തിരയുക

ഒരു പ്രകൃതി ദൃശ്യം! ഒരു പ്രകൃതി ദൃശ്യം! 

പരിസ്ഥിതി വിജ്ഞാനീയാധിഷ്ഠിത മാദ്ധ്യമ പ്രവർത്തനം!

ജൈവവൈവിധ്യത്തിൻറെ നാശവും കലാവസ്ഥ ദുരന്തങ്ങളുടെ ഭയാനകമായ വർദ്ധനവും പകർച്ചവ്യാധിയുടെ പരിണിത ഫലങ്ങളും വിശകലനം ചെയ്യേണ്ടതും അഗാധപഠനത്തിന് വിധേയമാക്കേണ്ടുന്നതുമായ അപകടസൂചനകൾ, ഫ്രാൻസീസ് പാപ്പാ

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

മാദ്ധ്യമങ്ങൾക്ക് ഒരു പരിസ്ഥിതി വിജ്ഞാനീയം അനിവാര്യമാണെന്നും അതിൽ നിന്ന് പിന്നോട്ടു പോകാൻ മാദ്ധ്യമലോകത്തിനാകില്ലെന്നും പാപ്പാ.

അച്ചടി,ദൃശ്യ-ശ്രാവ്യം, പരസ്യം, ഇൻറർനെറ്റ് എന്നിങ്ങനെ വിവി മാദ്ധ്യമവിഭാഗങ്ങൾ ഉൾക്കൊള്ളുന്ന “ജെദി” (GEDI) പ്രസാധക സംഘത്തിൻറെ ആഭിമുഖ്യത്തിൽ, “പച്ചയും നീലയും” (“Green and Blue”) ഇൻറർനെറ്റ് പ്രസിദ്ധീകരണത്തിൻറെ, റോമിൽ വെള്ളിയാഴ്ച (02/10/20) ആരംഭിച്ച ഷഡ്ദിന ഉത്സവത്തിന്, അതിൻറെ ഉദ്ഘാനദിനത്തിൽ നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പാ ഈ ആവശ്യകത ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

ജൈവവൈവിധ്യത്തിൻറെ നാശവും കലാവസ്ഥ ദുരന്തങ്ങളുടെ ഭയാനകമായ വർദ്ധനവും പകർച്ചവ്യാധിയുടെ പരിണിത ഫലങ്ങളും ആഘാതമേല്പിക്കുന്നത് ഏറ്റം പാവപ്പെട്ടവരിലും ബലഹിനരിലും ആണെന്നും അവ വിശകലനം ചെയ്യേണ്ടതും അഗാധപഠനത്തിന് വിധേയമാക്കേണ്ടുന്നതുമായ അപകടസൂചനകളാണെന്നും പാപ്പായുടെ സന്ദേശത്തിൽ കാണുന്നു.

മനുഷ്യൻറെ ഭാഗധേയവും പ്രകൃതിയും തമ്മിലുള്ള ബന്ധം എന്താണെന്ന് വിശദീകരിക്കാനും എടുത്തു കാട്ടാനും മാദ്ധ്യമ വിദഗ്ദ്ധർക്ക് പ്രചോദനം പകരുന്ന പാപ്പാ, പൗരന്മാർ, രാഷ്ട്രങ്ങളുടെ നേതാക്കൾ, മുഖ്യ സാമൂഹ്യ പ്രവർത്തകർ, വ്യവസായികൾ, സാമ്പത്തിക-ധന മേഖലയെ നയിക്കുന്നവർ എന്നിവരെ അതിജീവനത്തിനനിവാര്യമായ അടിയന്തിരവും നിർണ്ണായകവുമായ പാരിസ്ഥിതികപരിവർത്തന വീക്ഷണത്തിൽ ഉത്തരവാദിത്വബോധമുള്ളവരാക്കുന്നതിന് സംഭാവന ചെയ്യാൻ മാദ്ധ്യമ വിദഗ്ദ്ധർക്ക് സാധിക്കുമെന്ന് പ്രസ്താവിച്ചു.

മാദ്ധ്യമപ്രവർത്തനം മാനവാന്തസ്സിനെ ആദരിക്കുന്നതായിരിക്കണമെന്ന് പാപ്പാ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.

പരോന്മുഖതയിൽ അധിഷ്ഠിതവും സ്വാഭാവിക ആവാസവ്യവസ്ഥയുമായി വീണ്ടും ബന്ധിപ്പിക്കുന്നതുമായ നൂതന സഹജീവന മാതൃക അവതരിപ്പിച്ചുകൊണ്ടും എല്ലാത്തരം പാർശ്വവത്ക്കരണങ്ങളെയും ഇല്ലായ്മ ചെയ്തുകൊണ്ടും സാമ്പത്തിക വ്യവസ്ഥയെയും പുരോഗതിയെയും പുതിയ രീതിയിൽ മനസ്സിലാക്കുന്നതിന് പാപ്പാ പ്രചോദനം പകരുന്നു.

ഇന്ന് ലോകത്തെ അലട്ടുന്ന കോവിദ് 19 മഹാമാരി ഉളവാക്കിയ പ്രതിസന്ധിയെക്കുറിച്ച് പരാമർശിക്കുന്ന പാപ്പാ നാം കീഴടങ്ങരുതെന്നും ഐക്യദാർഢ്യത്തിൻറെ നീണ്ട പാതയിലൂടെ യഥാർത്ഥ പൊതു നന്മ തേടിക്കൊണ്ട് ഈ പ്രതിസന്ധിയിൽ നിന്ന് മെച്ചപ്പെട്ടരീതിയിൽ പുറത്തു കടക്കാനുള്ള വലിയ അവസരം നമുക്കുണ്ടെന്നും പറയുന്നു.

എന്നാൽ സ്വാർത്ഥതയോടും അധികാരമോഹത്തോടും കൂടി പരിഹാരം തേടുന്ന പക്ഷം എല്ലാം തകരുമെന്ന് പാപ്പാ മുന്നറിയിപ്പു നല്കുകയും ചെയ്യുന്നു.

ഒത്തൊരുമിച്ചു മാത്രമെ നമുക്ക് ആഗോള ദുരന്തത്തിൽ നിന്നു പുറത്തുകടക്കാനാകൂ എന്ന തൻറെ ബോധ്യം പാപ്പാ ആവർത്തിക്കുകയും ചെയ്യുന്നു.

റോം ആസ്ഥാനമായുള്ള “ജെദി” (GEDI) പ്രസാധക സംഘത്തിൻറെ സ്ഥാപനം 1955 ലാണ്. അന്ന് ഇതിൻറെ പേര് “ലെസ്പ്രേസൊ” (L'Espresso) പ്രസാധക സംഘം എന്നായിരുന്നു.

ഈ സംഘത്തിൻറെ പുതിയ സംരംഭവും മാസത്തിലൊരിക്കൽ വെളിച്ചം കാണുന്നതുമായ “ഹരിത-നീല” (“Green and Blue”) ഇൻറർനെറ്റ് പ്രസിദ്ധീകരണം വെള്ളിയാഴ്ച (02/10/20) മുതൽ ലഭ്യമായി തുടങ്ങി.  

 

03 October 2020, 14:47