പാപ്പാ: ലിബിയയ്ക്കായി പ്രാർത്ഥിക്കുക!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ലിബിയയെ സമാധാനത്തിലേക്കും സ്ഥിരതയിലേക്കും ഐക്യത്തിലേക്കും നയിക്കുന്ന സംഭാഷണം പരിപോഷിപ്പിക്കുന്നതിന്, എല്ലാത്തരം ശത്രുതകളും അവസാനിപ്പിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നു മാർപ്പാപ്പാ.
ഞായറാഴ്ച (18/10/20) മദ്ധ്യാഹ്നത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനാ വേളയിലാണ് ഫ്രാൻസീസ് പാപ്പാ ഇതു ചൂണ്ടിക്കാട്ടിയത്.
ലിബിയയുടെ ഭാവിയെ സംബന്ധിച്ച് പ്രസക്തിയുള്ള, അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിവിധ ചർച്ചകൾക്ക് തൻറെ പ്രാർത്ഥനാസഹായം പാപ്പാ ഉറപ്പേകുകയും ചെയ്തു.
ലിബിയയുടെ സമുദ്രാതിർത്തി ലംഘിച്ചു എന്നാരോപിച്ച ഒരു മാസത്തിലേറെയായി അധികാരികൾ തടഞ്ഞുവച്ചിരിക്കുന്ന ഇറ്റലിക്കാരായ മത്സ്യത്തൊഴിലാളികളെയും പാപ്പാ അനുസ്മരിച്ചു. അവർക്കും അവരുടെ കുടുംബങ്ങൾക്കും പ്രചോദനവും പിന്തുണയും നൽകാൻ താൻ ആഗ്രഹിക്കുന്നുവെന്നു പറഞ്ഞ പാപ്പാ തങ്ങളുടെ പ്രിയപ്പെട്ടവരെ എത്രയും വേഗം വീണ്ടും ആശ്ലേഷിക്കാൻ കഴിയുമെന്ന പ്രതീക്ഷ സമുദ്രതാരമായ മറിയം സജീവമാക്കി നിറുത്തട്ടെയെന്ന് ആശംസിക്കുകയും എല്ലാവരെയും അവളുടെ സംരക്ഷണയ്ക്ക് സമർപ്പിക്കുകയും ചെയ്തു.
തടഞ്ഞു വയ്ക്കപ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികൾക്കും ലിബിയയ്ക്കും വേണ്ടി നിശബ്ദമായി പ്രാർത്ഥിക്കാൻ പാപ്പാ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
ഇറ്റലിയിലെ സിസിലിയിലുള്ള മത്സാറ എന്ന സ്ഥലത്തു നിന്നു പോയ രണ്ടു മത്സ്യബന്ധന കപ്പലുകളിലെ 18 മത്സ്യത്തൊഴിലാളികളാണ് ഒരു മാസത്തിലേറെയായി, ലിബിയിലെ ബെങ്കാസിയിൽ തടവിലായിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: