രാര്‍ത്ഥിക്കുന്നവരോടു പിന്നെയും പ്രാര്‍ത്ഥിക്കണമെന്നും, പ്രാര്‍ത്ഥിക്കാത്തവരോട് പരസ്പരം കാണുമ്പോള്‍ കൈവീശുവാനെങ്കിലുമുള്ള സന്മനസ്സു കാണിക്കണമെന്ന് അഭ്യര്‍ത്ഥിച്ചു. തനിക്ക് ഈ പിന്‍തുണ ആവശ്യമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. ഓരോരുത്തരെയും ദൈവം അനുഗ്രഹിക്കണമേയെന്ന് പ്രാര്‍ത്ഥിക്കുന്നെന്നും..., വിശ്വാസിയാണെങ്കിലും, അവിശ്വാസിയാണെങ്കിലും, ഏതു മതവിശ്വാസത്തില്‍പ്പെട്ട ആളായിരുന്നാലും എല്ലാവരുടെയും ഹൃദയങ്ങളെ ദൈവം സ്പര്‍ശിക്കട്ടെയെന്നു പാപ്പാ ആശംസിച്ചു. ദൈവം ഏവരെയും അനുഗ്രഹിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് പ്രഭാഷണം ഉപസംഹരിച്ചത്.

പരിപാടിയിലെ സംഗീതശകലങ്ങള്‍ പണ്ഡിറ്റ് ശിവകുമാര്‍ ശര്‍മ്മയുടേതാണ്.

ഗാനം ആലപിച്ചത് ഡോ. കെ. ജെ. യേശുദാസാണ്. രചന ഫാദര്‍ ജോയ് ആലപ്പാട്ട്, സംഗീതം ജെ. എം. രാജു.

“അങ്ങയേക്കു സ്തുതിയായിരിക്കട്ടെ” (Laudato Si’) എന്ന ചാക്രിക ലേഖനത്തിന്‍റെ പേരിലുള്ള സമൂഹങ്ങള്‍ക്ക് പാപ്പാ ഫ്രാന്‍സിസ് നല്കിയ പ്രഭാഷണത്തെ ആധാരമാക്കിയുള്ള ചിന്താമലരുകള്‍.
 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 October 2020, 09:18