തിരയുക

ഫ്രാൻസീസ് പാപ്പാ  റോമിലെ മരിയാനും (Marianum) പൊന്തിഫിക്കൽ ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അദ്ധ്യാപകാദ്ധ്യേതാക്കളെ സംബോധന ചെയ്യുന്നു, ശനി 24/10/20, വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ. ഫ്രാൻസീസ് പാപ്പാ റോമിലെ മരിയാനും (Marianum) പൊന്തിഫിക്കൽ ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അദ്ധ്യാപകാദ്ധ്യേതാക്കളെ സംബോധന ചെയ്യുന്നു, ശനി 24/10/20, വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ. 

മറിയം, സഭയെയും ലോകത്തെയും ഉപരി സാഹോദര്യത്തിലാക്കും, പാപ്പാ!

മറിയത്തിൽ നിന്ന് വിദ്യ അഭ്യസിക്കുകയെന്നാൽ വിശ്വാസത്തിൻറെയും ജീവിതത്തിൻറെയും വിദ്യാലയത്തിൽ പോകുകയെന്നാണർത്ഥം, ഫ്രാൻസിസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മരിയവിജ്ഞാനീയം സഭയ്ക്കും ലോകത്തിനും ഇന്നാവശ്യമാണെന്ന് മാർപ്പാപ്പാ.

റോമിലെ മരിയാനും (Marianum) പൊന്തിഫിക്കൽ ദൈവശാസ്ത്ര വിദ്യാപീഠത്തിലെ അദ്ധ്യാപകാദ്ധ്യേതാക്കളടങ്ങിയ ഇരുനൂറോളം പേരെ ശനിയാഴ്ച (24/10/20) വത്തിക്കാനിൽ, പോൾ ആറാമൻ ശാലയിൽ, കോവിദ് 19 പ്രതിരോധനടപടികളുടെ എല്ലാ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട്, സ്വീകരിച്ച് സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

ഈ ദൈവശാസ്ത്രവിദ്യാപീഠത്തിൻറെ സപ്തതിയോടനുബന്ധിച്ചായിരുന്നു ഈ കൂടിക്കാഴ്ച.

മറിയത്തിൽ നിന്ന് വിദ്യ അഭ്യസിക്കുകയെന്നാൽ വിശ്വാസത്തിൻറെയും ജീവിതത്തിൻറെയും വിദ്യാലയത്തിൽ പോകുകയെന്നാണർത്ഥമെന്ന് പാപ്പാ വിശദീകരിച്ചു.

അദ്ധ്യാപികയും ശിഷ്യയുമായ മറിയം മാനുഷികവും ക്രൈസ്തവികവുമായ ജീവിതത്തിൻറെ അക്ഷരമാല നല്ലവണ്ണം പഠിപ്പിക്കുന്നുവെന്ന് പാപ്പാ പറഞ്ഞു.

നാം ജീവിക്കുന്നത് മറിയത്തിൻറെ കാലമാണെന്ന് രണ്ടാം വത്തിക്കാൻ സൂനഹദോസ് ഉദ്ബോധിപ്പിക്കുന്നതും പാപ്പാ അനുസ്മരിച്ചു.

മറിയം അമ്മയാണ്, അവൾ സ്ത്രീയാണ്, എന്നീ രണ്ടു സവിശേഷതകളും പാപ്പാ എടുത്തുകാട്ടി. 

ഈ രണ്ടു ഭാവങ്ങളെക്കുറിച്ച് വിശദീകരിച്ച പാപ്പാ മറിയം “കർത്താവിൻറെ അമ്മ”യാണെന്ന് അവളുടെ ചാർച്ചക്കാരിയായ എലിസബത്ത് തിരിച്ചറിഞ്ഞ സുവിശേഷ സംഭവത്തെക്കുറിച്ചു സൂചിപ്പിച്ചുകൊണ്ട് “ദൈവമാതാവ്- തെയൊത്തോക്കോസ് (Theotokos) ആയ അവൾ നമ്മുടെയും അമ്മയാണ് എന്ന പ്രബോധനം ആവർത്തിച്ചു. 

അങ്ങനെ ദൈവത്തെ നമ്മുടെ സഹോദരനാക്കിയ മറിയത്തിന് സഭയെയും ലോകത്തെയും കൂടുതൽ സാഹോദര്യമുള്ളവയാക്കി മാറ്റാൻ സാധിക്കുമെന്ന് പാപ്പാ സമർത്ഥിച്ചു.

ഐക്യത്തിനായി പരിശ്രമിക്കുന്ന സഭയ്ക്ക് മറിയത്തിൻറെ മാതൃഹൃദയം വീണ്ടും കണ്ടെത്തേണ്ടതിൻറെ ആവശ്യമുണ്ടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.

മഹിളയെന്ന മറിയത്തിൻറെ സത്താപരമായ ഇതര ഘടകത്തെക്കുറിച്ചും വിശദീകരിച്ച പാപ്പാ അമ്മയായ അവൾ സഭയെ ഒരു കുടുംബമാക്കി മാറ്റുന്നതുപോലെ സ്ത്രീ ആയ അവൾ നമ്മെ ഒരു ജനതയാക്കിത്തീർക്കുന്നവെന്നു ഉദ്ബോധിപ്പിച്ചു.

പരിത്രാണചരിത്രത്തിൽ സ്ത്രീയുടെ പങ്ക് സത്താപരമാണെന്നും, സഭയിലും ലോകത്തിലും അപ്രകാരംതന്നെ ആകാതിരിക്കാൻ അതിനാകില്ലെന്നും പാപ്പാ പറഞ്ഞു.

എന്നാൽ തങ്ങൾക്കർഹമായ ഔന്നത്യം നിഷേധിക്കപ്പെടുന്ന നിരവധി സ്ത്രീകളുണ്ടെന്ന വസ്തുത പാപ്പാ എടുത്തുകാട്ടി.

ദൈവത്തെ ലോകത്തിലേക്കു സംവഹിച്ച സ്ത്രീയ്ക്ക് അവിടത്തെ ദാനങ്ങൾ ചരിത്രത്തിലേക്കു കൊണ്ടുവരാനും സാധിക്കണമെന്നും അവളുടെ ചാതുര്യവും ശൈലിയും ചരിത്രത്തിനാവശ്യമുണ്ടെന്നും പാപ്പാ വിശദീകരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

24 October 2020, 13:01