തിരയുക

ഫ്രാൻസീസ് പാപ്പാ "മണിവാൽ" സമതി അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ 08/10/2020 ഫ്രാൻസീസ് പാപ്പാ "മണിവാൽ" സമതി അംഗങ്ങളെ വത്തിക്കാനിൽ സ്വീകരിച്ച വേളയിൽ 08/10/2020 

സമ്പത്തിനോടുള്ള നമ്മുടെ മനോഭാവമെന്തെന്ന ആത്മശോധന ആവശ്യം, പാപ്പാ!

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന തത്വം അരിക്കിട്ടുറപ്പിക്കത്തക്കവിധം ഭീകരത വിതയ്ക്കാനും സ്വന്തം ശക്തി പ്രകടിപ്പിക്കുന്നതിന് സഹോദരനെ നിഷ്ഠൂരം കുരുതികഴിക്കാനും ധനം വിനിയോഗിക്കപ്പെടുന്ന വസ്തുതയെക്കുറിച്ച് ഫ്രാൻസീസ് പാപ്പാ.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നാം പണം ഉപയോഗിക്കുന്നതിനു പകരം അതിനെ സേവിക്കുമ്പോൾ സമ്പദ്ഘടനയ്ക്ക് മാനുഷിക വദനം നഷ്ടമാകുന്നുവെന്ന് മാർപ്പാപ്പാ.

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നല്കൽ എന്നിവയ്ക്ക് തടയിടുന്നതിന് വേണ്ട നിർദ്ദേശങ്ങൾ നല്കുകയും അതിനു വേണ്ട നടപടികൾ യൂറോപ്യൻ നാടുകൾ സ്വീകരിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുകയും ചെയ്യുന്നതിനായി യൂറോപ്യൻ സമിതിയുടെ കീഴിലുള്ള വിദഗ്ദ്ധ സമിതിയായ “മണിവാലി”ൻറെ (Moneyval) പ്രതിനിധികളെ വ്യാഴാഴ്ച (08/10/20) രാവിലെ വത്തിക്കാനിൽ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു ഫ്രാൻസീസ് പാപ്പാ.

പണവുമായുള്ള നമ്മുടെ ബന്ധം എപ്രകാരമുള്ളതാണെന്ന് പുനർവിചിന്തനം ചെയ്യേണ്ടത് ആവശ്യമാണ് എന്ന വസ്തുത പാപ്പാ ചൂണ്ടിക്കാട്ടി.

സമ്പത്ത് മനുഷ്യൻറെ മേൽ ആധിപത്യം പുലർത്തുന്നതിനെ അംഗീകരിച്ചുകൊടുക്കുന്ന സന്ദർഭങ്ങൾ ഉണ്ടെന്നു പറഞ്ഞ പാപ്പാ,  അപ്പോൾ ആ ധനത്തിൻറെ ഉറവിടം, സമ്പാദന മാർഗ്ഗത്തിൻറെ നിയമാനുസൃതത്വം തുടങ്ങിയവയെ അവഗണിക്കപ്പെടുന്ന ഖേദകരമായ അവസ്ഥയെപ്പറ്റി പരാമർശിച്ചു.

അങ്ങനെ, ചിലയിടങ്ങളിൽ പണത്തെ സ്പർശിക്കുമ്പോൾ കൈകളിൽ രക്തക്കറ പുരളുന്നുവെന്നു, സഹോദരൻറെ നിണം പുരളുന്നുവെന്ന് പാപ്പാ പറയുന്നു.

കൈയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന തത്വം അരിക്കിട്ടുറപ്പിക്കത്തക്കവിധം ഭീകരത വിതയ്ക്കാനും സ്വന്തം ശക്തി പ്രകടിപ്പിക്കുന്നതിന് സഹോദരനെ നിഷ്ഠൂരം കുരുതികഴിക്കാനും ധനം വിനിയോഗിക്കപ്പെടുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു.

ഭീതിയുളവാക്കുന്നതിനും ആണവരാസജൈവായുധങ്ങൾ സമാഹരിക്കുന്നതിനും മുതൽ മുടക്കാതെ ആ ധനം പട്ടിണിനിർമ്മാർജ്ജനത്തിനും പാവപ്പെട്ട നാടുകളുടെ വികസനത്തിനും വേണ്ടി ഉപയോഗിക്കണമെന്ന് “ഫ്രത്തേല്ലി തൂത്തി” (Fratelli tutti) എന്ന തൻറെ പുതിയ ചാക്രികലേഖനത്തിൽ താൻ ആവർത്തിച്ചിരിക്കുന്നത് പാപ്പാ അനുസ്മരിച്ചു.

ഒരേസമയം ദൈവത്തെയും സമ്പത്തിനെയും സേവിക്കാനാവില്ല എന്ന് ഉദ്ബോധിപ്പിച്ചുകൊണ്ട് യേശു കച്ചവടക്കാരെ ദേവാലയത്തിൽ നിന്നു തുരത്തിയ സംഭവവും തൻറെ പ്രഭാഷണത്തിൽ പാപ്പാ എടുത്തുകാട്ടി.

കള്ളപ്പണം വെളുപ്പിക്കൽ, ഭീകരപ്രവർത്തനങ്ങൾക്ക് സാമ്പത്തികസഹായം നല്കൽ എന്നിവയ്ക്ക് തടയിടുന്നതുമായി ബന്ധപ്പെട്ട് “മണിവാൽ” നടത്തുന്ന പ്രവർത്തനങ്ങൾ വാസ്തവത്തിൽ ജീവൻറെ സംരക്ഷണം, നരകുലത്തിൻറെ സമാധാനപരമായ സഹജീവനം ഏറ്റം ബലഹീനരെയും ആവശ്യത്തിലിരിക്കുന്നവരെയും ഞെരുക്കാത്തതായ സമ്പദ്ഘടന എന്നിവയുമായി അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പാപ്പാ ശ്ലാഘിച്ചു.

ദൈവത്തിൻറെ സ്നേഹപദ്ധതിയായ നരകുലം എന്ന പവിത്രമായ ശ്രീകോവിലിൽ ഊഹക്കച്ചവടം നടത്താൻ “കച്ചവടക്കാരെ” വിലക്കുന്ന സംശുദ്ധമായ ഒരു സമ്പദ്ഘടനയ്ക്ക് സംരക്ഷണമേകുന്ന ഒരു കോട്ടയിലെ കാവൽക്കാരാണ് മണിവാലിൻറ പ്രതിനിധികൾ എന്നു പറഞ്ഞ പാപ്പാ അവരുടെ സേവനത്തിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 October 2020, 13:27